വൈദ്യുതി ജീവനക്കാരുടെ പ്രൊബേഷൻ ഡിക്ലറേഷന് പി.എസ്.സിയുടെ അനുവാദം വേണമെന്ന നിബന്ധന ആനുകൂല്യം നിഷേധിക്കുന്നതിന് ഇടയാക്കുമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്ന് വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. 2010 ഡിസംബർ 14 മുതൽ പി.എസ്.സി വഴി ഇലക്ട്രിസിറ്റി ബോർഡിൽ നിയമനം കിട്ടിയ ആയിരത്തോളം ജീവനക്കാരുടെ സർവ്വീസ് റഗുലറൈസേഷൻ നടപടി പി.എസ്.സിയുടെ ആസൂത്രണ പിഴവ് മൂലം മുടങ്ങിയിരിക്കുകയാണ്. ജീവനക്കാരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന് പി.എസ്.സിയുടെ വെരിഫിക്കേഷൻ റിപ്പോർട്ട് കൂടി നിർബന്ധമാക്കിയിരിക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലെന്ന കാരണത്താൽ നിയമന നടപടി കൃത്യസമയത്ത് പൂർത്തീകരിക്കാൻ കഴിയാത്ത പി.എസ്.സിക്ക് പുതിയതായി നിയമിക്കപ്പെടുന്നവരുടെ സർവ്വീസ് രേഖകൾ സമയബന്ധിതമായി പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പ് മേധാവികളെ അറിയിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതുമൂലം സർവ്വീസ് റഗുലറൈസ് ചെയ്യാതെ ജീവനക്കാർക്ക് വാർഷിക ഇൻക്രിമെന്റൂം ലീവും മറ്റും നിഷേധിക്കപ്പെടും. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഐ.എൻ.ടി.യു.സിയിൽ അംഗത്വം എടുക്കാത്ത പുതിയ ജീവനക്കാരെ ദ്രോഹിക്കുന്നതിനു വേണ്ടി പി.എസ്.സി ആവശ്യപ്പെടുന്ന എല്ലാ രേഖയും ഒന്നിച്ച് അയക്കാതെ വൈകിപ്പിക്കാൻ ഐ.എൻ.ടി.യു.സി. നേതൃത്വം ശ്രമിക്കുന്നു. ഇത് അഴിമതിക്കുള്ള പുതിയ ഒരു മാർഗ്ഗമായി ഉപയോഗിക്കുകയാണ്. പ്രശ്നത്തിൽ അടിയന്തിരമായി സർക്കാർ ഇടപെടണമെന്നും പി.എസ്.സിയുടെ വെരിഫിക്കേഷൻ നടപടി പൂർത്തിയാക്കാൻ വൈകുകയാണെങ്കിൽ താൽക്കാലികമായെങ്കിലും പ്രൊബേഷൻ നടപടി പൂർത്തിയാക്കി ജീവനക്കാരുടെ സർവ്വീസ് സ്തംഭനം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും യൂണിയൻ പ്രസിഡന്റ് കെ.ഒ.ഹബീബ്, സെക്രട്ടറി വി.ലക്ഷ്മണൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
No comments:
Post a Comment