വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Tuesday, May 14, 2013

രാപകൽ സമരം അവസാനിച്ചു.






          വൈദ്യുതിക്ഷാമം കാരണം വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. വ്യവസായസ്ഥാപനങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കാനും മറ്റു സംസ്ഥാനങ്ങളിലേക്ക്പറിച്ചുനടാനുമാണ് ശ്രമിക്കുന്നത്. വൈദ്യുതി തൊഴിലാളികളുടെ രാപകല്‍ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വീടിനുമുകളില്‍ സൗരോര്‍ജപാനല്‍ സ്ഥാപിച്ചതുകൊണ്ട് മാത്രം തീരുന്നതല്ല സംസ്ഥാനത്തിന്റെ വൈദ്യുതിപ്രശ്നം. അറ്റകുറ്റപ്പണിയുടെ പേരില്‍ സബ് സ്റ്റേഷനുകള്‍ അടച്ചിട്ടും പവര്‍കട്ട് നടപ്പാക്കിയും തല്‍ക്കാലം പിടിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. വൈദ്യുതിപ്രസരണം കുറയ്ക്കാനുള്ള കേന്ദ്രാവിഷ്കൃതപദ്ധതിയായ ആര്‍എപിഡിആര്‍പി പോലും ഫലപ്രദമായി നടപ്പാക്കുന്നില്ല. എല്‍ഡിഎഫിന്റെ ഭരണകാലത്ത് ടെന്‍ഡര്‍ നടപടികള്‍ വരെയെത്തിയ 12പദ്ധതികള്‍ യുഡിഎഫ് അട്ടിമറിച്ചെന്ന് മാത്രമല്ല കേന്ദ്രം അനുവദിച്ച കല്‍ക്കരിപ്പാടം നഷ്ടപ്പെടുത്തുകയും ചെയ്തു. വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും എളമരം കരീം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് കെ ഒ ഹബീബ് അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരന്‍ സംസാരിച്ചു.                 വൈദ്യുതി ഉല്‍പ്പാദനത്തിലും വിതരണത്തിലും യുഡിഎഫ് സര്‍ക്കാര്‍ വന്‍ അനാസ്ഥ കാട്ടുകയാണെന്ന് സിഐടിയു അഖിലേന്ത്യാ വൈസ്പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയറ്റ് പടിക്കല്‍ നടക്കുന്ന നാലുദിവസത്തെ രാപ്പകല്‍ സത്യഗ്രഹത്തിന്റെ മൂന്നാംദിവസത്തെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കി. എന്നാല്‍, തുടക്കമിട്ട ഇതില്‍ പലതും യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നില്ല. ഒഡിഷയിലെ കല്‍ക്കരിപ്പാടം ഗവണ്‍മെന്റ് നിലപാടുമൂലം നഷ്ടപ്പെട്ടു. ജലവൈദ്യുതി കഴിഞ്ഞാല്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന സ്രോതസ്സാണ് കല്‍ക്കരി. 200 വര്‍ഷത്തേക്കുള്ള ഉപയോഗത്തിന് ആവശ്യമായ കല്‍ക്കരി ഖനികളിലുണ്ട്. അതുകൊണ്ട് കൂടുതല്‍ താപനിലയങ്ങള്‍ പണിയണം. സ്വകാര്യമേഖലയിലെ വമ്പന്‍മാര്‍ സ്വന്തമായി കുഴിച്ചെടുക്കുന്ന കല്‍ക്കരി സ്വന്തം വൈദ്യുതി പദ്ധതികളില്‍ ഉപയോഗിക്കുന്നതാണ് ഇപ്പോഴുള്ള അഴിമതിക്കും വലിയതോതില്‍ വൈദ്യുതിവില വര്‍ധനയ്ക്കും കാരണം. പറമ്പിക്കുളം കരാറില്‍ വെള്ളംചേര്‍ത്ത് കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം തമിഴ്നാടിന് കൊടുക്കുന്നു. 108 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാധ്യതയാണ് തന്മൂലം തുലച്ചതെന്നും ആനത്തലവട്ടം പറഞ്ഞു.

No comments:

Post a Comment