വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Monday, March 4, 2013

വൈദ്യുതി വില കുതിച്ചുയരും



Posted on: 04 Mar 2013
പന്ത്രണ്ടാം പദ്ധതിയുടെ സമീപനം


മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ വഴിയെ കേന്ദ്ര ഉത്പാദന നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വൈദ്യുത കമ്പനികള്‍ക്ക് അനുവദിക്കാവൂ എന്ന നിര്‍ദേശം പ്രാവര്‍ത്തികമാകുന്നതോടെ വൈദ്യുതിയുടെ വില വീണ്ടും വര്‍ധിക്കും


വൈദ്യുതി ഉത്പാദനത്തിന്റെ പാരമ്പര്യരീതിയിലൂടെ 88537 മെഗാവാട്ട് സ്ഥാപിതശേഷി കൂട്ടിച്ചേര്‍ക്കണമെന്നാണ് പന്ത്രണ്ടാം പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതില്‍ 2539 മെഗാവാട്ട് മാത്രമാണ് പ്രകൃതിവാതകമോ ദ്രവീകൃത പ്രകൃതിവാതകമോ ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം. വാതകലഭ്യതയുടെ അടിസ്ഥാനത്തിലേ ഇതും ഉറപ്പാക്കാന്‍ കഴിയൂ. ഉറപ്പാക്കിയാല്‍ത്തന്നെ സന്ധ്യാസമയത്തെ ഉയര്‍ന്ന വൈദ്യുതാവശ്യകതയെ നേരിടാനായി മാത്രം ആ വൈദ്യുതി പരിമിതപ്പെടുത്തണമത്രെ. പാരമ്പര്യേതര വൈദ്യുതോത്പാദനത്തില്‍ ഒരു കുതിച്ചുചാട്ടം ആസൂത്രണക്കമ്മീഷന്‍ പ്രതീക്ഷിക്കുന്നു.

കാറ്റില്‍നിന്ന് 15000 മെഗാവാട്ട്, സൗരോര്‍ജത്തില്‍നിന്ന് 10000 മെഗാവാട്ട്, ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 5000 മെഗാവാട്ട് എന്നിങ്ങനെയുള്ള സ്ഥാപിതശേഷി വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുതി ശൃംഖലവഴി (ഗ്രിഡ് കണക്ടഡ്) പ്രസരണം ചെയ്യാന്‍ കഴിയുന്ന വൈദ്യുതിയാകുമിത്.

ഇന്ത്യയില്‍ വൈദ്യുതി ഉത്പാദനത്തിന് ഏറ്റവുമധികം ആശ്രയിക്കുന്ന ഇന്ധനം കല്‍ക്കരിയാണ്. അതില്‍ ചാരത്തിന്റെ ഉള്ളടക്കം വളരെ കൂടുതലാണ്. അതിനാല്‍ താപമൂല്യവും കുറവാണ്. വിലയും കുറവാണ്. പ്രകൃതിവാതകമാകട്ടെ, ആവശ്യത്തിന് ലഭ്യമല്ല. രണ്ടിന്റെയും പോരായ്മകള്‍ നികത്താന്‍വേണ്ടി ഇറക്കുമതി ചെയ്യുന്നു. ആഭ്യന്തരമായി ഖനനം ചെയ്തും കുഴിച്ചെടുത്തും ലഭിക്കുന്ന കല്‍ക്കരിയുടെയും വാതകത്തിന്റെയും വില അതതിന്റെ ഇറക്കുമതിവിലയുമായി ചേര്‍ത്ത് ഒരു പൊതുവിലയ്ക്ക് (പൂള്‍ഡ് പ്രൈസ്) ഇന്ത്യയിലൊട്ടാകെയുള്ള ഉത്പാദകര്‍ക്ക് വില്‍ക്കണമെന്ന് ആസൂത്രണക്കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നു. അത് ഇന്ധനപ്രശ്‌നങ്ങള്‍ക്കും വൈദ്യുതിക്കമ്മിക്കും ഒരളവുവരെ പരിഹാരമുണ്ടാക്കുമത്രെ! എന്നാല്‍, ഈ നര്‍ദേശം നടപ്പാക്കിയാല്‍ വിപരീതഫലമാണ് ഉണ്ടാക്കുക. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയും യന്ത്രങ്ങളുമാണ് ഏറിയകൂറും സ്വകാര്യ ഉത്പാദനനിലയങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ഈ കല്‍ക്കരിക്ക് ചാരത്തിന്റെ ഉള്ളടക്കം കുറവും, അതുകൊണ്ടുതന്നെ താപമൂല്യം കൂടുതലുമാണ്. വിലയും കൂടും. ഇറക്കുമതി ചെയ്ത് സ്ഥാപിക്കുന്ന യന്ത്രങ്ങള്‍ക്കും വില വളരെ കൂടും. തല്‍ഫലമായി വൈദ്യുതിയുടെ ഉത്പാദനച്ചെലവ് കൂടും. 'പ്രൈസ് പൂളിങ്' ഏര്‍പ്പെടുത്തുക വഴി ഇന്ത്യയില്‍ ആഭ്യന്തര കല്‍ക്കരിയുടെ വില കൂടും. പ്രൈസ് പൂളിങ് നിര്‍ദേശം ഇങ്ങനെ നടപ്പാക്കിയാല്‍ ഗുണം ഈ സ്വകാര്യ മുതലാളിമാര്‍ക്ക് മാത്രം.

ഇനി പ്രകൃതിവാതകത്തിന്റെ സ്ഥിതിയെടുക്കുക. ഏഷ്യന്‍ വിപണിയുടെ ആധിപത്യം ജപ്പാന്‍ ക്രൂഡ്‌കോക്‌ടെയി (ജെ.സി.സി.)നാണ്. ഇതിന്റെ വിപണിയിലെ വിലയാണ് കുറഞ്ഞ വിലയായി കണക്കാക്കപ്പെടുന്നത്. ജെ.സി.സി.യുടെ വില പെട്രോളിയം ക്രൂഡിന്റെ വിലയുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഇതിന് ശാസ്ത്രീയമായ ഒരു അടിത്തറയുമില്ല.

ഒരു മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റിന് (താപമൂല്യത്തിന്റെ യൂനിറ്റ്) 12 - 14 അമേരിക്കന്‍ ഡോളര്‍ വിലയാണ്. വടക്കേ അമേരിക്കന്‍ വിപണിയില്‍ ഇതേ അളവ് പ്രകൃതിവാതകത്തിന് 3-4 അമേരിക്കന്‍ ഡോളര്‍ മാത്രമാണ് വില. ഇന്ത്യ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകം ഇപ്പോള്‍ ലഭ്യമാക്കുന്നത് 4.2 അമേരിക്കന്‍ ഡോളറിനാണ്. ഇവിടെ പ്രൈസ് പൂളിങ് ഏര്‍പ്പെടുത്തണമെന്നല്ല നിര്‍ദേശിച്ചിട്ടുള്ളത്. ആഭ്യന്തര വിലയെ ഇറക്കുമതിവിലയുമായി സമീകരിക്കണമെന്നാണ്. അതായത്, ആഭ്യന്തര പ്രകൃതിവാതകത്തിന്റെ ഇപ്പോഴത്തെ വിലയായ 4.2 അമേരിക്കന്‍ ഡോളറില്‍നിന്ന് 12-14 അമേരിക്കന്‍ ഡോളറായി ഉയര്‍ത്തുക എന്നതാണ് അതിന്റെ ഗൂഢലക്ഷ്യം. പ്രകൃതിവാതക ഉത്പാദനത്തില്‍ പൊതുമേഖലയുടെ ആധിപത്യം തകര്‍ക്കുകയും അംബാനിമാര്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തതോടെ തുടങ്ങിയതാണ് ഈ നിലയ്ക്കുള്ള ശ്രമം. ഈ നിലയ്ക്ക് ഉത്പാദനം നടത്തിയാല്‍ വൈദ്യുതിയുടെ വില ഇന്നത്തേതിന്റെ ഏകദേശം നാലിരട്ടിയാകും.

സാമ്പത്തിക പുനഃസംഘാടനം നടത്താന്‍ - പുനഃസംഘാടനത്തിനുള്ള പാക്കേജ് പ്രഖ്യാപിക്കുക, വിതരണമേഖലയിലെ ലൈനുകളിലും 'ഓപ്പണ്‍ ആക്‌സസ് 1' പ്രവൃത്തിപഥത്തില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, അതിനു സഹായകമാകുംവിധം കേന്ദ്രം കൈവശം വെച്ചിരിക്കുന്ന 'അണ്‍ അലോക്കേറ്റഡ് ഷെയറിന്റെ 2. 25ശതമാനം മുതല്‍ 75 ശതമാനം വരെ വൈദ്യുതി, വിപണിവഴി വില്‍ക്കുക, വിതരണക്കമ്പനികളുടെ നഷ്ടം ഇല്ലാതാക്കത്തക്കവിധം വൈദ്യുതി നിരക്കില്‍ അനുവദിച്ചിട്ടുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കുക, ദേശീയ നിരക്കുനയത്തില്‍ പറയുന്നതുപോലെ മത്സരാധിഷ്ഠിത ദര്‍ഘാസുകളുടെ അടിസ്ഥാനത്തില്‍ മാത്രം കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍നിന്ന് വൈദ്യുതി അനുവദിക്കുക ഇവയൊക്കെയാണ് പ്ലാനിങ് കമ്മീഷന്റെ 12-ാം പദ്ധതിക്കാലത്ത് ഊര്‍ജമേഖലയില്‍ നടപ്പാക്കാന്‍ വേണ്ടി നിര്‍ദേശിച്ചിട്ടുള്ള മറ്റു ചില പ്രധാന കാര്യങ്ങള്‍.

വൈദ്യുതിമേഖലയുടെ പുനഃസംഘടനം എന്നതുകൊണ്ട് ആസൂത്രണക്കമ്മീഷന്‍ ഉദ്ദേശിക്കുന്നത് വൈദ്യുതബോര്‍ഡുകളെ മുറിച്ച് വിവിധ കമ്പനികളാക്കുക; ഈ വ്യവസായത്തില്‍ പൊതുമേഖലയ്ക്കുള്ള കുത്തക അവസാനിപ്പിക്കുക; ആര്‍ക്കും എവിടെനിന്നും വൈദ്യുതി വാങ്ങാനുള്ള വഴി അഅനുവദിക്കുക; മാസം 30 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്ക് ഒഴികെയുള്ള എല്ലാവിധ സബ്‌സിഡികളും ഇല്ലാതാക്കുക; വിലകള്‍ വിപണിനിയന്ത്രിതമാക്കുക എന്നിവയാണ്. ഏതെങ്കിലും വിഭാഗത്തിന് സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കുന്നെങ്കില്‍ ചെലവ് സര്‍ക്കാര്‍ മുന്‍കൂറായി ബന്ധപ്പെട്ട വൈദ്യുത കമ്പനികള്‍ക്ക് നല്‍കേണ്ടതാണ്. വൈദ്യുതി വ്യവസായം നഷ്ടംകൂടാതെ നടത്തേണ്ടതിന്റെ ആവശ്യകതയും നീതീകരിക്കത്തക്കതുതന്നെ. എന്നാല്‍, ശാസ്ത്രീയമായ അടിത്തറയില്ലാതെ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുക വഴി ഉണ്ടാകുന്ന വൈദ്യുതി വിലക്കയറ്റം സാധാരണക്കാരന് മറ്റൊരു പ്രഹരമായിരിക്കും.

വിതരണരംഗത്ത് ഓപ്പണ്‍ ആക്‌സസ് അനുവദിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ അത് ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതിന് ഒരു കാരണം സംസ്ഥാനത്തെ പൊതുമേഖലാവൈദ്യുതി സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിക്ക് സ്വകാര്യ ഉത്പാദകരെ അപേക്ഷിച്ച് വില കുറവായതാണ്. ഇളവുകളും സഹായവും സര്‍ക്കാര്‍തലത്തില്‍ ചെയ്തിട്ടും ഉത്പാദനനിലയങ്ങള്‍ സ്ഥാപിച്ച് (മെര്‍ക്കന്റൈല്‍ സ്റ്റേഷന്‍സ്) വൈദ്യുതി ഉണ്ടാക്കി വിപണി നിയന്ത്രിതവിലയ്ക്ക് വിറ്റ് വൈദ്യുതി വ്യവസായം നടത്താന്‍ സ്വകാര്യമൂലധനം തയ്യാറാകുന്നില്ല. റിസ്‌ക് ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ വൈദ്യുതി വാങ്ങല്‍ കരാറിന്റെ (പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ്) അടിസ്ഥാനത്തില്‍ മാത്രം വൈദ്യുതി ഉണ്ടാക്കി വില്‍ക്കാനാണ് അവര്‍ താത്പര്യം കാണിക്കുന്നത്. പിന്നെ എങ്ങനെയാണ് വിപണിയില്‍നിന്ന് ആവശ്യത്തിന് വൈദ്യുതി വിലകുറച്ച് വാങ്ങാന്‍ കഴിയുന്നത്?

വൈദ്യുതിനില വഷളായ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അണ്‍ അലോക്കേറ്റഡ് വൈദ്യുതിയുടെ വിഹിതം നല്‍കുക. ഈ വൈദ്യുതി വിപണിയില്‍ വിറ്റഴിക്കാനുള്ള നിര്‍ദേശം വളരെ മോശപ്പെട്ട ഫലങ്ങളാണുണ്ടാക്കുക. വൈദ്യുതി ദാരിദ്ര്യത്താല്‍ പൊറുതിമുട്ടുന്ന സംസ്ഥാനങ്ങള്‍ എന്തു വിലകൊടുത്തും വൈദ്യുതി വാങ്ങാന്‍ ശ്രമിക്കും. ഇത് അവരുടെ വൈദ്യുതി വാങ്ങല്‍ ചെലവ് വര്‍ധിപ്പിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ധനക്കമ്മിയുള്ള പൊതുമേഖലാ വിതരണക്കമ്പനികളുടെ സ്ഥിതി ഈ നടപടികള്‍ കൂടുതല്‍ വഷളാക്കും. ഈ കുഴപ്പത്തില്‍നിന്ന് രക്ഷപ്പെടാന്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടതായിവരും.

മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ വഴിയെ കേന്ദ്ര ഉത്പാദന നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വൈദ്യുതക്കമ്പനികള്‍ക്ക് അനുവദിക്കാവൂ എന്ന നിര്‍ദേശം പ്രാവര്‍ത്തികമാകുന്നതോടെ വൈദ്യുതിയുടെ വില വീണ്ടും വര്‍ധിക്കും.

വൈദ്യുതി ബോര്‍ഡുകളെ മുറിച്ച് വിവിധ കമ്പനികളാക്കുന്നതുകൊണ്ട് വൈദ്യുതിമേഖലയിലെ ഒരു പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. മറിച്ച് പുതിയ പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞുവരികയും ചെയ്തിട്ടുണ്ട്. വൈദ്യുതി വ്യവസായത്തെ സ്വകാര്യവത്കരിക്കാനും സ്വകാര്യ ഉത്പാദകര്‍ക്ക് പൊതുമേഖലയുടെ കുത്തകയായിരുന്ന വിപണിയിലേക്ക് കടന്നുകയറി ലാഭം കൊയ്യാനും സൗകര്യമൊരുക്കുകയാണ് പുനഃസംഘാടനത്തിലൂടെ ലക്ഷ്യമിടുന്നത്.

1. ഓപ്പണ്‍ ആക്‌സസ് - ഒരു വൈദ്യുതിക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള വൈദ്യുതി വാഹിനി - കമ്പി, കേബിള്‍ എന്നിവ - മറ്റു കമ്പനികളോ ഉപഭോക്താക്കളോ ഉപയോഗപ്പെടുത്തി വൈദ്യുതി വാങ്ങി ഉപയോഗിക്കാനുള്ള അനുവാദം.

2. അണ്‍ അലോക്കേറ്റഡ് ഷെയര്‍ - കേന്ദ്ര വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് വീതംവെക്കുന്നത് ഗാഡ്ഗില്‍ ഫോര്‍മുല അനുസരിച്ചാണ്. 10 ശതമാനം വൈദ്യുതി. വൈദ്യുതിനിലയം നില്‍ക്കുന്ന സംസ്ഥാനത്തിന് 75 ശതമാനം വൈദ്യുതി സംസ്ഥാനത്തിനുള്ള കേന്ദ്ര പദ്ധതിവിഹിതത്തിന്റെയും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കും. 15 ശതമാനം കേന്ദ്രത്തിന്റെ കൈവശം വെക്കും; വല്ലാത്ത വൈദ്യുതിദാരിദ്ര്യം അനുഭവപ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍. ഇതാണ് അണ്‍ അലോക്കേറ്റഡ് ഷെയര്‍. * 

കെ.ആര്‍. ഉണ്ണിത്താന്‍(Mathrubhumi 04/03/2013)

No comments:

Post a Comment