വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Tuesday, February 19, 2013

സ്വകാര്യവൽക്കരണ നിർദേശം കേരളം ചോദിച്ചുവാങ്ങിയത്

            ബോർഡിന്റെ സാമ്പത്തിക പുന:സംഘടന സംബന്ധിച്ച് കേന്ദ്ര ഊർജമന്ത്രാലയം ചില നിർദേശങ്ങൾ 2012 നവംബറിൽ കേരളത്തിനയച്ചു കൊടുത്തു. ആ നിർദേശങ്ങൾ നടപ്പിലാക്കുന്നത് കൊണ്ട് കേരളത്തിലെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന വൈദ്യുത സ്ഥാപനത്തിന് ഒരു ആനുകൂല്യവും ലഭിക്കാനില്ല. ഇതിന്റെ വരുംവരായ്കകളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ബോർഡ് മേധാവികൾ ഇതംഗീകരിച്ച് ഉത്തരവിറക്കി. അത് സംബന്ധിച്ച ഉത്തരവ് കേരളത്തിലെ  ഊർജ സെക്രട്ടറി കേന്ദ്രഗവണ്മെന്റിന് അയച്ചുകൊടുത്തു. കേന്ദ്രഗവണ്മെന്റിന്റെ സ്വകാര്യവൽകരണവുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങൾ വിതരണകമ്പനികളിൽ നടപ്പിലാക്കുമെന്നുകൂടി ഊർജസെക്രട്ടറിയുടെ കത്തിൽ പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യവൽകരണ നിർദേശങ്ങൾ 15 ദിവസത്തിനകം അയയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.
              ബോർഡിന്റെ സാമ്പത്തിക പുന:സംഘടന സംബന്ധിച്ച ഉത്തരവും ഊർജ വകുപ്പ് എഴുതിയ കത്തും സ്ഥാപനത്തിന്റെ നിലനില്പിനെ തന്നെ തകരാറിലാക്കുമെന്ന് മനസിലാക്കിയ ബോർഡിലെ 12 സംഘടനകൾ സംയുക്തമായി ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. വൈദ്യുതി സ്ഥാപനത്തോടോ കേരളത്തോടോ യാതൊരു കടപ്പാടുമില്ലാത്ത ബോർഡുദ്യോഗസ്ഥരും ഊർജവകുപ്പ് മേധാവികളും ഉത്തരവ് റദ്ദാക്കാനോ കേന്ദ്രത്തിന് അയച്ച കത്ത് പിൻ‌വലിക്കാനോ തയ്യാറായില്ല.
               സ്വകാര്യവൽക്കരണ നിർദേശങ്ങൾ ഉടനടി അയയ്ക്കണമെന്ന പവർ ഫിനാൻസ് കോർപറേഷന്റെ കത്തിൽ തന്നെ 2011-12 സാമ്പത്തിക വർഷം കേരളത്തിലെ വൈദ്യുതി വിതരണ സ്ഥാപനം 241 കോടി രൂപ ലാഭമുണ്ടാക്കിയത് പ്രത്യേകം എടുത്ത് പറയുന്നുണ്ട്. ഇൻഡ്യയിൽ ലാഭകരമായി പ്രവർത്തിക്കുന്ന ഏക വൈദ്യുതി സ്ഥാപനമാണിത്. അത് സ്വകാര്യവൽക്കരിക്കണം എന്ന നിർദേശത്തെ തള്ളിക്കളയാൻ മറ്റ് കാരണങ്ങളൊന്നും പ്രത്യേകിച്ച് വേണ്ടല്ലോ ?
           അതുകൊണ്ട് ഇലക്ട്രിസിറ്റി ബോർഡ് അംഗീകരിച്ച സാമ്പത്തിക പുന:സംഘടനാ സ്കീം സംബന്ധിച്ച ഉത്തരവ് റദ്ദാക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ പവർ സെക്രട്ടറി കേന്ദ്രസർക്കാരിന് അയച്ച കത്ത് പിൻ‌വലിക്കണം. മെച്ചപ്പെട്ട രീതിയിൽ നടക്കുന്ന ഈ സ്ഥാപനം സ്വകാര്യവൽക്കരിക്കേണ്ട കാര്യമില്ല എന്ന വൈദ്യുതി വകുപ്പിന്റേതായ കത്ത് പവർ ഫിനാൻസ് കോർപ്പറേഷന് അയക്കാൻ വേണ്ട നടപടി വൈദ്യുതി മന്ത്രി ഉടൻ ഏറ്റെടുക്കണം.
           കേരളത്തിന്റെ വൈദ്യുതി രംഗം താറുമാറാക്കുന്ന നടപടികൾ തുടർച്ചയായി എടുക്കുന്ന ഇലക്ട്രിസിറ്റി ബോർഡിന്റെയും ഊർജ വകുപ്പിന്റെയും കേരള ഗവണ്മെന്റിന്റെയും നടപടികളിൽ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റി പ്രതിഷേധിച്ചു. ഡിവിഷൻ ഓഫീസ് വളപ്പിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ സഖാക്കൾ കയാബുദ്ദീൻ, ജയശ്രീ, ഹരിലാൽ എന്നിവർ സംസാരിച്ചു.

No comments:

Post a Comment