വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Wednesday, October 17, 2012

കെഎസ്ഇബിയെ തകര്ക്കാിന്‍ ഗൂഢശ്രമം: കോടിയേരി




      
      സംസ്ഥാനത്തെ വൈദ്യുതിമേഖലയെ കോര്‍പറേറ്റുകളുടെ കൈകളിലെത്തിക്കാന്‍ സര്‍ക്കാര്‍ ഗൂഢശ്രമം നടത്തുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡിനെ തകര്‍ക്കുന്നത് ഇതിന്റെ ഭാഗമാണ്. വൈദ്യുതി ഉല്‍പ്പാദനമേഖലയെ അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) തൊഴിലാളികള്‍ നടത്തിയ വൈദ്യുതി ബോര്‍ഡ് ആസ്ഥാനം വളയല്‍ സമരം ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി. കെഎസ്ഇബിയെ സ്വകാര്യവല്‍ക്കരിക്കുകയെന്ന സര്‍ക്കാര്‍ നിലപാടാണ് ഇന്നത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ഉല്‍പ്പാദനരംഗം സ്തംഭിച്ചു. വിതരണരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകുന്നില്ല. വൈദ്യുതി രംഗം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള പൊതുജനാഭിപ്രായം സൃഷ്ടിക്കാന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം താറുമാറാക്കുകയാണ്. ഉല്‍പ്പാദന രംഗത്ത് പുതിയ പദ്ധതികളില്ല. അതിരപ്പിള്ളി പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിക്കുമ്പോള്‍ അനങ്ങാതിരിക്കുകയാണ് സര്‍ക്കാര്‍. കൂടംകുളം പദ്ധതി കമീഷന്‍ചെയ്യുമ്പോള്‍ 266 മെഗാവാട്ട് നമുക്ക് അവകാശപ്പെട്ടതാണെന്നു പറയാന്‍ ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും തയ്യാറാകുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോഴെല്ലാം വൈദ്യുതി ബോര്‍ഡിനെ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. 1991ലെ യുഡിഎഫ് സര്‍ക്കാര്‍ ബോര്‍ഡ് സ്വകാര്യവല്‍ക്കരണത്തിന് ധാരണാപത്രംവരെ ഒപ്പിട്ടതാണ്. സംസ്ഥാനത്ത് വൈദ്യുതിക്ഷാമം ഏറ്റവും രൂക്ഷമായ കാലഘട്ടമായിരുന്നു അത്. പവര്‍കട്ടും ലോഡ്ഷെഡിങ്ങും അന്ന് വ്യാപകമായി. പിന്നീട്, 1996ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴാണ് കെഎസ്ഇബിയെ പൊതുമേഖലയില്‍ നിലനിര്‍ത്തി വ്യക്തമായ നയപരിപാടികള്‍ ആവിഷ്കരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിച്ചത്. ലോഡ്ഷെഡിങ് ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റി. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ വൈദ്യുതി ഉല്‍പ്പാദനം നടത്താന്‍ ഭാവനാപൂര്‍ണമായ നടപടികള്‍ സ്വീകരിച്ചില്ല. 22 മെഗാവാട്ട് മാത്രമാണ് ആ സര്‍ക്കാര്‍ ഉല്‍പ്പാദിപ്പിച്ചത്. അതേസമയം, കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. പ്രസരണ നഷ്ടം 26 ശതമാനത്തില്‍നിന്ന് 16 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞതായിരുന്നു മറ്റൊരു നേട്ടമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

No comments:

Post a Comment