വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Thursday, March 28, 2013

കെ.എസ്.ഇ.ബി ജേതാക്കള്‍

തിരുവനന്തപുരം: പ്രഥമ സംസ്ഥാന ത്രീ ഓണ്‍ ത്രീ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കൊച്ചി കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസും വനിതാ വിഭാഗത്തില്‍ തിരുവനന്തപുരം കെ.എസ്.ഇ.ബിയും ജേതാക്കളായി. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഇരുടീമുകളും കേരളത്തെ പ്രതിനിധാനം ചെയ്യും. 
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടന്ന ഫൈനലില്‍ പുരുഷ വിഭാഗത്തില്‍ കസ്റ്റംസ് 21-18ന് കസ്റ്റംസ് ബി ടീമിനെയും വനിതകളില്‍ കെ.എസ്.ഇ.ബി 14-10ന് കോട്ടയം മൗണ്ട് കാര്‍മലിനെയും പരാജയപ്പെടുത്തി. 
കസ്റ്റംസ് ടീമുകള്‍ തമ്മിലുള്ള പുരുഷവിഭാഗം ഫൈനലില്‍ യൂഡ്രിക് പെരേരയുടെയും (12 പോയന്റ്) ബേസില്‍ ഫിലിപ്പിന്റെയും (6) മികവാണ് എ ടീമിന് ജയം നേടിക്കൊടുത്തത്. കരുത്തുറ്റ കെ.എസ്.ഇ.ബി. നിരയ്‌ക്കെതിരെ മൗണ്ട് കാര്‍മല്‍ സ്‌കൂള്‍ ടീം കാഴ്ചവെച്ചത് മികച്ച പ്രകടനമായിരുന്നു. കെ.എസ്.ഇ.ബി.യുടെ സ്റ്റെഫി നിക്‌സണ്‍ ആറു പോയന്റ് നേടി. മൗണ്ട് കാര്‍മലിന്റെ പൂജാമോള്‍ ഒമ്പതു പോയന്റ് നേടി. 

mathrubhumi.com

Monday, March 25, 2013

വിതരണ രംഗം സ്വകാര്യവത്കരിക്കില്ലെന്ന് വൈദ്യുതി ബോര്‍ഡ്

തിരുവനന്തപുരം: വൈദ്യുതി വിതരണ രംഗം സ്വകാര്യവത്കരിക്കണമെന്ന നിര്‍ദേശം സംസ്ഥാനം തള്ളി. വിതരണരംഗം സ്വകാര്യവത്കരിക്കേണ്ട സ്ഥിതിയില്ലെന്ന് കാട്ടി വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പറേഷന് കത്തയച്ചു. വിതരണ രംഗം സ്വകാര്യവത്കരിക്കുകയോ ഫ്രാഞ്ചൈസികളെ ഏല്‍പ്പിക്കുകയോ ചെയ്യാന്‍ രണ്ടാഴ്ചക്കകം കര്‍മപദ്ധതി നടപ്പാക്കണമെന്ന് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സത്നംസിങ് ബോര്‍ഡിന് ഫെബ്രുവരി 13ന് അയച്ച കത്തില്‍ അന്ത്യശാസനം നല്‍കിയിരുന്നു. സാമ്പത്തിക പുന$സംഘടനാ പാക്കേജിനായി വിതരണ രംഗം സ്വകാര്യവത്കരിക്കുന്നതിന് ബോര്‍ഡ് നേരത്തെ സമ്മതം അറിയിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് വിതരണരംഗം സ്വകാര്യവത്കരിക്കേണ്ടെന്ന് ജനുവരി നാലിന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എം. ശിവശങ്കര്‍ പവര്‍ ഫിനാന്‍സ് കോര്‍പറേഷന് മറുപടി നല്‍കിയിരിക്കുന്നത്.വൈദ്യുതി മേഖലയുടെ പുന$സംഘടനയെ കുറിച്ച കേന്ദ്ര സര്‍ക്കാറിന്‍െറ രണ്ട് റിപ്പോര്‍ട്ടുകളിലും സ്വകാര്യ പങ്കാളിത്തം ഒരു രൂപത്തിലല്ലെകില്‍ മറ്റൊരു തരത്തില്‍ വേണമെന്നാണ് പറയുന്നത്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യവത്കരണത്തിന് കേന്ദ്രം നിര്‍ദേശിച്ചത്. സമയബന്ധിതമായ നിരക്ക് പരിഷ്കരണം, പ്രസരണ-വിതരണ നഷ്ടം എന്നിവയാണ് ബോര്‍ഡുകളെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് കേന്ദ്ര പഠന സമിതികള്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നതിനെക്കാള്‍ മെച്ചമാണ് വൈദ്യുതി ബോര്‍ഡിന്‍െറ സ്ഥിതിയെന്ന് ചെയര്‍മാന്‍ അയച്ച കത്തില്‍ പറയുന്നു. പ്രവര്‍ത്തന മികവിന്‍െറ കാര്യത്തില്‍ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഉയര്‍ത്തുന്ന ആശങ്കകളൊന്നും കേരളത്തിന് പ്രശ്നമുണ്ടാക്കില്ലെന്ന് കത്തില്‍ പറയുന്നു. വിതരണനഷ്ടം ആഗോളനിലവാരത്തിലാണ്. പ്രസരണനഷ്ടം താരതമ്യേന മെച്ചമാണ്. സ്വകാര്യമേഖല കടന്നുവന്ന ദല്‍ഹിയടക്കം പല സംസ്ഥാനങ്ങളെക്കാള്‍ കുറവാണ് കേരളത്തിന്‍െറ പ്രസരണ വിതരണ നഷ്ടം. കേന്ദ്ര ഏജന്‍സികളുടെ പഠനത്തില്‍ ചൂണ്ടിക്കാണിച്ച മിക്ക വിഷയങ്ങളിലും കേരളം മെച്ചമാണ്. 100 ശതമാനം വൈദ്യുതിയും മീറ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ പത്ത് വര്‍ഷത്തിന് മുമ്പ് ബോര്‍ഡ് കൈവരിച്ചു.
വിതരണരംഗം സ്വകാര്യവത്കരിക്കാന്‍ വൈദ്യുതി ബോര്‍ഡ് കര്‍മപദ്ധതി തയാറാക്കില്ലെന്നും കേരളത്തിന്‍െറ വൈദ്യുതി രംഗത്തെ കുറിച്ച് പവര്‍ ഫിനാന്‍സ് കോര്‍പറേഷന് പ്രത്യേക പഠനം നടത്താമെന്നും ചെയര്‍മാന്‍ കത്തില്‍ നിര്‍ദേശിച്ചു. ഹ്രസ്വകാല വായ്പ അടക്കം 1067 കോടിയാണ് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ബോര്‍ഡിന് വാഗ്ദാനം നല്‍കുന്നത്. ഇതില്‍ 567 കോടി കേന്ദ്രസഹായ പദ്ധതിയായ ആര്‍.എ.പി.ഡി.ആര്‍.പിയിലേതാണ്. പവര്‍ഫിനാന്‍സ് കോര്‍പറേഷന്‍ ബോര്‍ഡിന്‍െറ സ്ഥിതിയെക്കുറിച്ച് പ്രകടിപ്പിച്ച ആശങ്കകള്‍ നീതീകരിക്കത്തക്കതല്ലെന്നും കേരളീയ സാഹചര്യത്തില്‍ ബാധകമല്ല.
സര്‍ക്കാറിന്‍െറ നയപരമായ തീരുമാനം ബന്ധപ്പെട്ട എല്ലാവരും മാനിക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു.                                                  (മാധ്യമം ദിനപത്രം 25/03/2013)

Saturday, March 16, 2013

വൈദ്യുതി ബോർഡിൽ സ്ഥലം മാറ്റത്തിനുള്ള അപേക്ഷകൾ മാർച്ച് 23 നകം സമർപ്പിക്കണം.


കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ ജീവനക്കാരുടെ സ്ഥലം‌മാറ്റത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. ഇത്തവണ പുതിയതായി ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനം വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഡിവിഷൻ ഓഫീസുമായി ബന്ധപ്പെട്ട് ‘പാസ്‌വേഡ്’ കരസ്ഥമാക്കിയശേഷം  http://hris.kseb.in  എന്ന വെബ്സൈറ്റിൽ തങ്ങൾക്ക് അനുവദിച്ചുതന്ന  ‘പാസ്‌വേഡ് ‘ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് ഒപ്പിട്ട് എന്തെങ്കിലും രേഖകൾ നൽകുവാനുണ്ടെങ്കിൽ അതിനോടൊപ്പം എക്സിക്യൂട്ടീവ് എൻജിനീയർക്ക് സമർപ്പിക്കേണ്ടതാണ്.  സ്ഥലം‌മാറ്റത്തിൽ നിന്നും സംരക്ഷണം ലഭിക്കാനുള്ള അപേക്ഷകളും ഇതേ രീതിയിൽ തന്നെയാണ് സമർപ്പിക്കേണ്ടത്. മാർച്ച് 23 ന് മുമ്പ് അപേക്ഷകൾ നൽകേണ്ടതാണ്.

Wednesday, March 13, 2013

വൈദ്യുതി ജീവനക്കാരുടെ നിയമസഭാ മാർച്ച് വിജയിപ്പിക്കുക – 2013 മാർച്ച് 18


സംസ്ഥാന വൈദ്യുത മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വൈദ്യുതിക്ഷാമം പരിഹരിക്കുവാനുള്ള ശാശ്വത നടപടികളൊന്നും സ്വീകരിക്കുന്നില്ല. ദീർഘ – ഹ്രസ്വകാല കരാറുകൾ വഴി വൈദ്യുതി വിലകുറച്ച് വാങ്ങുന്നതിന് പകരം പവർ എക്സ്ചേഞ്ച് വഴി വൻ‌വിലയ്ക്ക് വൈദ്യുതി വാങ്ങി വിലകുറച്ച് നൽകുന്നത് കാരണം ബോർഡ് വൻ സാമ്പത്തിക ബാധ്യത നേരിടുകയാണ്. ആഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിപ്പിച്ചുകൊണ്ടും അന്തർസംസ്ഥാന പ്രസാരണ ശൃംഘല ശക്തിപ്പെടുത്തിയുമല്ലാതെ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയില്ല. എന്നാൽ ബോർഡ് ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ പോലും സ്തംഭനാവസ്ഥയിലാണ്. പള്ളിവാസൽ എക്സ്റ്റൻഷൻ, തോട്ടിയാർ തുടങ്ങിയ പദ്ധതികളും ഇഴയുകയാണ്. ഈ സാഹചര്യത്തിലും ബോർഡ് 1050 മെഗാവാട്ട് സ്ഥാപിത ശേഷിയിൽ നിർമ്മിക്കാനുദ്ദേശിച്ചിരുന്ന ബ്രഹ്മപുരത്തെ വൈദ്യുത നിലയം 300 മെഗാവാട്ടായി ചുരുക്കിയിരിക്കുകയാണ്. കൂടംകുളത്തു നിന്നും 266 മെഗാവാട്ട് വൈദ്യുതി കൊണ്ടുവരാനുള്ള 400 കെ.വി. പ്രസരണലൈനിന്റെ നിർമാണ പ്രവർത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. പ്രസരണ രംഗത്ത് പുതിയ പദ്ധതികൾ ഒന്നും ഏറ്റെടുക്കേണ്ടതില്ല എന്ന നിലപാടാണ് ബോർഡിനുള്ളത്. വിതരണ രംഗത്തും ഒരു വികസന പ്രവർത്തനവും നടക്കുന്നില്ല. സാധന സാമഗ്രികൾ ഇല്ലാത്തതിനാൽ ദൈനംദിന അറ്റകുറ്റപ്പണികൾ പോലും മുടങ്ങുന്ന സ്ഥിതിയാണ്. കേടായ മീറ്ററുകൾ മാറ്റുന്നതിനോ പുതിയ കണക്ഷൻ കൊടുക്കുന്നതിനോ കഴിയുന്നില്ല. ഉപഭോക്താക്കൾക്ക് വൈദ്യുതി ബില്ല്ല് നൽകുന്നതിനുള്ള സ്റ്റേഷനറി പോലും ഇല്ലാത്ത സ്ഥിതിവിശേഷം  ബോർഡിന്റെ റവന്യൂ വരുമാനത്തേയും ബാധിക്കുകയാണ്. ഉപഭോക്താക്കൾക്ക് കിട്ടേണ്ട സേവനങ്ങൾ ഒന്നും തന്നെ സമയബന്ധിതമായി നൽകാനാകാത്തത് കടുത്ത അസംതൃപ്തിയാണ് സൃഷ്ടിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണേണ്ട ബോർഡും സർക്കാരും വൈദ്യുതി ബോർഡ്  പുന:സംഘടന ഏതുവിധേനയും പൂർത്തിയാക്കുക എന്ന നിലപാടാണ് സ്വീകരിക്കുന്നത്. ജീവനക്കാരുടെയും പെൻഷൻ‌കാരുടേയും പെൻഷൻ ഉൾപ്പെടെയുള്ള ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള വ്യക്തമായ നിർദ്ദേശങ്ങളില്ലാതെയാണ് ധൃതിപിടിച്ചുള്ള ഈ നീക്കം.
ഈ സാഹചര്യത്തിൽ ആദ്യഘട്ടമെന്ന നിലയിൽ താഴെ പറയുന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബോർഡിലെ തൊഴിലാളികളും ഓഫീസർമാരും കെ.എസ്.ഇ.ബി സംഘടനാ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ 2013 മാർച്ച് 18ന് നിയമസഭാ മാർച്ച് നടത്തുകയാണ്.

കെ.എസ്.ഇ.ബിയുടെ കമ്പനിവത്കരണത്തിന് ധൃതി വേണ്ട.
വൈദ്യുതിബോർഡിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക.
കേരളത്തിന്റെ വൈദ്യുതി വികസനം ഉറപ്പുവരുത്തുക.

നിയമസഭാ മാർച്ചിലും തുടർന്നുള്ള പ്രക്ഷോഭങ്ങളിലും എല്ലാവരുടെയും സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Monday, March 4, 2013

വൈദ്യുതി വില കുതിച്ചുയരും



Posted on: 04 Mar 2013
പന്ത്രണ്ടാം പദ്ധതിയുടെ സമീപനം


മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ വഴിയെ കേന്ദ്ര ഉത്പാദന നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വൈദ്യുത കമ്പനികള്‍ക്ക് അനുവദിക്കാവൂ എന്ന നിര്‍ദേശം പ്രാവര്‍ത്തികമാകുന്നതോടെ വൈദ്യുതിയുടെ വില വീണ്ടും വര്‍ധിക്കും


വൈദ്യുതി ഉത്പാദനത്തിന്റെ പാരമ്പര്യരീതിയിലൂടെ 88537 മെഗാവാട്ട് സ്ഥാപിതശേഷി കൂട്ടിച്ചേര്‍ക്കണമെന്നാണ് പന്ത്രണ്ടാം പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതില്‍ 2539 മെഗാവാട്ട് മാത്രമാണ് പ്രകൃതിവാതകമോ ദ്രവീകൃത പ്രകൃതിവാതകമോ ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം. വാതകലഭ്യതയുടെ അടിസ്ഥാനത്തിലേ ഇതും ഉറപ്പാക്കാന്‍ കഴിയൂ. ഉറപ്പാക്കിയാല്‍ത്തന്നെ സന്ധ്യാസമയത്തെ ഉയര്‍ന്ന വൈദ്യുതാവശ്യകതയെ നേരിടാനായി മാത്രം ആ വൈദ്യുതി പരിമിതപ്പെടുത്തണമത്രെ. പാരമ്പര്യേതര വൈദ്യുതോത്പാദനത്തില്‍ ഒരു കുതിച്ചുചാട്ടം ആസൂത്രണക്കമ്മീഷന്‍ പ്രതീക്ഷിക്കുന്നു.

കാറ്റില്‍നിന്ന് 15000 മെഗാവാട്ട്, സൗരോര്‍ജത്തില്‍നിന്ന് 10000 മെഗാവാട്ട്, ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 5000 മെഗാവാട്ട് എന്നിങ്ങനെയുള്ള സ്ഥാപിതശേഷി വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുതി ശൃംഖലവഴി (ഗ്രിഡ് കണക്ടഡ്) പ്രസരണം ചെയ്യാന്‍ കഴിയുന്ന വൈദ്യുതിയാകുമിത്.

ഇന്ത്യയില്‍ വൈദ്യുതി ഉത്പാദനത്തിന് ഏറ്റവുമധികം ആശ്രയിക്കുന്ന ഇന്ധനം കല്‍ക്കരിയാണ്. അതില്‍ ചാരത്തിന്റെ ഉള്ളടക്കം വളരെ കൂടുതലാണ്. അതിനാല്‍ താപമൂല്യവും കുറവാണ്. വിലയും കുറവാണ്. പ്രകൃതിവാതകമാകട്ടെ, ആവശ്യത്തിന് ലഭ്യമല്ല. രണ്ടിന്റെയും പോരായ്മകള്‍ നികത്താന്‍വേണ്ടി ഇറക്കുമതി ചെയ്യുന്നു. ആഭ്യന്തരമായി ഖനനം ചെയ്തും കുഴിച്ചെടുത്തും ലഭിക്കുന്ന കല്‍ക്കരിയുടെയും വാതകത്തിന്റെയും വില അതതിന്റെ ഇറക്കുമതിവിലയുമായി ചേര്‍ത്ത് ഒരു പൊതുവിലയ്ക്ക് (പൂള്‍ഡ് പ്രൈസ്) ഇന്ത്യയിലൊട്ടാകെയുള്ള ഉത്പാദകര്‍ക്ക് വില്‍ക്കണമെന്ന് ആസൂത്രണക്കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നു. അത് ഇന്ധനപ്രശ്‌നങ്ങള്‍ക്കും വൈദ്യുതിക്കമ്മിക്കും ഒരളവുവരെ പരിഹാരമുണ്ടാക്കുമത്രെ! എന്നാല്‍, ഈ നര്‍ദേശം നടപ്പാക്കിയാല്‍ വിപരീതഫലമാണ് ഉണ്ടാക്കുക. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയും യന്ത്രങ്ങളുമാണ് ഏറിയകൂറും സ്വകാര്യ ഉത്പാദനനിലയങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ഈ കല്‍ക്കരിക്ക് ചാരത്തിന്റെ ഉള്ളടക്കം കുറവും, അതുകൊണ്ടുതന്നെ താപമൂല്യം കൂടുതലുമാണ്. വിലയും കൂടും. ഇറക്കുമതി ചെയ്ത് സ്ഥാപിക്കുന്ന യന്ത്രങ്ങള്‍ക്കും വില വളരെ കൂടും. തല്‍ഫലമായി വൈദ്യുതിയുടെ ഉത്പാദനച്ചെലവ് കൂടും. 'പ്രൈസ് പൂളിങ്' ഏര്‍പ്പെടുത്തുക വഴി ഇന്ത്യയില്‍ ആഭ്യന്തര കല്‍ക്കരിയുടെ വില കൂടും. പ്രൈസ് പൂളിങ് നിര്‍ദേശം ഇങ്ങനെ നടപ്പാക്കിയാല്‍ ഗുണം ഈ സ്വകാര്യ മുതലാളിമാര്‍ക്ക് മാത്രം.

ഇനി പ്രകൃതിവാതകത്തിന്റെ സ്ഥിതിയെടുക്കുക. ഏഷ്യന്‍ വിപണിയുടെ ആധിപത്യം ജപ്പാന്‍ ക്രൂഡ്‌കോക്‌ടെയി (ജെ.സി.സി.)നാണ്. ഇതിന്റെ വിപണിയിലെ വിലയാണ് കുറഞ്ഞ വിലയായി കണക്കാക്കപ്പെടുന്നത്. ജെ.സി.സി.യുടെ വില പെട്രോളിയം ക്രൂഡിന്റെ വിലയുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഇതിന് ശാസ്ത്രീയമായ ഒരു അടിത്തറയുമില്ല.

ഒരു മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റിന് (താപമൂല്യത്തിന്റെ യൂനിറ്റ്) 12 - 14 അമേരിക്കന്‍ ഡോളര്‍ വിലയാണ്. വടക്കേ അമേരിക്കന്‍ വിപണിയില്‍ ഇതേ അളവ് പ്രകൃതിവാതകത്തിന് 3-4 അമേരിക്കന്‍ ഡോളര്‍ മാത്രമാണ് വില. ഇന്ത്യ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകം ഇപ്പോള്‍ ലഭ്യമാക്കുന്നത് 4.2 അമേരിക്കന്‍ ഡോളറിനാണ്. ഇവിടെ പ്രൈസ് പൂളിങ് ഏര്‍പ്പെടുത്തണമെന്നല്ല നിര്‍ദേശിച്ചിട്ടുള്ളത്. ആഭ്യന്തര വിലയെ ഇറക്കുമതിവിലയുമായി സമീകരിക്കണമെന്നാണ്. അതായത്, ആഭ്യന്തര പ്രകൃതിവാതകത്തിന്റെ ഇപ്പോഴത്തെ വിലയായ 4.2 അമേരിക്കന്‍ ഡോളറില്‍നിന്ന് 12-14 അമേരിക്കന്‍ ഡോളറായി ഉയര്‍ത്തുക എന്നതാണ് അതിന്റെ ഗൂഢലക്ഷ്യം. പ്രകൃതിവാതക ഉത്പാദനത്തില്‍ പൊതുമേഖലയുടെ ആധിപത്യം തകര്‍ക്കുകയും അംബാനിമാര്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തതോടെ തുടങ്ങിയതാണ് ഈ നിലയ്ക്കുള്ള ശ്രമം. ഈ നിലയ്ക്ക് ഉത്പാദനം നടത്തിയാല്‍ വൈദ്യുതിയുടെ വില ഇന്നത്തേതിന്റെ ഏകദേശം നാലിരട്ടിയാകും.

സാമ്പത്തിക പുനഃസംഘാടനം നടത്താന്‍ - പുനഃസംഘാടനത്തിനുള്ള പാക്കേജ് പ്രഖ്യാപിക്കുക, വിതരണമേഖലയിലെ ലൈനുകളിലും 'ഓപ്പണ്‍ ആക്‌സസ് 1' പ്രവൃത്തിപഥത്തില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, അതിനു സഹായകമാകുംവിധം കേന്ദ്രം കൈവശം വെച്ചിരിക്കുന്ന 'അണ്‍ അലോക്കേറ്റഡ് ഷെയറിന്റെ 2. 25ശതമാനം മുതല്‍ 75 ശതമാനം വരെ വൈദ്യുതി, വിപണിവഴി വില്‍ക്കുക, വിതരണക്കമ്പനികളുടെ നഷ്ടം ഇല്ലാതാക്കത്തക്കവിധം വൈദ്യുതി നിരക്കില്‍ അനുവദിച്ചിട്ടുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കുക, ദേശീയ നിരക്കുനയത്തില്‍ പറയുന്നതുപോലെ മത്സരാധിഷ്ഠിത ദര്‍ഘാസുകളുടെ അടിസ്ഥാനത്തില്‍ മാത്രം കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍നിന്ന് വൈദ്യുതി അനുവദിക്കുക ഇവയൊക്കെയാണ് പ്ലാനിങ് കമ്മീഷന്റെ 12-ാം പദ്ധതിക്കാലത്ത് ഊര്‍ജമേഖലയില്‍ നടപ്പാക്കാന്‍ വേണ്ടി നിര്‍ദേശിച്ചിട്ടുള്ള മറ്റു ചില പ്രധാന കാര്യങ്ങള്‍.

വൈദ്യുതിമേഖലയുടെ പുനഃസംഘടനം എന്നതുകൊണ്ട് ആസൂത്രണക്കമ്മീഷന്‍ ഉദ്ദേശിക്കുന്നത് വൈദ്യുതബോര്‍ഡുകളെ മുറിച്ച് വിവിധ കമ്പനികളാക്കുക; ഈ വ്യവസായത്തില്‍ പൊതുമേഖലയ്ക്കുള്ള കുത്തക അവസാനിപ്പിക്കുക; ആര്‍ക്കും എവിടെനിന്നും വൈദ്യുതി വാങ്ങാനുള്ള വഴി അഅനുവദിക്കുക; മാസം 30 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്ക് ഒഴികെയുള്ള എല്ലാവിധ സബ്‌സിഡികളും ഇല്ലാതാക്കുക; വിലകള്‍ വിപണിനിയന്ത്രിതമാക്കുക എന്നിവയാണ്. ഏതെങ്കിലും വിഭാഗത്തിന് സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കുന്നെങ്കില്‍ ചെലവ് സര്‍ക്കാര്‍ മുന്‍കൂറായി ബന്ധപ്പെട്ട വൈദ്യുത കമ്പനികള്‍ക്ക് നല്‍കേണ്ടതാണ്. വൈദ്യുതി വ്യവസായം നഷ്ടംകൂടാതെ നടത്തേണ്ടതിന്റെ ആവശ്യകതയും നീതീകരിക്കത്തക്കതുതന്നെ. എന്നാല്‍, ശാസ്ത്രീയമായ അടിത്തറയില്ലാതെ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുക വഴി ഉണ്ടാകുന്ന വൈദ്യുതി വിലക്കയറ്റം സാധാരണക്കാരന് മറ്റൊരു പ്രഹരമായിരിക്കും.

വിതരണരംഗത്ത് ഓപ്പണ്‍ ആക്‌സസ് അനുവദിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ അത് ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതിന് ഒരു കാരണം സംസ്ഥാനത്തെ പൊതുമേഖലാവൈദ്യുതി സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിക്ക് സ്വകാര്യ ഉത്പാദകരെ അപേക്ഷിച്ച് വില കുറവായതാണ്. ഇളവുകളും സഹായവും സര്‍ക്കാര്‍തലത്തില്‍ ചെയ്തിട്ടും ഉത്പാദനനിലയങ്ങള്‍ സ്ഥാപിച്ച് (മെര്‍ക്കന്റൈല്‍ സ്റ്റേഷന്‍സ്) വൈദ്യുതി ഉണ്ടാക്കി വിപണി നിയന്ത്രിതവിലയ്ക്ക് വിറ്റ് വൈദ്യുതി വ്യവസായം നടത്താന്‍ സ്വകാര്യമൂലധനം തയ്യാറാകുന്നില്ല. റിസ്‌ക് ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ വൈദ്യുതി വാങ്ങല്‍ കരാറിന്റെ (പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ്) അടിസ്ഥാനത്തില്‍ മാത്രം വൈദ്യുതി ഉണ്ടാക്കി വില്‍ക്കാനാണ് അവര്‍ താത്പര്യം കാണിക്കുന്നത്. പിന്നെ എങ്ങനെയാണ് വിപണിയില്‍നിന്ന് ആവശ്യത്തിന് വൈദ്യുതി വിലകുറച്ച് വാങ്ങാന്‍ കഴിയുന്നത്?

വൈദ്യുതിനില വഷളായ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അണ്‍ അലോക്കേറ്റഡ് വൈദ്യുതിയുടെ വിഹിതം നല്‍കുക. ഈ വൈദ്യുതി വിപണിയില്‍ വിറ്റഴിക്കാനുള്ള നിര്‍ദേശം വളരെ മോശപ്പെട്ട ഫലങ്ങളാണുണ്ടാക്കുക. വൈദ്യുതി ദാരിദ്ര്യത്താല്‍ പൊറുതിമുട്ടുന്ന സംസ്ഥാനങ്ങള്‍ എന്തു വിലകൊടുത്തും വൈദ്യുതി വാങ്ങാന്‍ ശ്രമിക്കും. ഇത് അവരുടെ വൈദ്യുതി വാങ്ങല്‍ ചെലവ് വര്‍ധിപ്പിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ധനക്കമ്മിയുള്ള പൊതുമേഖലാ വിതരണക്കമ്പനികളുടെ സ്ഥിതി ഈ നടപടികള്‍ കൂടുതല്‍ വഷളാക്കും. ഈ കുഴപ്പത്തില്‍നിന്ന് രക്ഷപ്പെടാന്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടതായിവരും.

മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ വഴിയെ കേന്ദ്ര ഉത്പാദന നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വൈദ്യുതക്കമ്പനികള്‍ക്ക് അനുവദിക്കാവൂ എന്ന നിര്‍ദേശം പ്രാവര്‍ത്തികമാകുന്നതോടെ വൈദ്യുതിയുടെ വില വീണ്ടും വര്‍ധിക്കും.

വൈദ്യുതി ബോര്‍ഡുകളെ മുറിച്ച് വിവിധ കമ്പനികളാക്കുന്നതുകൊണ്ട് വൈദ്യുതിമേഖലയിലെ ഒരു പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. മറിച്ച് പുതിയ പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞുവരികയും ചെയ്തിട്ടുണ്ട്. വൈദ്യുതി വ്യവസായത്തെ സ്വകാര്യവത്കരിക്കാനും സ്വകാര്യ ഉത്പാദകര്‍ക്ക് പൊതുമേഖലയുടെ കുത്തകയായിരുന്ന വിപണിയിലേക്ക് കടന്നുകയറി ലാഭം കൊയ്യാനും സൗകര്യമൊരുക്കുകയാണ് പുനഃസംഘാടനത്തിലൂടെ ലക്ഷ്യമിടുന്നത്.

1. ഓപ്പണ്‍ ആക്‌സസ് - ഒരു വൈദ്യുതിക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള വൈദ്യുതി വാഹിനി - കമ്പി, കേബിള്‍ എന്നിവ - മറ്റു കമ്പനികളോ ഉപഭോക്താക്കളോ ഉപയോഗപ്പെടുത്തി വൈദ്യുതി വാങ്ങി ഉപയോഗിക്കാനുള്ള അനുവാദം.

2. അണ്‍ അലോക്കേറ്റഡ് ഷെയര്‍ - കേന്ദ്ര വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് വീതംവെക്കുന്നത് ഗാഡ്ഗില്‍ ഫോര്‍മുല അനുസരിച്ചാണ്. 10 ശതമാനം വൈദ്യുതി. വൈദ്യുതിനിലയം നില്‍ക്കുന്ന സംസ്ഥാനത്തിന് 75 ശതമാനം വൈദ്യുതി സംസ്ഥാനത്തിനുള്ള കേന്ദ്ര പദ്ധതിവിഹിതത്തിന്റെയും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കും. 15 ശതമാനം കേന്ദ്രത്തിന്റെ കൈവശം വെക്കും; വല്ലാത്ത വൈദ്യുതിദാരിദ്ര്യം അനുഭവപ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍. ഇതാണ് അണ്‍ അലോക്കേറ്റഡ് ഷെയര്‍. * 

കെ.ആര്‍. ഉണ്ണിത്താന്‍(Mathrubhumi 04/03/2013)