വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Wednesday, April 30, 2014

കെഎസ്ഇബി ജീവനക്കാര്‍ പ്രതിഷേധപ്രകടനം നടത്തി

കെഎസ്ഇബി കന്റോണ്‍മെന്റ് സെക്ഷനിലെ ജീവനക്കാരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ്യൂണിയന്‍ നേതൃത്വത്തില്‍ കൊല്ലം പവര്‍ഹൗസ് വളപ്പില്‍ പ്രകടനവും യോഗവും നടത്തി. വിക്രം സാരാഭായി സ്പേസ് സെന്ററിലേക്കുള്ള ദേശീയപ്രാധാന്യമുള്ള ഉപകരണങ്ങളടങ്ങിയ കണ്ടെയ്നര്‍ കൊണ്ടുപോകുന്നതിന് റോഡിനു കുറുകെയുള്ള വൈദ്യുതിലൈനുകള്‍ അഴിച്ചുമാറ്റുന്നതിന് ഇടയിലാണ് ജീവനക്കാര്‍ ആക്രമിക്കപ്പെട്ടത്. വൈദ്യുതിമുടക്കം ഉണ്ടാകുമെന്ന മുന്നറിയിപ്പു നല്‍കുന്നതില്‍ കെഎസ്ഇബി മാനേജ്മെന്റിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായി. കെഎസ്ഇബിഡബ്ല്യുഎ സംസ്ഥാന വൈസ്പ്രസിഡന്റ് എസ് ഹരിലാല്‍ പ്രതിഷേധയോഗം ഉദ്ഘാടനംചെയ്തു. കെഇഇസി (ഐഎന്‍ടിയുസി) ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് വി വീരേന്ദ്രകുമാര്‍, കെഇഡബ്ല്യുഎഫ് (എഐടിയുസി) സംസ്ഥാനകമ്മിറ്റി അംഗം ഡി ലാല്‍പ്രകാശ് എന്നിവര്‍ സംസാരിച്ചു. - (ദേശാഭിമാനി)

കെഎസ്ഇബി വര്‍ക്കേഴ്സ് അസോ. സുരക്ഷാവാരമായി ആചരിക്കും

കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ അപകടമുക്ത വൈദ്യുത കേരളമെന്ന സന്ദേശമുയര്‍ത്തി മെയ് രണ്ടുമുതല്‍ എട്ടുവരെ അസോസിയേഷന്‍ നേതൃത്വത്തില്‍ സുരക്ഷവാരമായി ആചരിക്കും. വൈദ്യുതി മേഖലയിലെ അപകടങ്ങളൊഴിവാക്കുകയെന്ന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന വാരാചണത്തിന്റെ ഭാഗമായി കൂട്ടയോട്ടം, ബൈക്ക്റാലി തുടങ്ങിയ പരിപാടികള്‍ നടക്കും. പരിപാടിയുടെ ഭാഗമായി ഈ ദിവസങ്ങളില്‍ ബാഡ്ജ് ധരിച്ചായിരിക്കും തൊഴിലാളികള്‍ ജോലിക്ക് ഹാജരാവുക. എല്ലാദിവസവും സുരക്ഷാ പ്രതിജ്ഞയെടുക്കും. സെക്ഷന്‍ തലത്തിലും ഓഫീസുകളിലും സുരക്ഷാപരിപാലന വിശദീകരണ യോഗവും സംഘടിപ്പിക്കും. സുരക്ഷാ പരിപാലനം ശക്തമാക്കാന്‍ ഓഫീസ് തലത്തില്‍ ഫെസിലിറ്റേറ്റര്‍ കമ്മിറ്റിക്ക് രൂപം നല്‍കും. ഡിവിഷന്‍ തലത്തില്‍ സുരക്ഷ ക്ലാസുകളും സബ്ഡിവിഷന്‍തല ഫീല്‍ഡ് പരിശീലനവും സംഘടിപ്പിക്കും. പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം എന്നിവയും നടത്തും. സാധനസാമഗ്രികള്‍ ആവശ്യത്തിന് ഉറപ്പാക്കും. അറ്റകുറ്റപ്പണികള്‍ അവലോകനംചെയ്ത് മഴക്കുമുമ്പെ പൂര്‍ത്തിയാക്കും. തിയേറ്ററുകളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട സ്ലൈഡുകള്‍ പ്രദര്‍ശിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ലക്ഷ്മണന്‍, ജോയിന്റ് സെക്രട്ടറി കെ പുരുഷോത്തമന്‍, പി പി സുജയ എന്നിവര്‍ പങ്കെടുത്തു

Tuesday, April 8, 2014

വൈദ്യുതിമേഖല സംരക്ഷിക്കാന്‍ ഇടതുപക്ഷബദലിന് ശക്തിപകരുക

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തില്‍ വ്യാഴാഴ്ച നടക്കും. വൈദ്യുതിമേഖലയെയും ജീവനക്കാരെയും ഉപയോക്താക്കളെയും സംബന്ധിച്ച് അതീവഗൗരവമുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. വൈദ്യുതിമേഖലയുടെ വികസനത്തിന് സ്വകാര്യവല്‍ക്കരണമല്ലാതെ വഴിയില്ലെന്ന നിലപാട് സ്വീകരിച്ചവരാണ് എന്‍ഡിഎ, യുപിഎ സര്‍ക്കാരുകള്‍. രാജ്യത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന സാമ്പത്തികപരിഷ്കാരങ്ങളുടെ ചുവടുപിടിച്ചാണ് സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍ പിരിച്ചുവിട്ട് സ്വകാര്യവല്‍ക്കരിച്ചത്. ഇതിലൂടെ 18 ലക്ഷം കോടി രൂപയുടെ പൊതുമേഖല ആസ്തി സ്വകാര്യവ്യക്തികള്‍ ചുളുവിലയ്ക്ക് കൈക്കലാക്കി. സ്വകാര്യവല്‍ക്കരണത്തിനുശേഷം ഊര്‍ജപ്രതിസന്ധി മൂര്‍ച്ഛിക്കുകയും സാധാരണക്കാരന് വൈദ്യുതി അപ്രാപ്യമാകുകയും ചെയ്തു. കാര്‍ഷിക- വ്യാവസായിക മേഖലയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമായ വൈദ്യുതി ഇല്ലാത്തത് വികസനം മുരടിപ്പിച്ചു.

1948 മുതല്‍ "98 വരെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടും സംസ്ഥാന വൈദ്യുതിബോര്‍ഡുകളുടെ ആകെ ബാധ്യത 40,000 കോടി രൂപയായിരുന്നു. സ്വകാര്യവല്‍ക്കരണത്തിനുശേഷം 2013ല്‍ ബാധ്യത രണ്ടരലക്ഷം കോടി രൂപയെന്നാണ് കമ്പനി അവകാശവാദം. പത്തുവര്‍ഷത്തിനകമുണ്ടായ, ഓഡിറ്റിങ്ങിന് വിധേയമാക്കാത്ത ഈ കടബാധ്യത ഏറ്റെടുത്ത് കോര്‍പറേറ്റുകള്‍ക്ക് പണം നല്‍കാനാണ് സര്‍ക്കാര്‍തീരുമാനം. കേരളത്തില്‍ എല്‍ഡിഎഫ് ഭരണകാലത്ത് പൊതുമേഖലയില്‍ സംരക്ഷിക്കപ്പെട്ട ബോര്‍ഡിന് സാമ്പത്തികസഹായം നല്‍കാന്‍ കേന്ദ്രഭസര്‍ക്കാര്‍ തയ്യാറായില്ല. വൈദ്യുതിമേഖലയിലെ സ്വകാര്യവല്‍ക്കരണനടപടികള്‍ ഉദ്ദേശിച്ച ഫലംകണ്ടില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് സമ്മതിക്കേണ്ടി വന്നു.

ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഊര്‍ജമേഖല അടിയറവച്ചപ്പോള്‍ രാജ്യം കൂടുതല്‍ ഇരുട്ടിലേക്ക് നീങ്ങി. കേന്ദ്രനയങ്ങള്‍ അടിച്ചേല്‍പ്പിച്ച് വൈദ്യുതിചാര്‍ജ് ക്രമാതീതമായി കൂട്ടി കേരളത്തില്‍ ഉപയോക്താക്കളെ പിഴിയുകയാണ്. വൈദ്യുതിനിയമം 2003ന്റെ പ്രത്യാഘാതങ്ങളും ദുരിതങ്ങളും അനുഭവിക്കുകയാണ് വൈദ്യുതി ഉപയോക്താക്കള്‍. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഈ നിയമത്തിലെ ഭേദഗതികള്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. വിനാശകരമായ സാമ്പത്തികനയങ്ങളുടെ കെടുതികള്‍ ഏറ്റുവാങ്ങുന്ന തന്ത്രപ്രധാന മേഖലയാണ് വൈദ്യുതിമേഖലയും സംസ്ഥാന വൈദ്യുതിബോര്‍ഡുകളും. വ്യവസായവികസനത്തിന്റെ അടിക്കല്ലായ ഊര്‍ജമേഖല പൊതുമേഖലയില്‍ സംരക്ഷിക്കാന്‍ പ്രാപ്തിയും ആര്‍ജവവുമുള്ള ഭരണാധികാരികളാണ് വരേണ്ടത്.

ഊര്‍ജമേഖലയുടെ പൊതുമേഖലാവല്‍ക്കരണമാണ് രാജ്യസ്നേഹികള്‍ ആഗ്രഹിക്കുന്നത്. അധികാരം മൂലധനത്തിന്റെയോ മുതലാളിത്തത്തിന്റെയോ അല്ലെന്നും, അധികാരകേന്ദ്രങ്ങളെ തീരുമാനിക്കേണ്ടത് ജനപക്ഷമാണെന്നുമുള്ള രാഷ്ട്രീയസന്ദേശമാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്. ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കുക എന്നതാണ് ജനപക്ഷബദല്‍. നവലിബറല്‍ നയങ്ങളും അതുണ്ടാക്കിയ വളര്‍ച്ചയും ഇന്ത്യാരാജ്യത്തെ വാനോളം വലുതാക്കിയെന്ന് വീമ്പിളക്കുന്ന സാമ്രാജ്യത്വ മൂലധന കോര്‍പറേറ്റ് ശക്തികളുടെ ദല്ലാളന്മാരായ ഭരണാധികാരികള്‍ക്ക് ശക്തമായ താക്കീതായി ഈ ദേശീയ തെരഞ്ഞെടുപ്പുഫലം മാറ്റണം.

വി ലക്ഷ്മണന്‍ ജനറല്‍ സെക്രട്ടറി, കെഎസ്ഇബി വര്‍ക്കേഴ്സ് അസോ. (സിഐടിയു)

മറക്കരുത് ജനപക്ഷം



Wednesday, April 2, 2014

ജീവനക്കാരുടെ കുടുംബസംഗമം

കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2014 ഏപ്രിൽ 29 ന്  വൈദ്യുതി ബോർഡ് ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കൂട്ടയ്മ സംഘടിപ്പിച്ചു. ഐ.എം.എ ഹാളിൽ വച്ച് നടന്ന പരിപാടി മുൻ എം.പി സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു.  കുട്ടികളുടെ കലാപരിപാടികൾ രസകരമായ അനുഭവമായി

Tuesday, March 4, 2014

വർക്കേഴ്സ് അസോസിയേഷൻ ജനറൽബോഡി യോഗം നടത്തി

                വൈദ്യുതിബോർഡിലെ നിലവിലെ സാഹചര്യങ്ങളും   പതിനാറാം ലോൿസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ജനറൽ ബോഡി യോഗം ചേർന്നു. ഇ.ഇ.എഫ്.ഐ ദേശീയ പ്രസിഡന്റ് കെ.ഒ.ഹബീബ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി.ഡബ്ള്യു.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിലാൽ, ജോയിന്റ് സെക്രട്ടറി ബി.ജയശ്രീ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.സാബു, കെ.ശശി, അൻസർബാബു, എസ്.രാജീവൻ, വി.അനിൽകുമാർ, ജേക്കബ്ജോൺ, സിന്ധുരാജ്, രാജശേഖരൻ, എക്സ്.ജോൺസൺ, അനിൽകുമാർ, നൂറുദ്ദീൻ, ചന്ദ്രലാൽ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കോ-ഓർഡിനേഷൻ കൺ‌വീനർ എൻ.ആർ.അനി അധ്യക്ഷനായി.

വൈദ്യുതി കരാര്‍ത്തൊഴിലാളിയുടെ അപകടമരണം; അസിസ്റ്റന്റ് എന്‍ജിനിയറെ സ്ഥലംമാറ്റി

എഴുകോണ്‍: ജോലിക്കിടെ വൈദ്യുതാഘാതം ഏറ്റ് കരാര്‍ത്തൊഴിലാളി മരിക്കാനിടയായ സംഭവത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയറെ സ്ഥലംമാറ്റി. എഴുകോണ്‍ വൈദ്യുതിസെക്ഷന്‍ ഓഫീസിലെ കരാര്‍ത്തൊഴിലാളി വിനുമോന്‍ മരിച്ച സംഭവത്തിലാണ് അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ എസ് ദേവിനെ പിറവന്തൂരിലേക്ക് സ്ഥലംമാറ്റിയത്. ഒക്ടോബര്‍ എട്ടിന് ചീരങ്കാവ് കോഴിക്കോടന്‍ മുക്കിലാണ് അപകടം നടന്നത്. ലോ ടെന്‍ഷന്‍ ലൈനിലെ ഫ്യൂസ് ഊരാതെ തൊട്ടുമുകളിലൂടെ കടന്നുപോകുന്ന 11 കെവി ലൈനില്‍ അറ്റകുറ്റപ്പണി നടത്തിയതാണ് വൈദ്യുതാഘാതമേല്‍ക്കാന്‍ കാരണം. കെ എസ് ദേവായിരുന്നു ജോലിക്കു നേതൃത്വം നല്‍കിയത്. സംഭവത്തിന് ഉത്തരവാദിയായവര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജനം സമരം തുടങ്ങിയപ്പോള്‍ സംഭവത്തില്‍ പങ്കില്ലാത്ത കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) അംഗമായ സബ് എന്‍ജിനിയര്‍ ജോണ്‍സണെ സസ്പെന്‍ഡ് ചെയ്തു. കുണ്ടറ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സന്തോഷ് രാഷ്ട്രീയവിരോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഡ്ചെയ്തത്. കെഎസ്ഇബി സേഫ്റ്റി കമീഷണര്‍ നടത്തിയ അന്വേഷണത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ എസ് ദേവാണ് കുറ്റക്കാരനെന്നും ജോണ്‍സണ്‍ നിരപരാധിയാണെന്നും തെളിഞ്ഞു. പിന്നീട് ജോണ്‍സണെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുഡിഎഫ് അനുകൂല സംഘടനാ പ്രവര്‍ത്തകനായ കെ എസ് ദേവിനെ സസ്പെന്‍ഡ് ചെയ്യാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മുതിര്‍ന്നില്ല. തുടര്‍ന്ന് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവിനെ സ്ഥലംമാറ്റാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ തയ്യാറായത്. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിരന്തരം ദ്രോഹനടപടി സ്വീകരിക്കുകയും അര്‍ഹമായ അവകാശം നിഷേധിക്കുകയും ചെയ്യുന്ന എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. - 
deshabhimani