വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Tuesday, March 4, 2014

വൈദ്യുതി കരാര്‍ത്തൊഴിലാളിയുടെ അപകടമരണം; അസിസ്റ്റന്റ് എന്‍ജിനിയറെ സ്ഥലംമാറ്റി

എഴുകോണ്‍: ജോലിക്കിടെ വൈദ്യുതാഘാതം ഏറ്റ് കരാര്‍ത്തൊഴിലാളി മരിക്കാനിടയായ സംഭവത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയറെ സ്ഥലംമാറ്റി. എഴുകോണ്‍ വൈദ്യുതിസെക്ഷന്‍ ഓഫീസിലെ കരാര്‍ത്തൊഴിലാളി വിനുമോന്‍ മരിച്ച സംഭവത്തിലാണ് അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ എസ് ദേവിനെ പിറവന്തൂരിലേക്ക് സ്ഥലംമാറ്റിയത്. ഒക്ടോബര്‍ എട്ടിന് ചീരങ്കാവ് കോഴിക്കോടന്‍ മുക്കിലാണ് അപകടം നടന്നത്. ലോ ടെന്‍ഷന്‍ ലൈനിലെ ഫ്യൂസ് ഊരാതെ തൊട്ടുമുകളിലൂടെ കടന്നുപോകുന്ന 11 കെവി ലൈനില്‍ അറ്റകുറ്റപ്പണി നടത്തിയതാണ് വൈദ്യുതാഘാതമേല്‍ക്കാന്‍ കാരണം. കെ എസ് ദേവായിരുന്നു ജോലിക്കു നേതൃത്വം നല്‍കിയത്. സംഭവത്തിന് ഉത്തരവാദിയായവര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജനം സമരം തുടങ്ങിയപ്പോള്‍ സംഭവത്തില്‍ പങ്കില്ലാത്ത കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) അംഗമായ സബ് എന്‍ജിനിയര്‍ ജോണ്‍സണെ സസ്പെന്‍ഡ് ചെയ്തു. കുണ്ടറ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സന്തോഷ് രാഷ്ട്രീയവിരോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഡ്ചെയ്തത്. കെഎസ്ഇബി സേഫ്റ്റി കമീഷണര്‍ നടത്തിയ അന്വേഷണത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ എസ് ദേവാണ് കുറ്റക്കാരനെന്നും ജോണ്‍സണ്‍ നിരപരാധിയാണെന്നും തെളിഞ്ഞു. പിന്നീട് ജോണ്‍സണെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുഡിഎഫ് അനുകൂല സംഘടനാ പ്രവര്‍ത്തകനായ കെ എസ് ദേവിനെ സസ്പെന്‍ഡ് ചെയ്യാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മുതിര്‍ന്നില്ല. തുടര്‍ന്ന് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവിനെ സ്ഥലംമാറ്റാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ തയ്യാറായത്. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിരന്തരം ദ്രോഹനടപടി സ്വീകരിക്കുകയും അര്‍ഹമായ അവകാശം നിഷേധിക്കുകയും ചെയ്യുന്ന എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. - 
deshabhimani

No comments:

Post a Comment