വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Monday, July 2, 2012

കെ.എസ്.ഇ.ബി സംയുക്തസമിതിയിൽ അണിചേരുക.

ഇലക്ട്രിസിറ്റി മേഖലയെ സംരക്ഷിക്കാൻ കെ.എസ്.ഇ.ബി സംഘടനാ സംയുക്ത                സമിതിയിൽ അണിചേരുക.                     സുഹൃത്തുക്കളെ,                                                                                  വൈദ്യുതി മേഖലയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ പരിഷ്കരണമെന്ന പേരിൽ നടപ്പാക്കിയ കാര്യങ്ങൾ വമ്പിച്ച പ്രത്യാഘാതങ്ങൾക്ക് വഴിവച്ചു എന്നത് നമുക്കേവർക്കും അറിയാവുന്ന കാര്യമാണ്. വൈദ്യുതി നിയമം 2003 നിലവിൽ വന്നശേഷം ഈ നടപടികൾക്ക് ഗതിവേഗം കൂടുകയാണുണ്ടായത്. രാജ്യത്തെ ഒട്ടുമിക്ക വൈദ്യുതിബോർഡുകളും ഒന്നോ അതിലധികമോ കമ്പനികളായി വിഭജിക്കപ്പെടുകയും അവയിൽ ചിലവ സ്വകാര്യവത്കരിക്കപ്പെടുകയും ചെയ്തുകഴിഞ്ഞു. ഈ നടപടികളുടെ ഭാഗമായി രാജ്യത്തെ വൈദ്യുതിമേഖല കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വൈദ്യുതി ഉത്പാദന മേഖലയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇത് രൂക്ഷമായ വൈദ്യുതി ക്ഷാമത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. പവർകട്ടും ലോഡ്ഷെഡിംഗും അമിതമായ വൈദ്യുതിചാർജ്ജ് വർദ്ധനവും ഒട്ടുമിക്ക സംസ്ഥാനങ്ങളെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിരിക്കുകയാണ്.                           2003ൽ  നിയമം നിലവിൽ വന്നെങ്കിലും നമ്മുടെ സ്ഥാപനം 24.09.2008 വരെ ഒരു ട്രാൻസ്മിഷൻ യൂട്ടിലിറ്റി ആന്റ് ലൈസൻസി എന്ന നിലയിൽ തുടർന്നു. പിന്നീട് ഉയർന്നുവന്ന സാഹചര്യങ്ങളുടെ ഭാഗമായി 25.09.2008ൽ ബോർഡിന്റെ ആസ്തി ബാധ്യതകൾ 2003 നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കി. ഈ ആസ്തി ബാധ്യതകൾ പുനർനിക്ഷേപിക്കുമ്പോൾ ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെയും ഉദ്യോഗസ്ഥന്മാരുടെയും പെൻഷൻ‌കാരുടെയും നിലനില്പും ഭാവിയുമെല്ലാം ആശങ്കയ്ക്കിടയില്ലാത്തവിധം ഭദ്രമാക്കേണ്ടതുണ്ട്. അത് ഗവണ്മെന്റിന്റെ പ്രാഥമികമായ കടമയാണ് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ആസ്തിബാധ്യതകൾ പുനർനിക്ഷേപിക്കുന്നതിനുള്ള കാലപരിധി കഴിഞ്ഞ സർക്കാർ മൂന്ന് പ്രാവശ്യവും ഇപ്പോഴത്തെ സർക്കാർ രണ്ട് പ്രാവശ്യവും വീതം നീട്ടിനൽകിയതാണ്. ജീവനക്കാരെയും ഉദ്യോഗസ്ഥരെയും പെൻഷൻ‌കാരേയുമാകെ വിശ്വാസത്തിലെടുത്തുകൊണ്ടും അവരുടെ ആശങ്കകൾ ദൂരീകരിച്ചുകൊണ്ടും മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്നാണ് ഞങ്ങളുടെ നിലപാട്. വൈദ്യുതിബോർഡിന് ഇന്നത്തെ നിലയിൽത്തന്നെ തുടർന്ന് പോകാൻ 2012 ജൂൺ 30 വരെയാണ് സമയം അനുവദിച്ചിരുന്നത്.എന്നാൽ അത് ഇനിയും നീട്ടാവുന്നതേയുള്ളൂ. കേന്ദ്രത്തിൽ നിന്നും പുതുതായി യാതൊരുവിധ സമ്മർദ്ദവും ഉണ്ടായിട്ടില്ല. പക്ഷെ മെയ് മാസം അവസാനത്തോടെ ക്ഷിപ്ര വേഗത്തിൽ പുതിയ കമ്പനിയിലേക്ക് വൈദ്യുതി ബോർഡിന്റെ ആസ്തി ബാധ്യതകൾ പുനർനിക്ഷേപിക്കാൻ ഗൂഡശ്രമം ചില കേന്ദ്രങ്ങൾ നടത്തുകയുണ്ടായി. എന്നാൽ യോജിച്ച ചെറുത്തുനിൽ‌പ്പ് ഉയർന്നുവന്നതാണ് അത് നടക്കാതെ പോയതിന്റെ കാരണമെന്ന് ഇന്ന് നമുക്കറിയാം.                      സംഘടനകൾ ഒന്നിക്കുന്നു.                                വൈദ്യുതി മന്ത്രി വിളിച്ചുചേർത്ത കൂടിയാലോചനകളിൽ ഒന്നുംതന്നെ ജീവനക്കാരുടെയും പെൻഷൻ‌കാരുടെയും അവരുടെ ആശ്രിത കുടുംബങ്ങളുടെയും ഭാവി ജീവിത ഭദ്രതയ്ക്ക് യാതൊരുറപ്പും നൽകാൻ വൈദ്യുതി നിയമപ്രകാരം സർക്കാരിന് ബാധ്യത ഇല്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ത്രികക്ഷി കരാറോ സർക്കാർ ഗ്യാരണ്ടിയോ കൂടാതെ കമ്പനിവൽക്കരണ നടപടികളുമായി അധികൃതർ മുന്നോട്ട് പോയ സാഹചര്യത്തിലാണ് തൊഴിലാളി, ഓഫീസർ, പെൻഷൻ വിഭാഗങ്ങൾ സംഘടനാ ഭേദമന്യേ ഒന്നിച്ചത്. വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് വൈദ്യുതി ബോർഡിലെ 12 യൂണിയനുകൾ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ട് കെ.എസ്.ഇ.ബി സംയുക്ത സമിതി രൂപീകരിക്കുകയും ചെറുത്തുനില്പിന്റെ ആദ്യപടി എന്ന നിലയിൽ താഴെ പറയുന്ന അഞ്ച് കാര്യങ്ങൾ ഉൾപ്പെടുത്തി ബഹു:മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു.                    1. സംസ്ഥാന നിയമസഭയിൽ കമ്പനിവത്കരണം സംബന്ധിച്ച് ചർച്ച ചെയ്യണമെന്നും ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നിലവിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ പരിരക്ഷിക്കുന്നതിനും ഓഹരി കൈമാറ്റം തടയുന്നതിനും ആവശ്യമായ നിയമനിർ‌മ്മാണം ഉറപ്പാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയും ചെയ്യുക.                                                  2. കരട് ട്രാൻസ്ഫർ സ്കീമിൽ കഴിഞ്ഞ സർക്കാർ വ്യവസ്ഥ ചെയ്തിരുന്ന ത്രികക്ഷി കരാർ ഇപ്പോൾ ഒഴിവാക്കപ്പെട്ടതായി കാണുന്നു. അതുകൊണ്ട് ത്രികക്ഷി കരാർ ട്രാൻസ്ഫർ സ്കീമിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.   3. ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ഗ്യാരണ്ടി നൽകുക. (പശ്ചിമബംഗാൾ, തമിഴ്നാട് സർക്കാരുകൾ ഗ്യാരണ്ടി നൽകിയിട്ടുണ്ട്.) കഴിഞ്ഞ സർക്കാർ തയ്യാറാക്കിയ ട്രാൻസ്ഫർ സ്കീമിലും സർക്കാർ ഗ്യാരണ്ടി വ്യവസ്ഥ ചെയ്തിരുന്നു.                                  4.മൂന്ന് സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റുകൾക്ക് പ്രത്യേക ബാലൻസ്ഷീറ്റ് വേണമെന്ന നിബന്ധന ഭാവിയിൽ വൈദ്യുതി മേഖലയുടെ വിഭജനത്തിനിടയാക്കും. ഈ നിബന്ധന ഒഴിവാക്കുക. വൈദ്യുതി മേഖല ഒറ്റ സ്ഥാപനമായി നിലനിർത്തുമെന്ന ഉറപ്പ് കഴിഞ്ഞ സർക്കാരും ഈ സർക്കാരും നൽകിയിരുന്നതാണ്. ആ ഉറപ്പ് പാലിക്കുക.                                  5.നിയമനങ്ങൾ പി.എസ്.സി വഴി തന്നെ നടക്കുമെന്ന് ഉറപ്പാക്കുക. പ്രമോഷനുകൾ സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകൾ തുടരുക.                                                  23.05.2012ന് കെ.എസ്.ഇ.ബി സംഘടനാ സമിതി ബഹു:മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി രംഗത്തെ ആശ്രയിച്ച് കഴിയുന്നവരുടെ ആശങ്കകൾ അകറ്റുന്നതിനുവേണ്ട കൂടിയാലോചനകൾ നടത്തുമെന്നും അതിനുശേഷം മാത്രമേ കമ്പനിവൽക്കരണ നടപടികളുമായി മുന്നോട്ട് പോകൂ എന്നും ബഹു:മുഖ്യമന്ത്രി ഉറപ്പ് നൽകി. ഈ സാഹചര്യത്തിലാണ് 2012 മെയ് മാസം 30 ലെ മന്ത്രിസഭായോഗത്തിൽ വൈദ്യുതി ബോർഡിന്റെ കമ്പനിവൽക്കരണവിഷയം അജണ്ടയിൽ ഉൾപ്പെടുത്താനും ധൃതിപിടിച്ച് കമ്പനിവൽക്കരണത്തിലേക്ക് എടുത്തുചാടാനുമുള്ള അനൌചിത്യശ്രമങ്ങൾ നടത്തിയത്. എന്നാൽ കെ.എസ്.ഇ.ബി സംഘടനാ സംയുക്ത സമിതിക്ക്, ബോർഡ് ജീവനക്കാരുടെയും പെൻഷൻ‌കാരുടെയും ആശങ്കകൾ യഥാസമയം ബഹു:മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ കഴിഞ്ഞിരുന്നതിനാൽ വലിയൊരാപത്ത് തൽക്കാലത്തേക്ക് ഒഴിവായി. അജണ്ടയിൽ ബോർഡിന്റെ കമ്പനിവൽക്കരണ വിഷയം മാറ്റിവെക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ബാധിത വിഭാഗങ്ങളുടെ ആശങ്കകൾ അകറ്റിമാത്രമേ കമ്പനിവൽക്കരണ നടപടികളുമായി മുന്നോട്ട് പോകൂ എന്ന് ബഹു:മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു.               യോജിച്ച നിലപാട് കാലഘട്ടത്തിന്റെ ആവശ്യം                                                                              ബോർഡ് ജീവനക്കാരുടെയും പെൻഷൻ‌കാരുടെയും ഭാവിജീവിത ഭദ്രത തന്നെ ചോദ്യചിഹ്നമായി നിൽക്കുന്ന ഈ അവസ്ഥയിൽ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ടുള്ള യോജിപ്പ് കാലഘട്ടം ആവശ്യപ്പെടുന്നു. അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന യോജിച്ച പ്രഖ്യാപനം അധികൃതർ ശ്രദ്ധിക്കുമെന്ന് തന്നെയാണ് നമ്മുടെ ഇതുവരെയുള്ള അനുഭവം. കഴിഞ്ഞ 55 വർഷത്തിനിടയിൽ വൈദ്യുതി ബോർഡും അതിൽ പണിയെടുക്കുന്നവരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒറ്റക്കെട്ടായി നേരിടാൻ ഏവരും സന്ന്ദ്ധരാകണമെന്ന് അഭ്യർത്ഥിക്കുന്നു.                                                                                  1.കെ.എസ്.ഇ.ബോർഡ് വർക്കേഴ്സ് അസോസിയേഷൻ(സി.ഐ.ടി.യു)                            2.കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ(എ.ഐ.ടി.യു.സി)                          3.കേരള ഇലക്ട്രിസിറ്റി എം‌പ്ലോയീസ് കോൺഫെഡറേഷൻ(ഐ.എൻ.ടി.യു.സി)  ജനറൽ സെക്രട്ടറി സജീവ് ജനാർദ്ദനൻ                                                                                       4.കേരള ഇലക്ട്രിസിറ്റി എം‌പ്ലോയീസ് കോൺഫെഡറേഷൻൻ(ഐ.എൻ.ടി.യു.സി)  ജനറൽ സെക്രട്ടറി പി.എസ്.പ്രശാന്ത്                                                                                     5.കേരള വൈദ്യുതി മസ്ദൂർ സംഘം(ബി.എം.എസ്)                                                        6.കേരള ഇലക്ട്രിസിറ്റി എം‌പ്ലോയീസ് ഓർഗനൈസേഷൻ(എസ്.ടി.യു)  7.കെ.എസ്.ഇ.ബോർഡ് ഓഫീസേഴ്സ് അസോസിയേഷൻ                                                         8.കെ .എസ്.ഇ.ബോർഡ് എഞ്ചിനീയേഴ്സ് അസോസിയേഷൻ                                             9.കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ                                                        10.കേരള സിവിൽ ബ്രാഞ്ച് എഞ്ചിനീയേഴ്സ് അസോസിയേഷൻ                           11.കെ.എസ്.ഇ.ബി പോസ്റ്റ് ഗ്രാജ്വേറ്റ് എഞ്ചിനീയേഴ്സ് അസോസിയേഷൻ
12.കെ.എസ്.ഇ.ബോർഡ് പെൻഷനേഴ്സ് അസോസിയേഷൻ.
                                                                          

No comments:

Post a Comment