വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Friday, November 15, 2013

വൈദ്യുതപദ്ധതികള്‍ നിശ്ചലം

സംസ്ഥാനത്തിന്റെ പ്രതീക്ഷയായിരുന്ന വൈദ്യുത പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചലാവസ്ഥയില്‍. പുറമെനിന്ന് കരാറായ വൈദ്യുതി കൊണ്ടുവരാന്‍ ലൈനും ലഭ്യമല്ലാതെ വരുന്നതോടെ മഴക്കാലത്തും കേരളം ലോഡ്ഷെഡിങ്ങിലേക്ക് നീങ്ങുന്നു. ഇരുപത്തഞ്ചോളം പദ്ധതികളുടെ നിര്‍മാണമാണ് വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്നത്. പള്ളവാസല്‍ എക്സ്റ്റന്‍ഷന്‍ (60 മെഗാവാട്ട്), തോട്ടിയാര്‍ (40), മാങ്കുളം (40), കൊച്ചുപമ്പ (30), പെരിങ്ങല്‍ വലതുകര (24), ബാരാപോള്‍ (24) അടക്കമുള്ള പദ്ധതികളുടെ നിര്‍മാണം പൂര്‍ണമായി നിലച്ചു. ഇതിനുപുറമെ, അഞ്ച് മുതല്‍ 10 വരെ മെഗാവാട്ട് ശേഷിയുള്ള പദ്ധതികളും മുടങ്ങി. സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം ബൈതരണി കല്‍ക്കരിപ്പാടം നഷ്ടപ്പെട്ടത് ആയിരം മെഗാവാട്ട് വൈദ്യുതിയും ഇല്ലാതാക്കി. അതിരപ്പിള്ളി അടക്കമുള്ള വന്‍ പദ്ധതികളുടെ സാധ്യത പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ മങ്ങി. ശക്തമായ മഴയില്‍ മികച്ച നീരൊഴുക്ക് ലഭിച്ചിട്ടും കേരളം ലോഡ്ഷെഡിങ്ങിന്റെ നിഴലിലാണ്. കല്‍ക്കരിക്ഷാമവും തെലങ്കാന പ്രശ്നവും മൂലം ഒരുമാസത്തിനിടെ നിരവധി ദിവസം ലോഡ്ഷെഡിങ്ങുണ്ടായി. അന്യസംസ്ഥാനങ്ങളില്‍നിന്ന് കരാറായ വൈദ്യുതി കൊണ്ടുവരാന്‍ ഇടനാഴി ലഭിക്കുന്നില്ല. 1996-2001 ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ഉല്‍പ്പാദനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായെങ്കിലും പിന്നീടെത്തിയ യുഡിഎഫ് സര്‍ക്കാര്‍ തകിടംമറിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 270 മെഗാവാട്ട് കൂട്ടിച്ചേര്‍ത്തു. നിരവധി പദ്ധതികള്‍ക്ക് തുടക്കമിടുകയുംചെയ്തു. എന്നാല്‍, അതെല്ലാം നിശ്ചലമായി. വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നിട്ടും പുതിയ പദ്ധതികള്‍ വരാത്തത് ആസൂത്രണം പാളാന്‍ ഇടയാക്കി. ഉല്‍പ്പാദന മുരടിപ്പാണ് നില വഷളാക്കിയത്. ആവശ്യമുള്ളതിന്റെ 40 ശതമാനം മാത്രമാണ് ഇപ്പോള്‍ ഉല്‍പ്പാദനം. ഈ രീതിയില്‍ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ലെന്ന് ഊര്‍ജ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മികച്ച തോതില്‍ കേന്ദ്രവിഹിതം ലഭിക്കുന്നതിനിടെയാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 400 മുതല്‍ 500 മെഗാവാട്ട് വരെയായിരുന്നു കേന്ദ്രവിഹിതം. ഇപ്പോഴാകട്ടെ ശരാശരി 1100 മെഗാവാട്ട് ആണ്. ഇതില്‍ ഇടയ്ക്കിടെയുണ്ടാകുന്ന കുറവും ലോഡ്ഷെഡിങ്ങിലേക്ക് തള്ളുന്നു. -
deshabhimani.com

Monday, November 11, 2013

വൈദ്യുതി നിരക്കുവര്‍ധന ഇനി എല്ലാ വര്‍ഷവും

എല്ലാ വര്‍ഷവും നിരക്കുവര്‍ധന ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍ "വൈദ്യുതി നിയമം 2003" പൊളിച്ചെഴുതുന്നു. വിതരണമേഖല വിഭജിച്ച് വന്‍കിടക്കാര്‍ക്കായി പുതിയ ലൈസന്‍സി രൂപീകരിക്കാനുള്ള നിര്‍ദേശം ഗാര്‍ഹിക, കാര്‍ഷിക വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തും. സംസ്ഥാന റെഗുലേറ്ററി കമീഷനുകളെ കേന്ദ്രത്തിന്റെ വരുതിയിലാക്കാനുള്ള നിര്‍ദേശങ്ങളും പുതിയ നിയമത്തിന്റെ കരടിലുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി 15നകം അഭിപ്രായം സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ഊര്‍ജ മന്ത്രലായം നിര്‍ദേശിച്ചിട്ടുണ്ട്. ഉദാരവല്‍ക്കണ നയങ്ങളുടെ ഭാഗമായി കൊണ്ടുവന്ന 2003ലെ നിയമം രാജ്യത്തെ വൈദ്യുതി രംഗം താറുമാറാക്കിയിരുനു. ഇതിനേക്കാള്‍ കടുത്ത നടപടികളാണ് പുതിയ നിയമത്തിലെ ശുപാര്‍ശ. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ കവരുന്ന ഒട്ടേറെ നിര്‍ദേശങ്ങളും കരടിലുണ്ട്. വൈദ്യുതിനിരക്ക് നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ ഇനി കേന്ദ്രസര്‍ക്കാരാവും നിശ്ചയിക്കുക. ഇത് അംഗീകരിക്കാന്‍ സംസ്ഥാന റെഗുലേറ്ററി കമീഷന്‍ നിയമപരമായി ബാധ്യസ്ഥരാണ്. സംസ്ഥാന റെഗുലേറ്ററി കമീഷനെ നിരീക്ഷിക്കാന്‍ കേന്ദ്ര അപ്പലേറ്റ് ട്രിബ്യൂണലിന്റെ നേതൃത്വത്തില്‍ പുതിയ സംവിധാനവും കൊണ്ടുവരും. എല്ലാ വര്‍ഷവും നിരക്ക് വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡ്/കമ്പനി ആവശ്യപ്പെട്ടില്ലെങ്കില്‍പോലും നിരക്കുവര്‍ധന ഉണ്ടാവും. ഇന്ധനച്ചെലവ്, പുറമെനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ ചെലവ് തുടങ്ങിയവ അതത് മാസങ്ങളില്‍ ഉപയോക്താക്കളില്‍നിന്ന് പിരിക്കണം. റെഗുലേറ്ററി കമീഷന്‍ അംഗങ്ങളെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിലും നിയമം കൈകടത്തുന്നു. കമീഷന്‍ അംഗങ്ങളുടെ ഒഴിവ് രണ്ടു മാസത്തില്‍ കൂടുതല്‍ നികത്താതിരുന്നാല്‍ കേന്ദ്രം നേരിട്ട് ആളെ നിയമിക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന സിറ്റിങ് ജഡ്ജിയും കേന്ദ്ര റെഗുലേറ്ററി കമീഷന്‍ പ്രതിനിധിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതിയാവും കമീഷന്‍ അംഗങ്ങളെ തീരുമാനിക്കുക. വിതരണമേഖലയെ വിതരണ ലൈസന്‍സി, സപ്ലൈ ലൈസന്‍സികള്‍ എന്നിങ്ങനെ മൂന്നു വര്‍ഷത്തിനകം വിഭജിക്കണം. വൈദ്യുതി ലൈനുകളുടെ ചുമതല വിതരണ ലൈസന്‍സിക്കാണ്. വൈദ്യുതി നല്‍കല്‍, വാങ്ങല്‍ എന്നിവ പുതുതായി രൂപീകരിക്കുന്ന സപ്ലൈ ലൈസന്‍സിയുടെ കീഴിലാണ്. ഇതിനുവേണ്ടി കുത്തകകള്‍ മത്സരിക്കും. പുതിയ കണക്ഷന് ആദ്യം വിതരണ ലൈസന്‍സിക്ക് അപേക്ഷ നല്‍കണം. ലൈന്‍ വലിച്ചു കഴിഞ്ഞാല്‍ വൈദ്യുതി ലഭിക്കുന്നതിന് സപ്ലൈ ലൈസന്‍സിയെ സമീപിക്കണം. ഒന്നിലധികം സപ്ലൈ ലൈസന്‍സികള്‍ക്ക് അധികാരം നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഉയര്‍ന്ന നിരക്ക് നല്‍കുന്ന വാണിജ്യ ഉപയോക്താക്കള്‍ക്കു മാത്രമായി പുതിയ ലൈസന്‍സി വരും. വന്‍കിടക്കാരില്‍നിന്ന് കൂടിയ നിരക്ക് ഈടാക്കി കുറഞ്ഞ നിരക്കില്‍ ഗാര്‍ഹിക-കാര്‍ഷിക മേഖലയ്ക്ക് വൈദ്യുതി നല്‍കുന്ന ക്രോസ് സബ്സിഡി സംവിധാനം ഇതോടെ നിലയ്ക്കും. ഇത് ഭീമമായ നിരക്കുവര്‍ധനയ്ക്കും ഇടയാക്കും. 
(deshabhimani.com)

Sunday, November 3, 2013

വൈദ്യുതിബോര്‍ഡ് വിഭജിച്ച് തകര്‍ക്കരുത്

വൈദ്യുതിബോര്‍ഡിനെ മൂന്ന് കമ്പനികളാക്കി വിഭജിക്കാനുള്ള മന്ത്രിസഭാതീരുമാനം സ്ഥാപനത്തിന്റെ പൊതുമേഖലാ സ്വഭാവത്തെ തകര്‍ക്കുന്നതും സംസ്ഥാനത്തിന്റെ വൈദ്യുതിമേഖലയ്ക്ക് ഹാനികരവുമാണ്. ഡല്‍ഹിയില്‍ ചേര്‍ന്ന വൈദ്യുതിമന്ത്രിമാരുടെ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്നാണ് വൈദ്യുതിബോര്‍ഡിനെ വിഭജിക്കാമെന്ന് കേരളവും സമ്മതിച്ചത്. കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഇലക്ട്രിസിറ്റി ആക്ട് 2003ന്റെ പരിധിക്കുള്ളില്‍ തന്നെ ഒറ്റസ്ഥാപനമായി വൈദ്യുതിബോര്‍ഡിനെ പൊതുമേഖലയില്‍ സംരക്ഷിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്ന ബദല്‍നയമാണ് എല്‍ഡിഎഫ് ഭരണകാലത്ത് കേരളം മുന്നോട്ടുവച്ചത്. ആ നയത്തില്‍നിന്നുള്ള പിന്മാറ്റമാണ് പുതിയ മന്ത്രിസഭാ തീരുമാനം. രണ്ട് കമ്പനികളെങ്കിലും ആക്കാതെ ബോര്‍ഡിന് നിലനില്‍ക്കാന്‍ കഴിയില്ലെന്നാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ബോര്‍ഡ് വിഭജനത്തിനായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ അന്ന് തീരുമാനിക്കുകയുംചെയ്തു. ജീവനക്കാരുടെയും ബഹുജനങ്ങളുടെയും കടുത്ത എതിര്‍പ്പുയര്‍ന്നതിനാലാണ് അന്ന് ആ നടപടി നിര്‍ത്തിവച്ചത്.

വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള ആസൂത്രിത നടപടിയാണ് ബോര്‍ഡ് വിഭജനം. ഉല്‍പ്പാദന പ്രസരണ വിതരണമേഖലകള്‍ വ്യത്യസ്ത കമ്പനികളാക്കുന്നത് വൈദ്യുതിനിരക്കില്‍ കടുത്ത വര്‍ധനയ്ക്ക് കാരണമാകും. ഈ മേഖലകളിലെ യോജിച്ച ആസൂത്രണം തകിടംമറിയാനും കാരണമാകാം. വൈദ്യുതിബോര്‍ഡ് വിഭജിച്ച് കമ്പനികളാക്കാനുള്ള നിര്‍ബന്ധത്തിന് വഴങ്ങിയ ഇന്ത്യയിലെ വൈദ്യുതിവിതരണ യൂട്ടിലിറ്റികളാകെ കടുത്ത നഷ്ടത്തിലും കടക്കെണിയിലുമാണ്. വന്‍ താരിഫ് വര്‍ധനയാണ് അവിടങ്ങളിലൊക്കെ ഉണ്ടായത്. ആ അനുഭവങ്ങളില്‍നിന്ന് പാഠംപഠിക്കാതെയാണ് ബോര്‍ഡ് വിഭജനത്തിനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്.

ഉപയോക്താക്കള്‍ക്ക് ഇന്ന് കിട്ടുന്ന പരിമിതമായ ആനുകൂല്യങ്ങള്‍പോലും അടഞ്ഞ അധ്യായമാകും. വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം താറുമാറാക്കി സ്വകാര്യവല്‍ക്കരണം ആവശ്യമാണ് എന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമം യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ തുടങ്ങിയതാണ്. എല്‍ഡിഎഫ് ഭരണകാലത്തെ മുന്‍കൈകളും മുന്‍ഗണനകളും അട്ടിമറിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണലക്ഷ്യത്തില്‍നിന്ന് പിന്മാറി. സൗജന്യകണക്ഷനുകള്‍ നിര്‍ത്തലാക്കി. എല്‍ഡിഎഫ് ഭരണകാലത്ത് 85 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടന്നുവെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഒരിടത്തുമാത്രമാണ് ലക്ഷ്യം കൈവരിച്ചത്. വൈദ്യുതി ഉല്‍പ്പാദനരംഗത്തും സ്ഥിതി ഇതുതന്നെ. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍, ചാത്തങ്കോട്ടുനട, വിലങ്ങാട് എന്നിങ്ങനെ ഒട്ടുമിക്ക വൈദ്യുതി ഉല്‍പ്പാദന പദ്ധതികളുടെയും പണി നീങ്ങുന്നില്ല. പുതിയ പദ്ധതികള്‍ കണ്ടെത്താന്‍ ശ്രമങ്ങളില്ല. ബൈതരണി കല്‍ക്കരിപ്പാടം പദ്ധതി ഖനന നടപടികളില്‍ പുരോഗതിയില്ല എന്നപേരില്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുത്തു. സംസ്ഥാനം അനങ്ങുന്നില്ല. ചീമേനി താപനിലയം എമര്‍ജിങ് കേരളയില്‍ വില്‍പ്പനയ്ക്കുവച്ച് 1621 ഏക്കര്‍ സ്ഥലം വിറ്റുകാശാക്കാന്‍ നോക്കിയതാണ്, ഈ രംഗത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ഏക "ഇടപെടല്‍". മുന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ വൈദ്യുതിവാങ്ങല്‍ കരാറുകള്‍ റദ്ദാക്കി. ഊര്‍ജ മാനേജ്മെന്റ് പിഴച്ചു. ഇതുമൂലമാണ് കടുത്ത വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് കേരളം വീണത്.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കമ്പോളത്തിലേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയിട്ടും ജലസംഭരണികള്‍ നിറഞ്ഞുകവിഞ്ഞിട്ടും പ്രതിസന്ധി മാറുന്നില്ല. പ്രസരണരംഗത്ത്, വര്‍ഷം ശരാശരി 20 സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കിയതായിരുന്നു എല്‍ഡിഎഫ് ഭരണകാലം. കഴിഞ്ഞ രണ്ടരവര്‍ഷത്തില്‍ ഇരുപതു സബ്സ്റ്റേഷനുകള്‍പോലും പൂര്‍ത്തിയായിട്ടില്ല. കൂടംകുളത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് നിര്‍മാണം തുടങ്ങിയ തിരുനെല്‍വേലി- കൊച്ചി 400 കെവി ലൈന്‍, 400 കെവി പവര്‍ ഹൈവേ എന്നതൊന്നും ഇപ്പോള്‍ കേള്‍ക്കുന്നില്ല. ഇത്തരത്തില്‍, സര്‍ക്കാരിന്റെ നയവൈകല്യവും കെടുകാര്യസ്ഥതയുംമൂലം വൈദ്യുതിമേഖല തകര്‍ന്നുനില്‍ക്കുമ്പോഴാണ് കമ്പനിവല്‍ക്കരണം എന്ന വിപത്തുകൂടി എടുത്ത് തലയില്‍വയ്ക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ രംഗത്ത് കൃത്യമായ നയം മുന്നോട്ടുവച്ചാണ് പ്രവര്‍ത്തിച്ചത്. നാടിനും ജനങ്ങള്‍ക്കും പൊതുമേഖലയ്ക്കും അനുഗുണമായ ആ നയമാണ്, കേന്ദ്രത്തിന്റെ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ സഹായകമായത്. യുഡിഎഫിന് നയമുണ്ട്- അതുപക്ഷേ ജനവിരുദ്ധമാണ്. അതുകൊണ്ടുതന്നെ കെഎസ്ഇബിയെ കമ്പനികളാക്കി, വൈദ്യുതിരംഗത്തെ സ്വകാര്യലാഭത്തിന്റെയും വിപണിയിലെ കളികളുടെയും തല്‍ഫലമായ ചാര്‍ജ് വര്‍ധനയുടെയും അരാജകത്വത്തിലേക്ക് ആനയിക്കുന്ന തീരുമാനത്തില്‍ അത്ഭുതമില്ല. വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് ഇത് നേരത്തെ പലവട്ടം സൂചിപ്പിച്ചതുമാണ്. ഈ നയത്തിനെതിരായ പോരാട്ടം ശക്തമാക്കാനും കമ്പനിവല്‍ക്കരണ തീരുമാനത്തില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാനുമുള്ള ശക്തമായ സമ്മര്‍ദം ജീവനക്കാരില്‍നിന്നും ബഹുജനങ്ങളില്‍നിന്നും ഉയരണം.
http://deshabhimani.com