വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Tuesday, August 31, 2010

ദേശീയ പണിമുടക്കിലേക്ക് നയിച്ച കാരണങ്ങള്‍

                               2010 സെപ്തംബര്‍ 7 ന് രാജ്യത്തെ പ്രധാനപ്പെട്ട ട്രേഡ് യൂണിയനുകളായിട്ടുള്ള സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.ഐ .ടി.യു.സി, യു.ടി.യു.സി, എച്ച്.എം.എസ്, ടി.യു.സി.സി, എ.ഐ.സി.സി.ടി.യു, എല്‍ .പി.എഫ് തുടങ്ങി 9 സംഘടനകള്‍  രാജ്യവ്യാപകമായി പണിമുടക്കാന്‍ 2010 ജൂലൈ 15ന് ന്യൂഡല്‍ഹിയില്‍  ചേര്‍ന്ന വിവിധ ട്രേഡ് യൂണിയനുകളുടെയും ജീവനക്കാരുടെയും സംയുക്ത യോഗം തീരുമാനിച്ചിരിക്കുകയാണ്.                            
                            വിലക്കയറ്റം തടയണമെന്ന് ട്രേഡ് യൂണിയനുകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രത്യേകിച്ച് ഭക്‌ഷ്യധാന്യങ്ങളുടെ വില നിയന്ത്രിക്കുന്ന കാര്യത്തില്‍ കേന്ദ്ര ഗവന്മേന്റ്റ് നടപടികള്‍ സ്വീകരിക്കുന്നില്ല. ഭക്ഷ്യധാന്യങ്ങളുടെ വില  17 % വര്‍ധിച്ചതും പണപ്പെരുപ്പം രണ്ടക്ക സംഖ്യ ആയതും തൊഴിലാളികളെ കൂടുതല്‍ കഷ്ടത്തിലാക്കി. തുടര്‍ച്ചയായ തൊഴില്‍ നിയമ ലംഘനവും ട്രേഡ് യൂണിയന്‍ അവകാശ ലംഘനവും നടക്കുന്നതിനാല്‍ സംഘടനകള്‍ അഗാധമായ ഉത്കണ്ഠ പ്രകടിപ്പിച്ചുവെങ്കിലും ഇത് രണ്ടും കൂടുതല്‍ രൂക്ഷമായി തുടരുകയാണ്.
                            തൊഴിലാളികളുടെ ജോലി നഷ്ടപ്പെടല്‍, കൂലിക്കുറവ്, മോശമായ ജീവിത സാഹചര്യങ്ങള്‍, ജോലി സമയം വര്‍ധിപ്പിക്കല്‍, അമിതമായ കോണ്ട്രാക്റ്റ്വല്‍ക്കരണം സ്ഥിരം ജോലി ഒഴിവാക്കലും പുറം കരാര്‍ നല്‍കലും, മനുഷ്യത്വ രഹിതമായ ചൂഷണം എന്നിവ സംബന്ധിച്ച് ട്രേഡ് യൂണിയനുകള്‍ എതിര്‍പ്പ് ഉന്നയിചിരുന്നുവെങ്കിലും ആ പ്രശ്നങ്ങള്‍ ഒന്നും പരിഹരിക്കപ്പെട്ടില്ല.
                           ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന്റെ   വിനാശകരമായ നയം സര്‍ക്കാര്‍ നിര്‍ബാധം തുടരുകയാണ്. കോള്‍ ഇന്ത്യാ ലിമിടഡ്, ബി.എസ്.എന്‍.എല്‍, സെയ്ല്‍, എന്‍.എല്‍, സി, ഹിന്ദുസ്ഥാന്‍ കോപ്പെര്‍, എന്‍.എം.ഡി,സി, എന്‍.ടി.പി.സി, പവര്‍ഗ്രിഡ്‌ കോര്‍പറേഷന്‍ തുടങ്ങിയവയുടെ ഓഹരികളാണ് ഒടുവില്‍ വിറ്റഴിച്ചത്.
                      യാതൊരു പരിമിതിയും കൂടാതെ അസംഘടിത മേഘലാ തൊഴിലാളികള്‍ക്കായി സമഗ്രവും സാര്‍വത്രികവുമായ സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ വിപുലമായ ക്ഷേമ ഫണ്ട് രൂപീകരിക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും നാമമാത്രമായ ഫണ്ട് മാത്രമേ അനുവദിച്ചിട്ടുള്ളൂ. പരിമിതപ്പെടുത്താനുള്ള വ്യവസ്ഥകള്‍ തുടരുന്നുമുണ്ട്.
                      ട്രേഡ്  യൂണിയനുകളുടെ പ്രതിഷേധത്തെ അവഗണിക്കുന്നുവെന്ന് മാത്രമല്ല ഭകഷ്യ ധാന്യങ്ങളുടെ വിലവര്‍ധനവിന്റെ വേഗത കൂടുന്ന നയങ്ങളുമായി എതിര്‍പ്പുകള്‍ വക വെയ്ക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് പെട്രോളിയം വില നിശ്ചയിക്കുന്നതിന് നിലവിലുള്ള ഗവന്മേന്റ്റ് നിയന്ത്രണം നീക്കം ചെയ്തത് വഴി പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വിലകള്‍ കുത്തനെ വര്‍ധിപ്പിക്കുന്നതിന് ഇടവരുത്തി. ഊര്‍ജ മേഖലയും  കമ്പോള ശക്തികള്‍ക്ക്  കയ്യടക്കുന്നതിനുള്ള നയങ്ങളും നടപടികളുമാണ് കേന്ദ്ര സംസ്ഥാന റെഗുലെറ്ററി കമ്മിറ്റികള്‍ അടക്കം ആ രംഗത്ത് നടപ്പാക്കുന്നത്. 

Saturday, August 28, 2010

കെ.എസ്.ഇ.ബിക്ക് അഖിലേന്ത്യാ ഫുട്ബാള്‍ കിരീടം

മുനിസിപ്പല്‍ ഗോള്‍ഡന്‍ ജൂബിലി സ്മാരക കപ്പ് കെ.എസ്.ഇ.ബി ടീമിന് അഭിനന്ദനങ്ങള്‍ 
Posted on: 29 Aug 2010





കൊല്ലം: ആറാമത് മുനിസിപ്പല്‍ സുവര്‍ണ ജൂബിലി സ്മാരക ഫുട്‌ബോള്‍ കിരീടം തിരുവനന്തപുരം കെ.എസ്.ഇ.ബി. സ്വന്തമാക്കി. ഫൈ
നലിലും ടൈബ്രേക്കര്‍ തന്നെയാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. ഷൂട്ടൗട്ടില്‍ ചെന്നൈ ഇന്ത്യന്‍ ബാങ്കിനെ 4-2ന് തകര്‍ത്താണ് കെ.എസ്.ഇ.ബി. കിരീടത്തില്‍ മുത്തമിട്ടത്.

നിശ്ചിത സമയത്തില്‍ ടീമുകള്‍ ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് ടൈബ്രേക്കര്‍ വേണ്ടിവന്നത്. മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ടൂര്‍ണമെന്റില്‍ രണ്ടുതവണ ടീമിനെ കൈപിടിച്ചുയര്‍ത്തിയഭാഗ്യം ഇത്തവണ ഇന്ത്യന്‍ ബാങ്കിനെ കടാക്ഷിച്ചില്ല. 19-ാം മിനിട്ടിലും 88-ാം മിനിട്ടിലും രണ്ടുഷോട്ടുകള്‍ പാഴായി. 42-ാം മിനിട്ടിെല ഫൗള്‍ ഗോളും 72-ാം മിനിട്ടില്‍ ജോണ്‍ പോളിന്റെ ഗോള്‍ ഓഫ്‌സൈഡ് വിഫലമാക്കിയതും ടീമിനു വിനയായി. ഷൂട്ടൗട്ട് റൗണ്ടില്‍ സ്‌ടൈക്കര്‍ സതീഷ്‌കുമാറിന്റെ ഗോള്‍ ബാറില്‍ തട്ടി പാഴായതാണ് ബാങ്കിന്റെ പരാജയത്തിന് വഴി തുറന്നത്. കെ.എസ്.ഇ.ബി. ഗോളി നെല്‍സന്റെ ഉശിരന്‍ പ്രകടനം കൂടിയായ
പ്പോള്‍ ഇന്ത്യന്‍ ബാങ്ക് തോല്‍വിയുടെ രുചിയറിഞ്ഞു.

കെ.എസ്.ഇ.ബി.ക്കുവേണ്ടി ക്യാപ്റ്റന്‍ നൗഷാദ് പ്യാരി, വി.വി.സുര്‍ജിത്, പ്രിന്‍സ് പൗലോസ്, ഡോണല്‍ കെന്നി എന്നിവര്‍ ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ഇന്ത്യന്‍ ബാങ്കിനുവേണ്ടി ക്യാപ്റ്റന്‍ ഇഗേ്‌നഷ്യസ് സതീഷിനും പ്രേംകുമാറിനും മാത്രമേ ലക്ഷ്യം കാണാന്‍ കഴിഞ്ഞുള്ളൂ. ജോണ്‍ പോളിന്റെ ഗോള്‍ പാഴായി. അഞ്ച് ദിവസം നീണ്ടുനിന്ന ഫുട്‌ബോള്‍ ആവേശങ്ങള്‍ക്ക് തിരശ്ശീല വീണു.

51 പവന്‍ തൂക്കമുള്ള ഗോള്‍ഡന്‍ കപ്പ് കെ.എസ്.ഇ.ബിയുടെ ക്യാപ്റ്റന്‍ നൗഷാദ് പ്യാരി കളക്ടര്‍ എ.ഷാജഹാനില്‍ നിന്ന് ഏറ്റുവാങ്ങി. മേയര്‍ അഡ്വ. രാജേന്ദ്ര ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.സോമപ്രസാദ്, ഡെപ്യൂട്ടി മേയര്‍ പ്രൊഫ.വെളിയം രാജന്‍, ഈസ്റ്റ് സി.ഐ വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
(മാതൃഭൂമി വാര്‍ത്ത)

Friday, August 27, 2010

സെപ്തംബര്‍ 7 - ദേശീയ പണിമുടക്ക്‌

         2010   സെപ്തംബര്‍ 07 ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ താഴെ പറയുന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ പണിമുടക്ക്‌ നടത്തുന്നു.   
* സാര്‍വത്രികമായ പൊതുവിതരണവും   ചരക്കു വിപണിയിലെ ഊഹക്കച്ചവടം   ചരക്ക് വിപണിയിലെ ഊഹക്കച്ചവടം തടയുന്നതും പോലെയുള്ള അനുയോജ്യമായ വിതരണ - തിരുത്തല്‍ നടപടികളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക.
* മാന്ദ്യം ബാധിച്ച മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട അതാത് സംരംഭങ്ങള്‍ക്ക്‌ ഉത്തേജക പാക്കേജുകള്‍ നല്‍കുന്നതിന് വേണ്ടിയും പശ്ചാത്തല വികസനത്തില്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയും മൂര്‍ത്തവും ക്രിയാത്മകവുമായ നടപടികള്‍ സ്വീകരിക്കുക.
* ഒരു വിധത്തിലുള്ള ഒഴിവാക്കലോ ഉപേക്ഷിക്കലോ കൂടാതെ എല്ലാ അടിസ്ഥാന തൊഴില്‍  നിയമങ്ങളും  കര്‍ശനമായി നടപ്പിലാക്കുക. തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുക.
* അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ നിയമം 2008 പ്രകാരമുള്ള പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള അര്‍ഹത ദാരിദ്ര്യ രേഖയെ അടിസ്ഥാനപ്പെടുത്തി പരിമിതപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ റദ്ദ് ചെയ്യുന്നതിനും തൊഴില്‍ വകുപ്പ് പാര്‍ലമെന്ററി  സ്റാന്ടിംഗ് കമ്മിറ്റിയുടെയും അസംഘടിത മേഖലയിലെ സംരംഭങ്ങള്‍ സംബന്ധിച്ച ദേശീയ കമ്മീഷന്റെയും ശുപാര്‍ശകള്‍ക്ക് അനുസരിച്ച് കരാര്‍/ താല്‍ക്കാലിക തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ദേശീയമായി അടിസ്ഥാനതല സാമൂഹ്യ സുരക്ഷ പ്രദാനം ചെയ്യുന്നതിന് അസംഘടിത മേഖലക്ക് വേണ്ടിയുള്ള കരുതല്‍ നിധി രൂപീകരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുക.
* ബജറ്റ് കമ്മി പരിഹരിക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന നടപടികള്‍ ഉപേക്ഷിക്കുക; പകരം അവയുടെ വര്‍ധിച്ചു വരുന്ന മിച്ചവും കരുതല്‍ ധനവും അവയുടെ വികസനത്തിനും ആധുനികവല്‍ക്കരണത്തിനും വേണ്ടിയും രോഗഗ്രസ്തമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിന് വേണ്ടിയും    
ഉപയോഗിക്കുക. 
          രാജ്യ വ്യാപകമായി സംയുക്താഹ്വാന പ്രകാരം നടത്തുന്ന ഈ പൊതുപണിമുടക്ക് വിജയമാക്കണമെന്ന്  സംഘടനാ ഭേദമന്യേ രാജ്യത്താകെയുള്ള അധ്വാനിക്കുന്ന ജനങ്ങളോടാകെ കെ.എസ്.ഇ.ബി.വര്‍ക്കേഴ്സ് അസ്സോസ്സിയേഷന്‍ ആഹ്വാനം ചെയ്യുന്നു.