വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Wednesday, August 27, 2014

വെളിച്ചം കെടുത്തുന്നവര്‍

കേരളം നേരിടുന്ന അതീവ ഗൗരവമുള്ള വിഷയമാണ് വൈദ്യുതിപ്രതിസന്ധി. ഗുണമേന്മയുള്ള വൈദ്യുതി, താങ്ങാന്‍ കഴിയുന്ന നിരക്കില്‍ തടസ്സമില്ലാത്ത വിധത്തില്‍ ആവശ്യത്തിന് എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കാത്തതാണ് നമ്മള്‍ നേരിടുന്ന കാതലായ പ്രശ്നം. കേരളത്തെ വീണ്ടും ഇരുട്ടിലേക്ക് എത്തിച്ചവരാരെന്ന് നമ്മള്‍ തിരിച്ചറിയണം. ഇച്ഛാശക്തിക്കു പകരം പിടിപ്പുകേടുമാത്രം കൈമുതലായുള്ള ഭരണാധികാരികള്‍ സ്വയംതിരുത്തി കേരളത്തിന്റെ ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണം. അത്തരം നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ ഭരണാധികാരികള്‍ രാഷ്ട്രീയ- സാമ്പത്തിക സ്വാര്‍ഥത മാറ്റിവച്ച് ആവശ്യമെങ്കില്‍ ജനഹിതപരിശോധനയിലൂടെ പരിഹാരമാര്‍ഗങ്ങളിലേക്ക് പോകണം. ഭരിക്കുന്ന സര്‍ക്കാരുകളുടെ നയവുമായി ബന്ധപ്പെട്ട വിഷയംകൂടിയാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
വൈദ്യുതിമേഖലയെ തളര്‍ത്തിയ യുഡിഎഫ് സര്‍ക്കാര്‍1990 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണങ്ങളുടെ ഭാഗമായി 1991ലെ യുഡിഎഫ് സര്‍ക്കാര്‍ അത്തരം പരിഷ്കാരങ്ങള്‍ വൈദ്യുതിമേഖലയിലും നടപ്പാക്കാന്‍ തീരുമാനിച്ചു. വൈദ്യുതി ഉല്‍പ്പാദനരംഗത്ത് 5000 മെഗാവാട്ട് വരുന്ന വിവിധ സ്വകാര്യപദ്ധതികള്‍ക്കായി ധാരണാപത്രത്തിലും കരാറുകളിലും ഒപ്പുവച്ചു. എന്നാല്‍, ഇവയൊന്നും യാഥാര്‍ഥ്യമാക്കാന്‍ 1991 മുതല്‍ 96 വരെ ഭരിച്ച യുഡിഎഫ് സര്‍ക്കാരിന് സാധിച്ചില്ല. വെറും 17 മെഗാവാട്ട് മാത്രമാണ് ഉല്‍പ്പാദനത്തില്‍ ഇവരുടെ സംഭാവന. മുന്‍കാലഘട്ടത്തില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ വിഭാവനംചെയ്ത പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഈ സര്‍ക്കാര്‍ കാണിച്ച അക്ഷന്തവ്യമായ അപരാധമാണ് കേരളത്തിന്റെ ഊര്‍ജപ്രതിസന്ധിയെ രൂക്ഷമാക്കിയത്. വൈദ്യുതി കമ്മി കൂടിവന്നതിനാല്‍ 1995ല്‍ 100 ശതമാനം പവര്‍കട്ടും മൂന്നര മണിക്കൂറിലധികം ലോഡ്ഷെഡിങ്ങും അപ്രഖ്യാപിത പവര്‍ക്കട്ടും ഇവര്‍ ഏര്‍പ്പെടുത്തി.
ചരിത്രം കുറിച്ച കുതിച്ചുചാട്ടം1996ല്‍ അധികാരത്തില്‍ എത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍, മുന്‍ യുഡിഎഫ് സര്‍ക്കാര്‍ വൈദ്യുതിരംഗത്ത് ഉണ്ടാക്കിയ കെടുകാര്യസ്ഥത പരിഹരിക്കുമെന്ന് തെരഞ്ഞെടുപ്പു വേളയില്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. വൈദ്യുതിമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ ഉല്‍പ്പാദന- പ്രസരണ- വിതരണരംഗത്ത് സമയബന്ധിതമായി സ്വീകരിച്ച ജനോപകാരപ്രദമായ നിലപാടുകള്‍ ഏവരും അംഗീകരിച്ചതാണ്. 1087 മെഗാവാട്ട് സ്ഥാപിതശേഷിയില്‍ കൂട്ടിച്ചേര്‍ത്ത് ആഭ്യന്തരവൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. ഇതുവഴി ഘട്ടംഘട്ടമായി പവര്‍കട്ടും ലോഡ്ഷെഡിങ്ങും പിന്‍വലിച്ചു. ഇത് കേരളത്തിന്റെ വൈദ്യുതിഭൂപടത്തില്‍ ചരിത്രനേട്ടമായി നിലനില്‍ക്കുന്നു. ഇക്കാലത്ത് ദേശീയ വൈദ്യുത വളര്‍ച്ചാനിരക്ക് 17 ശതമാനമാണെങ്കില്‍ കേരളത്തിലത് 71 ശതമാനമായിരുന്നു. പ്രസരണരംഗത്തും ക്രിയാത്മകമായ പുരോഗതി കൈവരിച്ചു. 51 സബ്സ്റ്റേഷന്‍ പൂര്‍ത്തീകരിച്ച് കമീഷന്‍ ചെയ്യുകയും 98 സബ്സ്റ്റേഷന്റെ പണി തുടങ്ങുകയും ചെയ്തു. പ്രസരണനഷ്ടം കുറച്ചുകൊണ്ടുവന്നു. 17 ലക്ഷം പുതിയ കണക്ഷനുകള്‍ നല്‍കി. ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കുവേണ്ടി ചൈനയുമായി കരാറില്‍ ഒപ്പുവയ്ക്കുകയും നാലു പദ്ധതി തുടങ്ങുകയുംചെയ്തു. 5225 കോടി രൂപയുടെ ആസ്തി വര്‍ധന ബോര്‍ഡിന് ഇക്കാലത്തുണ്ടായി. 3065 കോടി രൂപയുടെ മൂലധനിക്ഷേപമാണ് മേഖലയില്‍ ഉണ്ടാക്കിയത്.
കെടുകാര്യസ്ഥതയുടെ കാലം2001ല്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ പാര്‍ലമെന്റില്‍ വൈദ്യുതിബില്‍ 2000 അവതരിപ്പിച്ച് ചര്‍ച്ച നടക്കുന്ന വേളകൂടിയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വൈദ്യുതി വികസനയത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായി വൈദ്യുതിമേഖലയെ യുഡിഎഫ് സര്‍ക്കാര്‍ സമീപിച്ചു. വൈദ്യുതിബോര്‍ഡിനെ ഉല്‍പ്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്നായി വിഭജിക്കുമെന്ന് 2001 ജൂലൈ 19ന് അന്നത്തെ വൈദ്യുതിമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. 2001 ഡിസംബറില്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ബില്ലില്‍ വൈദ്യുതിമേഖലയെയും ഉള്‍പ്പെടുത്തി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ആരംഭിച്ചു. സ്വകാര്യവല്‍ക്കരണപരിഷ്കരണങ്ങള്‍ തീവ്രമായി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ പുതിയ പദ്ധതികള്‍ക്ക് വേണ്ടിയോ, എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാനോ ശ്രദ്ധിച്ചില്ല. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സ്ഥാപിതശേഷി വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ പുരോഗതി ഇക്കാലത്ത് സ്വീകരിച്ചില്ല. കേവലം 27 മെഗാവാട്ട് വൈദ്യുതിയാണ് കൂട്ടിച്ചേര്‍ത്തത്. പ്രസരണവിതരണരംഗവും സ്തംഭനാവസ്ഥയിലായി. വൈദ്യുതിബോര്‍ഡ് വന്‍ നഷ്ടത്തിലാണെന്നു പ്രചരിപ്പിച്ച് സ്വകാര്യവല്‍ക്കരണമാണ് ധനപ്രതിസന്ധി മറികടക്കാന്‍ ഏകപോംവഴി എന്ന നിലയിലേക്ക് യുഡിഎഫ് സര്‍ക്കാര്‍ നീങ്ങി. വൈദ്യുതി ചാര്‍ജ് ക്രമാതീതമായി വര്‍ധിപ്പിച്ചു.
ബദല്‍നയങ്ങള്‍2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത പരിഹരിക്കുന്നതിന് മുന്‍തൂക്കം നല്‍കേണ്ടിവന്നു. വൈദ്യുതി ഉല്‍പ്പാദനരംഗത്ത് 208 മെഗാവാട്ട് വൈദ്യുതി സ്ഥാപിതശേഷി വര്‍ധിപ്പിച്ച് ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പവര്‍കട്ടില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റി എടുക്കാന്‍ വകുപ്പുമന്ത്രി എ കെ ബാലന് സാധിച്ചു. 2007ല്‍ പണി ആരംഭിച്ച പൂഴിത്തോട് ചെറുകിടപദ്ധതി സമയബന്ധിതമായി കമീഷന്‍ചെയ്യാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. വിലങ്ങാട്, ചാത്തന്‍കോട്ട് നട, ബാരാപോള്‍, പീച്ചി, ചിമ്മിണി, ചെങ്കുളം ഓഗ്മെന്റേഷന്‍ എന്നിവ പണി ആരംഭിച്ചു. കക്കയം, ആനക്കയം, പെരിങ്ങല്‍ക്കൂത്ത് എക്സ്റ്റന്‍ഷന്‍ എന്നിവ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി. ബ്രഹ്മപുരത്ത് 1000 മെഗാവാട്ടിന്റെയും ചീമേനിയില്‍ 1200 മെഗാവാട്ടിന്റെയും പ്രകൃതിവാതക നിലയങ്ങളുടെയും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒഡിഷയിലെ ബൈതരണിയില്‍ 1000 മെഗാവാട്ടിന്റെ കല്‍ക്കരിപാടം നേടിയെടുക്കുന്നതിനും ഖന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും സാധിച്ചു. ഈ ഇടത് സര്‍ക്കാരിന്റെ കാലത്തും ഉല്‍പ്പാദന പ്രസരണ മേഖലകളില്‍ ഗണ്യമായ പുരോഗതി കൈവരിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതികളും വൈദ്യുതി അദാലത്തുകളും പരാതിരഹിത ഇലക്ട്രിസിറ്റി ബോര്‍ഡും വൈദ്യുതിരംഗത്തെ ബദല്‍നയങ്ങളും ഇന്ത്യക്കുതന്നെ മാതൃകയായി. വൈദ്യുതിബോര്‍ഡിന്റെ സ്വകാര്യവല്‍ക്കരണനീക്കം തള്ളി പൊതുമേഖലയില്‍ നിലനിര്‍ത്തി അഞ്ചുവര്‍ഷം ഇരുട്ടില്ലാതെ കേരളത്തെ സംരക്ഷിക്കാന്‍ ഇടതുസര്‍ക്കാരിന് സാധിച്ചു. 23 ലക്ഷം പുതിയ സര്‍വീസ് കണക്ഷനുകള്‍ നല്‍കി. പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ നിലനിര്‍ത്തിയത് ഊര്‍ജ ആസൂത്രണത്തില്‍ ഇടതുസര്‍ക്കാരിന്റെ ഇച്ഛാശക്തിയും മികവുമാണ് വ്യക്തമാക്കുന്നത്. വീണ്ടും ഇരുട്ടിലേക്ക്2011ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ മുന്‍ ഇടതുസര്‍ക്കാര്‍ വിഭാവനംചെയ്ത പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കുന്നില്ല. മൂന്നുവര്‍ഷം പിന്നിട്ടപ്പോള്‍ മൂന്ന് മെഗാവാട്ട് വൈദ്യുതിയാണ് സ്ഥാപിതശേഷിയില്‍ കൂട്ടിച്ചേര്‍ത്തത്. ഇടതുസര്‍ക്കാരിന്റെ കാലത്ത് അന്യസംസ്ഥാനങ്ങളുമായി ഉണ്ടാക്കിയ വൈദ്യുതി ലഭിക്കുന്നതിനുള്ള കരാറുകള്‍ ഈ സര്‍ക്കാര്‍ വന്ന ഉടന്‍ റദ്ദാക്കി. അന്യസംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രനിലയങ്ങളില്‍നിന്നും വൈദ്യുതി കൊണ്ടുവരുന്നതിനുള്ള വൈദ്യുതി ലൈനുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതില്‍ വീഴ്ച വരുത്തി. കൂടംകുളത്തുനിന്നും കേരളത്തിന് അര്‍ഹതപ്പെട്ട വൈദ്യുതി എത്തിക്കാന്‍ ആവശ്യമായ ലൈനുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. പ്രശ്നപരിഹരണത്തിനായി ഒരു ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇടതു സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച എട്ടോളം ചെറുകിടപദ്ധതികള്‍ ഒരിഞ്ചുപോലും മുന്നോട്ടുകൊണ്ടുപോകാനായില്ല. ചീമേനിയിലെ നിര്‍ദിഷ്ടപ്രകൃതിവാതക പദ്ധതി എമര്‍ജിങ് കേരളയുടെ ഭാഗമായി അട്ടിമറിക്കപ്പെട്ടു. ഒഡിഷയിലെ ബൈതരണി കല്‍ക്കരിപ്പാടം നോക്കുകുത്തിയാക്കി. നിലവിലുള്ള പദ്ധതികളുടെ സ്ഥാപിതശേഷി വര്‍ധിപ്പിച്ച് ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള കര്‍മപദ്ധതികള്‍ സ്വീകരിക്കുന്നില്ല. വീണ്ടും വൈദ്യുതിപ്രതിസന്ധി സംജാതമാവുകയും വൈദ്യുതിചാര്‍ജില്‍ വന്‍ വര്‍ധന വരുത്തുകയുംചെയ്തു.
ഇച്ഛാശക്തിയുണ്ടെങ്കില്‍ പരിഹാരമാര്‍ഗങ്ങളുണ്ട്ഇച്ഛാശക്തിയും പ്രതിബദ്ധതയുമുണ്ടെങ്കില്‍ മാത്രമേ വൈദ്യുതി പ്രതിസന്ധിയില്‍നിന്ന് കേരളത്തിന് ശാപമോക്ഷമുണ്ടാകൂ. തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെയുള്ള 400 കെവി പ്രസരണ ലൈന്‍ നിര്‍മിക്കുക, അരീക്കോട്- മൈസൂര്‍ 400 കെവി ലൈന്‍ നിര്‍മാണം തടസ്സപ്പെട്ടത് സര്‍ക്കാര്‍തലത്തില്‍ ഇടപെട്ട് പരിഹരിക്കുക, കൂടംകുളം നിലയത്തില്‍നിന്ന് കേരളത്തിന്റെ വിഹിതമായ 266 മെഗാവാട്ട് എത്തിക്കുന്നതിന് എടമണ്‍- കൊച്ചി ലൈന്‍ സ്ഥാപിക്കുന്നതിലെ പ്രാദേശിക തടസ്സങ്ങള്‍ പരിഹരിക്കുക, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുക, അതിരപ്പിള്ളിപദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനംചെയ്ത 4000 മെഗാവാട്ട് വന്‍കിട പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തി ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ചാല്‍ കേരളത്തിന്റെ ഭാവിവൈദ്യുതി ആവശ്യകത നിറവേറ്റാന്‍ നമുക്ക് സാധിക്കും. വൈദ്യുതി ഉല്‍പ്പാദനസാധ്യതകളില്‍ ഏറ്റവും പ്രധാനം ജലവൈദ്യുതപദ്ധതികള്‍തന്നെയാണ്. നമ്മള്‍ നിലവില്‍ 2047 മെഗാവാട്ട് മാത്രമാണ് ജലസ്രോതസ്സുവഴി വികസിപ്പിച്ചത്. 4300 മെഗാവാട്ടാണ് കേരളത്തിന്റെ ജലവൈദ്യുതി സാധ്യത. വൈദ്യുതിപ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമായ എല്ലാ സ്രോതസ്സുകളും ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാനും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ച് വൈദ്യുതി സ്വാശ്രയത്വം കൈവരിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്.
( കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍ )
deshabhimani.com

No comments:

Post a Comment