വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Friday, July 27, 2012



കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലയിലെ പ്രവർത്തകർക്കായി ട്രേഡ്  യൂണിയൻ ക്ലാസ് സംഘടിപ്പിച്ചു. 2012 ജൂലൈ 27ന് സോപാനം ആഡിറ്റോറിയത്തിൽ വച്ച് നടന്ന ക്ലാസിൽ ജില്ലയിലെ ആറ് ഡിവിഷനുകളിൽ നിന്നായി നൂറ്റിഅൻപതോളം അംഗങ്ങൾ പങ്കെടുത്തു.

Thursday, July 19, 2012

വൈദ്യുതിരംഗത്തെ കമ്പനിവൽക്കരണം


സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍ വിഭജിക്കണമെന്നും കമ്പനിവല്‍ക്കരണത്തിന് വിധേയമാക്കണമെന്നുമുള്ള ആസൂത്രണകമീഷന്റെ കല്‍പ്പന ആഗോളവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ നയങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുസ്വത്ത് കൊള്ളയടിക്കാനായി സ്വകാര്യമേഖലയെ ഏല്‍പ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ളതാണ്. ഭരണഘടനയുടെ ഫെഡറല്‍ സ്പിരിറ്റ് ലംഘിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങളിന്മേല്‍ കടന്നുകയറുന്നതുകൂടിയാണ് ഈ നീക്കം. ഇത് അതിശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്. പുതിയ പഞ്ചവത്സരപദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വിളിച്ചുകൂട്ടിയ വൈദ്യുതിമന്ത്രിമാരുടെ യോഗത്തിലാണ് സംസ്ഥാനങ്ങളിലെ ബോര്‍ഡുകള്‍ വിഭജിക്കാനും വിതരണരംഗം പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനുമുള്ള നിര്‍ദേശമുണ്ടായത്. ഓരോ സംസ്ഥാനത്തും അവിടത്തെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള സംവിധാനങ്ങള്‍ വൈദ്യുതിരംഗത്ത് നിലനില്‍ക്കുകയായിരുന്നു ഇതുവരെ. ഇതിനെ പുതിയ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തില്‍ ഏകശിലാരൂപമാക്കാനാണ് ശ്രമം. ഇത് സംസ്ഥാനങ്ങള്‍ക്ക് ഈ രംഗത്തുള്ള അധികാരമാകെ ഇല്ലാതാക്കും. ഉപയോക്താക്കള്‍ക്ക് വലിയ നാശനഷ്ടങ്ങളുണ്ടാക്കും; ജീവനക്കാരുടെ അവകാശങ്ങള്‍ നിഹനിക്കുകയും ചെയ്യും. ഇതിനകംതന്നെ വൈദ്യുതിരംഗത്ത് കമ്പനിവല്‍ക്കരണം നടത്തിക്കഴിഞ്ഞ സംസ്ഥാനങ്ങളുണ്ട്. വൈദ്യുതിരംഗത്തെ പ്രശ്നങ്ങള്‍ക്ക് കമ്പനിവല്‍ക്കരണം പ്രയോജനകരമല്ലെന്ന് അവിടങ്ങളിലെ അനുഭവങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. കമ്പനിവല്‍ക്കരണത്തിനുശേഷവും സാമ്പത്തികനഷ്ടവും വൈദ്യുതിക്ഷാമവും കൂടുന്നതായാണ് ആസൂത്രണകമീഷന്റെതന്നെ പഠനസമിതി കണ്ടെത്തിയത്. 1,77,000 കോടി രൂപയുടെ സാമ്പത്തികനഷ്ടമാണ് സമിതി കണ്ടെത്തിയത്. ഈ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് വിഭജനത്തില്‍നിന്നും കമ്പനിവല്‍ക്കരണനീക്കത്തില്‍നിന്നും പിന്മാറുകയാണ് സത്യത്തില്‍ കേന്ദ്രസര്‍ക്കാരും ആസൂത്രണകമീഷനും ചെയ്യേണ്ടത്. എന്നാല്‍, അനുഭവങ്ങളില്‍നിന്നുപോലും പാഠംപഠിക്കാതെ ഉദാരീകരണനയങ്ങളുടെ കല്‍പ്പനകളെ പിന്‍പറ്റുകയാണ് കേന്ദ്രവും കമീഷനും. എന്‍ഡിഎ സര്‍ക്കാര്‍ തുടങ്ങിവച്ച നീക്കമാണിത്. അവര്‍ കൊണ്ടുവന്ന ഉദാരീകരണ വൈദ്യുതിബില്‍ പാസായത് കോണ്‍ഗ്രസിന്റെകൂടി പിന്തുണയോടെയായിരുന്നു. ഒരേ സാമ്പത്തികനയം പിന്തുടരുന്ന ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ചുനിന്ന് ഇടതുപക്ഷ എതിര്‍പ്പ് വകവയ്ക്കാതെ ബില്‍ പാസാക്കി. എന്നാല്‍, അതുപ്രകാരമുള്ള പൊതുമേഖലാ വിരുദ്ധ നടപടികളുമായി മുന്നേറാന്‍ ഒന്നാം യുപിഎ സര്‍ക്കാരിന് സാധിച്ചില്ല. കാരണം, ഇടതുപക്ഷത്തിന്റെ റോളായിരുന്നു. എന്‍ഡിഎ ഭരണത്തില്‍ പാസാക്കിയ വൈദ്യുതിനിയമം പുനഃപരിശോധിക്കുമെന്ന് ഇടതുപക്ഷ സമ്മര്‍ദത്തിന്റെ ഫലമായി പൊതുമിനിമം പരിപാടിയില്‍ ഒന്നാം യുപിഎയ്ക്ക് എഴുതിവയ്ക്കേണ്ടിവന്നു. ഇടതുപക്ഷത്തിന്റെ നിരന്തരമായ ഇടപെടല്‍മൂലം നിയമം പുനഃപരിശോധിക്കാനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍, ഫലപ്രദമായ പുനഃപരിശോധനയുണ്ടായില്ല. ഇടതുപക്ഷ പിന്തുണയില്ലാതെ രണ്ടാംയുപിഎ സര്‍ക്കാര്‍ വന്നപ്പോള്‍ പുനഃപരിശോധനാനീക്കം ഉപേക്ഷിക്കപ്പെടുകയും വിഭജന- കമ്പനിവല്‍ക്കരണ നീക്കങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് സംസ്ഥാനങ്ങളിലൊഴികെ എല്ലായിടത്തും വിഭജനവും കമ്പനിവല്‍ക്കരണവും നടന്നു. ഇത് നടക്കാതിരുന്ന ഒരു സംസ്ഥാനം കേരളമാണ്. കേരളത്തെക്കൂടി വരുതിക്കുകൊണ്ടുവരാനാണ് ഇപ്പോള്‍ നീക്കം. വിഭജനം നടന്നയിടങ്ങളില്‍ ചിലയിടത്ത് പൂര്‍ണ സ്വകാര്യവല്‍ക്കരണം നടന്നു; ചിലയിടത്ത് ഭാഗിക സ്വകാര്യവല്‍ക്കരണവും. എന്നാല്‍, ഇതൊന്നും വൈദ്യുതിവിതരണരംഗത്തെ മെച്ചപ്പെടുത്തുകയോ സാമ്പത്തികമായി രക്ഷപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നാണ് ആസൂത്രണകമീഷന്റെ പഠനങ്ങള്‍ വ്യക്തമാക്കിയത്. ഈ അനുഭവങ്ങളൊക്കെയുണ്ടായിട്ടും കേരളത്തിന്റെ കാര്യത്തില്‍ വിഭജനത്തിനും കമ്പനിവല്‍ക്കരണത്തിനുമുള്ള സമയം 2008 സെപ്തംബറിനുശേഷം കേന്ദ്രം നീട്ടിനല്‍കുകപോലും ചെയ്തില്ല. ഇത് മറികടക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ത്തന്നെ ഒരു കമ്പനി രജിസ്റ്റര്‍ചെയ്ത് വയ്ക്കുകയാണ്. പുനര്‍നിക്ഷേപം വേണ്ടിവന്നാല്‍ത്തന്നെ അത് സര്‍ക്കാര്‍ കമ്പനിയിലാകട്ടെ എന്നുവച്ചു. ബോര്‍ഡിന്റെ ആസ്തിബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. യുഡിഎഫ് സര്‍ക്കാരാകട്ടെ, ആ വഴി തീര്‍ത്തും ഉപേക്ഷിച്ച് ഉദാരീകരണ പാതയിലൂടെതന്നെ മുമ്പോട്ടുപോകുകയാണ്. വിഭജന- കമ്പനിവല്‍ക്കരണ പ്രക്രിയക്ക് യുഡിഎഫ് സര്‍ക്കാര്‍ വേഗംകൂട്ടി. ജീവനക്കാരുടെ സേവന- വേതന വ്യവസ്ഥ, പെന്‍ഷന്‍കാര്യങ്ങള്‍ തുടങ്ങിയവയടക്കമുള്ള പ്രധാനകാര്യങ്ങളിലൊന്നും സര്‍ക്കാരിന് ഒരു ഉറപ്പും നല്‍കാനില്ല. ഈ സാഹചര്യത്തിലാണ് ഐഎന്‍ടിയുസിയും സിഐടിയുവുമൊക്കെ സംയുക്തസമരസമിതി രൂപീകരിച്ച് സമരപാതയില്‍ നില്‍ക്കുന്നത്. ആസൂത്രണകമീഷന്‍ പറയുന്ന വഴിക്ക് പോയാല്‍ ആപത്താണ്. ബോര്‍ഡിന്റെ ആസ്തികള്‍ മുഴുവന്‍ സ്വകാര്യമേഖലയ്ക്ക് കൈമാറേണ്ടിവരും. ഒപ്പം, വൈദ്യുതിവിതരണം ലാഭകരമാക്കാനാകുംവരെ സ്വകാര്യമേഖലയ്ക്ക് സര്‍ക്കാര്‍ പണം നല്‍കേണ്ടതായും വരും. നിലവിലുള്ള ബോര്‍ഡിന് വര്‍ഷങ്ങളായി സര്‍ക്കാര്‍ പണം നല്‍കാറില്ല എന്നോര്‍ക്കണം. ആ അവസ്ഥ തകര്‍ത്ത് എല്ലാം സ്വകാര്യമേഖലയെ ഏല്‍പ്പിക്കുകയും അതിനുപുറമെ പണം ഖജനാവില്‍നിന്ന് കൊടുക്കുകയുംവേണോ? സ്വകാര്യവല്‍ക്കരണത്തിന്റെ വിവിധ മാതൃകകള്‍ ഇന്ത്യയിലിന്ന് കാണുന്നുണ്ട്. ഒഡിഷയിലും ഡല്‍ഹിയിലും മറ്റും പൂര്‍ണമായ സ്വകാര്യവല്‍ക്കരണം നടന്നു. മഹാരാഷ്ട്രയും ഉത്തര്‍പ്രദേശുമൊക്കെ ചില പട്ടണങ്ങളിലെ വൈദ്യുതിവിതരണം സ്വകാര്യ ഫ്രാഞ്ചൈസികളെ ഏല്‍പ്പിക്കുന്ന നില സ്വീകരിച്ചു. ഇതുരണ്ടും ഫലവത്തല്ലെന്നു തെളിഞ്ഞപ്പോള്‍ ആസൂത്രണകമീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത് പൊതുമേഖല- സ്വകാര്യമേഖല പങ്കാളിത്തമാണ്. പേര് പങ്കാളിത്തമെന്നാണെങ്കിലും വസ്തുത സ്വകാര്യമേഖലയ്ക്ക് വൈദ്യുതിരംഗം കൈമാറല്‍തന്നെയാണ്. വൈദ്യുതിബോര്‍ഡിന്റെ ആസ്തികള്‍ കൈമാറാതെ വൈദ്യുതിവിതരണ ശൃംഖലയുടെ വികസനം, പരിപാലനം, വിതരണസംവിധാനം എന്നിവ സ്വകാര്യമേഖലയെ ഏല്‍പ്പിക്കുക എന്നതാണ് നിര്‍ദേശം. ഇതിനായി കാല്‍നൂറ്റാണ്ടേക്ക് കരാറുണ്ടാക്കണമത്രേ. ഈ സംവിധാനത്തില്‍ ആസ്തികള്‍ സാങ്കേതികമായിമാത്രമേ ബോര്‍ഡില്‍ നിലനില്‍ക്കൂ. ട്രാന്‍സ്ഫോര്‍മര്‍ അടക്കമുള്ളവ കമ്പനികള്‍ക്ക് വിട്ടുകൊടുക്കണം. വിതരണം ലാഭകരമാക്കാന്‍ കമ്പനികള്‍ക്ക് കഴിയുംവരെ സര്‍ക്കാര്‍ അവയ്ക്ക് പണം നല്‍കിക്കൊണ്ടിരിക്കുകയും വേണം. ഈ നീക്കം പൊതുസമ്പത്ത് അന്യാധീനപ്പെടുത്താനും ഖജനാവില്‍നിന്ന് പണം ചോര്‍ത്താനും ഉപയോക്താക്കളെ സ്വകാര്യകൊള്ളയ്ക്ക് വിട്ടുകൊടുക്കാനും ജീവനക്കാരെ വഴിയാധാരമാക്കാനുമാണെന്നത് ആര്‍ക്കാണ് മനസ്സിലാകാത്തത്?
(ദേശാഭിമാനി മുഖപ്രസംഗം)

Wednesday, July 18, 2012

വൈദ്യുതിവിതരണം സ്വകാര്യമേഖലയ്ക്ക്


                                                                                            ന്യൂഡല്‍ഹി: വൈദ്യുതിമേഖല സ്വകാര്യവല്‍ക്കരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് ആസൂത്രണ കമീഷന്‍. വൈദ്യുതിവിതരണത്തിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിക്കണമെന്ന് സംസ്ഥാന ഊര്‍ജമന്ത്രിമാരുടെ സമ്മേളനത്തിലാണ് കമീഷന്‍ ആവശ്യപ്പെട്ടത്. ഇതിനുള്ള കര്‍മസമിതി റിപ്പോര്‍ട്ടും സമ്മേളനത്തില്‍ അവതരിപ്പിച്ചു.

വിതരണമേഖല സ്വകാര്യവല്‍ക്കരിക്കുന്നതോടെ വൈദ്യുതിനിരക്ക് കുത്തനെ ഉയരും. കേരളത്തില്‍നിന്ന് വൈദ്യുതിമന്ത്രി യോഗത്തില്‍ പങ്കെടുത്തില്ല. വൈദ്യുതിമേഖലയിലെ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരം പൊതു-സ്വകാര്യ പങ്കാളിത്തമാണെന്നാണ് ആസൂത്രണ കമീഷന്‍ അംഗം ബി കെ ചതുര്‍വേദി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട്. ടെന്‍ഡറിലൂടെ തെരഞ്ഞെടുക്കുന്ന സ്വകാര്യകമ്പനിക്ക് വിതരണം, അറ്റകുറ്റപ്പണി, വിതരണശൃംഖല വിപുലപ്പെടുത്തല്‍ എന്നിവയടക്കമുള്ള ചുമതല നല്‍കണം. നിയന്ത്രണ മേല്‍നോട്ടം സര്‍ക്കാര്‍ ഏജന്‍സിക്കായിരിക്കും. വിതരണസംവിധാനത്തിലെ ട്രാന്‍സ്ഫോമര്‍, ലൈനുകള്‍ എന്നിവയടക്കമുള്ള ഉപകരണങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറും. ഡിസൈന്‍, ബില്‍ഡ്, ഫൈനാന്‍സ്, ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ (ഡിബിഎഫ്ഒടി) മാതൃക ആണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിന് സ്വീകരിക്കുക. 2003ലെ വൈദ്യുതി നിയമത്തിന്റെ പരിധിയിലായിരിക്കും പൊതു-സ്വകാര്യ പങ്കാളിത്തം. നിയമത്തിലെ 14-ാം വകുപ്പനുസരിച്ച് വിതരണക്കമ്പനി ഇതിനുള്ള ലൈസന്‍സ് നേടണം. വൈദ്യുതി വിലയും വിതരണക്കമ്പനിയുടെ സേവനത്തിന് വേണ്ടിവരുന്ന ചെലവുമടങ്ങുന്നതാകും വൈദ്യുതിനിരക്ക്. വിതരണക്കമ്പനി രൂപീകരിച്ചശേഷമുള്ള ആദ്യവര്‍ഷങ്ങളില്‍ നിരക്ക് വളരെ കൂടുതലായിരിക്കുമെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കണമെന്നും നിര്‍ദേശിക്കുന്നു. സബ്സിഡി തുക ബില്ലില്‍ പ്രത്യേകം സൂചിപ്പിക്കും. ഇന്നുള്ളതിനേക്കാള്‍ കൂടുതലാകരുത് സബ്സിഡി.

നിലവില്‍ വൈദ്യുതിവിതരണം നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരില്‍നിന്ന് ആവശ്യമുള്ളവരെ മാത്രം പുതിയ കമ്പനിക്ക് ഡെപ്യൂട്ടേഷനില്‍ നിയമിക്കാം. ബാക്കിയുള്ള ജീവനക്കാരെ സര്‍ക്കാര്‍ ഏറ്റെടുക്കണം. വിതരണചുമതല വഹിക്കുന്ന കമ്പനിക്ക് ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് കടമെടുക്കാം. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായവും കമ്പനിക്ക് ലഭിക്കും. വിപണിയില്‍നിന്ന് വൈദ്യുതി വാങ്ങി വിതരണംചെയ്യുക, പവര്‍കട്ട് കുറയ്ക്കുക, പ്രസരണനഷ്ടം കുറയ്ക്കുക, ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് വൈദ്യുതി നല്‍കുക എന്നിവയാണ് ലക്ഷ്യമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. ഈ കമ്പനിയില്‍ സര്‍ക്കാരിന് ഓഹരിയുണ്ടാകില്ല. ഗോള്‍ഡന്‍ ഷെയറിലൂടെ(സര്‍ക്കാരിന് വീറ്റോ അധികാരം നല്‍കുന്ന നാമമാത്രമായ ഓഹരിവിഹിതം) കമ്പനിയുടെ ഉടമസ്ഥത മറ്റൊരു സ്ഥാപനത്തിന് കൈമാറുന്നത് സര്‍ക്കാരിന് തടയാന്‍ കഴിയും. (ദേശാഭിമാനി വാർത്ത)

Friday, July 13, 2012

മാനദണ്ഠം പാലിക്കാതെയുള്ള സ്ഥലം‌മാറ്റത്തിനെതിരെ പ്രതിഷേധം





            വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ സംഘടനകളുമായി സ്ഥലം‌മാറ്റം സംബന്ധിച്ച് നടത്തിയ ചർച്ചകളിലെടുത്ത തീരുമാനങ്ങൾ പാലിക്കാതെ സ്ഥലം‌മാറ്റ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനെതിരെ  കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ(സി.ഐ.ടി.യു), കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷന് മുന്നിൽ പ്രതിഷേധ യോഗം നടത്തി. സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാതെയും ആവശ്യത്തിലധികം പേരെ ഉൾപ്പെടുത്തിയും സ്ഥലം‌മാറ്റത്തിൽ നിന്നും സംരക്ഷണത്തിനർഹതയുള്ളവരെ ഉൾപ്പെടുത്തിയും സ്ഥലം‌മാറ്റ ഉത്തർവുകൾ പുറത്തിറക്കുന്നത് അഴിമതി നടത്താനാണെന്നും ഐ.എൻ.ടി.യു.സിയിൽ അംഗത്വം എടുപ്പിക്കാനാണെന്നും യോഗം ആരോപിച്ചു.  സഖാക്കൾ ബാബുരാജൻ, രാധാകൃഷ്ണൻ, അൻസർബാബു, ദിലീബ്, രാജീവൻ എന്നിവർ പ്രസംഗിച്ചു.

Friday, July 6, 2012

ജനറൽ ബോഡി യോഗം ജൂലൈ ഏഴിന്

               കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഡിവിഷൻ ജനറൽ ബോഡി യോഗം 2012 ജൂലൈ 7 ശനിയാഴ്ച രാവിലെ 9.30 മുതൽ കരുനാഗപ്പള്ളി  മെമ്പർ നാരായണപിള്ള ഹാളിൽ വച്ച് കൂടുന്നു. പ്രസ്തുത യോഗത്തിൽ എല്ലാ അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് താൽപര്യപ്പെടുന്നു.                                                                                                                അഭിവാദനങ്ങളോടെ                                                                                                                               രാധാകൃഷ്ണൻ.ബി(പ്രസിഡന്റ്)                                            അൻസർബാബു.ഐ(സെക്രട്ടറി)

Tuesday, July 3, 2012

Power tariff hikes in the last 6 months

MOTTO IS PRIVITIZATION AND ATTACK ON PEOPLE THROUGH TARIFF HIKE

Power tariff hikes in the last 6 months in various states

KARNATAKA - 7%
MADHYAPRADESH - 7%
MAHARASHTRA - 10%
BIHAR - 12%
ANDHRAPRADESH - 14%
JAMMU & KASHMIR - 17%
TAMILNADU - 37%

Monday, July 2, 2012

കെ.എസ്.ഇ.ബി സംയുക്തസമിതിയിൽ അണിചേരുക.

ഇലക്ട്രിസിറ്റി മേഖലയെ സംരക്ഷിക്കാൻ കെ.എസ്.ഇ.ബി സംഘടനാ സംയുക്ത                സമിതിയിൽ അണിചേരുക.                     സുഹൃത്തുക്കളെ,                                                                                  വൈദ്യുതി മേഖലയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ പരിഷ്കരണമെന്ന പേരിൽ നടപ്പാക്കിയ കാര്യങ്ങൾ വമ്പിച്ച പ്രത്യാഘാതങ്ങൾക്ക് വഴിവച്ചു എന്നത് നമുക്കേവർക്കും അറിയാവുന്ന കാര്യമാണ്. വൈദ്യുതി നിയമം 2003 നിലവിൽ വന്നശേഷം ഈ നടപടികൾക്ക് ഗതിവേഗം കൂടുകയാണുണ്ടായത്. രാജ്യത്തെ ഒട്ടുമിക്ക വൈദ്യുതിബോർഡുകളും ഒന്നോ അതിലധികമോ കമ്പനികളായി വിഭജിക്കപ്പെടുകയും അവയിൽ ചിലവ സ്വകാര്യവത്കരിക്കപ്പെടുകയും ചെയ്തുകഴിഞ്ഞു. ഈ നടപടികളുടെ ഭാഗമായി രാജ്യത്തെ വൈദ്യുതിമേഖല കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വൈദ്യുതി ഉത്പാദന മേഖലയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇത് രൂക്ഷമായ വൈദ്യുതി ക്ഷാമത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. പവർകട്ടും ലോഡ്ഷെഡിംഗും അമിതമായ വൈദ്യുതിചാർജ്ജ് വർദ്ധനവും ഒട്ടുമിക്ക സംസ്ഥാനങ്ങളെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിരിക്കുകയാണ്.                           2003ൽ  നിയമം നിലവിൽ വന്നെങ്കിലും നമ്മുടെ സ്ഥാപനം 24.09.2008 വരെ ഒരു ട്രാൻസ്മിഷൻ യൂട്ടിലിറ്റി ആന്റ് ലൈസൻസി എന്ന നിലയിൽ തുടർന്നു. പിന്നീട് ഉയർന്നുവന്ന സാഹചര്യങ്ങളുടെ ഭാഗമായി 25.09.2008ൽ ബോർഡിന്റെ ആസ്തി ബാധ്യതകൾ 2003 നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കി. ഈ ആസ്തി ബാധ്യതകൾ പുനർനിക്ഷേപിക്കുമ്പോൾ ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെയും ഉദ്യോഗസ്ഥന്മാരുടെയും പെൻഷൻ‌കാരുടെയും നിലനില്പും ഭാവിയുമെല്ലാം ആശങ്കയ്ക്കിടയില്ലാത്തവിധം ഭദ്രമാക്കേണ്ടതുണ്ട്. അത് ഗവണ്മെന്റിന്റെ പ്രാഥമികമായ കടമയാണ് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ആസ്തിബാധ്യതകൾ പുനർനിക്ഷേപിക്കുന്നതിനുള്ള കാലപരിധി കഴിഞ്ഞ സർക്കാർ മൂന്ന് പ്രാവശ്യവും ഇപ്പോഴത്തെ സർക്കാർ രണ്ട് പ്രാവശ്യവും വീതം നീട്ടിനൽകിയതാണ്. ജീവനക്കാരെയും ഉദ്യോഗസ്ഥരെയും പെൻഷൻ‌കാരേയുമാകെ വിശ്വാസത്തിലെടുത്തുകൊണ്ടും അവരുടെ ആശങ്കകൾ ദൂരീകരിച്ചുകൊണ്ടും മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്നാണ് ഞങ്ങളുടെ നിലപാട്. വൈദ്യുതിബോർഡിന് ഇന്നത്തെ നിലയിൽത്തന്നെ തുടർന്ന് പോകാൻ 2012 ജൂൺ 30 വരെയാണ് സമയം അനുവദിച്ചിരുന്നത്.എന്നാൽ അത് ഇനിയും നീട്ടാവുന്നതേയുള്ളൂ. കേന്ദ്രത്തിൽ നിന്നും പുതുതായി യാതൊരുവിധ സമ്മർദ്ദവും ഉണ്ടായിട്ടില്ല. പക്ഷെ മെയ് മാസം അവസാനത്തോടെ ക്ഷിപ്ര വേഗത്തിൽ പുതിയ കമ്പനിയിലേക്ക് വൈദ്യുതി ബോർഡിന്റെ ആസ്തി ബാധ്യതകൾ പുനർനിക്ഷേപിക്കാൻ ഗൂഡശ്രമം ചില കേന്ദ്രങ്ങൾ നടത്തുകയുണ്ടായി. എന്നാൽ യോജിച്ച ചെറുത്തുനിൽ‌പ്പ് ഉയർന്നുവന്നതാണ് അത് നടക്കാതെ പോയതിന്റെ കാരണമെന്ന് ഇന്ന് നമുക്കറിയാം.                      സംഘടനകൾ ഒന്നിക്കുന്നു.                                വൈദ്യുതി മന്ത്രി വിളിച്ചുചേർത്ത കൂടിയാലോചനകളിൽ ഒന്നുംതന്നെ ജീവനക്കാരുടെയും പെൻഷൻ‌കാരുടെയും അവരുടെ ആശ്രിത കുടുംബങ്ങളുടെയും ഭാവി ജീവിത ഭദ്രതയ്ക്ക് യാതൊരുറപ്പും നൽകാൻ വൈദ്യുതി നിയമപ്രകാരം സർക്കാരിന് ബാധ്യത ഇല്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ത്രികക്ഷി കരാറോ സർക്കാർ ഗ്യാരണ്ടിയോ കൂടാതെ കമ്പനിവൽക്കരണ നടപടികളുമായി അധികൃതർ മുന്നോട്ട് പോയ സാഹചര്യത്തിലാണ് തൊഴിലാളി, ഓഫീസർ, പെൻഷൻ വിഭാഗങ്ങൾ സംഘടനാ ഭേദമന്യേ ഒന്നിച്ചത്. വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് വൈദ്യുതി ബോർഡിലെ 12 യൂണിയനുകൾ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ട് കെ.എസ്.ഇ.ബി സംയുക്ത സമിതി രൂപീകരിക്കുകയും ചെറുത്തുനില്പിന്റെ ആദ്യപടി എന്ന നിലയിൽ താഴെ പറയുന്ന അഞ്ച് കാര്യങ്ങൾ ഉൾപ്പെടുത്തി ബഹു:മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു.                    1. സംസ്ഥാന നിയമസഭയിൽ കമ്പനിവത്കരണം സംബന്ധിച്ച് ചർച്ച ചെയ്യണമെന്നും ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നിലവിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ പരിരക്ഷിക്കുന്നതിനും ഓഹരി കൈമാറ്റം തടയുന്നതിനും ആവശ്യമായ നിയമനിർ‌മ്മാണം ഉറപ്പാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയും ചെയ്യുക.                                                  2. കരട് ട്രാൻസ്ഫർ സ്കീമിൽ കഴിഞ്ഞ സർക്കാർ വ്യവസ്ഥ ചെയ്തിരുന്ന ത്രികക്ഷി കരാർ ഇപ്പോൾ ഒഴിവാക്കപ്പെട്ടതായി കാണുന്നു. അതുകൊണ്ട് ത്രികക്ഷി കരാർ ട്രാൻസ്ഫർ സ്കീമിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.   3. ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ഗ്യാരണ്ടി നൽകുക. (പശ്ചിമബംഗാൾ, തമിഴ്നാട് സർക്കാരുകൾ ഗ്യാരണ്ടി നൽകിയിട്ടുണ്ട്.) കഴിഞ്ഞ സർക്കാർ തയ്യാറാക്കിയ ട്രാൻസ്ഫർ സ്കീമിലും സർക്കാർ ഗ്യാരണ്ടി വ്യവസ്ഥ ചെയ്തിരുന്നു.                                  4.മൂന്ന് സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റുകൾക്ക് പ്രത്യേക ബാലൻസ്ഷീറ്റ് വേണമെന്ന നിബന്ധന ഭാവിയിൽ വൈദ്യുതി മേഖലയുടെ വിഭജനത്തിനിടയാക്കും. ഈ നിബന്ധന ഒഴിവാക്കുക. വൈദ്യുതി മേഖല ഒറ്റ സ്ഥാപനമായി നിലനിർത്തുമെന്ന ഉറപ്പ് കഴിഞ്ഞ സർക്കാരും ഈ സർക്കാരും നൽകിയിരുന്നതാണ്. ആ ഉറപ്പ് പാലിക്കുക.                                  5.നിയമനങ്ങൾ പി.എസ്.സി വഴി തന്നെ നടക്കുമെന്ന് ഉറപ്പാക്കുക. പ്രമോഷനുകൾ സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകൾ തുടരുക.                                                  23.05.2012ന് കെ.എസ്.ഇ.ബി സംഘടനാ സമിതി ബഹു:മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി രംഗത്തെ ആശ്രയിച്ച് കഴിയുന്നവരുടെ ആശങ്കകൾ അകറ്റുന്നതിനുവേണ്ട കൂടിയാലോചനകൾ നടത്തുമെന്നും അതിനുശേഷം മാത്രമേ കമ്പനിവൽക്കരണ നടപടികളുമായി മുന്നോട്ട് പോകൂ എന്നും ബഹു:മുഖ്യമന്ത്രി ഉറപ്പ് നൽകി. ഈ സാഹചര്യത്തിലാണ് 2012 മെയ് മാസം 30 ലെ മന്ത്രിസഭായോഗത്തിൽ വൈദ്യുതി ബോർഡിന്റെ കമ്പനിവൽക്കരണവിഷയം അജണ്ടയിൽ ഉൾപ്പെടുത്താനും ധൃതിപിടിച്ച് കമ്പനിവൽക്കരണത്തിലേക്ക് എടുത്തുചാടാനുമുള്ള അനൌചിത്യശ്രമങ്ങൾ നടത്തിയത്. എന്നാൽ കെ.എസ്.ഇ.ബി സംഘടനാ സംയുക്ത സമിതിക്ക്, ബോർഡ് ജീവനക്കാരുടെയും പെൻഷൻ‌കാരുടെയും ആശങ്കകൾ യഥാസമയം ബഹു:മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ കഴിഞ്ഞിരുന്നതിനാൽ വലിയൊരാപത്ത് തൽക്കാലത്തേക്ക് ഒഴിവായി. അജണ്ടയിൽ ബോർഡിന്റെ കമ്പനിവൽക്കരണ വിഷയം മാറ്റിവെക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ബാധിത വിഭാഗങ്ങളുടെ ആശങ്കകൾ അകറ്റിമാത്രമേ കമ്പനിവൽക്കരണ നടപടികളുമായി മുന്നോട്ട് പോകൂ എന്ന് ബഹു:മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു.               യോജിച്ച നിലപാട് കാലഘട്ടത്തിന്റെ ആവശ്യം                                                                              ബോർഡ് ജീവനക്കാരുടെയും പെൻഷൻ‌കാരുടെയും ഭാവിജീവിത ഭദ്രത തന്നെ ചോദ്യചിഹ്നമായി നിൽക്കുന്ന ഈ അവസ്ഥയിൽ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ടുള്ള യോജിപ്പ് കാലഘട്ടം ആവശ്യപ്പെടുന്നു. അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന യോജിച്ച പ്രഖ്യാപനം അധികൃതർ ശ്രദ്ധിക്കുമെന്ന് തന്നെയാണ് നമ്മുടെ ഇതുവരെയുള്ള അനുഭവം. കഴിഞ്ഞ 55 വർഷത്തിനിടയിൽ വൈദ്യുതി ബോർഡും അതിൽ പണിയെടുക്കുന്നവരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒറ്റക്കെട്ടായി നേരിടാൻ ഏവരും സന്ന്ദ്ധരാകണമെന്ന് അഭ്യർത്ഥിക്കുന്നു.                                                                                  1.കെ.എസ്.ഇ.ബോർഡ് വർക്കേഴ്സ് അസോസിയേഷൻ(സി.ഐ.ടി.യു)                            2.കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ(എ.ഐ.ടി.യു.സി)                          3.കേരള ഇലക്ട്രിസിറ്റി എം‌പ്ലോയീസ് കോൺഫെഡറേഷൻ(ഐ.എൻ.ടി.യു.സി)  ജനറൽ സെക്രട്ടറി സജീവ് ജനാർദ്ദനൻ                                                                                       4.കേരള ഇലക്ട്രിസിറ്റി എം‌പ്ലോയീസ് കോൺഫെഡറേഷൻൻ(ഐ.എൻ.ടി.യു.സി)  ജനറൽ സെക്രട്ടറി പി.എസ്.പ്രശാന്ത്                                                                                     5.കേരള വൈദ്യുതി മസ്ദൂർ സംഘം(ബി.എം.എസ്)                                                        6.കേരള ഇലക്ട്രിസിറ്റി എം‌പ്ലോയീസ് ഓർഗനൈസേഷൻ(എസ്.ടി.യു)  7.കെ.എസ്.ഇ.ബോർഡ് ഓഫീസേഴ്സ് അസോസിയേഷൻ                                                         8.കെ .എസ്.ഇ.ബോർഡ് എഞ്ചിനീയേഴ്സ് അസോസിയേഷൻ                                             9.കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ                                                        10.കേരള സിവിൽ ബ്രാഞ്ച് എഞ്ചിനീയേഴ്സ് അസോസിയേഷൻ                           11.കെ.എസ്.ഇ.ബി പോസ്റ്റ് ഗ്രാജ്വേറ്റ് എഞ്ചിനീയേഴ്സ് അസോസിയേഷൻ
12.കെ.എസ്.ഇ.ബോർഡ് പെൻഷനേഴ്സ് അസോസിയേഷൻ.