വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Monday, February 18, 2013

വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കല്‍: കേന്ദ്രത്തിന്റെ അന്ത്യശാസനം

തിരുവനന്തപുരം: സംസ്ഥാനത്തിന്‍െറ വൈദ്യുതി വിതരണ മേഖല അടിയന്തരമായി സ്വകാര്യവത്കരിക്കണമെന്ന് കേന്ദ്രം. സ്വകാര്യവത്കരിക്കുന്നതിനുള്ള കര്‍മ പദ്ധതി 15 ദിവസത്തിനുള്ളില്‍ തയാറാക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സത്നംസിങ് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എം. ശിവശങ്കറിന് കത്തയച്ചു. വിതരണ മേഖലയില്‍ സ്വകാര്യവത്കരണം അനുവദിക്കണമെന്നതടക്കം അപകടകരമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്ര സര്‍ക്കാറിന്‍െറ സാമ്പത്തിക പുനരുദ്ധരണ പാക്കേജില്‍ സംസ്ഥാനം ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഇത്തരം വ്യവസ്ഥയുണ്ടെന്ന വിമര്‍ശത്തെ സംസ്ഥാന സര്‍ക്കാര്‍ തള്ളുകയായിരുന്നു. ബോര്‍ഡ് കമ്പനിയാക്കാന്‍ അന്തിമഘട്ട നീക്കങ്ങള്‍ നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യവത്കരണം നടത്തില്ലെന്ന് ട്രേഡ് യൂനിയനുകള്‍ക്ക് ആവര്‍ത്തിച്ച് ഉറപ്പ് നല്‍കിയിരുന്നു. സ്വകാര്യവത്കരണത്തിനെതിരെ അതിശക്തമായ പൊതുജനാഭിപ്രായം നിലനില്‍ക്കവെയാണ് സ്വകാര്യവത്കരിച്ചേ മതിയാകൂവെന്ന സമ്മര്‍ദം കേന്ദ്രവും കേന്ദ്ര സ്ഥാപനങ്ങളും നടത്തുന്നത്.
ഫെബ്രുവരി 28നകം കേന്ദ്രത്തിന് സ്വകാര്യവത്കരണ നടപടികള്‍ നല്‍കണം. കര്‍മപദ്ധതി തയാറാക്കി വകുപ്പ് മന്ത്രിയെ അറിയിക്കുകയും ഇതിനുശേഷം ഇതിന്‍െറ വിശദാംശങ്ങള്‍ പവര്‍ ഫിനാന്‍സ് കോര്‍പറേഷനെ അറിയിക്കുകയും വേണമെന്ന് ചെയര്‍മാര്‍ സത്നം സിങ്ങിന്‍െറ കത്തില്‍ നിര്‍ദേശിക്കുന്നു. ഫെബ്രുവരി അഞ്ചിന് ദല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിന്‍െറ അടിസ്ഥാനത്തില്‍ കത്ത് അയക്കുന്നതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. യോഗത്തില്‍ വൈദ്യുതി ബോര്‍ഡുകളുടെ നിലനില്‍പ്പ് സംബന്ധിച്ച് നിരവധി സാധ്യതകള്‍ അവതരിപ്പിച്ചിരുന്നു. വി.കെ. ഷുങ്ഗ്ളുവിന്‍െറ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഫ്രാഞ്ചൈസി മാതൃകയില്‍ ബോര്‍ഡുകള്‍ പരിഷ്കരിക്കാനാണ് നിര്‍ദേശിച്ചത്. ബി.കെ. ചതുര്‍വേദിയുടെ നേതൃത്വത്തിലുള്ള സമിതി പൊതുസ്വകാര്യ പാങ്കാളിത്തമോ ഫ്രാഞ്ചൈസി മാതൃകയോ ആകാമെന്നും ശിപാര്‍ശ നല്‍കി. 100 ശതമാനം സ്വകാര്യവത്കരണ നിര്‍ദേശങ്ങളും പരിഗണിച്ചു. വൈദ്യുതി രംഗം മെച്ചപ്പെടുത്താന്‍ പദ്ധതി തയാറാക്കണമെന്നും കത്തിലുണ്ട്. ഉല്‍പാദനം, വിതരണം, പ്രസരണം എന്നീ മേഖലകള്‍ മെച്ചപ്പെടുത്താന്‍ സംസ്ഥാന ബോര്‍ഡുകള്‍ക്കായി പവര്‍ഫിനാന്‍സ് കോര്‍പറേഷന്‍ 2028 കോടി രൂപയുടെ സാമ്പത്തിക സഹായ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന് കേരളത്തിനും അര്‍ഹതയുണ്ടാകും. സംസ്ഥാനത്തെ വൈദ്യുതി മേഖലയുടെ സാമ്പത്തിക സ്ഥിതിയിലും വിതരണ സംവിധാനത്തിലും ആശങ്കയുണ്ടെന്നും ഈ സാഹചര്യത്തില്‍ സ്വകാര്യ വത്കരണത്തിന് കര്‍മ പദ്ധതി തയാറാക്കാനുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
നാമമാത്രമായ സഹായം വാഗ്ദാനം ചെയ്ത് വൈദ്യുതി രംഗം സ്വകാര്യവത്കരിക്കാനുള്ള തന്ത്രവും സമ്മര്‍ദവുമാണ് ഏറെ നാളായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. 2003 ലെ കേന്ദ്ര വൈദ്യുതി നിയമത്തിന്‍െറ മറ പിടിച്ചാണ് ഈ നീക്കം. തുടക്കത്തില്‍ വൈദ്യുതി ബോര്‍ഡിനെ തന്നെ മൂന്നായി വിഭജിക്കാനായിരുന്നു ശ്രമം. കേരളത്തില്‍ ഒരു കമ്പനിയായി നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ ബോര്‍ഡില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബോര്‍ഡിന്‍െറ ആസ്തി -ബാധ്യതകള്‍ പുതിയ കമ്പനിയെ ഏല്‍പ്പിച്ചുകൊടുക്കും. ഇതിനായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജീവനക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. അപ്പോഴും പ്രധാനമായും സ്വകാര്യവത്കരണ ആശങ്കകളാണ് ജീവനക്കാര്‍ ഉന്നയിച്ചത്. ഒരു കാരണവശാലും സ്വകാര്യവത്കരിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. സാമ്പത്തിക പുനരുദ്ധാരണ പാക്കേജില്‍ സ്വകാര്യ വത്കരണ വ്യവസ്ഥകള്‍ അംഗീകരിച്ചതിനെ കുറിച്ച ആശങ്കയും യോഗത്തില്‍  ഉയര്‍ന്നിരുന്നു. ഇങ്ങനെയൊരു വ്യവസ്ഥയില്ലെന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ അവകാശവാദം.  എന്നാല്‍ സ്വകാര്യവത്കരിക്കാന്‍ സമയപരിധി നിശ്ചയിക്കുകയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.വൈദ്യുതി മേഖലയില്‍ സഹായം ലഭിക്കാന്‍ സ്വകാര്യവത്കരണം വേണമെന്ന നിബന്ധന വെക്കുകയാണ് കേന്ദ്രം.
കേരളത്തിലെ വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിച്ചാല്‍ വൈദ്യുതി നിരക്ക് കുത്തനെ ഉയരാന്‍ സാഹചര്യമൊരുങ്ങും. സ്വകാര്യമേഖലയെ അനുവദിച്ച സംസ്ഥാനങ്ങളിലെല്ലാം അതിഭീമമായ നിരക്ക് വര്‍ധനയാണ് വന്നത്.                (മാധ്യമം 18/02/2013)

No comments:

Post a Comment