വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Saturday, October 5, 2013

വൈദ്യുതി ജനങ്ങളുടെ അവകാശം

         തികഞ്ഞ പരാജയമാണെന്ന് ബോധ്യപ്പെട്ടിട്ടും വൈദ്യുതി ഉല്‍പ്പാദന മേഖലയിലെ സ്വകാര്യവല്‍ക്കരണ നയങ്ങളില്‍നിന്ന് പിന്മാറാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. പ്രസരണ വിതരണ രംഗത്തേക്കുകൂടി ഇതേനയങ്ങള്‍ വ്യാപിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ഒഡിഷയിലെ സംസ്ഥാന വൈദ്യുതി ബോര്‍ഡ് വിഭജിച്ച് കമ്പനികളാക്കി സ്വകാര്യവല്‍ക്കരിച്ചാണ് ഈ പരിഷ്കരണങ്ങളിലെ ഘടനാമാറ്റത്തിന് തുടക്കംകുറിച്ചത്. ഇത് തികഞ്ഞ പരാജയമായി. പക്ഷേ, അനുഭവങ്ങളില്‍നിന്ന് പഠിക്കാനല്ല, കേന്ദ്രനിയമം കൊണ്ടുവന്ന് സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരം കവര്‍ന്ന് വൈദ്യുതി മേഖലാപരിഷ്കരണം നിര്‍ബന്ധമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. അങ്ങനെയാണ് 2003ലെ കേന്ദ്ര വൈദ്യുതി നിയമം വരുന്നത്. വൈദ്യുതി ബോര്‍ഡുകളെ കമ്പനികളാക്കി വിഭജിക്കണമെന്ന് ഈ നിയമം ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള പരിഷ്കരണങ്ങളുടെ ഭാഗമായി ഇന്ത്യന്‍ വൈദ്യുതിമേഖല തകര്‍ന്നടിയുന്നു. കടുത്ത വൈദ്യുതിക്ഷാമമാണ് ഇതിന്റെയൊക്കെ ഭാഗമായി രാജ്യത്തുണ്ടായത്.

രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദന ശേഷിയിലും ഊര്‍ജ ലഭ്യതയിലും കടുത്ത കമ്മി നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര വൈദ്യുത് അതോറിറ്റിയുടെ കണക്കുകള്‍ കാണിക്കുന്നു. 2012-13ല്‍ ശരാശരി 12 ശതമാനം കമ്മിയാണ് വൈദ്യുതിശേഷിയില്‍ രാജ്യം നേരിട്ടത്. 9 ശതമാനം ഊര്‍ജകമ്മിയും നേരിട്ടു. ഇന്ത്യന്‍ ജനസംഖ്യയില്‍ 40.4 കോടി ആളുകള്‍ക്ക് ഇപ്പോഴും വൈദ്യുതി പ്രാപ്യമല്ല. 32.8 ശതമാനം വീടുകളില്‍ വൈദ്യുതി എത്തിയിട്ടില്ല. ഗ്രാമീണമേഖലയില്‍ 44.7 ശതമാനം വീടുകളും വൈദ്യുതി ഇല്ലാത്തതാണ്. ഒറ്റവീടുപോലും വൈദ്യുതീകരിക്കാത്ത 33060 ഗ്രാമങ്ങള്‍ രാജ്യത്തുണ്ട്. കടുത്ത വൈദ്യുതിക്ഷാമം നേരിടുന്നുവെന്നതു മാത്രമല്ല രാജ്യത്തെ വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ കടക്കെണിയിലുമാണ്. ഷൂഗ്ലു കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. 2005 മുതല്‍ 2010 വരെയുള്ള കണക്ക് പരിശോധിച്ച കമ്മിറ്റി വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ സഞ്ചിതകടം 1.55 ലക്ഷം കോടി രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. വിതരണക്കമ്പനികളുടെ അഞ്ചുവര്‍ഷത്തെ നഷ്ടം 1.79 ലക്ഷം കോടിയാണ്. വൈദ്യുതി വാങ്ങല്‍ച്ചെലവില്‍ ഇരട്ടിയിലധികം വര്‍ധനയാണ് ഈ കാലയളവില്‍ ഉണ്ടായതെന്നും അതാണ് ഈ സ്ഥിതിക്ക് കാരണമെന്നും കമ്മിറ്റി കണ്ടെത്തി.

വൈദ്യുതിയെ കച്ചവടച്ചരക്കാക്കി കാണുന്ന കേന്ദ്രനയങ്ങള്‍ക്ക് ബദലായി സാമൂഹ്യ വികസനത്തിനുള്ള അടിസ്ഥാന ഘടകമാണ് വൈദ്യുതിയെന്ന സമീപനം സ്വീകരിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവച്ച കേരള ബദലാണ് കേരളത്തെ ഇന്ത്യന്‍ പൊതുസ്ഥിതിയില്‍നിന്ന് വേറിട്ടതാക്കിയത്. വൈദ്യുതി ബോര്‍ഡ് വിഭജിച്ച് കമ്പനികളാക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളിക്കളഞ്ഞ് ഒറ്റസ്ഥാപനമായി പൊതുമേഖലയില്‍ സംരക്ഷിക്കുമെന്ന ശക്തമായ നിലപാടാണ് സംസ്ഥാനം സ്വീകരിച്ചത്. പുനഃസംഘടനയ്ക്ക് കൂടുതല്‍ സമയമനുവദിക്കാന്‍ ബോര്‍ഡിനെ രണ്ട് സ്ഥാപനങ്ങളെങ്കിലുമാക്കി വിഭജിക്കുമെന്ന ഉറപ്പ് വേണമെന്ന് കേന്ദ്രം വാശിപിടിച്ചപ്പോള്‍ ബോര്‍ഡിന്റെ ആസ്തിബാധ്യതകള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്ത് സംരക്ഷിക്കാനാണ് കേരളം തയ്യാറായത്. അസംബ്ലി മണ്ഡലങ്ങളുടെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കി കേരളം നടത്തിയ ശ്രമങ്ങള്‍ ഇന്ത്യയില്‍ത്തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ഇടപെടലായിരുന്നു. 85 മണ്ഡലമാണ് 2011 മാര്‍ച്ചിനുള്ളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണവൈദ്യുതീകൃത ജില്ലയായി പാലക്കാട് മാറി. തൃശൂരും എറണാകുളവും ആലപ്പുഴയും ഈ മാതൃക പിന്തുടര്‍ന്നു. വൈദ്യുതി ഉല്‍പ്പാദനരംഗത്തും നല്ല ഇടപെടലാണ് ഉണ്ടായത്.

208 മെഗാവാട്ട് ശേഷിയാണ് 2006-11 കാലത്ത് സംസ്ഥാനത്ത് പുതുതായി കൂട്ടിച്ചേര്‍ത്തത്. ഒഡിഷയിലെ ബൈതരണിയില്‍ 1000 മെഗാവാട്ട് ശേഷിയുള്ള കല്‍ക്കരിപ്പാടം നേടിയെടുത്തതടക്കം ചെറുതും വലുതുമായി മുപ്പതോളം പദ്ധതികളില്‍ നിന്നായി 3000 മെഗാവാട്ടിനുള്ള പദ്ധതികള്‍ക്കാണ് ഇക്കാലത്ത് തുടക്കം കുറിച്ചത്. 2006 മാര്‍ച്ചില്‍ വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിതകടം 4541 കോടി രൂപയായിരുന്നു. 2011 മാര്‍ച്ചില്‍ അത് 1066 കോടി രൂപയാക്കി കുറയ്ക്കാനായി. ഉല്‍പ്പാദന, പ്രസരണ, വിതരണമേഖലകളിലായി 3400 കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും വൈദ്യുതി ബോര്‍ഡിനായി. ഈ നേട്ടങ്ങളാകെ പഴങ്കഥകളാകുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടുണ്ടായത്. സമ്പൂര്‍ണ വൈദ്യുതീകരണം നിര്‍ത്തലാക്കി. കണക്ഷന് ആവശ്യമായ മുഴുവന്‍ തുകയും അടയ്ക്കാന്‍ തയ്യാറില്ലാത്തവര്‍ക്ക് കണക്ഷന്‍ നല്‍കുന്നതല്ലെന്ന് 2011 ഒക്ടോബറില്‍ ബോര്‍ഡ് തീരുമാനിച്ചു. പണമടയ്ക്കുന്നവര്‍ക്കുപോലും കണക്ഷനുവേണ്ടി കാലങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു. വൈദ്യുതി തടസ്സങ്ങള്‍ തുടര്‍ക്കഥയാക്കുന്നു. അപകടങ്ങളും പെരുകുന്നു. ജീവനക്കാരും ജനങ്ങളും തമ്മില്‍ രൂപപ്പെട്ടുവന്ന നല്ല ബന്ധം താറുമാറാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. വൈദ്യുതി ഉല്‍പ്പാദന പദ്ധതികള്‍ മിക്കവാറും ഇഴഞ്ഞുനീങ്ങുകയോ സ്തംഭനത്തിലോ ആണ്. ബൈതരണി കല്‍ക്കരിപ്പാടം കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുത്തു. പരിസ്ഥിതിപ്രശ്നങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്ന പദ്ധതികളില്‍ സര്‍ക്കാരില്‍നിന്ന് ഒരു ഇടപെടലും ഉണ്ടാകുന്നില്ല. അഭ്യന്തര ഉല്‍പ്പാദനത്തിന് നടപടികളെടുക്കാതെ പുറത്തുനിന്ന് വാങ്ങിവില്‍ക്കുന്ന സ്ഥാപനമാക്കി വൈദ്യുതി ബോര്‍ഡിനെ മാറ്റാനാണ് ശ്രമം. കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമീഷന്‍ റിപ്പോര്‍ട്ടുപ്രകാരം ദേശീയ വൈദ്യുതിക്കമ്പോളത്തില്‍ നിന്ന് ഏറ്റവുമുയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്ന സംസ്ഥാനം കേരളമാണത്രേ. വൈദ്യുതി വാങ്ങി കാലം കഴിക്കാം എന്ന നിലപാടിന്റെ ഗുരുതരാവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്. വൈദ്യുതി പ്രതിസന്ധി ഉപയോഗപ്പെടുത്തി തട്ടിപ്പു നടത്തുന്നതെങ്ങനെയെന്നതിന്റെ ഉദാഹരണങ്ങളും പുറത്തുവന്നു. വൈദ്യുതി മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പിന്തുടരുന്ന സമീപനമാണ് നിലവില്‍ കേരളത്തിനുള്ളത്. രണ്ടുതവണ നിരക്ക് വര്‍ധിപ്പിച്ചിട്ടും സാമ്പത്തിക പ്രതിസന്ധി തീരുന്നില്ല. നല്ല മഴ കിട്ടിയിട്ടും വരുന്ന വേനലില്‍ വൈദ്യുതി നിയന്ത്രണങ്ങളുണ്ടാവില്ലെന്ന് ഉറപ്പിക്കാനുമാവില്ല. പുറത്തുനിന്നുള്ള വൈദ്യുതിയെ ആശ്രയിച്ച് നമുക്ക് അധികകാലം മുന്നോട്ടുപോകാനാകില്ല. ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചുകൊണ്ടേ വൈദ്യുതി മേഖലയില്‍ സംസ്ഥാനത്തിന് നിയന്ത്രണം നേടാന്‍ കഴിയൂ. ജലവൈദ്യുത സാധ്യതകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതോടൊപ്പം മറ്റു സാധ്യതകളും പരിശോധിക്കണം.

ബൈതരണി കല്‍ക്കരിപ്പാടം തിരിച്ചുപിടിക്കല്‍ പ്രധാനമാണ്. ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളും സോളാര്‍ അടക്കമുള്ള ഊര്‍ജസാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തണം. പ്രസരണ വിതരണ മേഖലകളില്‍ ഐടി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി ഉപഭോക്തൃ സംതൃപ്തി ഉറപ്പുവരുത്തണം. വൈദ്യുതി ജനങ്ങളുടെ അവകാശമാണ് എന്നുറപ്പിക്കുന്ന ജനകീയ ഇടപെടലാണ് ഉണ്ടാവേണ്ടത്.

                                                                                                  എം ജി സുരേഷ്കുമാര്‍ 

deshabhimani.com

No comments:

Post a Comment