വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Monday, January 28, 2013

വൈദ്യുതി: വികസനമുണ്ടായത് എല്‍ഡിഎഫ് ഭരണത്തില്‍- സിഐടിയു


തിരു: വൈദ്യുതി ബോര്‍ഡില്‍ 1996ല്‍ നടപ്പാക്കിയ പരിഷ്കാരങ്ങളാണ് സ്വകാര്യവല്‍ക്കരണത്തിന് തുടക്കമിട്ടതെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവന വസ്തുതകള്‍ മനസ്സിലാക്കാതെയാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്വകാര്യവല്‍ക്കരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് കാനം ശ്രമിക്കുന്നത്. 1996ലെ പരിഷ്കാരങ്ങള്‍ വൈദ്യുതി ബോര്‍ഡിന് ഏറെ ഗുണപരമായെന്ന് ഏവരും അംഗീകരിച്ചതാണ്. അന്ന് വൈദ്യുതി ബോര്‍ഡിന്റെ പദ്ധതികള്‍ക്ക് വായ്പ ലഭിക്കുന്നതിന് ലോകബാങ്കുമായി ചര്‍ച്ച നടന്നിരുന്നു. വൈദ്യുതി മന്ത്രി എന്ന നിലയില്‍ പിണറായി വിജയനും ആ ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍, വായ്പ നല്‍കണമെങ്കില്‍ വൈദ്യുതി ബോര്‍ഡിനെ സ്വകാര്യവല്‍ക്കരിക്കണം എന്നായിരുന്നു ലോകബാങ്കിന്റെ ആവശ്യം. ഒരു കാരണവശാലും ഇത്തരം നിബന്ധന സ്വീകരിക്കാന്‍ പറ്റില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇക്കാലത്തെ നടപടികളാണ് ലാവ്ലിനെ കേരളത്തില്‍ കൊണ്ടുവന്നത് എന്ന നിലപാട് വൈദ്യുതി മേഖലയിലെ ചരിത്രം അറിയാത്തതുകൊണ്ട് മാത്രമാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം 1969ല്‍ നടത്തിയത് കനേഡിയന്‍ കമ്പനിയായ ലാവ്ലിനായിരുന്നു. ഇത് കാണിക്കുന്നത് ലാവ്ലിനെ കേരളത്തിന്റെ വൈദ്യുതിമേഖലയുമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ബന്ധമുണ്ടായിരുന്നുവെന്നാണ്. ഈ യാഥാര്‍ഥ്യം മറച്ചുവച്ച്് നടത്തുന്ന പ്രസ്താവനയ്ക്ക് പിന്നിലുള്ള താല്‍പ്പര്യം ദുരൂഹമാണ്. 1996ല്‍ വൈദ്യുതി മേഖലയില്‍ നടപ്പാക്കിയ പരിഷ്കാരങ്ങളാണ് കേരളത്തിലെ വൈദ്യുതി വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം. അക്കാലത്ത് 1086 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തില്‍ പുതുതായി ഉല്‍പ്പാദിപ്പിച്ചത്. കേരളത്തില്‍ നിലനിന്നിരുന്ന പവര്‍കട്ടിനും ലോഡ്ഷെഡിങ്ങിനും അന്ത്യം കുറിച്ചത് അക്കാലത്ത് ദീര്‍ഘവീക്ഷണത്തോടുകൂടി നടപ്പാക്കപ്പെട്ട പദ്ധതികളിലൂടെയാണ്. എന്നാല്‍, തുടര്‍ന്ന് അധികാരത്തില്‍വന്ന യുഡിഎഫിന് 26.6 മെഗാവാട്ട് വൈദ്യുതി മാത്രമാണ് പുതുതായി ഉല്‍പ്പാദിപ്പിക്കാനായത്. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നേടിയെടുത്ത ഒറീസയിലെ കല്‍ക്കരിപ്പാടം ഉള്‍പ്പെടെ നഷ്ടപ്പെടുത്തുന്ന നിലയാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ പവര്‍കട്ടും ലോഡ്ഷെഡിങ്ങും കേരളത്തില്‍ കൊണ്ടുവരുന്ന സ്ഥിതി ഉണ്ടാക്കി. മാത്രമല്ല വൈദ്യുതിക്ക് വന്‍തോതില്‍ വില വര്‍ധിപ്പിക്കുന്ന നടപടിയും കൂടിയായതോടെ ശക്തമായ പ്രതിഷേധം സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ നയം വൈദ്യുതിമേഖലയെ തകര്‍ക്കുന്ന വര്‍ത്തമാനകാലത്ത് അവയ്ക്കെതിരായി ശക്തമായ പോരാട്ടം വളരുന്ന ഘട്ടം കൂടിയാണ് ഇത്. ഈ അവസരത്തില്‍ ജനങ്ങളെ വഴിതെറ്റിക്കാനുള്ള പ്രസ്താവനകള്‍ക്ക് പിന്നിലുള്ള താല്‍പ്പര്യങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ആനത്തലവട്ടം ആനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Monday, January 14, 2013

പങ്കാളിത്ത പെൻഷൻ - മിനിമം പെൻഷൻ ഉറപ്പ്- സമരം തീർന്നു




നവലിബറല്‍ നയങ്ങള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന പങ്കാളിത്ത പെന്‍ഷനെതിരെ ജീവനക്കാരും അധ്യാപകരും നടത്തിവന്ന ഐതിഹാസിക സമരം ഒത്തുതീര്‍പ്പായി. ഞായറാഴ്ച അര്‍ധരാത്രി ധനമന്ത്രി കെ എം മാണിയുമായും തിങ്കളാഴ്ച പുലര്‍ച്ചെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും സംയുക്തസമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ഒരാഴ്ചയോളം നീണ്ട സമരം ഒത്തുതീര്‍പ്പായത്. സമരത്തില്‍ ഉന്നയിച്ച സുപ്രധാന ആവശ്യമായ മിനിമം പെന്‍ഷന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പുനല്‍കിയതായി സമരസമിതി നേതാക്കള്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കാനും ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കാനും പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി.

പെന്‍ഷന്‍ വിഹിതം ട്രഷറിയില്‍ നിക്ഷേപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്പ്മെന്റ് അതോറിറ്റിയോട് ആവശ്യപ്പെടും. ഇപിഎഫ് റിട്ടേണില്‍ കുറയാത്ത തുക പെന്‍ഷനായി ലഭിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവിലുള്ള ജീവനക്കാര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തന്നെ തുടരുമെന്നും ഏപ്രില്‍ മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രമേ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുകയുള്ളൂവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സമരത്തിന്റെ ഭാഗമായി ശിക്ഷാനടപടികള്‍ ഉണ്ടാകില്ല. എന്നാല്‍ അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകള്‍ പിന്‍വലിക്കില്ല. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ജീവനക്കാരുടെ സമരത്തെ അടിച്ചമര്‍ത്താനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വഴങ്ങിയത്. ചര്‍ച്ചയില്ലെന്ന് പലകുറി ആവര്‍ത്തിക്കുകയും സമരരംഗത്തുള്ളവരെ പരിഹസിക്കുകയും ചെയ്ത മുഖ്യമന്ത്രി, മന്ത്രി മാണി വഴിയാണ് അനുരഞ്ജന ചര്‍ച്ചയ്ക്ക് വഴിതുറന്നത്.

സംസ്ഥാനത്തെ സിവില്‍ സര്‍വീസ് രംഗവും വിദ്യാലയങ്ങളും പൂര്‍ണമായും സ്തംഭിച്ചതോടെയാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്. പങ്കാളിത്ത പെന്‍ഷനെതിരായ പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് സംഘടനാപ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി കെ എം മാണിയുടെ വസതിയില്‍ നടത്തിയ ചര്‍ച്ചയില്‍ സംയുക്ത സമരസമിതി നേതാക്കളായ എ ശ്രീകുമാര്‍, സി ആര്‍ ജോസ് പ്രകാശ്, പി എച്ച് എം ഇസ്മയില്‍, എം ഷാജഹാന്‍, കെ ശിവകുമാര്‍, എസ് വിജയകുമാരന്‍ നായര്‍, ഇ നിസാറുദ്ദീന്‍, എന്‍ ശ്രീകുമാര്‍, പരശുവയ്ക്കല്‍ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ധനകാര്യ പ്രിന്‍സിപ്പല്‍ വി പി ജോയി ഉള്‍പ്പെടെ ഉന്നതഉദ്യോഗസ്ഥസംഘവും ചര്‍ച്ചയില്‍ പങ്കെടുത്തു. ഒരാഴ്ചയായി സമരം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ലേബര്‍ കമീഷണറേറ്റിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ പി ആര്‍ ആനന്ദന്‍, ലേബര്‍ വകുപ്പില്‍ ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ പ്രസന്നന്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാരായ ബേബി കാസ്ട്രോ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. 11 അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരെയും സസ്പെന്‍ഡ് ചെയ്തു.

എംപ്ലോയ്മെന്റ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പി ആര്‍ റൈനോള്‍ഡ്, എസ് ജയചന്ദ്രന്‍നായര്‍, ശ്രീകാന്തന്‍, വൈക്കം എംപ്ലോയ്മെന്റ് ഓഫീസര്‍ സോമനാഥന്‍ എന്നിവരെയും സസ്പെന്‍ഡ് ചെയ്തു. ട്രെയ്നിങ് വകുപ്പില്‍ കോട്ടയം ആര്‍ഐസിയില്‍ ട്രെയ്നിങ് ഓഫീസര്‍ മൊയ്തീന്‍കുട്ടിയും സസ്പെന്‍ഷനിലാണ്. ധനുവച്ചപുരം ഐടിഐ വൈസ് പ്രിന്‍സിപ്പല്‍ ഷമ്മി ബെക്കറെ നിലമ്പൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു.
 (ദേശാഭിമാനി ദിനപത്രം 14/01/2013)

Saturday, January 12, 2013

രാജ്യത്തെ തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കുന്നു




2013 ഫെബ്രുവരി 20നും 21നും രാജ്യത്തെ തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കുന്നു.
  1. വിലവർദ്ധനവ് തടയുന്നതിന് സമൂർത്തനടപടികൾ സ്വീകരിക്കുക.
  2. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള നടപടികൾ എടുക്കുക.
  3. തൊഴിൽ നിയമങ്ങൾ കർക്കശമായി നടപ്പാക്കുക.
  4. സംഘടിത മേഖലയിലേയും അസംഘടിത മേഖലയിലേയും തൊഴിലാളികൾക്കാകെ ബാധകമാകുന്ന സാർവത്രിക സാമൂഹ്യ സുരക്ഷാ സംവിധാനം നടപ്പാക്കുക.
  5. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നത് നിർത്തലാക്കുക.
  6. സ്ഥിരം ജോലികളിലും നിരന്തരം ഉണ്ടാകുന്ന ജോലികളിലും കരാർവത്കരണം നിർത്തലാക്കുക. സ്ഥിരം തൊഴിലാളികൾക്ക്  ലഭ്യമാക്കുന്ന അതേ നിരക്കിൽ കരാർ തൊഴിലാളികൾക്കും കൂലിയും മറ്റാനുകൂല്യങ്ങളും നൽകുക.
  7. എല്ലാ വിഭാഗത്തിലുള്ളവർക്കും സാർവത്രികമായി ബാധകമാകത്തക്കവിധം മിനിമം കൂലി നിയമം ഭേദഗതി ചെയ്യുക. കുറഞ്ഞ കൂലി പ്രതിമാസം 10,000 രൂപയെങ്കിലുമായി നിശ്ചയിക്കുക.
  8. ബോണസിന്റെയും പ്രൊവിഡന്റ് ഫണ്ടിന്റെയും തുകയെയും അർഹതയെയും സംബന്ധിച്ച എല്ലാ പരിധികളും നീക്കം ചെയ്യുക. ഗ്രാറ്റുവിറ്റി തുക വർദ്ധിപ്പിക്കുക.
  9. എല്ലാവർക്കും സുനിശ്ചിതമായ പെൻഷൻ നൽകുക.
  10. 45 ദിവസത്തിനുള്ളിൽ ട്രേഡ് യൂണിയനുകൾക്ക് നിർബന്ധമായും രജിസ്ട്രേഷൻ നൽകുക.1987ഉം 1998ഉം ഐ.എൽ.ഒ കൺ‌വൻഷനുകൾക്ക് ഔപചാരികമായ അംഗീകാരം ഉടൻ നൽകുക.
INTUC, BMS, AITUC, HMS, CITU, AIUTUC, TUCC, AICCTU, UTUC, SEWA

Sunday, January 6, 2013

വൈദ്യുതി ജീവനക്കാർ ജനുവരി എട്ടിന് പണിമുടക്കുന്നു


പങ്കാളിത്ത പെൻഷൻ പദ്ധതി 2013 ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കാൻ തീരുമാനിച്ചതിനെതിരെ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകർ ജനുവരി എട്ടിന് പണിമുടക്കുന്നു.