വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Tuesday, February 19, 2013

വൈദ്യുതി ബോര്‍ഡ് സ്വകാര്യവല്‍ക്കരിക്കില്ല:മന്ത്രി ആര്യാടന്‍ മുഹമ്മദ്

വൈദ്യുതിബോര്‍ഡ് ഒരു കാരണവശാലും സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. സ്വകാര്യവല്‍ക്കരിച്ചാലേ കേന്ദ്രപദ്ധതി അടിസ്ഥാനത്തിലുള്ള സഹായം ലഭിക്കുകയുള്ളൂവെങ്കില്‍ അത് വേണ്ടെന്നു പറയാന്‍ സര്‍ക്കാരിന് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. എ കെ ബാലന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. കെഎസ്ഇബിയെ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിച്ചാല്‍ വഴങ്ങില്ലെന്ന മന്ത്രിയുടെ നിലപാടിന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പിന്തുണ പ്രഖ്യാപിച്ചു. മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഇറങ്ങിപ്പോക്ക് ഒഴിവാക്കുകയാണെന്നും വി എസ് അറിയിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതിബോര്‍ഡിന്റെ ഒരു ഓഹരിപോലും വില്‍ക്കില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. വൈദ്യുതിമന്ത്രിമാരുടെ യോഗത്തില്‍ വിതരണം കാര്യക്ഷമമാക്കാന്‍ ഫ്രാഞ്ചൈസി സംവിധാനമോ, പൊതു-സ്വകാര്യ പങ്കാളിത്തമോ മറ്റേതെങ്കിലും മാതൃകകളോ സ്വീകരിക്കാനാണ് നിര്‍ദേശം വന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള കത്താണ് ലഭിച്ചത്. കത്തില്‍ പറഞ്ഞിട്ടുള്ള മറ്റു മാര്‍ഗങ്ങളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. വൈദ്യുതി വാങ്ങാന്‍പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് കെഎസ്ഇബി. പ്രതിമാസം ബോര്‍ഡിന്റെ വരുമാനം 700 കോടിയാണെങ്കില്‍ വൈദ്യുതി വാങ്ങാന്‍മാത്രം 770 കോടി വേണം. ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ പുറമെയാണ്. പ്രതിമാസം 200 കോടിയുടെ നഷ്ടത്തിലാണ് ബോര്‍ഡ് പോകുന്നത്. ഈ സാഹചര്യത്തിലാണ് 2640 കോടിയുടെ സഹായം പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ നല്‍കുന്നത്. ഇതില്‍ 50 ശതമാനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയാല്‍ 25 ശതമാനം കേന്ദ്രം ഗ്രാന്റായി നല്‍കും. പ്രസരണവിതരണ നഷ്ടം 15 ശതമാനത്തില്‍നിന്ന് താഴെയാക്കിയാല്‍ ഓരോ ശതമാനത്തിനും ഗ്രാന്റ് കിട്ടും.നാലു ശതമാനംവരെ പ്രസരണനഷ്ടം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ ഫണ്ട് ഉപയോഗിച്ച് ബോര്‍ഡിന് മുന്നോട്ടുപോകാനാകും. എന്നാല്‍, അതിനായി ബോര്‍ഡിനെ സ്വകാര്യവല്‍ക്കരിക്കാമെന്നു പറഞ്ഞിട്ടില്ല. താരിഫ് എല്ലാ വര്‍ഷവും പുതുക്കണമെന്നത് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമീഷന്റെ ഉത്തരവാണ്. നിയമപരമായി അത് ചെയ്തേ കഴിയൂ. അതിന്റെ അടിസ്ഥാനത്തിലാണ് റെഗുലേറ്ററി കമീഷന് താരിഫ് പെറ്റീഷന്‍ നല്‍കിയത്. എന്നാല്‍, അത് വര്‍ധിപ്പിക്കണമോ വേണ്ടയോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. അതേസമയം, വൈദ്യുതിവിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടി സ്വീകരിച്ചശേഷം സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണെന്ന് എ കെ ബാലന്‍ ആരോപിച്ചു. കടം വരുത്തിയ കമ്പനികളെ സഹായിക്കാന്‍ കേന്ദ്രത്തിന്റെ തന്ത്രമാണ് ഈ നടപടി. കേന്ദ്രം അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യവല്‍ക്കരണനടപടികള്‍ സ്വീകരിച്ചാല്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്ന ബോര്‍ഡിന്റെ മുന്നറിയിപ്പ് മറികടന്നാണ് എല്ലാ വ്യവസ്ഥകളും അംഗീകരിക്കുന്നെന്ന് വ്യക്തമാക്കി ഊര്‍ജ സെക്രട്ടറി കത്തയച്ചത്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഡിസംബര്‍ 31ന് മുമ്പ് താരിഫ് പെറ്റീഷന്‍ നല്‍കിയത്. ഇത്തരത്തില്‍ സ്വകാര്യവല്‍ക്കരിച്ചാല്‍ ലഭിക്കാവുന്ന പരമാവധി തുക 330 കോടി മാത്രമാണ്. അതിനും പ്രസരണ നഷ്ടം 15 ശതമാനത്തില്‍നിന്ന് കുറയ്ക്കണം. എത്ര ശ്രമിച്ചാലും രണ്ടു ശതമാനത്തില്‍ കൂടുതല്‍ ഇത് കുറയ്ക്കാനാകില്ല. അങ്ങനെ വരുമ്പോള്‍ ലഭിക്കുന്നത് വെറും 133 കോടി രൂപമാത്രമായിരിക്കും. ഇതിനായി കെഎസ്ഇബിയെ സ്വകാര്യവല്‍ക്കരിക്കേണ്ടതുണ്ടോയെന്ന് ചിന്തിക്കണം. പൊതുമേഖലയില്‍ ഒറ്റക്കമ്പനിയായി നില്‍ക്കുന്ന വൈദ്യുതിബോര്‍ഡിനെ ഒരുകാരണവശാലും സ്വകാര്യവല്‍ക്കരിക്കാനാകില്ല. അതുകൊണ്ടാണ് ഈ വളഞ്ഞവഴി സ്വീകരിക്കുന്നത്. ആ വളഞ്ഞവഴിക്ക് ഒരു ഭേദഗതിയും നിര്‍ദേശിക്കാതെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ച ഏക സംസ്ഥാനമാണ് കേരളം. കേന്ദ്രനീക്കം രാജ്യദ്രോഹവും ജനാധിപത്യവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. (ദേശാഭിമാനി 19/01/2013)

ദേശീയപണിമുടക്ക് വന്‍വിജയമാക്കുക: സംയുക്ത ട്രേഡ് യൂണിയന്‍ സമിതി

ജനദ്രോഹ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിക്കുന്ന ദേശീയപണിമുടക്ക് വന്‍വിജയമാക്കാന്‍ സംസ്ഥാന സംയുക്ത ട്രേഡ്യൂണിയന്‍ സമിതി അഭ്യര്‍ഥിച്ചു. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ മുഴുവന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളും ബാങ്ക്-ഇന്‍ഷൂറന്‍സ്-പ്രതിരോധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളും ഒരുമിച്ച് 48മണിക്കൂര്‍ പണിമുടക്കുന്നതെന്ന് വിവിധ ട്രേഡ് യൂണിയനുകളുടെ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍വീസ്, അധ്യാപക സംഘടനകളും സംസ്ഥാനതല ട്രേഡ് യൂണിയനുകളും കേന്ദ്ര ട്രേഡ് യൂണിയനുകളുമായി അഫിലിയേഷന്‍ ഇല്ലാത്ത സ്വതന്ത്ര സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും. ആശുപത്രി, പത്രം, പാല്‍ എന്നിവ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വ്യാപാരി വ്യവസായി സംഘടനകള്‍ കടകമ്പോളങ്ങള്‍ അടച്ചും പൊതുജനങ്ങള്‍ യാത്ര ഒഴിവാക്കിയും പണിമുടക്കുമായി സഹകരിക്കണമെന്ന് സമിതി അഭ്യര്‍ഥിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളിദ്രോഹ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് രണ്ടു ദിവസത്തെ പണിമുടക്ക്. പണിമുടക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന പ്രചാരണത്തിന് ഒരടിസ്ഥാനവുമില്ല. കേന്ദ്രനയങ്ങള്‍ സംസ്ഥാനങ്ങള കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വൈദ്യുതി, കെഎസ്ആര്‍ടിസി പ്രതിസന്ധി ഇതിന് ഉദാഹരണമാണ്. തൊഴിലാളികള്‍ സമരം ചെയ്തു നേടിയെടുത്ത ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുകയാണ്. വിലക്കയറ്റം തടയുക, തൊഴിലും തൊഴില്‍ശാലകളും സംരക്ഷിക്കുക, തൊഴില്‍നിയമങ്ങള്‍ ഉറപ്പുവരുത്തുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കരുത്, താല്‍ക്കാലിക- കരാര്‍ ജീവനക്കാര്‍ക്ക് സ്ഥിരംജീവനക്കാരുടെ വേതനം നല്‍കുക, മിനിമം വേതനം 10,000 രൂപയായി നിശ്ചയിക്കുക തുടങ്ങി പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

എളമരം കരീം (സിഐടിയു), കാനം രാജേന്ദ്രന്‍ (എഐടിയുസി), അഡ്വ. സുബോധനന്‍(ഐഎന്‍ടിയുസി), അഡ്വ. എം എസ് കരുണാകരന്‍ (ബിഎംഎസ്), അഹമ്മദ്കുട്ടി ഉണ്ണികുളം (എസ്ടിയു),എം കെ കണ്ണന്‍ (എച്ച്എംഎസ്), സി കെ ലൂക്കോസ് (എഐയുടിയുസി), അഡ്വ. ഫിലിപ് കെ തോമസ് (യുടിയുസി), എ പി അനില്‍കുമാര്‍ (ടിയുസിസി), സോണിയ ജോര്‍ജ്ജ് (സേവ), ചാര്‍സ് ജോര്‍ജ്ജ് (ടിയുസിഐ), ഉഴവൂര്‍ വിജയന്‍(എന്‍എല്‍സി), എം ഉണ്ണികൃഷ്ണന്‍(ഐഎന്‍എല്‍സി), എ എ എബ്രഹാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.   (ജാഗ്രത jagrathablog.blogspot.in/2013/02/blog-post_2737.html)

സ്വകാര്യവൽക്കരണ നിർദേശം കേരളം ചോദിച്ചുവാങ്ങിയത്

            ബോർഡിന്റെ സാമ്പത്തിക പുന:സംഘടന സംബന്ധിച്ച് കേന്ദ്ര ഊർജമന്ത്രാലയം ചില നിർദേശങ്ങൾ 2012 നവംബറിൽ കേരളത്തിനയച്ചു കൊടുത്തു. ആ നിർദേശങ്ങൾ നടപ്പിലാക്കുന്നത് കൊണ്ട് കേരളത്തിലെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന വൈദ്യുത സ്ഥാപനത്തിന് ഒരു ആനുകൂല്യവും ലഭിക്കാനില്ല. ഇതിന്റെ വരുംവരായ്കകളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ബോർഡ് മേധാവികൾ ഇതംഗീകരിച്ച് ഉത്തരവിറക്കി. അത് സംബന്ധിച്ച ഉത്തരവ് കേരളത്തിലെ  ഊർജ സെക്രട്ടറി കേന്ദ്രഗവണ്മെന്റിന് അയച്ചുകൊടുത്തു. കേന്ദ്രഗവണ്മെന്റിന്റെ സ്വകാര്യവൽകരണവുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങൾ വിതരണകമ്പനികളിൽ നടപ്പിലാക്കുമെന്നുകൂടി ഊർജസെക്രട്ടറിയുടെ കത്തിൽ പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യവൽകരണ നിർദേശങ്ങൾ 15 ദിവസത്തിനകം അയയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.
              ബോർഡിന്റെ സാമ്പത്തിക പുന:സംഘടന സംബന്ധിച്ച ഉത്തരവും ഊർജ വകുപ്പ് എഴുതിയ കത്തും സ്ഥാപനത്തിന്റെ നിലനില്പിനെ തന്നെ തകരാറിലാക്കുമെന്ന് മനസിലാക്കിയ ബോർഡിലെ 12 സംഘടനകൾ സംയുക്തമായി ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. വൈദ്യുതി സ്ഥാപനത്തോടോ കേരളത്തോടോ യാതൊരു കടപ്പാടുമില്ലാത്ത ബോർഡുദ്യോഗസ്ഥരും ഊർജവകുപ്പ് മേധാവികളും ഉത്തരവ് റദ്ദാക്കാനോ കേന്ദ്രത്തിന് അയച്ച കത്ത് പിൻ‌വലിക്കാനോ തയ്യാറായില്ല.
               സ്വകാര്യവൽക്കരണ നിർദേശങ്ങൾ ഉടനടി അയയ്ക്കണമെന്ന പവർ ഫിനാൻസ് കോർപറേഷന്റെ കത്തിൽ തന്നെ 2011-12 സാമ്പത്തിക വർഷം കേരളത്തിലെ വൈദ്യുതി വിതരണ സ്ഥാപനം 241 കോടി രൂപ ലാഭമുണ്ടാക്കിയത് പ്രത്യേകം എടുത്ത് പറയുന്നുണ്ട്. ഇൻഡ്യയിൽ ലാഭകരമായി പ്രവർത്തിക്കുന്ന ഏക വൈദ്യുതി സ്ഥാപനമാണിത്. അത് സ്വകാര്യവൽക്കരിക്കണം എന്ന നിർദേശത്തെ തള്ളിക്കളയാൻ മറ്റ് കാരണങ്ങളൊന്നും പ്രത്യേകിച്ച് വേണ്ടല്ലോ ?
           അതുകൊണ്ട് ഇലക്ട്രിസിറ്റി ബോർഡ് അംഗീകരിച്ച സാമ്പത്തിക പുന:സംഘടനാ സ്കീം സംബന്ധിച്ച ഉത്തരവ് റദ്ദാക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ പവർ സെക്രട്ടറി കേന്ദ്രസർക്കാരിന് അയച്ച കത്ത് പിൻ‌വലിക്കണം. മെച്ചപ്പെട്ട രീതിയിൽ നടക്കുന്ന ഈ സ്ഥാപനം സ്വകാര്യവൽക്കരിക്കേണ്ട കാര്യമില്ല എന്ന വൈദ്യുതി വകുപ്പിന്റേതായ കത്ത് പവർ ഫിനാൻസ് കോർപ്പറേഷന് അയക്കാൻ വേണ്ട നടപടി വൈദ്യുതി മന്ത്രി ഉടൻ ഏറ്റെടുക്കണം.
           കേരളത്തിന്റെ വൈദ്യുതി രംഗം താറുമാറാക്കുന്ന നടപടികൾ തുടർച്ചയായി എടുക്കുന്ന ഇലക്ട്രിസിറ്റി ബോർഡിന്റെയും ഊർജ വകുപ്പിന്റെയും കേരള ഗവണ്മെന്റിന്റെയും നടപടികളിൽ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റി പ്രതിഷേധിച്ചു. ഡിവിഷൻ ഓഫീസ് വളപ്പിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ സഖാക്കൾ കയാബുദ്ദീൻ, ജയശ്രീ, ഹരിലാൽ എന്നിവർ സംസാരിച്ചു.

Monday, February 18, 2013

ദേശീയ പണിമുടക്ക് - സംയുക്തയോഗം നടത്തി




ഫെബ്രുവരി 20, 21 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി വൈദ്യുതി ബോർഡിലെ സംഘടനകൾ കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസ് പരിസരത്ത് വിശദീകരണ യോഗം നടത്തി. ബാബുരാജൻ(കെ.എസ്.ഇ.ബി.ഒ.എ), സുഗതൻപിള്ള (കെ.എസ്.ഇ.ഇ.എഫ്), ജയശ്രീ(കെ.എസ്.ഇ.ബി.ഡബ്ലു.എ) എന്നിവർ സംസാരിച്ചു.

വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കല്‍: കേന്ദ്രത്തിന്റെ അന്ത്യശാസനം

തിരുവനന്തപുരം: സംസ്ഥാനത്തിന്‍െറ വൈദ്യുതി വിതരണ മേഖല അടിയന്തരമായി സ്വകാര്യവത്കരിക്കണമെന്ന് കേന്ദ്രം. സ്വകാര്യവത്കരിക്കുന്നതിനുള്ള കര്‍മ പദ്ധതി 15 ദിവസത്തിനുള്ളില്‍ തയാറാക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സത്നംസിങ് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എം. ശിവശങ്കറിന് കത്തയച്ചു. വിതരണ മേഖലയില്‍ സ്വകാര്യവത്കരണം അനുവദിക്കണമെന്നതടക്കം അപകടകരമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്ര സര്‍ക്കാറിന്‍െറ സാമ്പത്തിക പുനരുദ്ധരണ പാക്കേജില്‍ സംസ്ഥാനം ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഇത്തരം വ്യവസ്ഥയുണ്ടെന്ന വിമര്‍ശത്തെ സംസ്ഥാന സര്‍ക്കാര്‍ തള്ളുകയായിരുന്നു. ബോര്‍ഡ് കമ്പനിയാക്കാന്‍ അന്തിമഘട്ട നീക്കങ്ങള്‍ നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യവത്കരണം നടത്തില്ലെന്ന് ട്രേഡ് യൂനിയനുകള്‍ക്ക് ആവര്‍ത്തിച്ച് ഉറപ്പ് നല്‍കിയിരുന്നു. സ്വകാര്യവത്കരണത്തിനെതിരെ അതിശക്തമായ പൊതുജനാഭിപ്രായം നിലനില്‍ക്കവെയാണ് സ്വകാര്യവത്കരിച്ചേ മതിയാകൂവെന്ന സമ്മര്‍ദം കേന്ദ്രവും കേന്ദ്ര സ്ഥാപനങ്ങളും നടത്തുന്നത്.
ഫെബ്രുവരി 28നകം കേന്ദ്രത്തിന് സ്വകാര്യവത്കരണ നടപടികള്‍ നല്‍കണം. കര്‍മപദ്ധതി തയാറാക്കി വകുപ്പ് മന്ത്രിയെ അറിയിക്കുകയും ഇതിനുശേഷം ഇതിന്‍െറ വിശദാംശങ്ങള്‍ പവര്‍ ഫിനാന്‍സ് കോര്‍പറേഷനെ അറിയിക്കുകയും വേണമെന്ന് ചെയര്‍മാര്‍ സത്നം സിങ്ങിന്‍െറ കത്തില്‍ നിര്‍ദേശിക്കുന്നു. ഫെബ്രുവരി അഞ്ചിന് ദല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിന്‍െറ അടിസ്ഥാനത്തില്‍ കത്ത് അയക്കുന്നതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. യോഗത്തില്‍ വൈദ്യുതി ബോര്‍ഡുകളുടെ നിലനില്‍പ്പ് സംബന്ധിച്ച് നിരവധി സാധ്യതകള്‍ അവതരിപ്പിച്ചിരുന്നു. വി.കെ. ഷുങ്ഗ്ളുവിന്‍െറ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഫ്രാഞ്ചൈസി മാതൃകയില്‍ ബോര്‍ഡുകള്‍ പരിഷ്കരിക്കാനാണ് നിര്‍ദേശിച്ചത്. ബി.കെ. ചതുര്‍വേദിയുടെ നേതൃത്വത്തിലുള്ള സമിതി പൊതുസ്വകാര്യ പാങ്കാളിത്തമോ ഫ്രാഞ്ചൈസി മാതൃകയോ ആകാമെന്നും ശിപാര്‍ശ നല്‍കി. 100 ശതമാനം സ്വകാര്യവത്കരണ നിര്‍ദേശങ്ങളും പരിഗണിച്ചു. വൈദ്യുതി രംഗം മെച്ചപ്പെടുത്താന്‍ പദ്ധതി തയാറാക്കണമെന്നും കത്തിലുണ്ട്. ഉല്‍പാദനം, വിതരണം, പ്രസരണം എന്നീ മേഖലകള്‍ മെച്ചപ്പെടുത്താന്‍ സംസ്ഥാന ബോര്‍ഡുകള്‍ക്കായി പവര്‍ഫിനാന്‍സ് കോര്‍പറേഷന്‍ 2028 കോടി രൂപയുടെ സാമ്പത്തിക സഹായ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന് കേരളത്തിനും അര്‍ഹതയുണ്ടാകും. സംസ്ഥാനത്തെ വൈദ്യുതി മേഖലയുടെ സാമ്പത്തിക സ്ഥിതിയിലും വിതരണ സംവിധാനത്തിലും ആശങ്കയുണ്ടെന്നും ഈ സാഹചര്യത്തില്‍ സ്വകാര്യ വത്കരണത്തിന് കര്‍മ പദ്ധതി തയാറാക്കാനുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
നാമമാത്രമായ സഹായം വാഗ്ദാനം ചെയ്ത് വൈദ്യുതി രംഗം സ്വകാര്യവത്കരിക്കാനുള്ള തന്ത്രവും സമ്മര്‍ദവുമാണ് ഏറെ നാളായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. 2003 ലെ കേന്ദ്ര വൈദ്യുതി നിയമത്തിന്‍െറ മറ പിടിച്ചാണ് ഈ നീക്കം. തുടക്കത്തില്‍ വൈദ്യുതി ബോര്‍ഡിനെ തന്നെ മൂന്നായി വിഭജിക്കാനായിരുന്നു ശ്രമം. കേരളത്തില്‍ ഒരു കമ്പനിയായി നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ ബോര്‍ഡില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബോര്‍ഡിന്‍െറ ആസ്തി -ബാധ്യതകള്‍ പുതിയ കമ്പനിയെ ഏല്‍പ്പിച്ചുകൊടുക്കും. ഇതിനായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജീവനക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. അപ്പോഴും പ്രധാനമായും സ്വകാര്യവത്കരണ ആശങ്കകളാണ് ജീവനക്കാര്‍ ഉന്നയിച്ചത്. ഒരു കാരണവശാലും സ്വകാര്യവത്കരിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. സാമ്പത്തിക പുനരുദ്ധാരണ പാക്കേജില്‍ സ്വകാര്യ വത്കരണ വ്യവസ്ഥകള്‍ അംഗീകരിച്ചതിനെ കുറിച്ച ആശങ്കയും യോഗത്തില്‍  ഉയര്‍ന്നിരുന്നു. ഇങ്ങനെയൊരു വ്യവസ്ഥയില്ലെന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ അവകാശവാദം.  എന്നാല്‍ സ്വകാര്യവത്കരിക്കാന്‍ സമയപരിധി നിശ്ചയിക്കുകയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.വൈദ്യുതി മേഖലയില്‍ സഹായം ലഭിക്കാന്‍ സ്വകാര്യവത്കരണം വേണമെന്ന നിബന്ധന വെക്കുകയാണ് കേന്ദ്രം.
കേരളത്തിലെ വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിച്ചാല്‍ വൈദ്യുതി നിരക്ക് കുത്തനെ ഉയരാന്‍ സാഹചര്യമൊരുങ്ങും. സ്വകാര്യമേഖലയെ അനുവദിച്ച സംസ്ഥാനങ്ങളിലെല്ലാം അതിഭീമമായ നിരക്ക് വര്‍ധനയാണ് വന്നത്.                (മാധ്യമം 18/02/2013)

Saturday, February 16, 2013

ചരിത്രപ്രക്ഷോഭത്തിന് രാജ്യമൊരുങ്ങുന്നു


പതിനാല് ഏകദിന പണിമുടക്കുകളും മേഖലാതലങ്ങളില്‍ എണ്ണമറ്റ പണിമുടക്കുകളും നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്താനോ അവരുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാനോ തയ്യാറായിട്ടില്ല, മറിച്ച് എന്തുവന്നാലും പരിഷ്കാരങ്ങള്‍ക്ക് വേഗം കൂട്ടാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനവിരുദ്ധനയങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനും ബദല്‍ നയപരിപാടി മുന്നോട്ടുവയ്ക്കാനുമുള്ള ദേശാഭിമാനപ്രചോദിതമായ പ്രവര്‍ത്തനമാണ് ഈ പണിമുടക്ക്. ജനവിരുദ്ധനയങ്ങളില്‍നിന്ന് പിന്തിരിയണമെന്ന ശക്തമായ താക്കീത് ഇതുവഴി ഭരണവര്‍ഗത്തിന് നല്‍കും
 (എ കെ പത്മനാഭന്‍- Deshabhimani 15-02-2013)

രുപത്, 21 തീയതികളില്‍ നടത്തുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്കിനുള്ള എല്ലാ തയ്യാറെടുപ്പും ഇന്ത്യന്‍ തൊഴിലാളിവര്‍ഗം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 11 കേന്ദ്ര ട്രേഡ് യൂണിയനും വിവിധ ദേശീയ ഫെഡറേഷനുകളും ആഹ്വാനം നല്‍കിയ പണിമുടക്കിന് മേഖലാതലത്തിലുള്ള ഇതര സംഘടനകളില്‍നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കുന്നു. ഇതോടൊപ്പം, ഫാക്ടറിതലത്തിലുള്ള സ്വതന്ത്ര ട്രേഡ് യൂണിയനുകളും മറ്റ് സംഘടനകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്.

സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും ബദല്‍ നയരേഖ മുന്നോട്ടുവച്ചുമുള്ള ഐക്യ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ഈ ഘട്ടം, രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമായിരിക്കുമെന്ന് രാജ്യമെങ്ങുംനിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പി വി നരസിംഹറാവു നയിച്ച കേന്ദ്രസര്‍ക്കാര്‍ 1991ല്‍ നവഉദാര നയങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ ട്രേഡ് യൂണിയനുകള്‍ ഇതിനെതിരായ പോരാട്ടത്തിന് തുടക്കംകുറിച്ചു. 1980കളുടെ തുടക്കത്തില്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഐഎംഎഫ് കുറിപ്പടിപ്രകാരമുള്ള നയങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ മുതിര്‍ന്നപ്പോഴേ ട്രേഡ് യൂണിയനുകള്‍ ബദല്‍നയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങി. ട്രേഡ് യൂണിയനുകളുടെ ദേശീയ പ്രക്ഷോഭസമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും തൊഴില്‍രഹിതരായ യുവജനങ്ങളുടെയും ആവശ്യങ്ങള്‍ ഉന്നയിച്ച് 1982 ജനുവരി 19ന് നടത്തിയ പൊതുപണിമുടക്കും ഹര്‍ത്താലും വന്‍ വിജയമായി.

ഐക്യട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചത് 1991ലാണ്. ഇന്ത്യന്‍ ട്രേഡ് യൂണിയനുകളുടെ സ്പോണ്‍സറിങ് കമ്മിറ്റിയുടെയും ബഹുജനസംഘടനകളുടെ ദേശീയവേദിയുടെയും നേതൃത്വത്തിലാണ് 1991 മുതലുള്ള പ്രക്ഷോഭങ്ങള്‍ നടന്നത്. തൊഴിലാളികള്‍ക്കും ചൂഷിതജനവിഭാഗങ്ങള്‍ക്കും നീതി ആവശ്യപ്പെട്ട് 2008 വരെ 12 തവണ രാജ്യവ്യാപക പണിമുടക്കുകളുണ്ടായി. 2009 കൂടുതല്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ക്കുള്ള പുതിയ കുതിപ്പിന് സാക്ഷ്യംവഹിച്ചു, അക്കൊല്ലം സെപ്തംബറില്‍ ചേര്‍ന്ന ദേശീയ കണ്‍വന്‍ഷനോടെ നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ മൂന്നാംഘട്ട പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമായി.

2010 സെപ്തംബര്‍ ഏഴിന്റെ പൊതുപണിമുടക്കിലും അതിന് മുന്നോടിയായി നടന്ന വന്‍ പ്രചാരണത്തിലും അറസ്റ്റുവരിക്കലിലുമൊക്കെ കൂടുതല്‍ കൂടുതല്‍ തൊഴിലാളികള്‍ അണിനിരന്നു. 2011 ഫെബ്രുവരി 23ന് നടന്ന അഭൂതപൂര്‍വമായ, ഉജ്വല പാര്‍ലമെന്റ് മാര്‍ച്ചും മറ്റ് പ്രക്ഷോഭപരിപാടികളും 11 കേന്ദ്രട്രേഡ് യൂണിയന്റെയും മിക്കവാറും എല്ലാ ദേശീയ ഫെഡറേഷനുകളുടെയും പങ്കാളിത്തത്തോടെ സംയുക്തവേദി കൂടുതല്‍ ശക്തമാകുന്നതിന് കാരണമായി. ഇതേത്തുടര്‍ന്ന് 2012 ഫെബ്രുവരി 28ന് മറ്റൊരു പൊതുപണിമുടക്ക് നടത്തി, എല്ലാ മേഖലയില്‍നിന്നുമായി 10 കോടി തൊഴിലാളികളാണ് ഇതില്‍ പങ്കെടുത്തത്. ഇത്തരം പ്രക്ഷോഭങ്ങളില്‍ മുന്‍കാലങ്ങളില്‍ പങ്കെടുത്തിട്ടില്ലാത്ത മേഖലകളിലെ തൊഴിലാളികള്‍പോലും അധ്വാനിക്കുന്ന ജനവിഭാഗത്തോടൊപ്പം അണിചേരാന്‍ സന്നദ്ധരായി മുന്നോട്ടുവന്നു.

ആ പണിമുടക്ക് കഴിഞ്ഞ്, ഒരുവര്‍ഷം പിന്നിടുംമുമ്പേ തൊഴിലാളികള്‍ 48 മണിക്കൂര്‍ പണിമുടക്കിന് തയ്യാറെടുത്തു. പണിമുടക്കില്‍ ഉയര്‍ത്തുന്ന അവകാശപത്രികയില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സാര്‍വത്രിക പൊതുവിതരണസമ്പ്രദായം നടപ്പാക്കുക തുടങ്ങി ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിപക്ഷത്തെയും ബാധിക്കുന്ന മുദ്രാവാക്യങ്ങള്‍ക്കൊപ്പം മിനിമം വേതനം പ്രതിമാസം 10,000 രൂപയായി ഉയര്‍ത്തുക, തുല്യജോലിക്ക് തുല്യവേതനം, വന്‍തോതില്‍ ചൂഷണം നടക്കുന്ന കരാര്‍തൊഴില്‍സമ്പ്രദായം അവസാനിപ്പിക്കുക എന്നീ അടിയന്തരാവശ്യങ്ങളും ഉള്‍പ്പെടുന്നു. ഇവയേക്കാളുപരി, യൂണിയന്‍ രൂപീകരിക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശവും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

നാല്‍പ്പത്തെട്ട് മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയ 2012 ഫെബ്രുവരി കണ്‍വന്‍ഷനുശേഷം തിരക്കിട്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. എല്ലാ സംസ്ഥാനത്തും സംസ്ഥാനതല സംയുക്ത കണ്‍വന്‍ഷനുകള്‍ ചേര്‍ന്നു. മിക്ക സംസ്ഥാനങ്ങളിലും ജില്ല-ഏരിയാതല കണ്‍വന്‍ഷനുകളും സംഘടിപ്പിച്ചു. സംസ്ഥാനതല കണ്‍വന്‍ഷനുകളില്‍ പങ്കെടുത്ത കേന്ദ്രട്രേഡ് യൂണിയനുകളുടെ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തകരോട് താഴെതലങ്ങളില്‍വരെ പണിമുടക്ക് സന്ദേശം എത്തിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. ഇക്കുറി മേഖലാതലത്തില്‍ സംഘടിപ്പിച്ച സംയുക്ത കണ്‍വന്‍ഷനുകളും പ്രചാരണപരിപാടികളും പുതിയ മാനം കൈവരിച്ചു. ഡിസംബര്‍ 15ന് ചൈന്നൈയില്‍ ചേര്‍ന്ന കേന്ദ്ര പൊതുമേഖല യൂണിയനുകളുടെ ദേശീയ കണ്‍വന്‍ഷനില്‍ ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എല്‍പിഎഫ് എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കൊപ്പം സ്വതന്ത്ര യൂണിയനുകളുടെയും ബംഗളൂരുവിലും ഹൈദരാബാദിലും നിന്നുള്ള സംയുക്ത കര്‍മസമിതികളുടെയും പ്രതിനിധികളും പങ്കെടുത്തു. ഉരുക്ക്, കല്‍ക്കരി, പെട്രോളിയം, എന്‍ടിപിസി, പവര്‍ഗ്രിഡ്, സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍, പൊതു-സ്വകാര്യ ഗതാഗതമേഖലകള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും സംയുക്ത കണ്‍വന്‍ഷനുകള്‍ നടത്തി. ഇത്തരം കണ്‍വന്‍ഷനുകളിലും യോഗങ്ങളിലും അഭൂതപൂര്‍വമായ ഐക്യവും സജീവമായ പങ്കാളിത്തവും പ്രകടമായി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പുതിയ സംഘടനകള്‍പോലും യോഗങ്ങളില്‍ സംബന്ധിച്ചു. കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളില്‍ എല്ലാ സംഘടനകളും ഒത്തുചേര്‍ന്നാണ് പ്രചാരണം നടത്തുന്നത്; സംയുക്തമായാണ് പണിമുടക്ക് നോട്ടീസ് നല്‍കിയതും.

ബാങ്കിങ് നിയമ ഭേദഗതി ബില്ലിനെതിരെ ഡിസംബര്‍ 20ന് രാജ്യവ്യാപക പണിമുടക്ക് നടന്ന ബാങ്കിങ് മേഖലയില്‍, ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും എല്ലാ യൂണിയനുകളും ഉള്‍പ്പെട്ട യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) നല്‍കിയ ആഹ്വാനത്തോടെ 48 മണിക്കൂര്‍ പണിമുടക്കില്‍ സമ്പൂര്‍ണ ഐക്യം ഉറപ്പായിരിക്കയാണ്. തൊഴിലാളികളുടെ 13 യൂണിയനുകള്‍ ഒന്നിച്ചുനില്‍ക്കുന്ന ടെലികോം മേഖലയിലും പണിമുടക്ക് പൂര്‍ണമാകും. മുന്‍കാലങ്ങളിലെപോലെ ഇന്‍ഷുറന്‍സ് മേഖലയും സ്തംഭിക്കും.

ദേശീയ ഫെഡറേഷനുകള്‍ സംയുക്തമായി ആഹ്വാനം നല്‍കിയ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പ്രമുഖ തുറമുഖങ്ങളും ഈ രണ്ട് ദിവസം നിശ്ചലമാകും. കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കാന്‍ മുന്നോട്ടുവരികയും പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു.

അങ്കണവാടി, ആശ, ഉച്ചഭക്ഷണപരിപാടി തുടങ്ങിയ ക്ഷേമപദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളും പണിമുടക്കില്‍ പങ്കുചേരും. അങ്കണവാടി മേഖലയില്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, ബിഎംഎസ് എന്നിവയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ദേശീയതല സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് സംയുക്തമായാണ് പണിമുടക്ക് നോട്ടീസ് നല്‍കിയത്.

രാജ്യത്തെ എല്ലാ വ്യവസായകേന്ദ്രങ്ങളിലും സ്വകാര്യമേഖലയിലും പണിമുടക്ക് പൂര്‍ണമാകും. ഗുഡ്ഗാവ്, മനേസ്വര്‍, ഗാസിയാബാദ്, തമിഴ്നാട്ടിലെ ശ്രീപെരുംപതൂര്‍, കര്‍ണാടകത്തില്‍ ബംഗളൂരും പരിസരപ്രദേശങ്ങളും, വിശാല ഹൈദരാബാദ് മേഖല എന്നിവിടങ്ങളിലൊക്കെ പൂര്‍ണമായ തോതില്‍ തയ്യാറെടുപ്പ് നടന്നുവരികയാണ്. നിര്‍മാണം, ബീഡി, കൈത്തറി, യന്ത്രത്തറി, ചുമട് മേഖലകളിലും പ്രചാരണപ്രവര്‍ത്തനം ഉഷാറായി നടക്കുന്നു. കണ്‍വന്‍ഷനുകള്‍ക്കു പുറമെ, വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന വന്‍ജനപങ്കാളിത്തമുള്ള പൊതുയോഗങ്ങളില്‍ പ്രമുഖരായ നേതാക്കള്‍ തൊഴിലാളികളോട് സംസാരിക്കുന്നു.

മഹാരാഷ്ട്ര, ഒറീസ, ആന്ധ്രപ്രദേശ്, അസം, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മേഖലാതല ട്രേഡ് യൂണിയനുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപാരികളുടെ സംഘടനകളും ഈ പ്രക്ഷോഭത്തെ പിന്തുണയ്ക്കാനും പൊതുപണിമുടക്ക് വന്‍ വിജയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 2012 ഡിസംബര്‍ 18, 19 തീയതികളില്‍ സംഘടിപ്പിച്ച വഴിതടയല്‍- അറസ്റ്റുവരിക്കല്‍ സമരങ്ങളിലും 20ന്റെ പാര്‍ലമെന്റ് മാര്‍ച്ചിലും പ്രകടമായ വന്‍ ജനപങ്കാളിത്തം പ്രചാരണത്തിന്റെ സ്വാധീനവും വര്‍ധിച്ച പിന്തുണയും പ്രതിഫലിപ്പിച്ചു.

സംയുക്ത പ്രക്ഷോഭ- പ്രചാരണ പരിപാടികളില്‍ സജീവമായ പങ്കാളിത്തം വഹിക്കുന്നതിനോടൊപ്പം സിഐടിയു എല്ലാ സംസ്ഥാനങ്ങളിലും മേഖലകളിലും സ്വതന്ത്രമായ പ്രചാരണവും തയ്യാറെടുപ്പും നടത്തിയിട്ടുണ്ട്. സിഐടിയു കേന്ദ്ര സെക്രട്ടറിയറ്റ് ഇംഗ്ലീഷിലും ഹിന്ദിയിലും തയ്യാറാക്കിയ ലഘുപുസ്തകം വീണ്ടും അച്ചടിക്കുകയും സംസ്ഥാന കമ്മിറ്റികള്‍ ഇത് വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയുംചെയ്തു. സിഐടിയു ആന്ധ്രപ്രദേശ് ഘടകം ഇതിന്റെ 4.5 ലക്ഷം പ്രതികള്‍ വിറ്റഴിച്ച് വിദ്യാഭ്യാസ പരിപാടിയുടെ പുതിയ ഉയരം കുറിച്ചു. മറ്റ് പല സംസ്ഥാന ഘടകങ്ങളും സിഐടിയുവില്‍ അംഗമായ ദേശീയ ഫെഡറേഷനുകളും ഇതിന്റെ ലക്ഷക്കണക്കിന് പ്രതികള്‍ പ്രസിദ്ധീകരിച്ചു, ദശലക്ഷക്കണക്കിന് പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ചു. ഏപ്രിലില്‍ നടക്കുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി നടന്നുവരുന്ന ജില്ല-സംസ്ഥാനതല സമ്മേളനങ്ങളില്‍, 48 മണിക്കൂര്‍ പണിമുടക്ക് വന്‍ വിജയമാക്കുന്നത് സംബന്ധിച്ച് പ്രത്യേക ചര്‍ച്ചകള്‍ നടത്തുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയുംചെയ്തു.

സമസ്ത മേഖലയിലെയും ഓരോ തൊഴിലാളിയിലും സമരത്തിന്റെ സന്ദേശം എത്തിക്കുന്നതിന് അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സംഘടനകളായ അഖിലേന്ത്യാ കിസാന്‍സഭയും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയനും അവരവരുടേതായ ആവശ്യങ്ങള്‍ ഉന്നയിച്ചും ട്രേഡ് യൂണിയന്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും ഫെബ്രുവരി 20, 21 തീയതികളില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയത് ഇതിനിടയിലുണ്ടായ പ്രധാന സംഭവവികാസമാണ്.

പൊതുപണിമുടക്കിന്റെ രണ്ടു ദിവസങ്ങളിലും തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ വന്‍റാലികള്‍, പ്രകടനങ്ങള്‍, ധര്‍ണകള്‍, വഴി തടയല്‍, ട്രെയിന്‍ തടയല്‍ എന്നിവ നടക്കും. ചുരുക്കത്തില്‍, 48 മണിക്കൂര്‍ പണിമുടക്ക് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ അഭൂതപൂര്‍വമായ മുന്നേറ്റമാകുമെന്നു മാത്രമല്ല, അന്താരാഷ്ട്രതലത്തിലും ഏറ്റവും വലിയ പണിമുടക്കായി മാറും.

പതിനാല് ഏകദിന പണിമുടക്കുകളും മേഖലാതലങ്ങളില്‍ എണ്ണമറ്റ പണിമുടക്കുകളും നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്താനോ അവരുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാനോ തയ്യാറായിട്ടില്ല, മറിച്ച് എന്തുവന്നാലും പരിഷ്കാരങ്ങള്‍ക്ക് വേഗം കൂട്ടാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനവിരുദ്ധനയങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനും ബദല്‍ നയപരിപാടി മുന്നോട്ടുവയ്ക്കാനുമുള്ള ദേശാഭിമാനപ്രചോദിതമായ പ്രവര്‍ത്തനമാണ് ഈ പണിമുടക്ക്. ജനവിരുദ്ധനയങ്ങളില്‍നിന്ന് പിന്തിരിയണമെന്ന ശക്തമായ താക്കീത് ഇതുവഴി ഭരണവര്‍ഗത്തിന് നല്‍കും. മുതലാളിത്ത പ്രതിസന്ധി രൂക്ഷമാവുകയും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി എല്ലാവരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബദല്‍ നയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം നിര്‍ണായകമാണ്. തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തോടെയുള്ള പോരാട്ടം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റെല്ലാ ജനവിഭാഗങ്ങളെയും ഭാവിയില്‍ യോജിച്ച പ്രക്ഷോഭങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരും.


യുപിഎ നയങ്ങള്‍ ജനജീവിതം
ദുസ്സഹമാക്കി: സഞ്ജീവറെഡ്ഡി

(ഫെബ്രുവരി 5നു കൊച്ചിയില്‍ ചെയ്ത പ്രസംഗം)
 കൊച്ചി: പുരോഗമനപരമെന്ന് അവകാശപ്പെടുന്ന യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയെന്ന് ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ജി സഞ്ജീവറെഡ്ഡി പറഞ്ഞു. ഈ നയങ്ങള്‍ അടിയന്തരമായി തിരുത്തണമെന്നാവശ്യപ്പെട്ടാണ് ട്രേഡ് യൂണിയന്‍ സംയുക്ത വേദിയുടെ നേതൃത്വത്തില്‍ 20, 21 തീയതികളില്‍ ദേശീയ പണിമുടക്ക് നടക്കുന്നത്. ആവശ്യം അവഗണിക്കുന്നപക്ഷം കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറാകാനും അദ്ദേഹം തൊഴിലാളിസമൂഹത്തോട് ആവശ്യപ്പെട്ടു.

ഇ ബാലാനന്ദന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ ബാലാനന്ദന്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു സഞ്ജീവറെഡ്ഡി. കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ചിരുന്ന നയങ്ങളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യതിചലിച്ചു. സോഷ്യലിസത്തെക്കുറിച്ചാണ് ജവഹര്‍ലാല്‍ നെഹ്റുമുതലുള്ള നേതാക്കള്‍ പഠിപ്പിച്ചത്. ദുസ്സഹമായ വിലക്കയറ്റമാണ് രാജ്യത്തുണ്ടായിരിക്കുന്നത്. വിലക്കയറ്റം തടയാനുള്ള ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല. സാധാരണക്കാരന്റെയും ദരിദ്ര ജനവിഭാഗങ്ങളുടെയും ക്ഷേമം എന്നത് കോണ്‍ഗ്രസ് മറന്നു. സാമൂഹ്യനീതി വാഗ്ദാനംനല്‍കി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് നടപ്പാക്കുന്നില്ല. പകരം വിദേശനിക്ഷേപകര്‍ക്ക് രാജ്യത്തെ കൊള്ളയടിക്കാന്‍ അവസരം നല്‍കുന്നു. സര്‍ക്കാര്‍ രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ ക്ഷേമവും മറന്നിരിക്കുകയാണ്. വിദേശ മുതലാളിമാര്‍ രാജ്യത്തിന്റെ സമ്പത്താകെ കൊള്ളയടിക്കുന്നു. വിദേശനിക്ഷേപത്തിലൂടെ മാത്രമെ വികസനം സാധ്യമാകൂ എന്ന മിഥ്യാധാരണയാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ നമ്മള്‍ ചൈനയെ മാതൃകയാക്കണം. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യവും ക്ഷേമവും സംരക്ഷിച്ചാണ് അവര്‍ വിദേശനിക്ഷേപം അനുവദിക്കുന്നത്. രണ്ടുവര്‍ഷം മുമ്പുണ്ടായ തൊഴിലാളി യൂണിയന്‍ ഐക്യം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് പുതിയ വേദി തുറന്നു. വിവിധ ഘടകങ്ങളാണ് ഇതുവരെ ട്രേഡ് യൂണിയനുകളെ ഭിന്നിപ്പിച്ചുനിര്‍ത്തിയത്. നേതൃത്വത്തിലുള്ള ഭിന്നിപ്പ് തൊഴിലാളികള്‍ക്കിടയിലില്ലായിരുന്നു. അതില്‍നിന്ന് നേതൃത്വം പഠിച്ചു. തൊഴിലാളികളെ ചൂഷണംചെയ്യുന്നവര്‍ പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും തൊഴിലാളികളെയും യൂണിയനെയും നേരിടുന്നതില്‍ തൊഴിലുടമകള്‍ ഒറ്റക്കെട്ടായിരുന്നു. ഇത് മനസ്സിലാക്കി വിശാല ട്രേഡ് യൂണിയന്‍ ഐക്യം ഉണ്ടാക്കാനായത് തൊഴിലാളിസമൂഹത്തിന്റെ കരുത്ത് വര്‍ധിപ്പിച്ചിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയന്‍ ഐക്യവേദി കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും അവര്‍ പരിഗണിച്ചിട്ടില്ല. അതിനാലാണ് പണിമുടക്കിലേക്കു പോയത്.

മിനിമം വേതനം 10,000 രൂപയാക്കി ദേശീയ മിനമം വേതനം പ്രഖ്യാപിക്കുക, അസംഘടിതമേഖലയിലെ ക്ഷേമത്തിന് കൊണ്ടുവന്ന സാമൂഹ്യ സുരക്ഷാനിയമം നടപ്പാക്കുക, വിറ്റുതുലയ്ക്കാതെ പൊതു മേഖലയെ സംരക്ഷിക്കുക, കരാര്‍ ജോലികളും ചൂഷണവും അവസാനിപ്പിക്കാന്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. കോണ്‍ഗ്രസുകാരനാണെങ്കില്‍ക്കൂടി കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങളെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും സഞ്ജീവറെഡ്ഡി പറഞ്ഞു. സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍കുമാര്‍ സെന്‍ എംപി അധ്യക്ഷനായി. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുടരാന്‍ അനുവദിക്കരുതെന്നും ദേശീയ പണിമുടക്ക് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sunday, February 3, 2013

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക


ഡിവിഷൻ സമ്മേളനം സമാപിച്ചു.

കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ സമ്മേളനം സ:എം.കെ.പാന്ഥെ നഗറിൽ ( ഐ.എം.എ.ഹാൾ, കരുനാഗപ്പള്ളി) വച്ച്  നടന്നു. നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ.ജി.വിക്രമൻ സമ്മേളനം ഉത്ഘാടനം ചെയ്തു.  പ്രസിഡന്റ്റായി സ:എസ്.കയാബുദ്ദീ‍നെയും സെക്രട്ടറിയായി സ:ഐ.അൻസർബാബുവിനെയും ട്രഷറർ ആയി സ.എസ്.രാജീവനെയും തെരഞ്ഞെടുത്തു.