മാനദണ്ഡങ്ങള്‍ അട്ടിമറിച്ചുള്ള സ്ഥലംമാറ്റവും സാമ്പത്തിക ആനുകൂല്യങ്ങള്‍
മാനേജ്മെന്റ് തടഞ്ഞുവച്ചതും വൈദ്യുതിബോര്‍ഡില്‍ അസംതൃപ്തി പടര്‍ത്തുന്നു.
ജീവനക്കാരിലെ അതൃപ്തി ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും താളം
തെറ്റിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ ഇടതുപക്ഷ യൂണിയന്‍ അംഗങ്ങളെ തലങ്ങും
വിലങ്ങും സ്ഥലംമാറ്റുകയാണ്. 1988ല്‍ നിലവില്‍ വന്ന സ്ഥലംമാറ്റതത്വം പൂര്‍ണമായും
അട്ടിമറിച്ചു. സര്‍ക്കാരിനോട് വിധേയത്വം പുലര്‍ത്തുന്നവര്‍ക്കും
ഭരണാനുകൂലസംഘടനയില്‍ അംഗത്വമെടുക്കുന്നവര്‍ക്കുമായി സ്ഥലംമാറ്റം ഉപയോഗപ്പെടുത്തുകയാണ്.
ലക്ഷങ്ങളുടെ കോഴയും ഇതിനുപിന്നിലുണ്ട്. നായനാര്‍ സര്‍ക്കാരിലെ വൈദ്യുതിമന്ത്രി ടി
ശിവദാസമേനോന്റെ മുന്‍കയ്യിലാണ് സമഗ്രവും മനുഷ്യത്വപരവുമായ സ്ഥലമാറ്റ മാനദണ്ഡം
ഉണ്ടാക്കിയത്. ഈ ചട്ടങ്ങള്‍ പ്രകാരം ക്യാന്‍സര്‍പോലുള്ള രോഗബാധിതര്‍, വിധവകള്‍, വിഭാര്യര്‍,
സൈനികരുടെ ആശ്രിതര്‍, വികലാംഗര്‍,
ജോലിക്കിടെ അപകടം സംഭവിച്ചവര്‍, മിശ്രവിവാഹിതര്‍, ജീവനക്കാരുടെ സഹകരണസംഘം ഭരണസമിതിയംഗങ്ങള്‍ എന്നിവരെ സ്ഥലംമാറ്റാന്‍
പാടില്ല. അംഗീകൃത യൂണിയനുകളുടെ നിശ്ചിത എണ്ണം മെമ്പര്‍മാര്‍ക്കും പ്രത്യേക
സംരക്ഷണം ഉറപ്പുവരുത്തി. ഈ മാനദണ്ഡങ്ങളുടെ കടയ്ക്കലാണ് ഇക്കുറി മന്ത്രി ആര്യാടന്‍
മുഹമ്മദും അധികൃതരും കത്തിവച്ചത്. ഇത്തരം വെളിവില്ലാത്ത നടപടികള്‍ മൂലം പാലക്കാട്,
മലപ്പുറം, കാസര്‍കോട് തുടങ്ങി പിന്നോക്ക
ജില്ലകളില്‍ ജീവനക്കാരുടെ അസന്തുലിതാവസ്ഥയാണ്. മലപ്പുറത്ത് നിന്ന് 131 ലൈന്മാന്മാരെ മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റിയപ്പോള്‍ തിരികെവന്നത് 60 പേര്‍ മാത്രമാണ്. പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ബലത്തില്‍
സ്ഥലം മാറ്റം അട്ടിമറിക്കപ്പെട്ടു. ജൂണ്‍ 20ന് തെക്കന്‍
ജില്ലകളില്‍നിന്ന് 24 അസിസ്റ്റന്റ് എന്‍ജിനിയര്‍മാരെ കാസര്‍കോട്ടേക്ക്
മാറ്റിയിരുന്നു. ഇതില്‍ നാലുപേര്‍ മാത്രമാണ് എത്തിയത്. 11പേരുടെ
മാറ്റം ജൂലൈ 16ന് ചീഫ് എന്‍ജിനിയര്‍ റദ്ദാക്കി. ഒമ്പതുപേര്‍
അതിനായി ശ്രമിച്ചുകൊണ്ടിരുന്നു. തിരുവന്തപുരം, കൊല്ലം
ജില്ലകളിലെ 66 സീനിയര്‍ അസിസ്റ്റന്റുമാരെ മാറ്റിയെങ്കിലും
പിന്നിട് കാഷ്യര്‍മാരായി തരംതാഴ്ത്തി അതാതിടങ്ങളില്‍ തുടരാന്‍ അനുവദിച്ചു. കനത്ത
മഴ ലഭിച്ചതിനാല്‍ രണ്ടുമാസത്തിനിടെ ബോര്‍ഡിന്റെ സാമ്പത്തികനില ഏറെ മെച്ചപ്പെട്ടു.
എന്നിട്ടും കുടിശ്ശിക ആനുകൂല്യങ്ങള്‍ നല്‍കാത്തതിലും ജീവനക്കാര്‍ രോഷാകുലരാണ്.
പിഎഫ്, ലീവ് സറണ്ടര്‍, ടിഎ, മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് തുടങ്ങിയവ ഒരുവര്‍ഷമായി
തടഞ്ഞുവച്ചിരിക്കയാണ്. വികല നയങ്ങള്‍ക്കും രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങള്‍ക്കുമെതിരെ
പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുകയാണ് കെഎസ്ഇബി വര്‍ക്കേഴ്സ്
അസോസിയേഷന്‍. ദേശാഭിമാനി 18-08-2013
No comments:
Post a Comment