വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Monday, October 17, 2011

കെ.എസ്.ഇ.ബി. എന്‍.ബി.എ. ചാമ്പ്യന്മാര്‍





തിരുവനന്തപുരം: മഹീന്ദ്ര എന്‍.ബി.എ. ചാലഞ്ച് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ, വനിതാ വിഭാഗങ്ങളില്‍ കെ.എസ്.ഇ.ബി. കിരീടം നേടി. ഫൈനലില്‍ കെ.എസ്.ഇ.ബി. പുരുഷ ടീം കേരളപോലീസിനെയും (59-40) വനിതാ ടീം തലശ്ശേരി സായിയെയും (61-44) തോല്പിച്ചു.

അണ്ടര്‍ 13 വിഭാഗത്തില്‍ തിരുവനന്തപുരം സെന്‍റ്‌ജോസഫ്‌സ് സ്‌കൂള്‍ ചാമ്പ്യന്മാരായി. അണ്ടര്‍ 18ല്‍ ഇതേ സ്‌കൂള്‍ രണ്ടാം സ്ഥാനത്തെത്തി. സായ് കോഴിക്കോട് ആണ് അണ്ടര്‍ 18 ബോയ്‌സ് ചാമ്പ്യന്മാര്‍. അണ്ടര്‍ 18 ഗേള്‍സില്‍ കണ്ണൂര്‍ വി.കെ.കൃഷ്ണമേനോന്‍ കോളേജ് കിരീടം നേടി. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ രണ്ടാം സ്ഥാനത്തെത്തി. അണ്ടര്‍ 13 ബോയ്‌സില്‍ കോട്ടയം ലൂര്‍ദ് സ്‌കൂളിനെ തോല്പിച്ചാണ് തിരുവനന്തപുരം സെന്‍റ് ജോസഫ്‌സ് കിരീടം നേടിയത്.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ കിരീടം നേടി.

വിവിധ ടീമുകള്‍ക്കും ചാമ്പ്യന്മാര്‍ക്കും ഐ.ജി. എന്‍.ഗോപിനാഥ് ട്രോഫികള്‍ വിതരണം ചെയ്തു. എന്‍.ബി.എ. ഡയറക്ടര്‍ ആകാശ് ജയിന്‍, മഹീന്ദ്ര പ്രതിനിധി ക്രിസ്റ്റഫര്‍ മഹീന്ദ്ര, ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന പി.ജെ.സണ്ണി എന്നിവര്‍ പങ്കെടുത്തു. (from mathrubhumi)

Saturday, July 30, 2011

ചട്ടം ലംഘിച്ച് സ്ഥലം മാറ്റം നടത്തരുത്. നടത്തിയവ തിരുത്താന്‍ ബോര്‍ഡും ഗവണ്മെന്റും നടപടിയെടുക്കണം


ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സ്ഥലം മാറ്റം സംബന്ധിച്ച്  അറുപതുകളില്‍ നടന്ന സംഘര്‍ഷങ്ങളുടെയും കരാറുകളുടെയും അടിസ്ഥാനത്തില്‍ അന്ന് നിലവിലുണ്ടായിരുന്ന ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി (IRC) ചില മാനദണ്ഡങ്ങള്‍ അംഗീകരിക്കുകയും അതനുസരിച്ച് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. 1986 വരെയുള്ള കാലഘട്ടത്തില്‍ IRC നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം‌മാറ്റം  നടത്തണമെന്ന ആവശ്യമാണ് തൊഴിലാളി സംഘടനകള്‍ മുന്നോട്ട് വച്ചത്. അതിന്റെ ലംഘനത്തിനെതിരായി സമരങ്ങള്‍, പ്രക്ഷോഭണങ്ങള്‍, ജയില്‍‌വാസം, പിരിച്ചുവിടീല്‍ എല്ലാം ഉണ്ടായിട്ടുണ്ട്.  1987ല്‍ അധികാരത്തില്‍  വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ അതുവരെ സ്ഥലം‌മാറ്റം സംബന്ധിച്ച് ഉണ്ടായ തര്‍ക്കങ്ങള്‍ എല്ലാം പരിശോധിച്ച് IRC നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ സമ്പുഷ്ടമാക്കി. പിന്നീട് വലിയ കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടില്ല.  1987ല്‍ അംഗീകരിച്ച മാനദണ്ഡമനുസരിച്ചാണ്‍  പിന്നീട് സ്ഥലം‌മാറ്റങ്ങള്‍ കൂടുതലും നടന്നിട്ടുള്ളത്. ഇതിനകം അധികാരത്തില്‍ വന്ന മൂന്ന് എല്‍.ഡി.എഫ് ഗവണ്മെന്റുകളുടെ കാലത്തും തത്വങ്ങള്‍ പരമാവധി പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഏതെങ്കിലും ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍  അത് പരിഹരിക്കുന്നതിന് സംഘടന എന്ന നിലയില്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ മുന്‍‌കൈ എടുക്കുകയോ സഹകരിക്കുകയോ ചെയ്തിട്ടുണ്ട്. എല്ലാ രാഷ്ട്രീയ വിശ്വാസികള്‍ക്കും എല്ലാ സംഘടനകളില്‍ പെട്ട ജീവനക്കാര്‍ക്കും ഒരു സംഘടനയിലും പെടാത്ത ജീവനക്കാര്‍ക്കും  ട്രാന്‍സ്ഫര്‍ ഗൈഡ് ലൈന്‍സ് അനുസരിച്ച് അര്‍ഹതപ്പെട്ട സംരക്ഷണം ലഭിക്കുന്നതിന് അസ്സോസിയേഷന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം തൊഴിലാളികളുടെ സ്ഥലം‌മാറ്റത്തില്‍ ഒരു പരാതിയും ഉണ്ടാകാതെ നടത്താന്‍ കഴിഞ്ഞു എന്ന കാര്യം എല്ലാവരും അംഗീകരിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തവണത്തെ സ്ഥലം മാറ്റങ്ങളില്‍ 1991ലും 2001ലും അധികാരത്തില്‍ വന്ന യു.ഡി.എഫ് ഭരണകാലത്ത് ചെയ്തതുപോലെ സ്ഥലം‌മാറ്റ തത്വങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രവണത കാണുന്നുണ്ട്. ചില യു.ഡി.എഫ് മന്ത്രിമാരുടെ ഭരണകാലത്ത് തത്വലംഘനം താരതമ്യേന കുറവായിരുന്നു എന്ന കാര്യം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കാരണം INTUC ക്കാര്‍, സംഘടനകള്‍ക്ക് എതിരായും പണം ഉണ്ടാക്കുന്നതിന് വേണ്ടിയും നടത്തിയിട്ടുള്ള എല്ലാ സ്ഥലം‌മാറ്റങ്ങളെയും ചില മന്ത്രിമാര്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നത് കൊണ്ടാണ്. എന്നാല്‍ കൂറുള്ള ഉദ്യോഗസ്ഥന്മാര്‍ ഇതിന്‍ സഹായിച്ചിരുന്നു. 2011ലെ ഗവണ്മെന്റ് വന്നതിന് ശേഷം സ്ഥലം‌മാറ്റം ആരംഭിച്ചത് തന്നെ തത്വലംഘനങ്ങള്‍ നടത്തിക്കൊണ്ടാണ്. ഇതിനെ തടയാന്‍ വകുപ്പ്മന്ത്രി തയ്യാറായില്ലെങ്കില്‍ ബോര്‍ഡില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷവും  ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇന്ന് കാണുന്ന ശുഷ്കാന്തിയും നഷ്ടപ്പെടും. മറ്റ് പല വ്യവസായങ്ങളും പോലെയുള്ള ഒന്നല്ല വൈദ്യുതിമേഖല എന്നുള്ളത് കൊണ്ടാണ് സമാധാനാന്തരീക്ഷം നിലനിലനിര്‍ത്തിക്കൊണ്ട് കാര്യങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ തൊഴിലാളികള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള അപാകതകള്‍ , ചട്ടലംഘനങ്ങള്‍ എല്ലാം ഞങ്ങള്‍  ബോര്‍ഡ് ചെയര്‍മാന് നല്‍‌കിയിട്ടുണ്ട്. വിധവയെയും സൈനികന്റെ ഭാര്യയെയും  ക്യാന്‍സര്‍ രോഗിയെയും ഡ്യൂട്ടിക്കിടയില്‍  അപകടം പറ്റി കാലും കയ്യും ഒടിഞ്ഞ് കിടക്കുന്നവരെയും വരെ യൂണിയന്‍ മാറ്റി എടുക്കാന്‍ വേണ്ടി സ്ഥലം മാറ്റുന്നത് തടയാന്‍ ബോര്‍ഡ്  മേധാവികള്‍ക്ക് കഴിയണം. സംഘടനാ നേതാക്കന്മാര്‍, സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരെപ്പോലും  ബോര്‍ഡ് അംഗീകരിച്ച മാനദണ്ഡത്തിന് വിരുദ്ധമായി  സ്ഥലം‌മാറ്റിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം നോക്കി തെരഞ്ഞ്പിടിച്ച് ഉത്തരവെഴുതുന്നത് INTUC സംഘടനയുടെ പ്രധാന പ്രവര്‍ത്തകര്‍ തന്നെയാണ്.  തൊഴിലാളി വര്‍ഗ്ഗ ശത്രുക്കളുടെ ഈ സ്വഭാവം ഇനിയും തുടരണമോ എന്ന് അവര്‍ ചിന്തിക്കണം.
            വര്‍ഗ്ഗപരമായ സമീപനത്തിന്റെ അടിസ്ഥാനത്തില്‍  കോണ്‍ഗ്രസ് രാഷ്ട്രീയമുള്ളവര്‍ തൊഴിലാളി ദ്രോഹം ചെയ്യുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഇതിനെതിരായി ശക്തമായ പ്രക്ഷോഭണത്തിന്‍  തയ്യാറാവുകയാണ് ഇതിനെ തടയാനുള്ള തൊഴിലാളികളുടെ മാര്‍ഗ്ഗം.
                                                                             -       കെ.ഒ.ഹബീബ്, 
                                                                               പ്രസിഡന്റ്,  
                           കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍                 

Saturday, July 23, 2011

അന്യായ സ്ഥലം മാറ്റം : സത്യാഗ്രഹസമരം നടത്തി

       
        യാതൊരു മാനദണ്ഠങ്ങളും പാലിക്കാതെ കെ.എസ്.ഇ.ബി ജീവനക്കാരെ സ്ഥലം മാറ്റിയ കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എന്‍‌ജിനീയറുടെ നടപടിക്കെതിരെ കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസിനു മുന്നില്‍ വന്‍ പ്രതിഷേധ സമരം നടന്നു. അന്യായ സ്ഥലം മാറ്റ ഉത്തരവിനെതിരെ പ്രതിഷേധിച്ച വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതാക്കളെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ശനിയാഴ്ച ഏതാണ്ട് മുഴുവന്‍ ജീവനക്കാരും പങ്കെടുത്ത പ്രതിഷേധ സമരമാണ് കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസില്‍ നടന്നത്.  കൊല്ലം ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം വൈദ്യുതി ജീവനക്കാരും പങ്കെടുത്ത പ്രതിഷേധ സമരം രാഷ്ട്രീയ നിറം നോക്കി നടത്തുന്ന അന്യായ സ്ഥലം മാറ്റം അനുവദിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചു. സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സഖാവ് ജെ.മേഴ്സിക്കുട്ടിയമ്മ സത്യാഗ്രഹ സമരം ഉത്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.തുളസീധരന്‍, കെ.വി.രാജേന്ദ്രന്‍, വി.എസ്.അജിത് കുമാര്‍, സുരേഷ് കുമാര്‍, എന്‍.ആര്‍.അനി, ബി.ജയശ്രീ, സി.അജയകുമാര്‍, ജയപ്രകാശ് മേനോന്‍, മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.  പവര്‍ ഹൌസ് പരിസരത്ത് തിങ്ങിനിറഞ്ഞ തൊഴിലാളികള്‍  സമരത്തിന് തൊഴിലാളികള്‍ക്കിടയിലുള്ള പിന്തുണ വ്യക്തമാക്കുന്നതായിരുന്നു. എന്‍.ജി.ഒ.യൂണിയനും മറ്റ് തൊഴിലാളി സംഘടനകളും സമരത്തിന് പിന്തുണ അറിയിച്ച് സത്യഗ്രഹ സ്ഥലത്തെത്തി. അന്യായ ഉത്തരവ് പിന്‍‌വലിക്കും വരെ സമരം തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

അന്യായ സ്ഥലം മാറ്റം, പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു


രാഷ്ട്രീയ നിറം നോക്കി മാനദണ്ഠങ്ങള്‍ക്ക് വിരുദ്ധമായി  ജീവനക്കാരെ സ്ഥലം മാറ്റിയ കെ.എസ്.ഇ.ബി കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എന്‍‌ജിനീയറുടെ ഉത്തരവ് പിന്‍‌‌വലിക്കണമെന്ന് ആവശ്യപ്പെട്ട വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് അജയകുമാര്‍, ജോയിന്റ് സെക്രട്ടറി ജയശ്രീ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹരിലാല്‍, ജേക്കബ് ജോണ്‍, ഡിവിഷന്‍ സെക്രട്ടറിമാരായ അന്‍സാര്‍ ബാബു, അനില്‍കുമാര്‍, സാബു എന്നിവര്‍ ഉള്‍പ്പെടെ 14 ജീവനക്കാരെയാണ്‍ ഈസ്റ്റ് എസ്.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അന്യായ സ്ഥലം മാറ്റ ഉത്തരവ് പിന്‍‌വലിക്കും വരെ  ശക്തമായ പ്രക്ഷോഭം തുടരുമെന്ന് വര്‍ക്കേഴ്സ് അസോസിയേഷന്‍  സംസ്ഥാന വൈസ് പ്രസിഡന്റ് സി.അജയകുമാര്‍ പറഞ്ഞു.

Monday, July 4, 2011

പുറത്ത് നിന്ന് വൈദ്യുതി കൊണ്ട് വന്ന് ബോര്‍ഡിനെ തകര്‍ക്കാന്‍ ശ്രമം






കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് തങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള വൈദ്യുത വിതരണ ലൈസന്‍സികളെ പുറമേ നിന്ന് വൈദ്യുതി വാങ്ങി വിതരണം നടത്തുന്നതിന് അനുവദിച്ച് കൊണ്ട് ഉത്തരവായിരിക്കുന്നു. ഒറ്റ നോട്ടത്തില്‍  വൈദ്യുതി ബോര്‍ഡിന്റെ വരുമാന നഷ്ടം കുറയ്ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണീ നീക്കമെന്ന് തോന്നുമെങ്കിലും അതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ വളരെ വലുതാണെന്ന് പറയാതെ വയ്യ.
 
 വൈദ്യുത ബോര്‍ഡില്‍ നിന്ന് വൈദ്യുതി വാങ്ങി വിതരണം നടത്തുന്ന ഏഴ് ലൈസന്‍സികളാണ് നിലവില്‍ കേരളത്തില്‍ ഉള്ളത്.  തൃശൂര്‍ മുന്‍സിപാലിറ്റിയും ടെക്നോ പാര്‍ക്കും കണ്ണന്‍ ദേവന്‍ പ്ലാന്റ്റേഷന്‍ കമ്പനിയും    കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും അവയില്‍ ഉള്‍പ്പെടുന്നു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് 625 ലക്ഷവും കൊച്ചി പ്രത്യേക സാമ്പത്തിക മേഖല 698 ലക്ഷവും കണ്ണന്‍ ദേവന്‍ 55 ലക്ഷവും കിനെസ്കോ പവര്‍ യൂട്ടിലിറ്റീസ് ലിമിറ്റഡ് 755 ലക്ഷവും റബ്ബര്‍ പാര്‍ക്ക് 99 ലക്ഷവും ടെക്നോ പാര്‍ക്ക് 205  ലക്ഷവും തൃശൂര്‍ നഗരസഭ 1606 ലക്ഷവും വൈദ്യുതി ബോര്‍ഡില്‍ നിന്ന് വൈദ്യുതി വാങ്ങി വിറ്റ നിലയില്‍ ലാഭമുണ്ടാക്കിയതായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍  2010ല്‍ കണ്ടെത്തിയിരുന്നു. നിലവിലുള്ള ലൈസന്‍സികള്‍ കുറഞ്ഞ വിലക്ക് ബോര്‍ഡില്‍ നിന്ന് വാങ്ങുന്ന വൈദ്യുതി ഉയര്‍ന്ന വിലക്ക് മറിച്ച് വിറ്റ് അന്യായ ലാഭം കുന്നുകൂട്ടുന്നതായി ബോര്‍ഡ് പറയുന്നു. കണ്ണന്‍ ദേവനും തൃശൂര്‍ നഗരസഭയും മാത്രമാണ് ഗാര്‍ഹിക ഉപഭോക്താ‍ക്കള്‍ക്ക് വൈദ്യുതി നല്‍കുന്ന ഏജന്‍സികള്‍. അതില്‍ തന്നെ തൃശൂര്‍ നഗരസഭയ്ക്ക് കൂടുതലും ഗാര്‍ഹികേതര ഉപഭോക്താക്കളാണ്. അത് കൊണ്ട് തന്നെ ലൈസന്‍സികള്‍ക്ക് കുറഞ്ഞ വിലക്ക് വാങ്ങുന്ന വൈദ്യുതിക്ക് തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്ന നിരക്ക് വാങ്ങാനാവുന്നു. 



ലൈസന്‍സികള്‍ ബോര്‍ഡില്‍ നിന്ന് മാത്രമാണ് നിലവില്‍ വൈദ്യുതി വാങ്ങുന്നത്. അവര്‍ ഊര്‍ജ്ജ ഉത്പാദനത്തിനോ  കേരളത്തിലേക്ക് അധികമായി വൈദ്യുതി കൊണ്ട് വരുന്നതിനോ യാതൊരു താത്പര്യവും കാട്ടാതെ ബോര്‍ഡില്‍ നിന്ന് മാത്രം വൈദ്യുതി വാങ്ങി വിതരണം നടത്തി ലാഭമുണ്ടാക്കുന്നത് വൈദ്യുതി ബോര്‍ഡിനും കേരളത്തിലെ മറ്റെല്ലാ ഉപഭോക്താക്കള്‍ക്കും നഷ്ടം മാത്രം വരുത്തിവെയ്ക്കുന്നു. വൈദ്യുതി ഉത്പാദനവും കുറവുള്ള വൈദ്യുതി ചാഞ്ചാടുന്ന വൈദ്യുതി കമ്പോളത്തില്‍ നിന്ന് യൂണിറ്റിന്‍ 10 രൂപ വിലക്ക് വരെ വാങ്ങി നല്‍കേണ്ട ഉത്തരവാദിത്തവും ബോര്‍ഡ് മാത്രം നിര്‍വ്വഹിക്കേണ്ടി വരുന്നു. അതിന് പരിഹാരമെന്ന നിലയിലാണ് നിലവിലുള്ള കരാറുകള്‍ തുടരുമെങ്കിലും ലൈസന്‍സികള്‍ക്ക് അധികമായി ആവശ്യമുള്ള വൈദ്യുതി പുറമേ നിന്നുള്ള വൈദ്യുത ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങി വിതരണം നടത്തുവാന്‍ അനുവദിച്ചിരിക്കുന്നത്. വൈദ്യുതി വാങ്ങുന്നവര്‍ക്ക് ബോര്‍ഡിന്റെ പ്രസരണ ശൃംഘലകളിലൂടെ വൈദ്യുതി കടത്തിക്കൊണ്ട് വരാവുന്നതാണ്.



ഇത്രയും ഒരു വശം. ഇനി ഇതിന്റെ മറുവശം നോക്കാം. ഒരു കോടിയിലേറെ വരുന്ന വൈദ്യുതി ബോര്‍ഡിന്റെ ഉപഭോക്താക്കളില്‍ പകുതിയും ഗാര്‍ഹിക വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ വ്യവസായം, വാണിജ്യം, കാര്‍ഷികം, വാണിജ്യേതരം തുടങ്ങി പല താരിഫുകളിലായി ഉപഭോക്താക്കളെ തരം തിരിച്ചിരിക്കുന്നു.  വാണിജ്യവിഭാഗത്തില്‍ പെട്ടവര്‍ വൈദ്യുതിക്ക് ഉയര്‍ന്ന വില നല്‍കേണ്ടിവരുമ്പോള്‍ കാര്‍ഷിക ഉപഭോക്താക്കളില്‍ നിന്ന് യൂണിറ്റിന് 65 പൈസയും ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന്  1.15 രൂപാ മുതലുമാണ് ഈടാക്കുന്നത്.  നല്ലൊരു ഭാഗം ഗാര്‍ഹിക ഉപഭോക്താക്കളും മിനിമം തുകയായ 85 രൂപയാണ് വൈദ്യുതി ചാര്‍ജ്ജായി അടയ്ക്കുന്നത്.  ഇത് സാദ്ധ്യമാക്കുന്നത് ഒരു വിഭാഗം ഉപഭോക്താക്കളില്‍ നിന്ന് അല്പം ഉയര്‍ന്ന വില ഈടാക്കുന്നത് കൊണ്ടാണ്. എന്നാല്‍ പുത്തന്‍ കോര്‍പറേറ്റ് ഭീമന്മാര്‍ “ക്രോസ് സബ്സിഡി” എന്ന പേരില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നതിന് എതിരാണ്.  കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും  മുതലാളിത്ത ശക്തികളുടെ നിലപാടിനൊപ്പമാണെന്ന് മനസ്സിലാക്കാ‍വുന്നതാണ്.



വൈദ്യുതി ബോര്‍ഡിന്റെ പുതിയ ഉത്തരവിന്‍ പ്രകാരം നിലവിലുള്ള ലൈസന്‍സികള്‍ക്ക് പുറമേ പുതിയ ലൈസന്‍സികള്‍ക്കും പുറത്ത് നിന്ന് വൈദ്യുതി കൊണ്ടുവരാവുന്നതാണ്. ഇതോടെ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ വരുമാനം നല്‍കുന്ന വിഭാഗങ്ങള്‍ സ്വന്തമായി വൈദ്യുതി വാങ്ങി ഉപയോഗിക്കുകയും ബോര്‍ഡിന്റെ ഉപഭോക്താക്കള്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങുന്നവര്‍ മാത്രമാവുകയും ചെയ്യും. ഇത് ബോര്‍ഡിനെ നഷ്ടത്തിലേക്ക് നയിക്കുകയും സ്വകാര്യ വത്കരണ വാദത്തിന് ശക്തി കൂട്ടുകയും ചെയ്യും.  കൂടാതെ “ക്രോസ് സബ്സിഡി” പ്രകാരം നിലവില്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നത് നിര്‍ത്തലാക്കുന്നതിന് ബോര്‍ഡ് പുതിയ സാഹചര്യത്തില്‍ നിര്‍ബന്ധിതമാവുകയും ചെയ്യും. ഇത് ഗാര്‍ഹിക – കാര്‍ഷിക മേഖലകളില്‍ ഉയര്‍ന്ന നിരക്കിന് കാരണമാവുകയും രൂക്ഷമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. അതിനാല്‍ പ്രസ്തുത ഉത്തരവ് പിന്വ‍ലിച്ച് ലൈസന്‍സികള്‍ക്ക് നല്‍കുന്ന വൈദ്യുതിയുടെ വില വര്‍ദ്ധിപ്പിക്കുന്നതിനടക്കമുള്ള നടപടികള്‍  സംസ്ഥാന വൈദ്യുതി ബോര്‍ഡ് നടപ്പില്‍ വരുത്തേണ്ടതാണ്.
വൈദ്യുതി ബോര്‍ഡിനെ സ്വകാര്യ വത്കരണത്തിലേക്ക് നയിച്ചേക്കാവുന്ന വിവാദ ഉത്തരവ് പിന്‍‌വലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.ടി.യു), കരുനാഗപ്പള്ളി ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസിന്‍ മുന്നില്‍  പ്രതിഷേധ യോഗം സംഘടിപ്പിച്ചു.  സഖാവ്. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ.അന്‍സാര്‍ ബാബു, സ.ജയശ്രീ, സ.ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു. സ.ദിലീബ് നന്ദി രേഖപ്പെടുത്തി.

Wednesday, June 22, 2011

അതിരപ്പള്ളി പദ്ധതി അട്ടിമറിച്ചതിനെതിരെ

          
        സമീപ ഭാവിയില്‍ കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമത്തില്‍ നിന്ന് രക്ഷ നേടുന്നതിനായി ആവിഷ്കരിച്ച അതിരപ്പള്ളി, ചീമേനി തുടങ്ങിയ വൈദ്യുത പദ്ധതികള്‍ അട്ടിമറിക്കുന്നതിനെതിരെ കരുനാഗപ്പള്ളി ഇലക്ട്രിക്കല്‍ ഡിവിഷന് മുന്നില്‍ വര്‍ക്കേഴ്സ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തി.  അതിരപ്പള്ളി ജലവൈദ്യുത പദ്ധതി പരിസ്ഥിതിക്ക് മിതമായ രീതിയില്‍ മാത്രമേ കോട്ടം വരുത്തുകയുള്ളൂ എന്ന് പഠനങ്ങളിലൂടെ ബോധ്യപ്പെട്ടിട്ടുള്ളതാണ്. എങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് മുന്‍ വിധിയോടെ പദ്ധതിക്കെതിരെ നടത്തുന്ന നീക്കങ്ങളില്‍ യോഗം പ്രതിഷേധിച്ചു. സ.അന്‍സര്‍ബാബു, സ.ജയശ്രീ, സ.ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.

Monday, May 16, 2011

പെട്രോളിയം വിലവര്‍ദ്ധനയ്ക്കെതിരെ പ്രതിഷേധം

          
         കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വിലനിയന്ത്രണം എടുത്ത് കളഞ്ഞതിനെ തുടര്‍ന്ന് അടിയക്കടിയുണ്ടാകുന്ന പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍ കരുനാഗപ്പള്ളി ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ പ്രതിഷേധജാഥയും സമ്മേളനവും നടത്തി. ഡിവിഷന്‍ സെക്രട്ടറി സ.അന്‍സര്‍ ബാബു, സംസ്ഥാന ജോയിന്റ് സെക്രട്ടറി സ.ജയശ്രീ. എന്നിവര്‍ സംസാരിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന ജനവിരുദ്ധ നയം തിരുത്തണമെന്നും പെട്രോ‍ള്‍ വിലവര്‍ദ്ധനവ് പിന്‍‌വലിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ ജാഥയില്‍ എല്ലാ ഓഫീസുകളില്‍ നിന്നുമുള്ള ജീവനക്കാര്‍ പങ്കെടുത്തു.

Thursday, March 10, 2011

വൈദ്യുതി രംഗത്തെ കേരളമാതൃക


കേരളം ഒഴിച്ചുള്ള സംസ്ഥാന ങ്ങളിലെല്ലാം പവര്‍കട്ടും ലോഡ് ഷെഡിംഗുമാണ്. ഡല്‍ഹി നഗരത്തില്‍ 12 മണിക്കൂര്‍ വരെ ലോഡ് ഷെഡിങ് ഉണ്ടായിരുന്നു. ഇപ്പോഴും രണ്ട് മണിക്കൂര്‍ വരെ ലോഡ് ഷെഡിങ് ഉണ്ട്. തൊട്ടടുത്ത യു.പി.യില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് ലോഡ് ഷെഡിങ്. മഹാരാഷ്ട്രയില്‍ എട്ട് മണിക്കൂര്‍ വരെ ലോഡ് ഷെഡിങ് ഉണ്ട്. കര്‍ണാടകയില്‍ രണ്ടു മുതല്‍ അഞ്ച് മണിക്കൂര്‍ വരെയാണ് ലോഡ് ഷെഡിങ്. റൂറല്‍ ഫീഡറുകളില്‍ ആറ് മണിക്കൂര്‍ മാത്രമാണ് വൈദ്യുതി നല്‍കുന്നത്. തമിഴ്നാട്ടില്‍ ഇടക്കാലത്ത് പവര്‍ ഹോളിഡേ എന്ന നിലയില്‍ ആഴ്ചയില്‍ ഒരു ദിവസം വ്യവസായത്തിന് വൈദ്യുതി പൂര്‍ണമായും നിലപ്പിച്ചിരുന്നു. ഇപ്പോഴും രണ്ട് മുതല്‍ ആറ് മണിക്കൂര്‍ വരെ ലോഡ് ഷെഡിങ്ങാണ് അവിടെ. ആന്ധ്രയില്‍ നാല് മണിക്കൂര്‍ ലോഡ് ഷെഡിങ് ഉണ്ട്. ഇങ്ങനെ രാജ്യമാകെ കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കേരളം പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത സംസ്ഥാനമായി നിലനില്‍ക്കുന്നത്. പ്രതിദിന ഉപഭോഗം 43 മില്യണ്‍ യൂണിറ്റില്‍നിന്ന് 56 മില്യണ്‍ യൂണിറ്റിലധികമായി വര്‍ധിക്കുകയും അതേസമയം കേന്ദ്രപൂളില്‍നിന്ന് 1041 മെഗാവാട്ട് വൈദ്യുതി കിട്ടേണ്ട സ്ഥാനത്ത് 600-650 മെഗാവാട്ട് വൈദ്യുതി മാത്രം ലഭ്യമാക്കുകയും ചെയ്യുമ്പോഴാണീ നേട്ടം എന്നത് പ്രസ്താവ്യമാണ്. 21 ലക്ഷം കണക്ഷനുകളും ഇക്കാലയളവില്‍ നല്‍കി.


കഴിഞ്ഞ നാല് വര്‍ഷത്തെ വൈദ്യുതി മേഖലാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് നടത്തിയ പഠനത്തില്‍ മൂന്നാം സ്ഥാനത്ത് കേരളമാണ്. ഇതില്‍ തന്നെ റവന്യൂ കാര്യക്ഷമത, സാങ്കേതിക മികവ് എന്നീ കാര്യങ്ങളില്‍ കേരളമാണ് ഒന്നാമത്. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഇന്ത്യയിലെ മെച്ചപ്പെട്ട രണ്ടാമത്തെ വൈദ്യുതി യൂട്ടിലിറ്റിയായി കെ.എസ്.ഇ.ബിയെ ആണ് തെരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷത്തെ ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് കേരളത്തിനായിരുന്നു.


വൈദ്യുതിമേഖലയെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര നയങ്ങള്‍ക്കിടയിലും വൈദ്യുതി ഉത്പാദനപ്രസരണ-വിതരണ രംഗത്ത് നല്ല മുന്നേറ്റമുണ്ടാക്കാന്‍ നമുക്ക് സാധിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് ആകെ 26.6 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിച്ചത്. പദ്ധതികള്‍ സ്തംഭനാവസ്ഥയിലായിരുന്നു. അതിന് മുമ്പത്തെ എല്‍ഡിഎഫ് കാലത്തെ ഉത്പാദന നേട്ടം കൊണ്ടാണ് അന്ന് പിടിച്ചു നിന്നത്. പരമാവധി 38 മില്യണ്‍ യൂണിറ്റ് പ്രതിദിന ഉപഭോഗം ഉണ്ടായിട്ടുപോലും അക്കാലത്ത് മൂന്ന് വര്‍ഷത്തോളം ലോഡ് ഷെഡ്ഡിങ്ങായിരുന്നു. എന്നാല്‍ പദ്ധതികള്‍ ത്വരിതപ്പെടുത്തി ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ നല്ല ഇടപെടലാണ് നടത്തിയത്. ഇതിനകം കാറ്റില്‍നിന്നുള്ള 33 മെഗാവാട്ട് അടക്കം 204 മെഗാവാട്ട് കമ്മീഷന്‍ ചെയ്യാന്‍ നമുക്ക് കഴിഞ്ഞു. എകദേശം 730 മെഗാവാട്ടിന്റെ 30 ഓളം പദ്ധതികളാണ് നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളിലായുള്ളത്.


അടുത്ത പത്തുവര്‍ഷത്തെ വൈദ്യുതി ആവശ്യകത മുന്നില്‍ കണ്ട് ബൃഹത്് പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം കൊടുത്തത്. ഇതിന്റെ ഭാഗമായാണ് ഒറീസയില്‍ 1000 മെഗാവാട്ട് കല്‍ക്കരി പാടത്തിന് കേന്ദ്ര സര്‍ക്കാരില്‍നിന്ന് അനുമതി നേടിയത്. ഇതോടൊപ്പം ചീമേനിയില്‍ 2400 മെഗാവാട്ടിന്റെ  സൂപ്പര്‍ താപനിലയം നടപ്പാക്കാന്‍ നടപടികളായി. സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. കൊച്ചിയില്‍ എല്‍.എന്‍.ജി ടെര്‍മിനല്‍ യാഥാര്‍ഥ്യമാകുന്നതോടെ കായംകുളം താപനിലയത്തില്‍ പുതുതായി 1950 മെഗാവാട്ടിന്റെ രണ്ടാം ഘട്ടം നടപ്പാകും. ബ്രഹ്മപുരത്ത് ബോര്‍ഡിന്റെ തന്നെ ഗ്യാസ് ഉപയോഗിച്ചുള്ള 1000 മെഗാവാട്ട് പദ്ധതിക്കുള്ള നടപടികളും ആരംഭിക്കുകയാണ്. ഇങ്ങനെ 3000-4000 മെഗാവാട്ട് പദ്ധതികള്‍ നടപ്പാക്കാനാണ് നടപടികള്‍ സ്വീകരിച്ചുവരുന്നത്.


താല്‍ക്കാലികമായി പ്രതിസന്ധി തരണം ചെയ്യുന്നതിന് വൈദ്യുതി ഊര്‍ജസംരക്ഷണത്തിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. പ്രസരണ വിതരണ നഷ്ടം കുറയ്ക്കുക, ഊര്‍ജ സംരക്ഷണ മാര്‍ഗങ്ങള്‍ നടപ്പിലാക്കുക എന്നിങ്ങനെ രണ്ട് പ്രധാന തന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ഇപ്പോഴത്തെ പ്രതിസന്ധിയെ താത്കാലികമായി നേരിടുന്നത്. 1800 കോടി രൂപയുടെ പ്രസരണ മാസ്റ്റര്‍ പ്ളാനിന്റെ അടിസ്ഥാനത്തില്‍ 206 സബ്സ്റ്റേഷനുകളുടെ പണി നടന്നുവരികയാണ്. ഈ സര്‍ക്കാര്‍ വരുമ്പോള്‍ 24.6 ശതമാനമായിരുന്ന പ്രസരണ, വിതരണ നഷ്ടം ഇപ്പോള്‍ 17.4 ശതമാനത്തിലെത്തിക്കാന്‍ കഴിഞ്ഞു. ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും വന്‍ പ്രാധാന്യം നല്‍കി. കഴിഞ്ഞ വര്‍ഷം 10 ലക്ഷം സി.എഫ്.എല്‍ സൌജന്യമായി വിതരണം ചെയ്തത് ഇതിന്റെ തുടര്‍ച്ചയായാണ്. ഇപ്പോള്‍ ഒന്നരക്കോടി സി.എഫ്.എല്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്തുവരുന്നു.


ഉപഭോക്തൃസേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പാക്കിവരുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോഡല്‍ സെക്ഷന്‍ ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ 150 സെക്ഷനുകളില്‍ നടപ്പാക്കിയ ഈ പരിഷ്കരണം മറ്റ് സെക്ഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചത് വലിയ ജനാഭിപ്രായമാണ് സൃഷ്ടിച്ചത്. 56 പേജുള്ള അപേക്ഷ ഫോറം രണ്ട് പേജായി ചുരുക്കി. ഉത്പാദന, പ്രസരണ, വിതരണ മേഖലകളില്‍ ഉണ്ടായ പൊതു വികസനത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നത്. ഇപ്പോള്‍ 29 മണ്ഡലങ്ങള്‍ സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിച്ചു. 80 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം നടന്നുവരുന്നു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണവൈദ്യുതീകൃത ജില്ലയായി പാലക്കാട് മാറി.


പ്രസരണ മേഖലയെ പ്രത്യേക കമ്പനിയാക്കുകയും പ്രസരണ വിതരണ മേഖലകളില്‍ ഓപ്പണ്‍ അക്സസ് അനുവദിക്കുകയും ചെയ്ത് സ്വകാര്യ മേഖലയ്ക്ക് ലാഭമുണ്ടാക്കാന്‍ അവസരം നല്‍കണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വൈദ്യുതി ബോര്‍ഡുകളെ കമ്പനികളായി വിഭജിച്ച് പുനഃസംഘടന നടത്തിക്കഴിഞ്ഞു. ഒറ്റ പൊതുമേഖലാ കമ്പനിയായി വൈദ്യുതി ബോര്‍ഡിനെ പുനഃസംഘടിപ്പിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. വൈദ്യുതി ബോര്‍ഡിനെ ഉപഭോക്തൃ സൌഹൃദസ്ഥാപനമാക്കുന്നതിന് പൊതുമേഖലയിലൂന്നിയ പരിഷ്കരണങ്ങളാണ് സംസ്ഥാനം നടപ്പാക്കുന്നത്.
(ldfkeralam.org)

Saturday, February 19, 2011

പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് അഭിവാദ്യങ്ങള്‍

                   വിലക്കയറ്റം തടയുക,  പൊതുവിതരണ സംവിധാനം  ശക്തിപ്പെടുത്തുക, പെട്രോളിയം വിലനിയന്ത്രണം കുത്തകകളെ ഏല്‍പ്പിച്ച നടപടി പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ  ഓഹരി വില്പന അവസാനിപ്പിക്കുക, സ്വകാര്യവത്കരണനയം ഉപേക്ഷിക്കുക, അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുക, ആയതിലേക്ക് ഒരു നിധി രൂപീകരിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായും നടപ്പാക്കുക, കോര്‍പറേറ്റ് പ്രീണനനയം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി 2011  ഫെബ്രുവരി 23 ന്‌ 50 ലക്ഷം തൊഴിലാളികളെ അണിനിരത്തി പാര്‍ലമെന്റിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്ന വര്‍ക്കേഴ്സ് അസോസിയേഷന്‍ കരുനാഗപ്പള്ളി ഡിവിഷന്‍ കമ്മിറ്റി സെക്രടറി സ.അന്‍സാര്‍ ബാബുവിന്  പ്രവര്‍ത്തകര്‍  കരുനാഗപ്പള്ളി ഇലക്‌ട്രിക്കല്‍  ഡിവിഷന്‍ ഓഫീസ് പരിസരത്ത് വച്ച് സ്വീകരണവും യാത്രയയപ്പും നല്‍കി.