
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് തങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള വൈദ്യുത വിതരണ ലൈസന്‍സികളെ പുറമേ നിന്ന് വൈദ്യുതി വാങ്ങി വിതരണം നടത്തുന്നതിന് അനുവദിച്ച് കൊണ്ട് ഉത്തരവായിരിക്കുന്നു. ഒറ്റ നോട്ടത്തില്‍ വൈദ്യുതി ബോര്‍ഡിന്റെ വരുമാന നഷ്ടം കുറയ്ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണീ നീക്കമെന്ന് തോന്നുമെങ്കിലും അതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ വളരെ വലുതാണെന്ന് പറയാതെ വയ്യ.
വൈദ്യുത ബോര്‍ഡില്‍ നിന്ന് വൈദ്യുതി വാങ്ങി വിതരണം നടത്തുന്ന ഏഴ് ലൈസന്‍സികളാണ് നിലവില്‍ കേരളത്തില്‍ ഉള്ളത്. തൃശൂര്‍ മുന്‍സിപാലിറ്റിയും ടെക്നോ പാര്‍ക്കും കണ്ണന്‍ ദേവന്‍ പ്ലാന്റ്റേഷന്‍ കമ്പനിയും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും അവയില്‍ ഉള്‍പ്പെടുന്നു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് 625 ലക്ഷവും കൊച്ചി പ്രത്യേക സാമ്പത്തിക മേഖല 698 ലക്ഷവും കണ്ണന്‍ ദേവന്‍ 55 ലക്ഷവും കിനെസ്കോ പവര്‍ യൂട്ടിലിറ്റീസ് ലിമിറ്റഡ് 755 ലക്ഷവും റബ്ബര്‍ പാര്‍ക്ക് 99 ലക്ഷവും ടെക്നോ പാര്‍ക്ക് 205 ലക്ഷവും തൃശൂര്‍ നഗരസഭ 1606 ലക്ഷവും വൈദ്യുതി ബോര്‍ഡില്‍ നിന്ന് വൈദ്യുതി വാങ്ങി വിറ്റ നിലയില്‍ ലാഭമുണ്ടാക്കിയതായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ 2010ല്‍ കണ്ടെത്തിയിരുന്നു. നിലവിലുള്ള ലൈസന്‍സികള്‍ കുറഞ്ഞ വിലക്ക് ബോര്‍ഡില്‍ നിന്ന് വാങ്ങുന്ന വൈദ്യുതി ഉയര്‍ന്ന വിലക്ക് മറിച്ച് വിറ്റ് അന്യായ ലാഭം കുന്നുകൂട്ടുന്നതായി ബോര്‍ഡ് പറയുന്നു. കണ്ണന്‍ ദേവനും തൃശൂര്‍ നഗരസഭയും മാത്രമാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കുന്ന ഏജന്‍സികള്‍. അതില്‍ തന്നെ തൃശൂര്‍ നഗരസഭയ്ക്ക് കൂടുതലും ഗാര്‍ഹികേതര ഉപഭോക്താക്കളാണ്. അത് കൊണ്ട് തന്നെ ലൈസന്‍സികള്‍ക്ക് കുറഞ്ഞ വിലക്ക് വാങ്ങുന്ന വൈദ്യുതിക്ക് തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്ന നിരക്ക് വാങ്ങാനാവുന്നു.

ലൈസന്‍സികള്‍ ബോര്‍ഡില്‍ നിന്ന് മാത്രമാണ് നിലവില്‍ വൈദ്യുതി വാങ്ങുന്നത്. അവര്‍ ഊര്‍ജ്ജ ഉത്പാദനത്തിനോ കേരളത്തിലേക്ക് അധികമായി വൈദ്യുതി കൊണ്ട് വരുന്നതിനോ യാതൊരു താത്പര്യവും കാട്ടാതെ ബോര്‍ഡില്‍ നിന്ന് മാത്രം വൈദ്യുതി വാങ്ങി വിതരണം നടത്തി ലാഭമുണ്ടാക്കുന്നത് വൈദ്യുതി ബോര്‍ഡിനും കേരളത്തിലെ മറ്റെല്ലാ ഉപഭോക്താക്കള്‍ക്കും നഷ്ടം മാത്രം വരുത്തിവെയ്ക്കുന്നു. വൈദ്യുതി ഉത്പാദനവും കുറവുള്ള വൈദ്യുതി ചാഞ്ചാടുന്ന വൈദ്യുതി കമ്പോളത്തില്‍ നിന്ന് യൂണിറ്റിന്‍ 10 രൂപ വിലക്ക് വരെ വാങ്ങി നല്‍കേണ്ട ഉത്തരവാദിത്തവും ബോര്‍ഡ് മാത്രം നിര്‍വ്വഹിക്കേണ്ടി വരുന്നു. അതിന് പരിഹാരമെന്ന നിലയിലാണ് നിലവിലുള്ള കരാറുകള്‍ തുടരുമെങ്കിലും ലൈസന്‍സികള്‍ക്ക് അധികമായി ആവശ്യമുള്ള വൈദ്യുതി പുറമേ നിന്നുള്ള വൈദ്യുത ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങി വിതരണം നടത്തുവാന്‍ അനുവദിച്ചിരിക്കുന്നത്. വൈദ്യുതി വാങ്ങുന്നവര്‍ക്ക് ബോര്‍ഡിന്റെ പ്രസരണ ശൃംഘലകളിലൂടെ വൈദ്യുതി കടത്തിക്കൊണ്ട് വരാവുന്നതാണ്.

ഇത്രയും ഒരു വശം. ഇനി ഇതിന്റെ മറുവശം നോക്കാം. ഒരു കോടിയിലേറെ വരുന്ന വൈദ്യുതി ബോര്‍ഡിന്റെ ഉപഭോക്താക്കളില്‍ പകുതിയും ഗാര്‍ഹിക വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ വ്യവസായം, വാണിജ്യം, കാര്‍ഷികം, വാണിജ്യേതരം തുടങ്ങി പല താരിഫുകളിലായി ഉപഭോക്താക്കളെ തരം തിരിച്ചിരിക്കുന്നു. വാണിജ്യവിഭാഗത്തില്‍ പെട്ടവര്‍ വൈദ്യുതിക്ക് ഉയര്‍ന്ന വില നല്‍കേണ്ടിവരുമ്പോള്‍ കാര്‍ഷിക ഉപഭോക്താക്കളില്‍ നിന്ന് യൂണിറ്റിന് 65 പൈസയും ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് 1.15 രൂപാ മുതലുമാണ് ഈടാക്കുന്നത്. നല്ലൊരു ഭാഗം ഗാര്‍ഹിക ഉപഭോക്താക്കളും മിനിമം തുകയായ 85 രൂപയാണ് വൈദ്യുതി ചാര്‍ജ്ജായി അടയ്ക്കുന്നത്. ഇത് സാദ്ധ്യമാക്കുന്നത് ഒരു വിഭാഗം ഉപഭോക്താക്കളില്‍ നിന്ന് അല്പം ഉയര്‍ന്ന വില ഈടാക്കുന്നത് കൊണ്ടാണ്. എന്നാല്‍ പുത്തന്‍ കോര്‍പറേറ്റ് ഭീമന്മാര്‍ “ക്രോസ് സബ്സിഡി” എന്ന പേരില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നതിന് എതിരാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മുതലാളിത്ത ശക്തികളുടെ നിലപാടിനൊപ്പമാണെന്ന് മനസ്സിലാക്കാവുന്നതാണ്.

വൈദ്യുതി ബോര്‍ഡിന്റെ പുതിയ ഉത്തരവിന്‍ പ്രകാരം നിലവിലുള്ള ലൈസന്‍സികള്‍ക്ക് പുറമേ പുതിയ ലൈസന്‍സികള്‍ക്കും പുറത്ത് നിന്ന് വൈദ്യുതി കൊണ്ടുവരാവുന്നതാണ്. ഇതോടെ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ വരുമാനം നല്‍കുന്ന വിഭാഗങ്ങള്‍ സ്വന്തമായി വൈദ്യുതി വാങ്ങി ഉപയോഗിക്കുകയും ബോര്‍ഡിന്റെ ഉപഭോക്താക്കള്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങുന്നവര്‍ മാത്രമാവുകയും ചെയ്യും. ഇത് ബോര്‍ഡിനെ നഷ്ടത്തിലേക്ക് നയിക്കുകയും സ്വകാര്യ വത്കരണ വാദത്തിന് ശക്തി കൂട്ടുകയും ചെയ്യും. കൂടാതെ “ക്രോസ് സബ്സിഡി” പ്രകാരം നിലവില്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നത് നിര്‍ത്തലാക്കുന്നതിന് ബോര്‍ഡ് പുതിയ സാഹചര്യത്തില്‍ നിര്‍ബന്ധിതമാവുകയും ചെയ്യും. ഇത് ഗാര്‍ഹിക – കാര്‍ഷിക മേഖലകളില്‍ ഉയര്‍ന്ന നിരക്കിന് കാരണമാവുകയും രൂക്ഷമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. അതിനാല്‍ പ്രസ്തുത ഉത്തരവ് പിന്വലിച്ച് ലൈസന്‍സികള്‍ക്ക് നല്‍കുന്ന വൈദ്യുതിയുടെ വില വര്‍ദ്ധിപ്പിക്കുന്നതിനടക്കമുള്ള നടപടികള്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് നടപ്പില്‍ വരുത്തേണ്ടതാണ്.
വൈദ്യുതി ബോര്‍ഡിനെ സ്വകാര്യ വത്കരണത്തിലേക്ക് നയിച്ചേക്കാവുന്ന വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.ടി.യു), കരുനാഗപ്പള്ളി ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസിന്‍ മുന്നില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സഖാവ്. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ.അന്‍സാര്‍ ബാബു, സ.ജയശ്രീ, സ.ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു. സ.ദിലീബ് നന്ദി രേഖപ്പെടുത്തി.
Fine work
ReplyDelete