വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Wednesday, March 13, 2013

വൈദ്യുതി ജീവനക്കാരുടെ നിയമസഭാ മാർച്ച് വിജയിപ്പിക്കുക – 2013 മാർച്ച് 18


സംസ്ഥാന വൈദ്യുത മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വൈദ്യുതിക്ഷാമം പരിഹരിക്കുവാനുള്ള ശാശ്വത നടപടികളൊന്നും സ്വീകരിക്കുന്നില്ല. ദീർഘ – ഹ്രസ്വകാല കരാറുകൾ വഴി വൈദ്യുതി വിലകുറച്ച് വാങ്ങുന്നതിന് പകരം പവർ എക്സ്ചേഞ്ച് വഴി വൻ‌വിലയ്ക്ക് വൈദ്യുതി വാങ്ങി വിലകുറച്ച് നൽകുന്നത് കാരണം ബോർഡ് വൻ സാമ്പത്തിക ബാധ്യത നേരിടുകയാണ്. ആഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിപ്പിച്ചുകൊണ്ടും അന്തർസംസ്ഥാന പ്രസാരണ ശൃംഘല ശക്തിപ്പെടുത്തിയുമല്ലാതെ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയില്ല. എന്നാൽ ബോർഡ് ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ പോലും സ്തംഭനാവസ്ഥയിലാണ്. പള്ളിവാസൽ എക്സ്റ്റൻഷൻ, തോട്ടിയാർ തുടങ്ങിയ പദ്ധതികളും ഇഴയുകയാണ്. ഈ സാഹചര്യത്തിലും ബോർഡ് 1050 മെഗാവാട്ട് സ്ഥാപിത ശേഷിയിൽ നിർമ്മിക്കാനുദ്ദേശിച്ചിരുന്ന ബ്രഹ്മപുരത്തെ വൈദ്യുത നിലയം 300 മെഗാവാട്ടായി ചുരുക്കിയിരിക്കുകയാണ്. കൂടംകുളത്തു നിന്നും 266 മെഗാവാട്ട് വൈദ്യുതി കൊണ്ടുവരാനുള്ള 400 കെ.വി. പ്രസരണലൈനിന്റെ നിർമാണ പ്രവർത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. പ്രസരണ രംഗത്ത് പുതിയ പദ്ധതികൾ ഒന്നും ഏറ്റെടുക്കേണ്ടതില്ല എന്ന നിലപാടാണ് ബോർഡിനുള്ളത്. വിതരണ രംഗത്തും ഒരു വികസന പ്രവർത്തനവും നടക്കുന്നില്ല. സാധന സാമഗ്രികൾ ഇല്ലാത്തതിനാൽ ദൈനംദിന അറ്റകുറ്റപ്പണികൾ പോലും മുടങ്ങുന്ന സ്ഥിതിയാണ്. കേടായ മീറ്ററുകൾ മാറ്റുന്നതിനോ പുതിയ കണക്ഷൻ കൊടുക്കുന്നതിനോ കഴിയുന്നില്ല. ഉപഭോക്താക്കൾക്ക് വൈദ്യുതി ബില്ല്ല് നൽകുന്നതിനുള്ള സ്റ്റേഷനറി പോലും ഇല്ലാത്ത സ്ഥിതിവിശേഷം  ബോർഡിന്റെ റവന്യൂ വരുമാനത്തേയും ബാധിക്കുകയാണ്. ഉപഭോക്താക്കൾക്ക് കിട്ടേണ്ട സേവനങ്ങൾ ഒന്നും തന്നെ സമയബന്ധിതമായി നൽകാനാകാത്തത് കടുത്ത അസംതൃപ്തിയാണ് സൃഷ്ടിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണേണ്ട ബോർഡും സർക്കാരും വൈദ്യുതി ബോർഡ്  പുന:സംഘടന ഏതുവിധേനയും പൂർത്തിയാക്കുക എന്ന നിലപാടാണ് സ്വീകരിക്കുന്നത്. ജീവനക്കാരുടെയും പെൻഷൻ‌കാരുടേയും പെൻഷൻ ഉൾപ്പെടെയുള്ള ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള വ്യക്തമായ നിർദ്ദേശങ്ങളില്ലാതെയാണ് ധൃതിപിടിച്ചുള്ള ഈ നീക്കം.
ഈ സാഹചര്യത്തിൽ ആദ്യഘട്ടമെന്ന നിലയിൽ താഴെ പറയുന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബോർഡിലെ തൊഴിലാളികളും ഓഫീസർമാരും കെ.എസ്.ഇ.ബി സംഘടനാ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ 2013 മാർച്ച് 18ന് നിയമസഭാ മാർച്ച് നടത്തുകയാണ്.

കെ.എസ്.ഇ.ബിയുടെ കമ്പനിവത്കരണത്തിന് ധൃതി വേണ്ട.
വൈദ്യുതിബോർഡിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക.
കേരളത്തിന്റെ വൈദ്യുതി വികസനം ഉറപ്പുവരുത്തുക.

നിയമസഭാ മാർച്ചിലും തുടർന്നുള്ള പ്രക്ഷോഭങ്ങളിലും എല്ലാവരുടെയും സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

No comments:

Post a Comment