വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Thursday, March 10, 2011

വൈദ്യുതി രംഗത്തെ കേരളമാതൃക


കേരളം ഒഴിച്ചുള്ള സംസ്ഥാന ങ്ങളിലെല്ലാം പവര്‍കട്ടും ലോഡ് ഷെഡിംഗുമാണ്. ഡല്‍ഹി നഗരത്തില്‍ 12 മണിക്കൂര്‍ വരെ ലോഡ് ഷെഡിങ് ഉണ്ടായിരുന്നു. ഇപ്പോഴും രണ്ട് മണിക്കൂര്‍ വരെ ലോഡ് ഷെഡിങ് ഉണ്ട്. തൊട്ടടുത്ത യു.പി.യില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് ലോഡ് ഷെഡിങ്. മഹാരാഷ്ട്രയില്‍ എട്ട് മണിക്കൂര്‍ വരെ ലോഡ് ഷെഡിങ് ഉണ്ട്. കര്‍ണാടകയില്‍ രണ്ടു മുതല്‍ അഞ്ച് മണിക്കൂര്‍ വരെയാണ് ലോഡ് ഷെഡിങ്. റൂറല്‍ ഫീഡറുകളില്‍ ആറ് മണിക്കൂര്‍ മാത്രമാണ് വൈദ്യുതി നല്‍കുന്നത്. തമിഴ്നാട്ടില്‍ ഇടക്കാലത്ത് പവര്‍ ഹോളിഡേ എന്ന നിലയില്‍ ആഴ്ചയില്‍ ഒരു ദിവസം വ്യവസായത്തിന് വൈദ്യുതി പൂര്‍ണമായും നിലപ്പിച്ചിരുന്നു. ഇപ്പോഴും രണ്ട് മുതല്‍ ആറ് മണിക്കൂര്‍ വരെ ലോഡ് ഷെഡിങ്ങാണ് അവിടെ. ആന്ധ്രയില്‍ നാല് മണിക്കൂര്‍ ലോഡ് ഷെഡിങ് ഉണ്ട്. ഇങ്ങനെ രാജ്യമാകെ കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കേരളം പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത സംസ്ഥാനമായി നിലനില്‍ക്കുന്നത്. പ്രതിദിന ഉപഭോഗം 43 മില്യണ്‍ യൂണിറ്റില്‍നിന്ന് 56 മില്യണ്‍ യൂണിറ്റിലധികമായി വര്‍ധിക്കുകയും അതേസമയം കേന്ദ്രപൂളില്‍നിന്ന് 1041 മെഗാവാട്ട് വൈദ്യുതി കിട്ടേണ്ട സ്ഥാനത്ത് 600-650 മെഗാവാട്ട് വൈദ്യുതി മാത്രം ലഭ്യമാക്കുകയും ചെയ്യുമ്പോഴാണീ നേട്ടം എന്നത് പ്രസ്താവ്യമാണ്. 21 ലക്ഷം കണക്ഷനുകളും ഇക്കാലയളവില്‍ നല്‍കി.


കഴിഞ്ഞ നാല് വര്‍ഷത്തെ വൈദ്യുതി മേഖലാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് നടത്തിയ പഠനത്തില്‍ മൂന്നാം സ്ഥാനത്ത് കേരളമാണ്. ഇതില്‍ തന്നെ റവന്യൂ കാര്യക്ഷമത, സാങ്കേതിക മികവ് എന്നീ കാര്യങ്ങളില്‍ കേരളമാണ് ഒന്നാമത്. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഇന്ത്യയിലെ മെച്ചപ്പെട്ട രണ്ടാമത്തെ വൈദ്യുതി യൂട്ടിലിറ്റിയായി കെ.എസ്.ഇ.ബിയെ ആണ് തെരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷത്തെ ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് കേരളത്തിനായിരുന്നു.


വൈദ്യുതിമേഖലയെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര നയങ്ങള്‍ക്കിടയിലും വൈദ്യുതി ഉത്പാദനപ്രസരണ-വിതരണ രംഗത്ത് നല്ല മുന്നേറ്റമുണ്ടാക്കാന്‍ നമുക്ക് സാധിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് ആകെ 26.6 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിച്ചത്. പദ്ധതികള്‍ സ്തംഭനാവസ്ഥയിലായിരുന്നു. അതിന് മുമ്പത്തെ എല്‍ഡിഎഫ് കാലത്തെ ഉത്പാദന നേട്ടം കൊണ്ടാണ് അന്ന് പിടിച്ചു നിന്നത്. പരമാവധി 38 മില്യണ്‍ യൂണിറ്റ് പ്രതിദിന ഉപഭോഗം ഉണ്ടായിട്ടുപോലും അക്കാലത്ത് മൂന്ന് വര്‍ഷത്തോളം ലോഡ് ഷെഡ്ഡിങ്ങായിരുന്നു. എന്നാല്‍ പദ്ധതികള്‍ ത്വരിതപ്പെടുത്തി ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ നല്ല ഇടപെടലാണ് നടത്തിയത്. ഇതിനകം കാറ്റില്‍നിന്നുള്ള 33 മെഗാവാട്ട് അടക്കം 204 മെഗാവാട്ട് കമ്മീഷന്‍ ചെയ്യാന്‍ നമുക്ക് കഴിഞ്ഞു. എകദേശം 730 മെഗാവാട്ടിന്റെ 30 ഓളം പദ്ധതികളാണ് നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളിലായുള്ളത്.


അടുത്ത പത്തുവര്‍ഷത്തെ വൈദ്യുതി ആവശ്യകത മുന്നില്‍ കണ്ട് ബൃഹത്് പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം കൊടുത്തത്. ഇതിന്റെ ഭാഗമായാണ് ഒറീസയില്‍ 1000 മെഗാവാട്ട് കല്‍ക്കരി പാടത്തിന് കേന്ദ്ര സര്‍ക്കാരില്‍നിന്ന് അനുമതി നേടിയത്. ഇതോടൊപ്പം ചീമേനിയില്‍ 2400 മെഗാവാട്ടിന്റെ  സൂപ്പര്‍ താപനിലയം നടപ്പാക്കാന്‍ നടപടികളായി. സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. കൊച്ചിയില്‍ എല്‍.എന്‍.ജി ടെര്‍മിനല്‍ യാഥാര്‍ഥ്യമാകുന്നതോടെ കായംകുളം താപനിലയത്തില്‍ പുതുതായി 1950 മെഗാവാട്ടിന്റെ രണ്ടാം ഘട്ടം നടപ്പാകും. ബ്രഹ്മപുരത്ത് ബോര്‍ഡിന്റെ തന്നെ ഗ്യാസ് ഉപയോഗിച്ചുള്ള 1000 മെഗാവാട്ട് പദ്ധതിക്കുള്ള നടപടികളും ആരംഭിക്കുകയാണ്. ഇങ്ങനെ 3000-4000 മെഗാവാട്ട് പദ്ധതികള്‍ നടപ്പാക്കാനാണ് നടപടികള്‍ സ്വീകരിച്ചുവരുന്നത്.


താല്‍ക്കാലികമായി പ്രതിസന്ധി തരണം ചെയ്യുന്നതിന് വൈദ്യുതി ഊര്‍ജസംരക്ഷണത്തിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. പ്രസരണ വിതരണ നഷ്ടം കുറയ്ക്കുക, ഊര്‍ജ സംരക്ഷണ മാര്‍ഗങ്ങള്‍ നടപ്പിലാക്കുക എന്നിങ്ങനെ രണ്ട് പ്രധാന തന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ഇപ്പോഴത്തെ പ്രതിസന്ധിയെ താത്കാലികമായി നേരിടുന്നത്. 1800 കോടി രൂപയുടെ പ്രസരണ മാസ്റ്റര്‍ പ്ളാനിന്റെ അടിസ്ഥാനത്തില്‍ 206 സബ്സ്റ്റേഷനുകളുടെ പണി നടന്നുവരികയാണ്. ഈ സര്‍ക്കാര്‍ വരുമ്പോള്‍ 24.6 ശതമാനമായിരുന്ന പ്രസരണ, വിതരണ നഷ്ടം ഇപ്പോള്‍ 17.4 ശതമാനത്തിലെത്തിക്കാന്‍ കഴിഞ്ഞു. ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും വന്‍ പ്രാധാന്യം നല്‍കി. കഴിഞ്ഞ വര്‍ഷം 10 ലക്ഷം സി.എഫ്.എല്‍ സൌജന്യമായി വിതരണം ചെയ്തത് ഇതിന്റെ തുടര്‍ച്ചയായാണ്. ഇപ്പോള്‍ ഒന്നരക്കോടി സി.എഫ്.എല്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്തുവരുന്നു.


ഉപഭോക്തൃസേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പാക്കിവരുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോഡല്‍ സെക്ഷന്‍ ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ 150 സെക്ഷനുകളില്‍ നടപ്പാക്കിയ ഈ പരിഷ്കരണം മറ്റ് സെക്ഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചത് വലിയ ജനാഭിപ്രായമാണ് സൃഷ്ടിച്ചത്. 56 പേജുള്ള അപേക്ഷ ഫോറം രണ്ട് പേജായി ചുരുക്കി. ഉത്പാദന, പ്രസരണ, വിതരണ മേഖലകളില്‍ ഉണ്ടായ പൊതു വികസനത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നത്. ഇപ്പോള്‍ 29 മണ്ഡലങ്ങള്‍ സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിച്ചു. 80 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം നടന്നുവരുന്നു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണവൈദ്യുതീകൃത ജില്ലയായി പാലക്കാട് മാറി.


പ്രസരണ മേഖലയെ പ്രത്യേക കമ്പനിയാക്കുകയും പ്രസരണ വിതരണ മേഖലകളില്‍ ഓപ്പണ്‍ അക്സസ് അനുവദിക്കുകയും ചെയ്ത് സ്വകാര്യ മേഖലയ്ക്ക് ലാഭമുണ്ടാക്കാന്‍ അവസരം നല്‍കണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വൈദ്യുതി ബോര്‍ഡുകളെ കമ്പനികളായി വിഭജിച്ച് പുനഃസംഘടന നടത്തിക്കഴിഞ്ഞു. ഒറ്റ പൊതുമേഖലാ കമ്പനിയായി വൈദ്യുതി ബോര്‍ഡിനെ പുനഃസംഘടിപ്പിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. വൈദ്യുതി ബോര്‍ഡിനെ ഉപഭോക്തൃ സൌഹൃദസ്ഥാപനമാക്കുന്നതിന് പൊതുമേഖലയിലൂന്നിയ പരിഷ്കരണങ്ങളാണ് സംസ്ഥാനം നടപ്പാക്കുന്നത്.
(ldfkeralam.org)