വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Sunday, June 6, 2010

കേരളത്തിന്റെ വൈദ്യുതി പദ്ധതികളെ പിന്തുണയ്ക്കുക.

          നമ്മുടെ രാജ്യം പൊതുവില്‍ ഊര്‍ജ്ജ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ അത് കൂടുതല്‍ രൂക്ഷമാകുമെന്നാണ് പതിനൊന്നാം പദ്ധതിയുടെ ലക്ഷ്യവും സ്ഥാപിതശേഷി പൂര്‍ത്തീകരിക്കുന്നതിലുള്ള  പുരോഗതിയും താരതമ്യപ്പെടുത്തിയാല്‍ (ലക്‌ഷ്യം  78700 മെഗാവാട്ട്, കൈവരിച്ചത് 27069  മെഗാവാട്ട്) കാണാന്‍ കഴിയുന്നത്‌. ഇപ്പോള്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോഡ്ഷെഡിംഗ്  ഇനിയും വര്‍ദ്ധിക്കുമെന്നാണ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ടത്.        കേരളത്തിനാവശ്യമുള്ള വൈദ്യുതി ദീര്‍ഘകാല ആവശ്യം കണക്കിലെടുത്ത് ഉത്പാദിപ്പിക്കുന്നതിനു നടപടി എടുത്തില്ലെങ്കില്‍ ഇപ്പോള്‍ അത്യാവശ്യത്തിനു വെളിയില്‍ നിന്നുകൂടി വാങ്ങി വലിയ കുഴപ്പമില്ലാതെ നില നിന്ന് പോകുന്ന അവസ്ഥ തുടരാന്‍ കഴിയില്ല. നമ്മുടെ സംസ്ഥാനത്താണെങ്കില്‍ വൈദ്യുതി ആവശ്യം താരതമ്യേന വേഗത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എല്‍.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം ഉത്പാദന,സേവന മേഖലകളില്‍  ഉണ്ടായിട്ടുള്ള പുരോഗതിയും ഗാര്‍ഹിക മേഖലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്  (18  ലക്ഷം പുതിയ കണക്ഷനുകള്‍ ) വൈദ്യുതി നല്‍കാന്‍ അതിവേഗത്തില്‍ എടുത്ത നടപടിയുടെയും ഫലമാണിത്.  2010മാര്‍ച്ച് 24 -ആം തീയതിയിലെ   വൈദ്യുതി ഉപഭോഗം 56.24ദശലക്ഷം യൂണിറ്റാണ്. ഈ നിരക്ക് വച്ച് നോക്കിയാല്‍ പോലും നടപ്പുവര്‍ഷം  20534.9  ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി വേണ്ടിവരും. കേന്ദ്രഗവണ്‍മെന്റിന്റെ 17-ആം പവര്‍ സര്‍വ്വേ പ്രകാരം 2012-13   വര്‍ഷത്തില്‍  20631  ദശലക്ഷം യൂണിറ്റ്‌ ആയിട്ടേ കേരളത്തിന്റെ വൈദ്യുതി ആവശ്യം വര്‍ദ്ധിക്കുകയുള്ളുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതിന് രണ്ട് വര്ഷം മുമ്പ് തന്നെ കേരളത്തിന്റെ ആവശ്യം ആ നിരക്കില്‍ ഉയരാന്‍ പോവുകയാണ്.         കൊച്ചിയിലെ എല്‍.എന്‍.ജി.ടെര്‍മിനലും കണ്ടയ്നെര്‍ ടെര്‍മിനലും മെട്രോ റയിലും പാലക്കാട് കോച്ച് ഫാക്ടറിയും ഇന്‍ഫോ പാര്‍ക്ക്‌, തിരുവനന്തപുരം ടെക്നോ പാര്‍ക്ക്‌ ഇവയുടെ പുതിയ വികസന പരിപാടികളും വിഴിഞ്ഞം തുറമുഖവും എല്ലാം പ്രാവര്‍ത്തികമാകുന്നതിനനുസരിച്ച് വൈദ്യുതി ഡിമാണ്ട് എല്ലാ കണക്കുകൂട്ടലുകളെയും മറികടന്നു കുതിച്ചുയരാനാണിട. ഈ ആവശ്യങ്ങള്‍ നിറവേറ്റക്കത്തക്ക രീതിയില്‍ വൈദ്യുത പദ്ധതികള്‍ അതിവേഗം പണി കഴിപ്പിച്ചില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ നേരത്തേക്കുള്ള വൈദ്യുതി കാറ്റും ലോഡ്ഷെടിങ്ങും  നടപ്പിലാക്കാന്‍ കേരളം നിര്‍ബന്ധിതമാകും.        കേരളത്തിലെ ജല വൈദ്യുത പദ്ധതികളില്‍ നിന്നാകെ (സ്വകാര്യ മേഖല ഉള്‍പ്പെടെ ) ഒരു വര്ഷം ലഭിക്കുന്ന വൈദ്യുതി  7028.72 ദശലക്ഷം യൂണിറ്റാണ്. താപ വൈദ്യുത നിലയങ്ങളില്‍ നിന്ന് ( കേന്ദ്ര പൊതു മേഖല, സ്വകാര്യ മേഖല, സംസ്ഥാന പൊതുമേഖല ) ആകെ ലഭിക്കാവുന്നത് 4899    ദശലക്ഷം യൂണിറ്റാണ് . കാറ്റില്‍ നിന്നും (സ്വകാര്യ മേഖലയും പൊതു മേഖലയും ) ലഭിക്കാവുന്നത്  33.5  ദശലക്ഷം യൂണിറ്റാണ് . അങ്ങിനെ മൊത്തം 11961.22 ദശലക്ഷം യൂണിറ്റാണ് കേരളത്തിലുള്ള വൈദ്യുതി നിലയങ്ങളില്‍ നിന്നും ഇപ്പോള്‍ ലഭിക്കാവുന്ന വൈദ്യുതി. കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത് പ്രതിദിനം 22  ദശലക്ഷം യൂണിറ്റിന്റെ അടിസ്ഥാനത്തില്‍   8030   ദശലക്ഷം യൂണിറ്റാണ്. ഇതെല്ലാം ഒരു കുറവും വരാതെ ലഭിച്ചാലും   19822.22  ദശലക്ഷം യൂണിറ്റെ ആവുകയുള്ളൂ.      ഈ വര്‍ഷത്തെ ഡിമാണ്ടായിവരുന്ന 20534.9  ദശലക്ഷം യൂണിറ്റിന്റെ ആവശ്യം നിറവേറ്റാന്‍ ഇത് മതിയാകില്ല. കഴിഞ്ഞ ഒരു വര്‍ഷക്കാലം പലപ്പോഴും കേന്ദ്രവിഹിതം പകുതിയിലും താഴെയാണ് നല്‍കിയത്. 22  ദശലക്ഷം യൂണിറ്റില്‍ നിന്നും പത്ത്‌ ദശലക്ഷം യൂണിറ്റ്‌ ആയിട്ടാണ് കുറച്ചത്. ഇന്ത്യയിലെ ആകെ സ്ഥിതി നോക്കിയാല്‍ ഇതെപ്പോഴും സംഭവിക്കാവുന്ന കാര്യമാണ്. കേരളത്തോട് എല്ലാ കാര്യത്തിലുമെന്നത് പോലെ വൈദ്യുതി കാര്യത്തിലും ചിറ്റമ്മ നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.      കഴിഞ്ഞ കാലത്ത്കേന്ദ്രഗവണ്‍മെന്റും യു.ഡി.എഫ്. ഗവണ്‍മേന്റുകളും കേരളത്തിലെ വൈദ്യുതി ഉത്പാതന മേഖലയെ അവഗണിച്ചത് മൂലമാണ് ഇത്തരം ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍  സംസ്ഥാനത്തിന് ഇടവരുത്തിയത്.  1980  കളിലെ ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ ആവശ്യപ്പെട്ട വൈദ്യുത പദ്ധതികള്‍ കേന്ദ്രം നിഷേധിച്ചു. 1991-96   ല്‍  യു.ഡി.എഫ്.ഗവണ്‍ മെന്റ്  17.5  മെഗാവാട്ട് മാത്രമാണ് പുതുതായി കൂട്ടി ച്ചേര്‍ ത്തത്. 2001-06  ല്‍ 22.5   മെഗാവാട്ടും.      1996-2001   ലെ എല്‍.ഡി.എഫ്.ഗവണ്‍മെന്റിന്റെ കാലത്ത്  1087  മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതികള്‍ കൂട്ടിച്ചേര്‍ത്തതാണ് ഇതുവരെ പിടിച്ച് നില്‍ക്കാന്‍ കേരളത്തെ സഹായിച്ച ഒരു കാര്യം. രണ്ടാമത്തെ കാര്യം   2006  ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റ് മുന്‍ എല്‍.ഡി.എഫ്.ഗവണ്‍മെന്റിനെപ്പോലെതന്നെ കഴിയുന്നത്ര വേഗത്തില്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നതുമാണ്. ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം കാറ്റില്‍ നിന്നുള്ള വൈദ്യുതി 29.5  ദശലക്ഷം യൂണിറ്റിന്‍റെയും ജല വൈദ്യുതി  75  ദശലക്ഷം യൂണിറ്റിന്‍റെയും  ഡൈയ് വേര്‍ഷന്‍  പദ്ധതികള്‍ വഴി  94  ദശലക്ഷം    യൂണിറ്റിന്‍റെയും പദ്ധതികള്‍ കൂട്ടിചേര്‍ത്ത് കഴിഞ്ഞു. ഈ മാസം തന്നെ  240   ദശലക്ഷം  യൂണിറ്റ്‌ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന കുറ്റ്യാടി അഡീഷണല്‍    എക്സ്റെന്‍ഷന്‍ പദ്ധതി പ്രവര്‍ത്തിച്ചു തുടങ്ങും. 153.9  ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന പള്ളിവാസല്‍ എക്സ്റെന്‍ഷന്‍ പദ്ധതി ഈ ഗവണ്‍ മെന്റ് വന്നതിന് ശേഷം പണി ആരംഭിച്ചു.     2012 നകം പൂര്‍ത്തീകരിക്കണമെന്ന്   ഉദ്ദേശിച്ചിരുന്നത് അതിരപ്പിള്ളി, തോട്ടിയാര്‍, മാങ്കുളം, അച്ചന്‍കോവില്‍, ചിന്നാര്‍, ചെങ്കുളം ഒഗ്മേന്റെഷന്‍ എന്നീ പദ്ധതികളാണ്. ഇവയില്‍ നിന്നെല്ലാമായി  657.71  ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ലഭിക്കും. ഈ ആറ് പദ്ധതികളില്‍ ഏറ്റവും വലുതും വേഗം തീര്‍ക്കാവുന്നതുമായ ഒന്നാണ് അതിരപ്പിള്ളി പദ്ധതി. പരിസ്ഥിതി പ്രശ്നം പറഞ്ഞ് വര്‍ഷങ്ങളായി അത് തടയാനുള്ള ശ്രമമാണ് ചില സാമൂഹിക സംഘടനകള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പലരും ഉന്നയിച്ച ആശങ്കകള്‍ പരിശോധിച്ച് അത് പരിഹരിച്ച് പണി നടത്തുന്നതിന് മൂന്ന് പ്രാവശ്യം (1998,2005,2007)  കേന്ദ്ര ഗവണ്‍മെന്റ് അനുമതി നല്‍കിയതാണ്. 2007  ല്‍ ശ്രീ. ജയറാം രമേഷ് മന്ത്രി ആയിരിക്കുമ്പോള്‍ തന്നെ ആണ് അനുമതി നല്‍കിയത്. അദ്ദേഹം തന്നെയാണ് ഇപ്പോള്‍ അനുമതി നിഷേധിക്കുമെന്ന് ഇപ്പോള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ചില ഉദ്യോഗസ്ഥന്മാര്‍ അടക്കം ആവശ്യപ്പെട്ടത് കൊണ്ടാണ് പദ്ധതിയുടെ അനുവാദം പിന്‍വലിക്കുന്നതിനുള്ള നിലപാട് എടുത്തിട്ടുള്ളത് എന്നാണു കേന്ദ്രമന്ത്രി പറയുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേര്പറഞ്ഞ്കൊണ്ട് മുന്‍പ് സൈലന്റ്വാലിയും അതിന് പകരമായി അനുവദിക്കാമെന്ന് പറഞ്ഞ പൂയംകുട്ടിയുമെല്ലാം നിഷേധിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇതേ വാദക്കാര്‍ തന്നെ തൃക്കരിപ്പൂരില്‍ കല്‍ക്കരിയെ അടിസ്ഥാനപ്പെടുത്തിയ  തെര്‍മല്‍ സ്റ്റെഷനെയും പെരിങ്ങോം എന്ന സ്ഥലത്ത് ആണവനിലയം വരുന്നതിനെയും എല്ലാം എതിര്‍ത്തത്. ഇപ്പോള്‍ ചീമേനിയില്‍ താപനിലയം വരുന്നതിനെയും അവരെല്ലാം എതിര്‍ക്കുകയാണ്.         കേരള ഗവണ്‍മെന്റ്   500  മേഗവാടിന്റെ ജല വൈദ്യുത പദ്ധതികളും  100  മെഗാവാട്ടിന്റെ കാറ്റിനെ അടിസ്ഥാന പ്പെടുത്തിയ പദ്ധതികളും  1000     മെഗാവാട്ട് വീതം ശേഷിയുള്ള  രണ്ട് ഗ്യാസ് ബെയ്സ്ഡ് പവ്വര്‍ സ്റ്റേഷനും കല്‍ക്കരിയെ അടിസ്ഥാനപ്പെടുത്തിയുള്ള     2400   മെഗാവാട്ട് ശേഷിയുള്ള സൂപ്പര്‍ പവ്വര്‍ സ്റ്റേഷനും ഒറീസ്സയിലെ കല്‍ക്കരി മുഖത്ത്  1000   മെഗാവാട്ടിന്റെ പദ്ധതിയും പണികഴിപ്പിക്കണമെന്നാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്. ഇതിനു പുറമേ കായംകുളം നിലയതിന്റ്റെ ശേഷി എല്‍.എന്‍.ജി.ടെര്‍മിനല്‍ പൂര്‍ത്തീകരിക്കുന്നതോട്കൂടി 1950     മെഗാവാട്ടായി ഉയര്‍ത്തണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇതിനുപുറമേ കൂടംകുളത്ത് പണിപൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന   2000   മെഗാവാട്ടിന്റെ ആണവനിലയത്തില്‍ നിന്നും    260   മെഗാവാട്ട്  നമുക്ക് ലഭിക്കും. സതേണ്‍ റീജിയണിലെ മറ്റ് കേന്ദ്രപദ്ധതികളില്‍ നിന്നും   70 മെഗാവാട്ട് നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ പദ്ധതികളെല്ലാം വളരെവേഗത്തില്‍ പണികഴിപ്പിച്ച് പ്രവൃത്തിപഥത്തില്‍ കൊണ്ട് വന്നാല്‍  മാത്രമേ കേരളത്തിന്റെ വളര്‍ന്നുവരുന്ന ആവശ്യം നിറവേറ്റാന്‍ കഴിയുകയുള്ളൂ. ഇപ്പോള്‍ നമ്മള്‍ അത്യാവശ്യംവരുമ്പോള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും    11.50   രൂപ വരെ വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരുന്നുണ്ട്. കേരളത്തിലെ ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതിയുടെ വില ഇപ്പോള്‍ ശരാശരി മൂന്ന് പൈസ മാത്രം ആണെന്ന് ജലവൈദ്യുതപദ്ധതിയെ തടയാന്‍ ശ്രമിക്കുന്നവര്‍ കാണുന്നില്ല. പദ്ധതികളെ തടസ്സപ്പെടുതുന്നതുപോലെതന്നെ അന്യസംസ്ഥാനത്ത് നിന്ന് വൈദ്യുതികൊണ്ട് വരുന്നതിനു ആവശ്യമായ പ്രസരണലൈനുകള്‍ പണികഴിപ്പിക്കുന്നതിനെയും തടസ്സപ്പെടുത്തുന്നുണ്ട്. ഇതും കേരളത്തിന്റ്റെ താത്പര്യത്തിന് എതിരാണെന്ന കാര്യം ബന്ധപ്പെട്ട എല്ലാവരെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്.         വൈദ്യുതി പ്രസരണ - വിതരണ രംഗത്ത് അനുഷ്ടിക്കേണ്ട ശരിയായ സാങ്കേതിക നിലപാടുകള്‍ സ്വീകരിക്കാത്തതിന്റെയും  പല തരത്തിലുള്ള തിരിമറികള്‍ നടത്തുന്നതിന്റെയും ഫലമായി കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ   30%   ല്‍ ഏറെ വരെ നഷ്ട പ്പെട്ടുകൊണ്ടിരിക്കു കയായിരുന്നു. ഈ ഗവണ്‍മെന്റ്  വന്നതിന് ശേഷം പ്രസരണ വിതരണ ശൃംഖല മെച്ച പ്പെടുതിയതിന്റെ ഫലമായി നഷ്ടത്തിന്റെ തോത്  18%   ആയി കുറഞ്ഞു. ഇതിനകം തന്നെ  71 സബ്സ്റെഷനുകള്‍,   8500  കി.മീറ്റര്‍  11  കെ.വി.ലൈനുകള്‍,  12100    ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവ പുതുതായി കൂട്ടി ചേര്‍ ത്തിട്ടുണ്ട്. ആദ്യം     10  ലക്ഷം സി.എഫ്.ലാമ്പുകളും ഇപ്പോള്‍ ഒന്നരക്കോടി സി.എഫ്.ലാമ്പുകളും വിതരണം ചെയ്തു. യഥാസമയം പ്രീ - മണ്‍സൂണ്‍ മെയിന്‍ ടാനന്‍സും പ്രിവന്റീവ് മെയിന്‍റ്റനന്സും കൃത്യമായി നടത്തുന്നു. ഇതിന്റെയൊക്കെ ഫലമായി മറ്റ് പ്രകൃതി ക്ഷോഭ ങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ മെച്ചപ്പെട്ട വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കാന്‍ കഴിയുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇതിനു പുറമേ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടി വൈദ്യുതി നഷ്ടം    3 ശതമാനം കൂടി കുറച്ചു കൊണ്ട് വരാനുള്ള നടപടികളാണ് എടുത്തു കൊണ്ടിരിക്കുന്നത്.         തികഞ്ഞ പരിസ്ഥിതി ബോധമുള്ള ഒരു സര്‍ക്കാരാണ് ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്നതിനാല്‍ തന്നെ  പരിസ്ഥിതിക്ക് ഏറ്റവും കുറച്ചു മാത്രമേ  നഷ്ടം ഉണ്ടാക്കുകയുള്ളൂ എന്നതില്‍ സംശയമില്ല.  കേരളത്തിന്റെ ഭാവി വികസനവും ഊര്‍ജ ആവശ്യങ്ങളും കണക്കിലെടുത്ത് അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്ന കേരള ഗവണ്‍ മെന്റിനെയും വൈദ്യുതി ബോര്‍ഡിനെയും ഒരു മനസ്സോടെ പിന്തുണയ്ക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.