വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Saturday, December 11, 2010

വൈദ്യുതിമേഖലയിലെ പുരോഗതി

          വൈദ്യുതിമേഖലയില്‍ പടിപടിയായ പുരോഗതി വ്യക്തമാക്കുന്നതാണ് പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഇല്ലാത്ത അവസ്ഥ. 1996ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വ്യവസായമേഖലയില്‍ നൂറുശതമാനം പവര്‍കട്ടും മൂന്നും മൂന്നരയും മണിക്കൂര്‍ ലോഡ്ഷെഡിങ്ങുമായിരുന്നു. അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായി, ആദ്യ രണ്ടുവര്‍ഷംകൊണ്ടുതന്നെ സംസ്ഥാനം വൈദ്യുതിപ്രതിസന്ധിയില്‍നിന്ന് മുക്തിനേടി. വൈദ്യുതി സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. എല്ലാ കാലത്തുമെന്നപോലെ, തുടര്‍ന്ന് അധികാരമേറ്റ യുഡിഎഫ് വൈദ്യുതിരംഗത്തെ മുന്നേറ്റങ്ങളെയാകെ തകര്‍ത്തു. വീണ്ടുമൊരു പ്രതിസന്ധി രൂപപ്പെട്ടു വന്ന ഘട്ടത്തിലാണ് 2006ല്‍  എല്‍ ഡി എഫ് അധികാരത്തിലെത്തുന്നത്. ഈ സര്‍ക്കാരിന്റെ ഇടപെടല്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി എന്നതാണ് ഇക്കൊല്ലം പ്രതിസന്ധി ഉണ്ടാകില്ലെന്ന് ഉറപ്പിച്ചുപറയാന്‍ വൈദ്യുതിമന്ത്രി എ കെ ബാലനു കഴിയുന്നതിലൂടെ തെളിയുന്നത്. 

ജലസംഭരണികളില്‍ ഇപ്പോള്‍ 55 ശതമാനം വെള്ളമുണ്ട്. ഇപ്പോഴുള്ള വെള്ളം ഉപയോഗിച്ച് 3650 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാം. 7000 ദശലക്ഷം യൂണിറ്റാണ് കേന്ദ്രപൂളില്‍നിന്നു ലഭിക്കേണ്ടത്. 3000 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നു വാങ്ങാനുള്ള കരാറായിട്ടുണ്ട്. 1000 ദശലക്ഷം യൂണിറ്റുകൂടി അധികമായി വാങ്ങിയാല്‍ വൈദ്യുതിക്ഷാമം ഉണ്ടാകില്ല. നാല്‍പ്പത്തേഴ് നിയമസഭാമണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായിട്ടുണ്ട്. ആകെ നൂറു മണ്ഡലത്തില്‍ നടക്കുന്ന ഈ സമഗ്ര പരിപാടി എല്ലാവര്‍ക്കും വൈദ്യുതി എന്ന തലത്തിലേക്ക് കേരളത്തെ ഉയര്‍ത്തും. കാല്‍നൂറ്റാണ്ടുകാലത്തേക്ക് വോള്‍ട്ടേജ് ക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്ന നവീകരണം പ്രസരണസംവിധാനത്തില്‍ വരുത്തിയിട്ടുണ്ട്. ഊര്‍ജരംഗത്ത് എല്ലാതലത്തിലും ഗണ്യമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തിന്റെ വ്യവസായവളര്‍ച്ചയ്ക്ക് വേഗം കൂട്ടുന്നതാണ് ഈ നേട്ടങ്ങള്‍. 
(from blog "Jagratha")

Friday, December 3, 2010

ചീമേനി താപനിലയം ആദ്യഘട്ടം 4 വര്‍ഷത്തിനകം കമീഷന്‍ ചെയ്യും


കാസര്‍കോട് ജില്ലയിലെ ചീമേനിയില്‍ പ്രകൃതിവാതകം അടിസ്ഥാനമാക്കി താപവൈദ്യുതനിലയം സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. എല്‍എന്‍ജി പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന വൈദ്യുതപദ്ധതിക്ക് 14,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ടം 2014-15ല്‍ കമീഷന്‍ ചെയ്യും. 1200 മെഗാവാട്ട് ഉല്‍പ്പാദനമാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടം 2019-20ല്‍ പൂര്‍ത്തിയാക്കും. കേരളത്തിന്റെ വ്യാവസായിക പുരോഗതിക്ക് വഴിതുറക്കുന്ന താപവൈദ്യുതനിലയം സംയുക്തസംരംഭമായി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനും കെഎസ്ഇബിക്കുമായി 26 ശതമാനം ഓഹരിയുണ്ടാകും. പദ്ധതിയുടെ പ്രാഥമിക നടപടിക്കായി സര്‍ക്കാരും കെഎസ്ഇബിയും കെഎസ്ഐഡിസിയും ഉള്‍പ്പെടുന്ന പ്രത്യേക കമ്പനി രൂപീകരിക്കും. 74 ശതമാനം ഓഹരി സംയുക്തസംരംഭത്തിലെ പങ്കാളിക്ക് നല്‍കും. പങ്കാളിയെ കണ്ടെത്താനായി ആഗോള ടെന്‍ഡര്‍ ക്ഷണിക്കും. പദ്ധതിക്ക് 2000 ഏക്കര്‍ ഭൂമി കൈമാറുന്നതിനുള്ള നടപടിയും പുരോഗമിക്കുന്നുണ്ട്. പാന്റേന്‍ കോര്‍പറേഷന്റെ അധീനതയിലുള്ള ഭൂമിയാണ് കൈമാറുന്നത്. നിലയം പൂര്‍ത്തിയാകുന്നതോടെ ഒട്ടേറെ അനുബന്ധ വ്യവസായങ്ങള്‍ക്കും സാധ്യത തെളിയും. കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ പൈപ്പ് ലൈന്‍വഴി പ്രകൃതിവാതകം ചീമേനിനിലയത്തില്‍ എത്തിക്കും. ഇന്ധനമായി കല്‍ക്കരിയും പ്രകൃതിവാതകവും ഉപയോഗിക്കാനാണ് നേരത്തെ ആലോചിച്ചിരുന്നത്. പിന്നീട് പ്രകൃതിവാതകംമാത്രം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.   
(Deshabhimani 01.12.2010, Janashakthi)