വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Sunday, April 21, 2013

വൈദ്യുതിരംഗത്തെ പിടിപ്പുകേട് വികസനം തകിടം മറിച്ചു: പിണറായി

തിരൂര്‍: വൈദ്യുതി മേഖലയില്‍ സര്‍ക്കാര്‍ തുടരുന്ന പിടിപ്പുകേട് നാടിന്റെ വികസനം തകിടം മറിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പവര്‍കട്ടും ലോഡ്ഷെഡിങ്ങും ജനങ്ങളെ ദുരിതത്തിലാക്കുക മാത്രമല്ല, വികസനത്തെ പിറകോട്ടുവലിക്കുകയുംചെയ്തു. വികസനമെന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച "എമര്‍ജിങ് കേരള"യുടെ പൊടിപോലുമില്ല. വികസന കാര്യത്തില്‍ വൈദ്യുതി പ്രധാനമാണ്. നാട്ടില്‍ വ്യവസായവും വികസനവും വരാന്‍ വൈദ്യുതി വേണം. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനോ ഉള്ളത് കാര്യക്ഷമമായി വിതരണംചെയ്യാനോ ഒരു നടപടിയുമില്ല. അതിനുള്ള ഇച്ഛാശക്തി സര്‍ക്കാരിനില്ല. വൈദ്യുതിയും വികസനവും സ്വപ്നം കണ്ടതുകൊണ്ടായില്ല. ഭാവനാലോകത്ത് ജീവിക്കുന്നതിനു പകരം പ്രശ്നങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ കാണണം. കൂടുതല്‍ വൈദ്യുതി എങ്ങനെ ഉല്‍പ്പാദിപ്പിക്കാമെന്ന് ആലോചിക്കുകയും അതിനുള്ള പദ്ധതി തയ്യാറാക്കുകയുംവേണം. ആണവ വൈദ്യുതി നിലയം നാടിന് യോജിച്ചതല്ല. അതൊഴികെയുള്ള ഏത് കാര്യവും ഉപയോഗിക്കാം. ജലവൈദ്യുത പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കണം. കേരളത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് വേണം പദ്ധതികള്‍ നടപ്പാക്കാന്‍. പരിസ്ഥിതി ആഘാതത്തിന്റെ പേരിലുള്ള അനാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കണം. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് ഒന്നിലധികം തവണ പാരിസ്ഥിതിക അനുമതി കിട്ടിയതാണ്. എന്നാല്‍ പദ്ധതിക്കെതിരെ ചിലര്‍ കേസിനുപോയി, നിരവധി തെറ്റായ പ്രചാരണങ്ങളുണ്ടായി. പദ്ധതി യാഥാര്‍ഥ്യമായാല്‍ അവിടത്തെ സ്വാഭാവിക വെള്ളച്ചാട്ടം ഇല്ലാതാകുമെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. അപകടകരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയതാണ്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി പരമാവധി ഉല്‍പ്പാദിപ്പിക്കാനുള്ള നടപടി വേണം. കേന്ദ്രവിഹിതം വാങ്ങാം; എന്നാല്‍ വിലയ്ക്ക് വാങ്ങാവുന്ന വൈദ്യുതിയെ മാത്രം ആശ്രയിക്കരുത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിലപാട് വേണമെന്നും പിണറായി പറഞ്ഞു. 

No comments:

Post a Comment