വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Wednesday, October 17, 2012

കെഎസ്ഇബിയെ തകര്ക്കാിന്‍ ഗൂഢശ്രമം: കോടിയേരി




      
      സംസ്ഥാനത്തെ വൈദ്യുതിമേഖലയെ കോര്‍പറേറ്റുകളുടെ കൈകളിലെത്തിക്കാന്‍ സര്‍ക്കാര്‍ ഗൂഢശ്രമം നടത്തുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡിനെ തകര്‍ക്കുന്നത് ഇതിന്റെ ഭാഗമാണ്. വൈദ്യുതി ഉല്‍പ്പാദനമേഖലയെ അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) തൊഴിലാളികള്‍ നടത്തിയ വൈദ്യുതി ബോര്‍ഡ് ആസ്ഥാനം വളയല്‍ സമരം ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി. കെഎസ്ഇബിയെ സ്വകാര്യവല്‍ക്കരിക്കുകയെന്ന സര്‍ക്കാര്‍ നിലപാടാണ് ഇന്നത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ഉല്‍പ്പാദനരംഗം സ്തംഭിച്ചു. വിതരണരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകുന്നില്ല. വൈദ്യുതി രംഗം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള പൊതുജനാഭിപ്രായം സൃഷ്ടിക്കാന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം താറുമാറാക്കുകയാണ്. ഉല്‍പ്പാദന രംഗത്ത് പുതിയ പദ്ധതികളില്ല. അതിരപ്പിള്ളി പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിക്കുമ്പോള്‍ അനങ്ങാതിരിക്കുകയാണ് സര്‍ക്കാര്‍. കൂടംകുളം പദ്ധതി കമീഷന്‍ചെയ്യുമ്പോള്‍ 266 മെഗാവാട്ട് നമുക്ക് അവകാശപ്പെട്ടതാണെന്നു പറയാന്‍ ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും തയ്യാറാകുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോഴെല്ലാം വൈദ്യുതി ബോര്‍ഡിനെ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. 1991ലെ യുഡിഎഫ് സര്‍ക്കാര്‍ ബോര്‍ഡ് സ്വകാര്യവല്‍ക്കരണത്തിന് ധാരണാപത്രംവരെ ഒപ്പിട്ടതാണ്. സംസ്ഥാനത്ത് വൈദ്യുതിക്ഷാമം ഏറ്റവും രൂക്ഷമായ കാലഘട്ടമായിരുന്നു അത്. പവര്‍കട്ടും ലോഡ്ഷെഡിങ്ങും അന്ന് വ്യാപകമായി. പിന്നീട്, 1996ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴാണ് കെഎസ്ഇബിയെ പൊതുമേഖലയില്‍ നിലനിര്‍ത്തി വ്യക്തമായ നയപരിപാടികള്‍ ആവിഷ്കരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിച്ചത്. ലോഡ്ഷെഡിങ് ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റി. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ വൈദ്യുതി ഉല്‍പ്പാദനം നടത്താന്‍ ഭാവനാപൂര്‍ണമായ നടപടികള്‍ സ്വീകരിച്ചില്ല. 22 മെഗാവാട്ട് മാത്രമാണ് ആ സര്‍ക്കാര്‍ ഉല്‍പ്പാദിപ്പിച്ചത്. അതേസമയം, കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. പ്രസരണ നഷ്ടം 26 ശതമാനത്തില്‍നിന്ന് 16 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞതായിരുന്നു മറ്റൊരു നേട്ടമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Saturday, October 13, 2012

വൈദ്യുതി തൊഴിലാളികളുടെ അതിജീവനത്തിനായുള്ള പോരാട്ടം



2012 ഒക്ടോബർ 16ന് വൈദ്യുതി തൊഴിലാളികൾ ബോർഡ് ആസ്ഥാനം വളയുന്നു
       കേരളത്തിൽ കഴിഞ്ഞ എൽ.ഡി.ഏഫ് സർക്കാർ വൈദ്യുതി ഉത്പാദന, പ്രസരണ, വിതരണ മേഖലകളിൽ ദിശാബോധത്തോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി കെ.എസ്.ഇ.ബിയെ പൊതുമേഖലയിൽ ഒറ്റ സ്ഥാപനമായി നിലനിർത്തി രാജ്യത്തിന് തന്നെ മാതൃകയാക്കി മാറ്റി. രാജ്യത്തെ മറ്റ് വൈദ്യുതി ബോർഡുകളെ വിഭജിച്ച് സ്വകാര്യവത്കരിക്കുമ്പോഴാ‍ണ് ഇത്തരത്തിലൊരു അതിജീവന പോരാട്ടം എൽ.ഡി.എഫ് ഭരണത്തിൽ സംസ്ഥാനത്ത് നടത്തിയത്.
            2000-ൽ വൈദ്യുതിബിൽ കൊണ്ടുവന്നപ്പോൾ രാജ്യത്തെ വൈദ്യുതി ബോർഡുകൾക്ക് 40000 കോടി രൂപ നഷ്ടമുണ്ടെന്നും ഇത് നികത്താൻ സർക്കാരിന് പണമില്ലെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ 2012ൽ ഈ നഷ്ടം 2 ലക്ഷം കോടി ആയി എന്നും ഈ നഷ്ടം നികത്തുന്നതിന് ബാധ്യതയുടെ പകുതി സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കണമെന്നുമാണ്  കേന്ദ്ര സർക്കാർ ഇപ്പോൾ പറയുന്നത്. സ്വകാര്യ മുതലാളിമാർക്ക് പണം കൊടുക്കാനുള്ള വ്യഗ്രതയിൽ രാജ്യത്തിന്റെ അട്സ്ഥാന പശ്ചാത്തല മേഖലയായ വൈദ്യുതി മേഖലയിൽ കൂടുതൽ സ്വകാര്യവത്കരണമാണ് കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നത്. ഒരു വർഷത്തിനകം എല്ലാ സംസ്ഥാനങ്ങളും വിതരണ മേഖലയിൽ ഫ്രാഞ്ചൈസി സമ്പ്രദായം കൊണ്ടുവരാനുള്ള ‘നിയമം കൊണ്ടുവരുമെന്നും’ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പശ്ചാത്തലമൊരുക്കുന്ന നടപടികളാണ് കേരളത്തിലെ യു.ഡി.എഫ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്.
ഉത്പാദന മേഖല
1991ൽ യു.ഡി.എഫ് സർക്കാർ വൈദ്യുതി ഉത്പാദന മേഖല സ്വകാര്യവത്കരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പ് വച്ചിരുന്നു. 4500 കോടിയുടെ പദ്ധതികൾക്കായി തീരുമാനങ്ങൾ എടുത്തെങ്കിലും ഒരു പദ്ധതിയും നടപ്പിലാക്കാനായില്ല. പവർകട്ടും ലോഡ്ഷെഡിംഗും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി. 1996ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ സ്ഥാപിത ശേഷിയിൽ 1087 MW വർധനവ് ഉണ്ടാക്കി ചരിത്രം സൃഷ്ടിച്ചു. ലോഡ്ഷെഡിംഗും പവർകട്ടും പഴങ്കഥയാക്കി. തുടർന്നുവന്ന യു.ഡി.എഫ് സർക്കാർ ഉത്പാദന മേഖല വീണ്ടും അവഗണിച്ചു. കേവലം 22 MW മാത്രമാണ് കൂട്ടിച്ചേർത്തത്. 2006ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ 200 MW സ്ഥാപിതശേഷി കൂട്ടിച്ചേർത്തു. എന്നാൽ ഒരു മെഗാവാട്ട് പോലും കൂട്ടിച്ചേർക്കാനുള്ള പദ്ധതികൾ നിലവിലുള്ള യു.ഡി.എഫ് സർക്കാരിന്റെ പരിഗണനയിലില്ല. കൂടാതെ കർണാടകയിലെയും അരുണാചൽ പ്രദേശിലെയും വൻ‌കിട ജലവൈദ്യുത പദ്ധതികൾക്ക് അനുമതി നൽകുന്ന കേന്ദ്രപരിസ്ഥിതി മന്ത്രാലയം കേരളത്തിലെ ജലവൈദ്യുത പദ്ധതികളോട് പുറംതിരിഞ്ഞ നയമാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പണി തുടങ്ങിയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പോലും യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നില്ല.
പ്രസരണ മേഖല അവഗണിക്കുന്നു.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രസരണമേഖലയിൽ 4130 കോടി രൂപാ ചെലവിട്ടുകൊണ്ട് വിവിധ പദ്ധതികൾ നടപ്പിലാക്കി. ഇതിന്റെ ഫലമായി പ്രസരണ നഷ്ടം 26% ൽ നിന്നും 16% ആയി കുറയ്ക്കാൻ കഴിഞ്ഞു. ഗുണമേന്മയുള്ള വൈദ്യുതി തടസ്സമില്ലാതെ സംസ്ഥാനത്താകെ കിട്ടത്തക്കവിധത്തിൽ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി.
എന്നാൽ ഇപ്പോൾ ഈ മേഖലയിൽ  കാര്യമായ യാതൊരു പ്രവർത്തനങ്ങളും നടക്കുന്നില്ല. നിർദ്ദിഷ്ട പവർ ഹൈവേ പണിയാൻ ശ്രമം നടത്തുന്നില്ല. കൂടംകുളം പോലെ സംസ്ഥാനത്തിനു പുറത്തുള്ള സ്ഥലങ്ങളിൽ നിന്നും ലഭിക്കേണ്ട വൈദ്യുതി എത്തിക്കാൻ ആവശ്യമായ പ്രസരണ ലൈനുകളുടെ നിർമ്മാണവും തടസ്സപ്പെട്ടിരിക്കുകയാണ്.
വിതരണരംഗം താറുമാറാക്കുന്നു
            വർഷങ്ങളായി നടത്തിയ പഠനങ്ങളുടെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ സെക്ഷനാഫീസുകളിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ ഇപ്പോൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. മൂന്ന് ടീമുകളായി ഉള്ള ജോലി സമ്പ്രദായം സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തകർക്കാൻ ശ്രമിക്കുന്നു. റവന്യൂ മേഖലയിൽ പൂർണമായി കാര്യക്ഷമത വർദ്ധിച്ചുവെന്ന് സമ്മതിക്കുമ്പോൾ തന്നെ കൃത്യമായി മെയിന്റനൻസ് നടത്താതെ ഉപഭോക്താക്കളെയും ജീവനക്കാരെയും രണ്ട് തട്ടിലാക്കുന്ന നയം നടപ്പിലാക്കുകയാണ്.
            സെക്ഷനാഫീസുകളിൽ വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ 24 മണിക്കൂറും വാഹനസൌകര്യം എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഏർപ്പെടുത്തിയിരുന്നത് ഇപ്പോൾ പിൻ‌വലിച്ചിരിക്കുകയാണ്. ഫ്യൂസ് വയർ ഉൾപ്പെടെ യാതൊരുവിധ സാമഗ്രികളും വാങ്ങി നൽകുന്നില്ല. കമ്പ്യൂട്ടറുകളും പ്രിന്ററുകളും തകരാറിലാകുന്നതും സ്റ്റേഷനറി ഇല്ലാത്തതും ബില്ലിംഗ് മേഖലയെ താറുമാറാക്കുന്നു.
അത്യാവശ്യമായ തസ്തിക പോലും അനുവദിക്കുന്നില്ല, നിയമനവും പ്രൊമോഷനും നടത്തുന്നില്ല.
            സെക്ഷൻ ഓഫീസുകളിലും മറ്റും ആയിരക്കണക്കിന്  തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. മസ്ദൂർമാരെ നിയമിക്കാൻ കോടതി ഉത്തരവ് നൽകിയെങ്കിലും പി.എസ്.സിയിൽ നിന്നും നിയമന ഉത്തരവ് അയപ്പിക്കാതെ തടഞ്ഞ് വച്ചിരിക്കുന്നു.  മസ്ദൂർ മുതൽ സബ് എഞ്ചിനീയർ വരെ പുതിയതായി ആളുകളെ നിയമിക്കാൻ ഒഴിവുകൾ നിലവിലുണ്ട്. എന്നിട്ടും നിയമിക്കാൻ മുതിരുന്നില്ല.
            മോഡൽ സെക്ഷൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മൂന്നാം ഘട്ടത്തിലെ 435 സെക്ഷൻ ഓഫീസുകളിലെ 10 കിലോമീറ്റർ പരിധിക്ക് പുറത്തുള്ള ലൈന്മാന്മാരുടെ 749 തസ്തിക സംബന്ധിച്ച് ചർച്ച നടത്തി തീരുമാനമായി ഒന്നര വർഷം ആയെങ്കിലും തസ്തിക അനുവദിക്കുന്നില്ല. തസ്തികകൾ വെട്ടിക്കുറക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്ന നയമാണ് യു.ഡി.എഫ് സർക്കാർ തുടരുന്നത്. എല്ലാ തസ്തികകളിലും പ്രൊമോഷൻ നടത്തുമെന്ന് പ്രചരണം നടത്തി ഭരണകക്ഷി യൂണിയനിൽ മെമ്പർഷിപ്പ് ചേർക്കാൻ ശ്രമിക്കുന്നതല്ലാതെ പ്രമോഷനുകൾ നടത്താൻ തയ്യാറാകുന്നില്ല. ലൈ‌ൻ‌മാൻ മുതല അസിസ്റ്റന്റ് എൻ‌ജിനീയർ വരെ തസ്തികകളിലേക്ക് തടഞ്ഞുവച്ചിരിക്കുന്ന പ്രമോഷനുകൾ അടിയന്തിരമായി നടത്തണം.
വിദഗ്ധ സമിതി എവിടെ?
            കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ രണ്ടാം ശമ്പള പരിഷ്കരണ ഉത്തരവിൽ 30/08/2011നകം പ്രമോഷനുകൾ സംബന്ധിച്ചും യോഗ്യത സംബന്ധിച്ചും തീരുമാനമെടുക്കാൻ ഉദ്ദേശിച്ചുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കും എന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതുവരെയും കമ്മറ്റി രൂപീകരണം നടന്നിട്ടില്ല. വിദഗ്ദ്ധസമിതി രൂപീകരണം വൈകുന്നത് മൂലം ധാരാളം തൊഴിലാളികൾക്ക് ലഭിക്കേണ്ട പ്രൊമോഷനുകളും ആനുകൂല്യങ്ങളും വൈകുകയാണ് . ഓഫീസ് അറ്റൻഡന്റ്മാർ ഉൾപ്പെടെയുള്ളവരുടെ പ്രൊമോഷൻ സാധ്യതയാണ് ഇതുമൂലം വൈകുന്നത്.
ആശ്രിതനിയമനം അവകാശം
            വൈദ്യുതി അപകടങ്ങളിൽ ഉൾപ്പെടെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ആശ്വാസമേകുന്ന ആശ്രിതനിയമനവും നടത്തുന്നത് വൈകിപ്പിക്കുകയാണ്. നൂറ്കണക്കിന് തൊഴിലാളികളുടെ കുടുംബങ്ങളെ പട്ടിണിയിലാക്കുന്ന ഈ ക്രൂരത ഒരിക്കലും പൊറുക്കാൻ കഴിയില്ല.
ആനുകൂല്യങ്ങൾ തടയുന്നു.
            തൊഴിലാളികൾക്കും ഓഫീസർമാർക്കും അർഹതപ്പെട്ട ഡി.എ ആനുകൂല്യം സർക്കാർ ജീവനക്കാർക്ക് ലഭിച്ചിട്ട് നാലുമാസത്തെ കാത്തിരിപ്പിന് ശേഷമാണ് ലഭിച്ചത്. 2001-2006ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എട്ട് മാസം വരെ വൈകി എന്നതും  പുതിയതായി സർവ്വീസിൽ പ്രവേശിച്ചവർക്ക് ഡി.എ നിഷേധിച്ചതും ആരും മറക്കാനിടയില്ല.
            പി.എസ്.സി. വെരിഫിക്കേഷന്റെ പേരിൽ പുതിയതായി നിയമിച്ചവർക്ക് അർഹതപ്പെട്ട ഇൻ‌ക്രിമെന്റും ലീവാനുകൂല്യങ്ങളും തടഞ്ഞ് വെച്ചിരിക്കുകയാണ്. ജൂനിയർ - സീനിയർ ഫിക്സേഷൻ ആനുകൂല്യങ്ങളും നൂലാമാലയിൽ പെട്ട് വൈകുന്നു.
സ്ഥലം‌മാറ്റം
            യു.ഡി.എഫ് അധികാരത്തിൽ വരുമ്പോഴെല്ലാം  സ്ഥലം മാറ്റത്തിൽ നടത്താറുള്ള മാനദണ്ഡലംഘനവും സ്വജനപക്ഷപാതവും പണപ്പിരിവും ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത്  എന്നത് പോലെ സ്ഥലം‌മാറ്റം പരസ്യമായി വിൽക്കുകയാണ്. തസ്തികകളിലെ റേറ്റ് ഉൾപ്പെടെ പത്രങ്ങളിൽ വാർത്തയായി വരുന്നു. ക്യാൻസർ രോഗികൾ, അവരുടെ ആശ്രിതരായ ജീവനക്കാർ, അംഗവൈകല്യം സംഭവിച്ചവർ, ജോലിക്കിടെ അപകടം പറ്റിയവർ തുടങ്ങിയ പ്രത്യേക പരിഗണന ലഭിക്കേണ്ടവർക്ക് പോലും നീതി നിഷേധിക്കുകയാണ്.  അനുവദിക്കപ്പെട്ട തസ്തികയിലധികം പേരെ സ്ഥലം മാറ്റി നിയമിക്കുന്നതും ചർച്ചയിലെ തീരുമാനത്തിന് വിരുദ്ധമായി കൂടുതൽ പേരെ സ്ഥലം മാറ്റുന്നതും വീണ്ടും തുടരുകയാണ്.
            ഇതിനെതിരെയെല്ലാം വർക്കേഴ്സ് അസോസിയേഷൻ സർക്കിൾ, ഡിവിഷൻ തലങ്ങളിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. ബഹു: മന്ത്രിയുൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ പ്രശ്ന പരിഹാരത്തിന് മാനേജ്മെന്റ് ഇതുവരെയും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാ‍ണ് ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് 2012 ഒക്ടോബർ 16ന് തിരുവനന്തപുരത്തെ വൈദ്യുതി ബോർഡ് ആസ്ഥാനം വളയുന്നതിന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) തീരുമാനിച്ചിട്ടുള്ളത്. ഈ പ്രക്ഷോഭ പരിപാടി ബഹു.പ്രതിപക്ഷ ഉപനേതാവ് സ.കൊടിയേരി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്യും  വൈദ്യുതി മേഖലയുടെ നിലനിൽ‌പ്പും പുരോഗതിയും ആഗ്രഹിക്കുന്ന മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.