വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Tuesday, February 28, 2012

പണിമുടക്കില്‍ രാജ്യം നിശ്ചലമായി




ന്യൂഡല്‍ഹി: 11 കേന്ദ്ര ട്രേഡ്യൂണിയനുകള്‍ ആഹ്വാനംചെയ്ത പണിമുടക്കില്‍ രാജ്യം നിശ്ചലമായി. ജനജീവിതം ദുഃസഹമാക്കുന്ന നയങ്ങള്‍ യുപിഎ സര്‍ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. തൊഴില്‍ശാലകള്‍ ബഹിഷ്കരിച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകമ്പോളങ്ങള്‍ അടച്ചിട്ടും സമസ്തമേഖലകളിലുമുള്ള ജനങ്ങള്‍ പണിമുടക്കിന് ഐക്യദാര്‍ഡ്യമേകി. പണിമുടക്കിയ തൊഴിലാളികള്‍ ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ഇന്ത്യയുടെ സമരചരിത്രത്തില്‍ നാഴികക്കല്ലായ പണിമുടക്കില്‍ തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ ആവേശത്തോടെയാണ് തൊഴിലാളികള്‍ പങ്കുചേര്‍ന്നത്. ഇതിനിടെ കേരളത്തില്‍ പണിമുടക്കുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഡയസ്നോണ്‍ ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ചൊവ്വാഴ്ച അടിയന്തരസാഹചര്യങ്ങളിലൊഴികെ ആര്‍ക്കും അവധി അനുവദിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ശമ്പളവും ഇതര ആനുകൂല്യങ്ങളും നിഷേധിക്കും. ഐഎന്‍ടിയുസി പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് അനുകൂല അധ്യാപക- സര്‍വീസ് സംഘടനകള്‍ വിട്ടുനില്‍ക്കുകയാണ്.

24 മണിക്കൂര്‍ സമരം ചൊവ്വാഴ്ച അര്‍ധരാത്രിവരെ തുടരും. പാല്‍ , പത്രം, കുടിവെള്ളം, ആശുപത്രികള്‍ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കാരംഭിച്ച് മണിക്കൂറുകള്‍ക്കകംതന്നെ രാജ്യം നിശ്ചലമായി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. യൂണിയനുകളൊന്നടങ്കം പണിമുടക്കുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഈ നിലപാട് തുടര്‍ന്നാല്‍ കടുത്തപോരാട്ടങ്ങളെ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന്ട്രേഡ്യൂണിയനുകള്‍ മുന്നറിയിപ്പു നല്‍കി. ബാങ്കുകളുള്‍പ്പെടെ പൊതുമേഖലയിലെ ഓഫീസുകള്‍ രാജ്യത്തിന്റെ ഒട്ടുമിക്കഭാഗങ്ങളിലും സ്തംഭിച്ചു. പൊതുമേഖലയിലേതുള്‍പ്പെടെ ഗതാഗതമേഖലയിലെ മുഴുവന്‍ യൂണിയനുകളും പണിമുടക്കുന്നതിനാല്‍ വാഹനഗതാഗതമുണ്ടാകില്ല. പലയിടത്തും ട്രെയിനുകള്‍ തടയുന്നുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് എല്ലാ പ്രധാന ട്രേഡ്യൂണിയനുകളും സഹകരിച്ചുള്ള സംയുക്ത പണിമുടക്ക്്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ കേന്ദ്രം നടത്തുന്ന നീക്കങ്ങളാണ് പണിമുടക്കിന് ട്രേഡ്യൂണിയനുകളെ നിര്‍ബന്ധിതരാക്കിയത്.

1991ല്‍ നവഉദാര പരിഷ്കാരങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടക്കം കുറിച്ചശേഷം പതിനാലാമത് പൊതുപണിമുടക്കാണിത്. 2010ല്‍ 13-ാമത് അഖിലേന്ത്യാ പണിമുടക്ക് ഐഎന്‍ടിയുസിയുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ചൊവ്വാഴ്ചത്തെ പണിമുടക്കില്‍ ബിഎംഎസും പങ്കെടുത്തു. തൊഴില്‍നിയമങ്ങള്‍ ഉറപ്പാക്കുക, വിലക്കയറ്റം തടയുക, കരാര്‍തൊഴില്‍ അവസാനിപ്പിക്കുക, ഓഹരിവില്‍പ്പന നിര്‍ത്തുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. (ദേശാഭിമാനി)

Saturday, February 18, 2012

ദേശീ‍യ പണിമുടക്ക്- ധര്‍ണ നടത്തി




          ഫെബ്രുവരി  28ന് ദേശവ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം വൈദ്യുതി ബോര്‍ഡിലെ സംഘടനകള്‍ സംയുക്തമായി കരുനാഗപ്പള്ളി ടൌണില്‍ സായാഹ്നധര്‍ണ്ണയും യോഗവും നടത്തി. യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ട്രേഡ് യൂണിയന്‍ നേതാക്കളും സംസാരിച്ചു. വിലക്കയറ്റം തടയുക, തൊഴില്‍ സുരക്ഷയ്ക്കുള്ള നടപടികള്‍ ഉള്‍പ്പെടുത്തുക, തൊഴില്‍ നിയമ ലംഘനത്തിന്  കര്‍ശനശിക്ഷ ഉറപ്പ് വരുത്തുക, ദേശീയ സാമൂഹ്യ സുരക്ഷാഫണ്ട് രൂപീകരിക്കുക, പൊതുമേഖല സ്വകാര്യവത്കരണവും ഓഹരിവില്പനയും അവസാനിപ്പിക്കുക, ജോലികളിലെ കരാര്‍വത്കരണം അവസാനിപ്പിക്കുക, മിനിമംകൂലി നിയമം ഭേദഗതി ചെയ്യുക, ഗ്രാറ്റുവിറ്റി വര്‍ദ്ധിപ്പിക്കുക, പ്രൊവിഡന്റ് ഫണ്ട്, ബോണസ് പരിധി എടുത്തുകളയുക, എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പ് വരുത്തുക, 87, 98 ഐ.എല്‍.ഒ കണവന്‍ഷന്‍ തീരുമാനങ്ങള്‍ അംഗീകരിക്കുക, 45 ദിവസത്തിനുള്ളില്‍ തൊഴിലാളി സംഘടനകള്‍ക്ക് രജിസ്ട്രേഷന്‍ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്  ദേശീയ പണിമുടക്ക് നടത്തുന്നത്. 

Tuesday, February 14, 2012

വൈദ്യുതി ജീവനക്കാര്‍ പ്രകടനം നടത്തി

 ഫെബ്രുവരി ഇരുപത്തെട്ടിലെ ദേശീയപണിമുടക്കിന്റെ ഭാഗമായി കെഎസ്ഇബി സംയുക്ത സമരസമിതി നേതൃത്വത്തില്‍ ജീവനക്കാര്‍ കൊല്ലം പവര്‍ഹൗസ് വളപ്പില്‍ പ്രകടനവും യോഗവും നടത്തി. ജീവനക്കാര്‍ പണിമുടക്ക് നോട്ടീസും നല്‍കി. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) നേതാക്കളായ ബി ജയശ്രീ, സി അജയകുമാര്‍ , വര്‍ക്കേഴ്സ് ഫെഡറേഷന്‍ നേതാക്കളായ പ്രദീപ്, ലാല്‍പ്രകാശ്, ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കളായ ഹരിദേവന്‍ , ശ്യാംകുമാര്‍ , ഓഫീസേഴ്സ് ഫെഡറേഷന്‍ നേതാവ് ശശിധരന്‍ , ഡിവിഷന്‍ സെക്രട്ടറി സാബു എന്നിവര്‍ സംസാരിച്ചു.

Thursday, February 9, 2012

ഫെബ്രുവരി 28 - സംയുക്ത ദേശീയ പണിമുടക്ക് വിജയിപ്പിക്കുക.





      ഇന്ത്യയിലെ തൊഴില്‍ മേഖലയുടെ സംരക്ഷണത്തിനും വിലക്കയറ്റമടക്കമുള്ള വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും തൊഴിലാളി സംഘടനകള്‍ സംയുക്തമായി അംഗീകരിച്ചിട്ടുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി 2012 ഫെബ്രുവരി 28ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ തൊഴിലാളികളും ഓഫീസര്‍മാരും പങ്കുചേരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. 
*വിലക്കയറ്റം തടയുക.
*പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ അവസാനിപ്പിക്കുക.
*സ്ഥിരം ജോലികളെ കരാര്‍വത്കരിക്കരുത്, സ്ഥിരം തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനവും ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നല്‍കുക.
*അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ദേശീയ സുരക്ഷാഫണ്ട് രൂപീകരിക്കുക.
*മിനിമം വേതനനിയമം ഭേദഗതി ചെയ്യുക.
*ബോണസ് പരിധി എടുത്ത് കളയുക.
*ഉറപ്പാക്കപ്പെട്ട പെന്‍ഷന്‍ എല്ലാവര്‍ക്കും നല്‍കുക.
*അപേക്ഷ നല്‍കി 45 ദിവസത്തിനകം ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍ നടത്തുക.
*തൊഴില്‍ സുരക്ഷയ്ക്കുള്ള നടപടികള്‍ എടുക്കുക.
*തൊഴില്‍ നിയമ ലംഘനത്തിന് കര്‍ശന ശിക്ഷ ഉറപ്പുവരുത്തുക.


ഇലക്ട്രിസിറ്റി സംയുക്ത സമിതിക്ക് വേണ്ടി
 കെ.ഒ.ഹബീബ്                      - KSEBWA(CITU)
 എ.എന്‍.രാജന്‍                      - KEWF(AITUC)
 എം.എസ്.റാവുത്തര്‍             - KEEC(INTUC)
 കെ.മോഹനന്‍                       - KVMS(BMS)
 എം.ഷാജഹാന്‍                     - KSEBEO(STU)
 എം.ജി.സുരേഷ്കുമാര്‍          - KSEBOA
 എസ്.വിജയന്‍                      - KEOF
 ആര്‍.ചന്ദ്രചൂഡന്‍ നായര്‍        - KPBOF

Wednesday, February 1, 2012

വോളിബോള്‍ കിരീടം നേടിയ കെ.എസ്.ഇ.ബി ടീമിന് അഭിനന്ദനങ്ങള്‍

       സെന്‍ട്രല്‍ എകൈ്‌സസിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടന്ന ജോണ്‍സ് കപ്പ് അഖിലേന്ത്യാ വനിതാ വോളിബോള്‍ ടൂര്‍ണമെന്റില്‍ കെ.എസ്.ഇ.ബി.-സായ് ടീം കിരീടം നേടി. ലീഗ് അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ കരുത്തരായ ദക്ഷിണ റെയില്‍വേയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ടീം കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 25-16, 25-16, 27-25.
ക്യാപ്റ്റന്‍ പി.വി. ഷീബയുടെ നേതൃത്വത്തിലാണ് ടീം കിരീടം നേടിയത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരിയായി കെ.എസ്.ഇ.ബി.യുടെ എന്‍.പി. ബിജിനയെ തിരഞ്ഞെടുത്തു. വനിതാ വോളിബോളില്‍ കേരളത്തിന്റെ കരുത്താണ് കെ.എസ്.ഇ.ബി.-സായ് ടീം. കെ.എസ്.ഇ.ബി. ഓരോ വര്‍ഷവും പുതിയ കളിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനാല്‍ 20 വര്‍ഷമായി ടീമിന് മികവ് നിലനിര്‍ത്താനാവുന്നുണ്ട്. സായിയിലാണ് ടീമംഗങ്ങളുടെ താമസവും പരിശീലനവും. (മാതൃഭൂമി)