വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Thursday, September 30, 2010

റീസ്ട്രക്ച്ചേര്‍ഡ് എ.പി.ഡി. ആര്‍.പി. പദ്ധതി - ആരോപണങ്ങള്‍ തെറ്റിദ്ധാരണമൂലം

വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്ന റീസ്ട്രക്ച്ചേര്‍ഡ് എ.പി.ഡി.  ആര്‍.പി. പദ്ധതിയുടെ ടെണ്ടറില്‍ ക്രമക്കേടുകളും അഴിമതിയും നടന്നു എന്ന് മുന്‍ വൈദ്യുതി വകുപ്പ് മന്ത്രിയും എം.എല്‍.എ. യുമായ ശ്രീ. ആര്യാടന്‍ മുഹമ്മദ് സെപ്റ്റംബര്‍ 23 ന് നടത്തിയ പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍, പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും മനസ്സിലാക്കാത്തില്‍ നിന്നുണ്ടായ തെറ്റിദ്ധാരണമൂലം ഉയര്‍ന്നു വന്നതാണ്.
ആര്‍.എ.പി.ഡി.ആര്‍.പി. പദ്ധതി സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ 2010 ജൂണ്‍ 26ന് നടത്തിയ പത്രസമ്മേളനത്തില്‍ പദ്ധതിയുടെ വിശദവിവരങ്ങളും ടെണ്ടര്‍ നടപടിക്രമങ്ങളും വിശദീകരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനും പ്രസരണ-വിതരണ നഷ്ടം കുറയ്ക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുള്ള ഐ.ടി. അധിഷ്ഠിത പദ്ധതിയാണ് റീ-സ്ട്രക്ച്ചേര്‍ഡ് എ.പി.ഡി.ആര്‍.പി. പൂര്‍ണ്ണമായും കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ടെണ്ടര്‍ നടപടികളാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. പൂര്‍ണ്ണമായും കേന്ദ്ര ധനസഹായം ലഭ്യമാവുന്ന പദ്ധതിയാണെങ്കിലും സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേന്ദ്ര ഗ്രാന്‍റ് ലോണായി മാറുന്നതാണ്. അതുകൊണ്ടുതന്നെ സമയക്രമം പാലിച്ച് പദ്ധതി പൂര്‍ത്തിയാക്കുന്നതിന് വലിയ പ്രാധാന്യമാണ് കെ.എസ്.ഇ.ബി. നല്‍കുന്നത്.
ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (പി.എഫ്.സി.) യെയാണ് കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിടിയിട്ടുള്ളത്. കേന്ദ്ര ധനസഹായം നല്‍കുന്നതും പി.എഫ്.സി. മുഖാന്തിരമാണ്. ടെണ്ടറിനാവശ്യമായ റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ (ആര്‍.എഫ്.പി.), ടെണ്ടര്‍ നിബന്ധനകള്‍, ടെണ്ടര്‍ ഇവാല്യൂവേഷന്റെ നടപടിക്രമങ്ങള്‍ എന്നിവയെല്ലാം പി.എഫ്.സി. യുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി അവരുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത് ടെണ്ടര്‍ പ്രക്രിയയുടെ എല്ലാ ഘട്ടത്തിലും പി.എഫ്.സി. യെ വിശാദാംശങ്ങള്‍ അറിയിക്കുകയും അവരുടെ അംഗീകാരം വാങ്ങുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കെ.എസ്.ഇ.ബി. ടെണ്ടര്‍ നടപടികളില്‍ അഴിമതി കാട്ടി എന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
പി.എഫ്.സി. മുന്‍കൂട്ടി അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഈ ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. പി.എഫ്.സി. യുടെ ടെണ്ടര്‍ നിബന്ധനകളും മാനദണ്ഡങ്ങളും പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് കെ.എസ്.ഇ.ബി. ഈ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

ടെണ്ടറുകള്‍ ലഭിച്ചതിനു ശേഷം നിബന്ധനകളില്‍ മാറ്റം വരുത്തിയെന്ന ആരോപണം ശരിയല്ല. സമയപരിധിയില്ലാതെ ലൈസന്‍സ് നല്‍കണമെന്ന് ടെണ്ടറില്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പ്രീ ബിഡ് മീറ്റിങ്ങിന്റെ ഭാഗമായി ലൈസന്‍സ് അഞ്ച് വര്‍ഷത്തേക്ക് പരിമിതപ്പെടുത്തണമെന്ന് പി.എഫ്.സി. അംഗീകരിച്ച പ്രമുഖ സ്ഥാപനങ്ങള്‍ എല്ലാം ആവശ്യപ്പെട്ടതനുസരിച്ച് പി.എഫ്.സി. യുടെ അംഗീകാരത്തോടെയാണ് ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമായി പരിമിതപ്പെടുത്തിയത്. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിക്കും വളരെ മുമ്പ് തന്നെ ഈ മാറ്റം പ്രാബല്യത്തില്‍ വരുത്തി പ്രസിദ്ധീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഏതെങ്കിലും പ്രത്യേക കമ്പനിക്ക് ഈ മാറ്റം ഗുണമോ ദോഷമോ ഉണ്ടാക്കിയിട്ടില്ല.
മറ്റ് പല സംസ്ഥാനങ്ങളിലും രണ്ടും മൂന്നും കമ്പനികള്‍ മാത്രമാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട ടെണ്ടറുകളില്‍ പങ്കെടുത്തത്. എന്നാല്‍ കേരളത്തില്‍ എട്ട് കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തു. ടെണ്ടര്‍ വ്യവസ്ഥകള്‍ മൂലം മത്സരം കുറഞ്ഞു എന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്.
ടെണ്ടര്‍ ലഭിച്ച ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ സ്ഥാപനമായ കെ.ഡി.എന്‍. കമ്പനി ബിഡ് സെക്യൂരിറ്റി സമര്‍പ്പിച്ചിരുന്നില്ല എന്ന ആരോപണവും ശരിയല്ല. ടെണ്ടറിനോടൊപ്പം ആവശ്യമായ നിരതദ്രവ്യത്തിനുള്ള ബാങ്ക് ഡിമാന്‍റ് ഡ്രാഫ്റ്റ് കെ.ഡി.എന്‍. കമ്പനിയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഡി.ഡി. യില്‍ ചീഫ് എഞ്ചിനീയര്‍ എന്നതിനു പകരം ചീഫ് മാനേജര്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചീഫ് മാനേജര്‍ എന്നത് ചീഫ് എഞ്ചിനീയര്‍ എന്ന മാറ്റത്തോടെ നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെടുകയും ടെണ്ടറിന്റെ സാങ്കേതിക സാമ്പത്തിക പരിശോധനകള്‍ക്കു മുമ്പ് തന്നെ ഈ സ്ഥാപനം, ഡിമാന്‍റ് ഡ്രാഫ്റ്റ് ചീഫ് എഞ്ചിനീയറുടെ പേരില്‍ മാറാവുന്നതാക്കി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമവിരുദ്ധമായ എന്തെങ്കിലും ഇളവ് കെ.ഡി.എന്‍. കമ്പനിക്ക് നല്‍കിയിട്ടില്ല.
ടെണ്ടറില്‍ പങ്കെടുത്ത സ്ഥാപനങ്ങളില്‍ ഒമ്നി എഗേറ്റ് എന്ന സ്ഥാപനം കണ്‍സോര്‍ഷ്യം പാര്‍ട്ണര്‍ ആയി കാണിച്ചിരുന്ന സ്ഥാപനത്തിന്റെ പേര് പി.എഫ്.സി. അംഗീകരിച്ച പട്ടികയില്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് പി.എഫ്.സി. യുടെ അംഗീകൃത പട്ടികയില്‍ അവരെയും ഉള്‍പ്പെടുത്തിയെന്ന ഒമ്നി എഗേറ്റിന്റെ വാദം പിഎഫ്.സി. യില്‍ നിന്നും സ്ഥിരീകരിച്ചതോടെ, ഒമ്നി എഗേറ്റടക്കം ടെണ്ടര്‍ സമര്‍പ്പിച്ച എട്ട് സ്ഥാപനങ്ങളും പ്രാഥമിക പരിശോധനയില്‍ യോഗ്യരാണെന്ന് കണ്ടെത്തുകയായിരുന്നു. പി.എഫ്.സി.യുടെ നിബന്ധനകള്‍ പ്രകാരം അടുത്ത ഘട്ടത്തിലെ ടെണ്ടര്‍ ഇവാല്യുവേഷനില്‍ രണ്ട് ഘടകങ്ങളുണ്ട്. സാങ്കേതിക പരിശോധനയും സാമ്പത്തിക പരിശോധനയുമാണ് ഇവ. സാങ്കേതിക പരിശോധനക്കും സാമ്പത്തിക പരിശോധനക്കും 50 ലാണ് സ്കോര്‍ ഇടുന്നത്. സാങ്കേതിക സ്കോറും സാമ്പ ത്തിക സ്കോറും കൂട്ടി ആകെ 100 ല്‍ കൂടുതല്‍ സ്കോര്‍ കിട്ടുന്ന സ്ഥാപനത്തെയാണ് സക്സസ്സ് ഫുള്‍ ബിഡറായി കണ്ടെത്തേണ്ടത്. കുറഞ്ഞത് 35 മാര്‍ക്കെങ്കിലും സാങ്കേതിക സ്കോര്‍ ലഭിക്കാത്ത കമ്പനികളെ അയോഗ്യരാക്കണമെന്നും പി. എഫ്.സി. യുടെ നിബന്ധനകളില്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.
ഈ നടപടിക്രമങ്ങള്‍ പ്രകാരം സാങ്കേതിക പരിശോധന നടത്തിയപ്പോള്‍ സമാനമായ പ്രവൃത്തി പരിചയത്തിന്റെ അഭാവത്തില്‍ ഒമ്നി എഗേറ്റ് എന്ന കമ്പനിക്ക് 33.8 എന്ന സാങ്കേതിക സ്കോര്‍ മാത്രമേ ലഭിച്ചുള്ളൂ. 35 മാര്‍ക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ ഈ കമ്പനിയെ അയോഗ്യരായി പ്രഖ്യാപിച്ചു. ഇവരുടെ സാമ്പത്തിക ഓഫര്‍ തുറക്കാതെ തിരിച്ചുകൊടുക്കുകയും ചെയ്തു. ഇങ്ങനെ സാമ്പത്തിക ഓഫര്‍ തുറക്കുകപോലും ചെയ്തിട്ടില്ലാത്ത സ്ഥാപനമാണ് കുറഞ്ഞ തുക ക്വാട്ട് ചെയ്തത് എന്ന നിലയില്‍ ആരോപിച്ചിരിക്കുന്നത് തികച്ചും വസ്തുതാവിരുദ്ധമാണ്. കേന്ദ്ര നോഡല്‍ ഏജന്‍സിയായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ അംഗീകരിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ച് തികച്ചും ശാസ്ത്രീയമായാണ് സാങ്കേതിക സ്കോര്‍ കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒമ്നി എഗേറ്റിനെ അയോഗ്യരായി നിശ്ചയിച്ചത് ടെണ്ടര്‍ മാനദണ്ഢത്തിനനുസൃതമാണ്. ഇത് പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ അംഗീകരിക്കുകയും ചെയ്തു.
ആര്‍.എ.പി.ഡി.ആര്‍.പി. പദ്ധതിയില്‍ ആകെ ക്വോട്ട് ചെയ്യുന്ന തുക മാത്രം പരിശോധിച്ചല്ല ലോവസ്റ്റ് ബിഡറെ കണ്ടെത്തുന്നത്. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ അംഗീകരിച്ചിട്ടുള്ള ടെണ്ടര്‍ നിബന്ധനകള്‍ പ്രകാരം ടെണ്ടറിലെ ഓരോ ഇനങ്ങളുടെയും തുക പരിശോധിക്കുകയും ടെണ്ടര്‍ നിബന്ധനകള്‍ക്ക് വ്യത്യസ്തമായി ഏതെങ്കിലും ഇനം ക്വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ നിബന്ധനകള്‍ നിഷ്ക്കര്‍ഷിക്കുന്ന വിധത്തില്‍ ലോഡിംഗിന് വിധേയമാക്കുകയും ചെയ്താണ് ഓരോ കമ്പനിയുടെയും ഫിനാന്‍ഷ്യല്‍ ബിഡ് ഇവാല്യൂവേറ്റ് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനികള്‍ക്ക് ഫിനാന്‍ഷ്യല്‍ സ്കോര്‍ നല്‍കുന്നത്.
മറ്റ് ഏഴ് സ്ഥാപനങ്ങളുടെയും പ്രൈസ് ബിഡ് തുറന്ന് വിശദമായി പരിശോധിച്ചതില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തിരുന്ന എം.ഐ.സി. എന്ന സ്ഥാപനം, പദ്ധതിയിലെ ഏതാനും ചില പ്രവര്‍ത്തികളുടെ /സാധനങ്ങളുടെ ചിലവ് വിട്ട് കളഞ്ഞതായി കണ്ടെത്തി. പി.എഫ്.സി. യുടെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ഈ സ്ഥാപനം വിട്ടുകളഞ്ഞ പ്രവര്‍ത്തികളുടെ/സാധനങ്ങളുടെ ചിലവ് കണക്കാക്കി ക്വോട്ട് ചെയ്ത തുകയുടെ കൂടെ കൂട്ടിച്ചേര്‍ത്തപ്പോള്‍ ഈ സ്ഥാപനം മൂന്നാം സ്ഥാനത്തായി മാറി. ഇത്തരത്തില്‍ പൂര്‍ണ്ണമായും നിബന്ധനകള്‍ പാലിച്ച് നടത്തിയ സാങ്കേതിക സാമ്പത്തിക പരിശോധനകളില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയത് ദക്ഷിണ കൊറിയയിലെ സര്‍ക്കാര്‍ സ്ഥാപനമായ കെ.ഡി.എന്‍. കമ്പനിയാണ്.
കെ.എസ്.ഇ.ബി. യുടെ ടെണ്ടര്‍ നടപടിക്രമങ്ങള്‍ സംസ്ഥാന ഊര്‍ജ്ജ വകുപ്പ്, ധനകാര്യവകുപ്പ്, നിയമവകുപ്പ് എന്നിവ പരിശോധിക്കുകയും പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ നിശ്ചയിച്ചിട്ടുള്ള ടെണ്ടര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭ 2-9-2010 ലെ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ കെ.എസ്.ഇ.ബി.യുടെ ടെണ്ടര്‍ നടപടികള്‍ അംഗീകരിക്കുകയും ചെയ്തു.
ഇതോടൊപ്പം കെ.എസ്.ഇ.ബി. സ്വീകരിച്ച ടെണ്ടര്‍ നടപടികള്‍ കേന്ദ്ര നോഡല്‍ ഏജന്‍സിയായ പി.എഫ്.സി. യുടെ പരിശോധനക്കും സമര്‍പ്പിച്ചു. അവരുടെ പരിശോധനയിലും ആര്‍.എ.പി.ഡി.ആര്‍.പി. പദ്ധതിയുടെ കരാര്‍ നല്‍കാന്‍ നടത്തിയ ടെണ്ടര്‍ നടപടികള്‍ പി.എഫ്.സി. യുടെ മാനദണ്ഡങ്ങള്‍ പാലിച്ചും നിയമാനുസൃതവും ആണെന്ന് അംഗീകരിച്ചിട്ടുണ്ട്. എല്ലാ ചട്ടങ്ങളും പാലിച്ച് സുതാര്യമായി നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നു എന്ന് ശ്രീ. ആര്യാടന്‍ മുഹമ്മദ് ഉന്നയിച്ച ആരോപണം കെ.എസ്.ഇ.ബി. പിന്തുടര്‍ന്ന ടെണ്ടര്‍ നടപടികളെ പറ്റി പൂര്‍ണ്ണമായ വിവരങ്ങള്‍ അദ്ദേഹത്തിന് ലഭ്യമാകാത്തതിനാലാണെന്ന് ബോര്‍ഡ് കരുതുന്നു. കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ ഇവ പരിശോധിച്ച് അംഗീകാരം നല്‍കി എന്ന കാര്യവും അദ്ദേഹം അറിഞ്ഞിട്ടില്ല എന്നുമാണ് കെ.എസ്.ഇ.ബി. കരുതുന്നത് എന്നും ബോര്‍ഡ് ചെയര്‍മാന്‍ അറിയിക്കുന്നു.
(കെ.എസ്.ഇ.ബിയുടെ 27-09-2010ലെ പത്രക്കുറിപ്പ്)

Friday, September 17, 2010

കേരളത്തിലെ മാനവശേഷിവികസനം ലോകരാജ്യങ്ങള്‍ക്കു തുല്യം


കേരളത്തിലെ മാനവശേഷിവികസനം ലോകരാജ്യങ്ങള്‍ക്കു തുല്യമെന്ന് യുഎന്‍ഡിപി റിപ്പോര്‍ട്ട്

കേരളത്തിലെ മാനവശേഷിവികസനം ചില ലോകരാജ്യങ്ങള്‍ക്കു തുല്യമാണെന്ന് യുഎന്‍ഡിപി- കേന്ദ്ര ആസൂത്രണ കമീഷന്‍ പഠന റിപ്പോര്‍ട്ട്. കുറഞ്ഞ വരുമാനം ലഭിക്കുന്നവരിലും ജീവിതനിലവാരം ഉയര്‍ന്നതാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കേരളം വന്‍ പുരോഗതിയാണ് നേടിയിരിക്കുന്നത്. കേന്ദ്രം 2020ല്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട പല നേട്ടങ്ങളും കേരളം 2007-08 കാലയളവില്‍ത്തന്നെ നേടിയിരിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനവശേഷി വികസനത്തിനായി സംസ്ഥാനത്തിന്റെ ആസൂത്രണ പദ്ധതികള്‍ ശക്തമാക്കുന്നതിനെക്കുറിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച ശില്‍പശാലയിലാണ് വിദഗ്ധര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തത്.
കേരളത്തില്‍ കോട്ടയം, എറണാകുളം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യുഎന്‍ഡിപിയും കേന്ദ്ര പ്ളാനിങ് കമീഷനും പഠനം നടത്തിയത്. വയനാട്ടിലെ തിരുനെല്ലി, കോട്ടത്തറ, കണ്ണൂരിലെ അഴീക്കോട്, കോട്ടയം മാടപ്പള്ളി, എറണാകുളം ഏലൂര്‍ എന്നീ പഞ്ചായത്തുകളിലെ ജീവിതസാഹചര്യങ്ങള്‍ പ്രത്യേകം പഠനവിധേയമാക്കി. ജനന നിരക്ക് കേരളത്തില്‍ കുറവാണ്. പ്രായമായവര്‍ വര്‍ധിച്ചുവരുന്ന പ്രത്യേകതയും കേരളത്തില്‍ ഉണ്ട്. കൂടാതെ സ്ത്രീകളുടെ പ്രശ്നങ്ങള്‍, ചില പ്രത്യേക ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനവശേഷി വികസനത്തെപ്പറ്റി പല വിഭാഗങ്ങളിലായി 35 പുസ്തകങ്ങളാണ് റിപ്പോര്‍ട്ടുകളായി തയ്യാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. പഠനങ്ങള്‍ വളരെ ശ്രദ്ധേയമാണെന്നും ഇതിലുള്ള വസ്തുതകള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക്, ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍, സംസ്ഥാന പ്ളാനിങ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ടിക്കാറാം മീണ, ജെഎന്‍ യു പ്രൊഫസര്‍ ജയതി ഘോഷ്, സംസ്ഥാന പ്ളാനിങ് ബോര്‍ഡ് അംഗങ്ങളായ സി പി നാരായണന്‍, ഡോ. മൃദുല്‍ ഈപ്പന്‍, ഡോ. കെ എന്‍ ഹരിലാല്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

deshabhimani 17092010

Monday, September 6, 2010

പണിമുടക്ക്‌ - സംയുക്ത ജാഥ നടത്തി

        
             സെപ്തംബര്‍ 7 ലെ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം കരുനാഗപ്പള്ളി ഇലക്ട്രിക്കല്‍ ഡിവിഷനിലെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ഡിവിഷന് കീഴിലുള്ള തൊഴിലാളികള്‍ ടൌണ്‍ ചുറ്റി  പ്രകടനം നടത്തി. ഇലക്ട്രിസിടി എംപ്ലോയീസ് കോണ്ഫെഡറേഷന്‍, ഇലക്ട്രിസിടി എംപ്ലോയീസ് ഫെടെറേഷന്‍, ഓഫീസേഴ്സ് അസോസിയേഷന്‍, വര്‍ക്കേഴ്സ് അസോസിയേഷന്‍ എന്നിവയുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാവിലെ ഓഫീസിനു മുന്നില്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പണി മുടക്കിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തി.