വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Saturday, July 30, 2011

ചട്ടം ലംഘിച്ച് സ്ഥലം മാറ്റം നടത്തരുത്. നടത്തിയവ തിരുത്താന്‍ ബോര്‍ഡും ഗവണ്മെന്റും നടപടിയെടുക്കണം


ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സ്ഥലം മാറ്റം സംബന്ധിച്ച്  അറുപതുകളില്‍ നടന്ന സംഘര്‍ഷങ്ങളുടെയും കരാറുകളുടെയും അടിസ്ഥാനത്തില്‍ അന്ന് നിലവിലുണ്ടായിരുന്ന ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി (IRC) ചില മാനദണ്ഡങ്ങള്‍ അംഗീകരിക്കുകയും അതനുസരിച്ച് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. 1986 വരെയുള്ള കാലഘട്ടത്തില്‍ IRC നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം‌മാറ്റം  നടത്തണമെന്ന ആവശ്യമാണ് തൊഴിലാളി സംഘടനകള്‍ മുന്നോട്ട് വച്ചത്. അതിന്റെ ലംഘനത്തിനെതിരായി സമരങ്ങള്‍, പ്രക്ഷോഭണങ്ങള്‍, ജയില്‍‌വാസം, പിരിച്ചുവിടീല്‍ എല്ലാം ഉണ്ടായിട്ടുണ്ട്.  1987ല്‍ അധികാരത്തില്‍  വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ അതുവരെ സ്ഥലം‌മാറ്റം സംബന്ധിച്ച് ഉണ്ടായ തര്‍ക്കങ്ങള്‍ എല്ലാം പരിശോധിച്ച് IRC നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ സമ്പുഷ്ടമാക്കി. പിന്നീട് വലിയ കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടില്ല.  1987ല്‍ അംഗീകരിച്ച മാനദണ്ഡമനുസരിച്ചാണ്‍  പിന്നീട് സ്ഥലം‌മാറ്റങ്ങള്‍ കൂടുതലും നടന്നിട്ടുള്ളത്. ഇതിനകം അധികാരത്തില്‍ വന്ന മൂന്ന് എല്‍.ഡി.എഫ് ഗവണ്മെന്റുകളുടെ കാലത്തും തത്വങ്ങള്‍ പരമാവധി പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഏതെങ്കിലും ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍  അത് പരിഹരിക്കുന്നതിന് സംഘടന എന്ന നിലയില്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ മുന്‍‌കൈ എടുക്കുകയോ സഹകരിക്കുകയോ ചെയ്തിട്ടുണ്ട്. എല്ലാ രാഷ്ട്രീയ വിശ്വാസികള്‍ക്കും എല്ലാ സംഘടനകളില്‍ പെട്ട ജീവനക്കാര്‍ക്കും ഒരു സംഘടനയിലും പെടാത്ത ജീവനക്കാര്‍ക്കും  ട്രാന്‍സ്ഫര്‍ ഗൈഡ് ലൈന്‍സ് അനുസരിച്ച് അര്‍ഹതപ്പെട്ട സംരക്ഷണം ലഭിക്കുന്നതിന് അസ്സോസിയേഷന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം തൊഴിലാളികളുടെ സ്ഥലം‌മാറ്റത്തില്‍ ഒരു പരാതിയും ഉണ്ടാകാതെ നടത്താന്‍ കഴിഞ്ഞു എന്ന കാര്യം എല്ലാവരും അംഗീകരിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തവണത്തെ സ്ഥലം മാറ്റങ്ങളില്‍ 1991ലും 2001ലും അധികാരത്തില്‍ വന്ന യു.ഡി.എഫ് ഭരണകാലത്ത് ചെയ്തതുപോലെ സ്ഥലം‌മാറ്റ തത്വങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രവണത കാണുന്നുണ്ട്. ചില യു.ഡി.എഫ് മന്ത്രിമാരുടെ ഭരണകാലത്ത് തത്വലംഘനം താരതമ്യേന കുറവായിരുന്നു എന്ന കാര്യം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കാരണം INTUC ക്കാര്‍, സംഘടനകള്‍ക്ക് എതിരായും പണം ഉണ്ടാക്കുന്നതിന് വേണ്ടിയും നടത്തിയിട്ടുള്ള എല്ലാ സ്ഥലം‌മാറ്റങ്ങളെയും ചില മന്ത്രിമാര്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നത് കൊണ്ടാണ്. എന്നാല്‍ കൂറുള്ള ഉദ്യോഗസ്ഥന്മാര്‍ ഇതിന്‍ സഹായിച്ചിരുന്നു. 2011ലെ ഗവണ്മെന്റ് വന്നതിന് ശേഷം സ്ഥലം‌മാറ്റം ആരംഭിച്ചത് തന്നെ തത്വലംഘനങ്ങള്‍ നടത്തിക്കൊണ്ടാണ്. ഇതിനെ തടയാന്‍ വകുപ്പ്മന്ത്രി തയ്യാറായില്ലെങ്കില്‍ ബോര്‍ഡില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷവും  ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇന്ന് കാണുന്ന ശുഷ്കാന്തിയും നഷ്ടപ്പെടും. മറ്റ് പല വ്യവസായങ്ങളും പോലെയുള്ള ഒന്നല്ല വൈദ്യുതിമേഖല എന്നുള്ളത് കൊണ്ടാണ് സമാധാനാന്തരീക്ഷം നിലനിലനിര്‍ത്തിക്കൊണ്ട് കാര്യങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ തൊഴിലാളികള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള അപാകതകള്‍ , ചട്ടലംഘനങ്ങള്‍ എല്ലാം ഞങ്ങള്‍  ബോര്‍ഡ് ചെയര്‍മാന് നല്‍‌കിയിട്ടുണ്ട്. വിധവയെയും സൈനികന്റെ ഭാര്യയെയും  ക്യാന്‍സര്‍ രോഗിയെയും ഡ്യൂട്ടിക്കിടയില്‍  അപകടം പറ്റി കാലും കയ്യും ഒടിഞ്ഞ് കിടക്കുന്നവരെയും വരെ യൂണിയന്‍ മാറ്റി എടുക്കാന്‍ വേണ്ടി സ്ഥലം മാറ്റുന്നത് തടയാന്‍ ബോര്‍ഡ്  മേധാവികള്‍ക്ക് കഴിയണം. സംഘടനാ നേതാക്കന്മാര്‍, സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരെപ്പോലും  ബോര്‍ഡ് അംഗീകരിച്ച മാനദണ്ഡത്തിന് വിരുദ്ധമായി  സ്ഥലം‌മാറ്റിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം നോക്കി തെരഞ്ഞ്പിടിച്ച് ഉത്തരവെഴുതുന്നത് INTUC സംഘടനയുടെ പ്രധാന പ്രവര്‍ത്തകര്‍ തന്നെയാണ്.  തൊഴിലാളി വര്‍ഗ്ഗ ശത്രുക്കളുടെ ഈ സ്വഭാവം ഇനിയും തുടരണമോ എന്ന് അവര്‍ ചിന്തിക്കണം.
            വര്‍ഗ്ഗപരമായ സമീപനത്തിന്റെ അടിസ്ഥാനത്തില്‍  കോണ്‍ഗ്രസ് രാഷ്ട്രീയമുള്ളവര്‍ തൊഴിലാളി ദ്രോഹം ചെയ്യുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഇതിനെതിരായി ശക്തമായ പ്രക്ഷോഭണത്തിന്‍  തയ്യാറാവുകയാണ് ഇതിനെ തടയാനുള്ള തൊഴിലാളികളുടെ മാര്‍ഗ്ഗം.
                                                                             -       കെ.ഒ.ഹബീബ്, 
                                                                               പ്രസിഡന്റ്,  
                           കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍                 

No comments:

Post a Comment