വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Monday, August 19, 2013

കെഎസ്ഇബി പ്രവർത്തനം അവതാളത്തില്‍

മാനദണ്ഡങ്ങള്‍ അട്ടിമറിച്ചുള്ള സ്ഥലംമാറ്റവും സാമ്പത്തിക ആനുകൂല്യങ്ങള്‍ മാനേജ്മെന്റ് തടഞ്ഞുവച്ചതും വൈദ്യുതിബോര്‍ഡില്‍ അസംതൃപ്തി പടര്‍ത്തുന്നു. ജീവനക്കാരിലെ അതൃപ്തി ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും താളം തെറ്റിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ ഇടതുപക്ഷ യൂണിയന്‍ അംഗങ്ങളെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയാണ്. 1988ല്‍ നിലവില്‍ വന്ന സ്ഥലംമാറ്റതത്വം പൂര്‍ണമായും അട്ടിമറിച്ചു. സര്‍ക്കാരിനോട് വിധേയത്വം പുലര്‍ത്തുന്നവര്‍ക്കും ഭരണാനുകൂലസംഘടനയില്‍ അംഗത്വമെടുക്കുന്നവര്‍ക്കുമായി സ്ഥലംമാറ്റം ഉപയോഗപ്പെടുത്തുകയാണ്. ലക്ഷങ്ങളുടെ കോഴയും ഇതിനുപിന്നിലുണ്ട്. നായനാര്‍ സര്‍ക്കാരിലെ വൈദ്യുതിമന്ത്രി ടി ശിവദാസമേനോന്റെ മുന്‍കയ്യിലാണ് സമഗ്രവും മനുഷ്യത്വപരവുമായ സ്ഥലമാറ്റ മാനദണ്ഡം ഉണ്ടാക്കിയത്. ഈ ചട്ടങ്ങള്‍ പ്രകാരം ക്യാന്‍സര്‍പോലുള്ള രോഗബാധിതര്‍, വിധവകള്‍, വിഭാര്യര്‍, സൈനികരുടെ ആശ്രിതര്‍, വികലാംഗര്‍, ജോലിക്കിടെ അപകടം സംഭവിച്ചവര്‍, മിശ്രവിവാഹിതര്‍, ജീവനക്കാരുടെ സഹകരണസംഘം ഭരണസമിതിയംഗങ്ങള്‍ എന്നിവരെ സ്ഥലംമാറ്റാന്‍ പാടില്ല. അംഗീകൃത യൂണിയനുകളുടെ നിശ്ചിത എണ്ണം മെമ്പര്‍മാര്‍ക്കും പ്രത്യേക സംരക്ഷണം ഉറപ്പുവരുത്തി. ഈ മാനദണ്ഡങ്ങളുടെ കടയ്ക്കലാണ് ഇക്കുറി മന്ത്രി ആര്യാടന്‍ മുഹമ്മദും അധികൃതരും കത്തിവച്ചത്. ഇത്തരം വെളിവില്ലാത്ത നടപടികള്‍ മൂലം പാലക്കാട്, മലപ്പുറം, കാസര്‍കോട് തുടങ്ങി പിന്നോക്ക ജില്ലകളില്‍ ജീവനക്കാരുടെ അസന്തുലിതാവസ്ഥയാണ്. മലപ്പുറത്ത് നിന്ന് 131 ലൈന്മാന്മാരെ മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റിയപ്പോള്‍ തിരികെവന്നത് 60 പേര്‍ മാത്രമാണ്. പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ബലത്തില്‍ സ്ഥലം മാറ്റം അട്ടിമറിക്കപ്പെട്ടു. ജൂണ്‍ 20ന് തെക്കന്‍ ജില്ലകളില്‍നിന്ന് 24 അസിസ്റ്റന്റ് എന്‍ജിനിയര്‍മാരെ കാസര്‍കോട്ടേക്ക് മാറ്റിയിരുന്നു. ഇതില്‍ നാലുപേര്‍ മാത്രമാണ് എത്തിയത്. 11പേരുടെ മാറ്റം ജൂലൈ 16ന് ചീഫ് എന്‍ജിനിയര്‍ റദ്ദാക്കി. ഒമ്പതുപേര്‍ അതിനായി ശ്രമിച്ചുകൊണ്ടിരുന്നു. തിരുവന്തപുരം, കൊല്ലം ജില്ലകളിലെ 66 സീനിയര്‍ അസിസ്റ്റന്റുമാരെ മാറ്റിയെങ്കിലും പിന്നിട് കാഷ്യര്‍മാരായി തരംതാഴ്ത്തി അതാതിടങ്ങളില്‍ തുടരാന്‍ അനുവദിച്ചു. കനത്ത മഴ ലഭിച്ചതിനാല്‍ രണ്ടുമാസത്തിനിടെ ബോര്‍ഡിന്റെ സാമ്പത്തികനില ഏറെ മെച്ചപ്പെട്ടു. എന്നിട്ടും കുടിശ്ശിക ആനുകൂല്യങ്ങള്‍ നല്‍കാത്തതിലും ജീവനക്കാര്‍ രോഷാകുലരാണ്. പിഎഫ്, ലീവ് സറണ്ടര്‍, ടിഎ, മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് തുടങ്ങിയവ ഒരുവര്‍ഷമായി തടഞ്ഞുവച്ചിരിക്കയാണ്. വികല നയങ്ങള്‍ക്കും രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങള്‍ക്കുമെതിരെ പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുകയാണ് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍.                                                                                                             ദേശാഭിമാനി 18-08-2013

നിയമനവും പ്രൊമോഷനും നിലച്ചു; വര്ക്ക്മാ ന്‍ തസ്തികയില്‍ 5911 ഒഴിവ്

 കെഎസ്ഇബിയില്‍ എല്‍ഡിഎഫ് ഭരണകാലത്ത് സുഗമമായി നടന്നിരുന്ന പ്രൊമോഷനുകളും നിയമനങ്ങളും യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. വര്‍ക്ക്മാന്‍ തസ്തികകളില്‍ 5911 ഒഴിവുകളാണ് നിലവിലുള്ളത്. ഇലക്ട്രിസിറ്റി വര്‍ക്കര്‍-1607, ലൈന്‍മാന്‍-1253, ഓവര്‍സിയര്‍-697, സബ്എന്‍ജിനിയര്‍-510, മീറ്റര്‍ റീഡര്‍-878, സീനിയര്‍ അസിസ്റ്റന്റ്-392, കാഷ്യര്‍-526, ഫെയര്‍ കോപ്പി അസിസ്റ്റന്റ്-48 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഐടിഐ യോഗ്യതയുള്ള 67 പേര്‍ക്കും ഡിപ്ലോമക്കാരായ 44 പേര്‍ക്കും അസിസ്റ്റന്റ് എന്‍ജിനിയര്‍മാരായി സ്ഥാനക്കയറ്റം നല്‍കാനായി ഒന്നര വര്‍ഷംമുമ്പ് പ്രസിദ്ധീകരിച്ച സാധ്യതാലിസ്റ്റ് നോക്കുകുത്തിയായി. പുതുതായി പ്രഖ്യാപിച്ച 34 സെക്ഷന്‍ ഓഫീസുകളില്‍ തസ്്തിക സൃഷ്ടിക്കാനും നടപടികളില്ല. മസ്ദൂര്‍മാരെ നിയമിക്കാനുള്ള ഷോര്‍ട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും അന്തിമ റാങ്ക്ലിസ്റ്റായില്ല.                                                                            ദേശാഭിമാനി 18-08-2013

Thursday, August 8, 2013

വൈദ്യുതി ഉല്‌പാദനത്തില്‍ സര്‍വകാല റിക്കാര്‍ഡ്

സംസ്ഥാനത്തെ ജലവൈദ്യുതി ഉല്പാദനം സര്‍വകാല റിക്കാര്‍ഡിലേക്ക്. ബുധനാഴ്ച 3.62 കോടി യൂണിറ്റ് ജലവൈദ്യുതി ആണ് ഉല്പാദിപ്പിച്ചത്. ഇതിനുമുമ്പ് ഒരിക്കലും ഇത്രയും വൈദ്യുതി ഉല്പാദിപ്പിച്ചിട്ടില്ല.

ഇടുക്കി അണക്കെട്ടിലെ ജലം തുറന്നുവിടുന്നത് ഒഴിവാക്കാനാണ് ഇത്രയും വൈദ്യുതി ഉല്പാദിപ്പിക്കേണ്ടിവന്നത്. ഇടുക്കിയില്‍ ഇപ്പോള്‍ 89 ശതമാനം വെള്ളം ഉണ്ട്. ചൊവ്വാഴ്ച 87 ശതമാനമായിരുന്നു. കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിച്ചില്ലെങ്കില്‍ ഡാം തുറന്നുവിടേണ്ട സ്ഥിതിയിലെത്തുമായിരുന്നു. അതിനാലാണ് ബുധനാഴ്ച ഉല്പാദനം കൂട്ടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 3.3 കോടി യൂണിറ്റാണ് ഉല്പാദിപ്പിച്ചിരുന്നത്.

ഉപയോഗത്തിലും നേരിയ വര്‍ധനയുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി 4.7 കോടി യൂണിറ്റില്‍നിന്നും 5 കോടി യൂണിറ്റായി ഉപയോഗം ഉയര്‍ന്നു. മഴ കുറവായതാണ് ഉപയോഗം വര്‍ധിക്കാന്‍ കാരണം. സംസ്ഥാനത്തെ അണക്കെട്ടുകളിലെല്ലാംകൂടി ഇപ്പോള്‍ 375.8 കോടി യൂണിറ്റ് ഉല്പാദിപ്പിക്കാനുള്ള വെള്ളം ഉണ്ട്. ഇത് കഴിഞ്ഞ കൊല്ലത്തെക്കാള്‍ 285 കോടി യൂണിറ്റ് കൂടുതലാണ്.
Mathrubhumi