വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Monday, March 25, 2013

വിതരണ രംഗം സ്വകാര്യവത്കരിക്കില്ലെന്ന് വൈദ്യുതി ബോര്‍ഡ്

തിരുവനന്തപുരം: വൈദ്യുതി വിതരണ രംഗം സ്വകാര്യവത്കരിക്കണമെന്ന നിര്‍ദേശം സംസ്ഥാനം തള്ളി. വിതരണരംഗം സ്വകാര്യവത്കരിക്കേണ്ട സ്ഥിതിയില്ലെന്ന് കാട്ടി വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പറേഷന് കത്തയച്ചു. വിതരണ രംഗം സ്വകാര്യവത്കരിക്കുകയോ ഫ്രാഞ്ചൈസികളെ ഏല്‍പ്പിക്കുകയോ ചെയ്യാന്‍ രണ്ടാഴ്ചക്കകം കര്‍മപദ്ധതി നടപ്പാക്കണമെന്ന് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സത്നംസിങ് ബോര്‍ഡിന് ഫെബ്രുവരി 13ന് അയച്ച കത്തില്‍ അന്ത്യശാസനം നല്‍കിയിരുന്നു. സാമ്പത്തിക പുന$സംഘടനാ പാക്കേജിനായി വിതരണ രംഗം സ്വകാര്യവത്കരിക്കുന്നതിന് ബോര്‍ഡ് നേരത്തെ സമ്മതം അറിയിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് വിതരണരംഗം സ്വകാര്യവത്കരിക്കേണ്ടെന്ന് ജനുവരി നാലിന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എം. ശിവശങ്കര്‍ പവര്‍ ഫിനാന്‍സ് കോര്‍പറേഷന് മറുപടി നല്‍കിയിരിക്കുന്നത്.വൈദ്യുതി മേഖലയുടെ പുന$സംഘടനയെ കുറിച്ച കേന്ദ്ര സര്‍ക്കാറിന്‍െറ രണ്ട് റിപ്പോര്‍ട്ടുകളിലും സ്വകാര്യ പങ്കാളിത്തം ഒരു രൂപത്തിലല്ലെകില്‍ മറ്റൊരു തരത്തില്‍ വേണമെന്നാണ് പറയുന്നത്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യവത്കരണത്തിന് കേന്ദ്രം നിര്‍ദേശിച്ചത്. സമയബന്ധിതമായ നിരക്ക് പരിഷ്കരണം, പ്രസരണ-വിതരണ നഷ്ടം എന്നിവയാണ് ബോര്‍ഡുകളെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് കേന്ദ്ര പഠന സമിതികള്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നതിനെക്കാള്‍ മെച്ചമാണ് വൈദ്യുതി ബോര്‍ഡിന്‍െറ സ്ഥിതിയെന്ന് ചെയര്‍മാന്‍ അയച്ച കത്തില്‍ പറയുന്നു. പ്രവര്‍ത്തന മികവിന്‍െറ കാര്യത്തില്‍ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഉയര്‍ത്തുന്ന ആശങ്കകളൊന്നും കേരളത്തിന് പ്രശ്നമുണ്ടാക്കില്ലെന്ന് കത്തില്‍ പറയുന്നു. വിതരണനഷ്ടം ആഗോളനിലവാരത്തിലാണ്. പ്രസരണനഷ്ടം താരതമ്യേന മെച്ചമാണ്. സ്വകാര്യമേഖല കടന്നുവന്ന ദല്‍ഹിയടക്കം പല സംസ്ഥാനങ്ങളെക്കാള്‍ കുറവാണ് കേരളത്തിന്‍െറ പ്രസരണ വിതരണ നഷ്ടം. കേന്ദ്ര ഏജന്‍സികളുടെ പഠനത്തില്‍ ചൂണ്ടിക്കാണിച്ച മിക്ക വിഷയങ്ങളിലും കേരളം മെച്ചമാണ്. 100 ശതമാനം വൈദ്യുതിയും മീറ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ പത്ത് വര്‍ഷത്തിന് മുമ്പ് ബോര്‍ഡ് കൈവരിച്ചു.
വിതരണരംഗം സ്വകാര്യവത്കരിക്കാന്‍ വൈദ്യുതി ബോര്‍ഡ് കര്‍മപദ്ധതി തയാറാക്കില്ലെന്നും കേരളത്തിന്‍െറ വൈദ്യുതി രംഗത്തെ കുറിച്ച് പവര്‍ ഫിനാന്‍സ് കോര്‍പറേഷന് പ്രത്യേക പഠനം നടത്താമെന്നും ചെയര്‍മാന്‍ കത്തില്‍ നിര്‍ദേശിച്ചു. ഹ്രസ്വകാല വായ്പ അടക്കം 1067 കോടിയാണ് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ബോര്‍ഡിന് വാഗ്ദാനം നല്‍കുന്നത്. ഇതില്‍ 567 കോടി കേന്ദ്രസഹായ പദ്ധതിയായ ആര്‍.എ.പി.ഡി.ആര്‍.പിയിലേതാണ്. പവര്‍ഫിനാന്‍സ് കോര്‍പറേഷന്‍ ബോര്‍ഡിന്‍െറ സ്ഥിതിയെക്കുറിച്ച് പ്രകടിപ്പിച്ച ആശങ്കകള്‍ നീതീകരിക്കത്തക്കതല്ലെന്നും കേരളീയ സാഹചര്യത്തില്‍ ബാധകമല്ല.
സര്‍ക്കാറിന്‍െറ നയപരമായ തീരുമാനം ബന്ധപ്പെട്ട എല്ലാവരും മാനിക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു.                                                  (മാധ്യമം ദിനപത്രം 25/03/2013)

No comments:

Post a Comment