വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Thursday, April 22, 2010

27ന്റെ ഹര്‍ത്താല്‍ വന്‍ വിജയമാക്കുക



          ഭക് ഷ്യവസ്‌തുക്കളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വില അനുദിനം കുതിച്ചുകയറുന്നതിനെതിരെ ഏപ്രില്‍ 27ന് ഹര്‍ത്താല്‍ ആചരിക്കാന്‍ 13 മതനിരപേക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. സിപിഐ എം, സിപിഐ, എഐഎഫ്‌ബി, ആര്‍എസ്‌പി, എഐഎഡിഎംകെ, ബിജു ജനതാദള്‍, തെലങ്കുദേശം, ലോക്‌ജനശക്തി പാര്‍ടി, രാഷ്‌ട്രീയ ലോക്‌ദള്‍, രാഷ്‌ട്രീയ ജനതാദള്‍, ജനതാദള്‍(സെക്യുലര്‍), സമാജ്‌വാദി പാര്‍ടി, ഐഎന്‍എല്‍ഡി എന്നിവയാണ് പ്രക്ഷോഭത്തില്‍ പങ്കാളികളായ കക്ഷികള്‍. കഴിഞ്ഞ ആറുമാസമായി വിലക്കയറ്റത്തിനെതിരെ നടന്നുവരുന്ന പ്രക്ഷോഭത്തില്‍ സുപ്രധാന ചുവടുവയ്‌പാണിത്. കേന്ദ്രബജറ്റിന്റെ ധനാഭ്യര്‍ഥനകളും ധനബില്ലും ലോക്‌സഭയില്‍ ഈ മാസം അവസാനവാരത്തില്‍ അവതരിപ്പിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ രാജ്യവ്യാപകപ്രക്ഷോഭം. ബജറ്റില്‍ ഭേദഗതി ആവശ്യപ്പെടാനും ധനബില്ലിനെതിരെ ഖണ്ഡനോപക്ഷേപം കൊണ്ടുവരാനുമുള്ള നടപടികള്‍ ഏകോപിപ്പിക്കാനും 13 പാര്‍ടികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇന്ധനങ്ങളുടെയും വളങ്ങളുടെയും വില വര്‍ധിക്കാന്‍ ഇടയാക്കിയ നികുതി ചുമത്തലുകള്‍ക്ക് എതിരെയാണിത്. സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പാര്‍ലമെന്റിനുള്ളില്‍ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍തന്നെ, അസംസ്‌കൃതഎണ്ണയുടെ ഇറക്കുമതിത്തീരുവയിലും പെട്രോളിന്റെയും ഡീസലിന്റെയും എൿസൈസ് തീരുവയിലും യൂറിയയുടെയും മറ്റു വളങ്ങളുടെയും വിലയിലും വരുത്തിയ വര്‍ധന പിന്‍വലിക്കണമെന്ന് ഹര്‍ത്താലില്‍ ആവശ്യപ്പെടും.

             വിലക്കയറ്റം അടക്കമുള്ള അടിയന്തരപ്രശ്‌നങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 12ന് ഇടതുപക്ഷപാര്‍ടികള്‍ ന്യൂഡല്‍ഹിയില്‍ കൂറ്റന്റാലി നടത്തിയിരുന്നു. ഏപ്രില്‍ എട്ടിന് കൂട്ടപിക്കറ്റിങ്ങും അറസ്റ്റ് വരിക്കലും സംഘടിപ്പിക്കാന്‍ ഈ റാലി ആഹ്വാനംചെയ്തു. രാജ്യമെമ്പാടുമായി 25 ലക്ഷംപേരാണ് ഏപ്രില്‍ എട്ടിന്റെ പ്രക്ഷോഭത്തില്‍ അണിനിരന്നത്. നിത്യോപയോഗസാധനങ്ങളുടെ വില നിരന്തരം കുതിച്ചുയരുന്നതിനാല്‍ ജീവിതം ദുസ്സഹമായ ജനങ്ങളുടെ രോഷവും അതൃപ്‌തിയുമാണ് ഇടതുപക്ഷം ആഹ്വാനംചെയ്‌ത പ്രക്ഷോഭങ്ങളോടുള്ള പ്രതികരണത്തില്‍നിന്ന് തെളിയുന്നത്. കഴിഞ്ഞ മാസങ്ങളില്‍ മറ്റു പ്രതിപക്ഷ കക്ഷികളും വിവിധ സംസ്ഥാനങ്ങളില്‍ വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു. പക്ഷേ, യുപിഎ സര്‍ക്കാരാകട്ടെ, വിലക്കയറ്റം ജനങ്ങളില്‍ ചെലുത്തുന്ന അമിതഭാരം കണ്ടില്ലെന്നു നടിക്കുകയാണ്. കേന്ദ്രബജറ്റില്‍ സ്വീകരിച്ച വിവേകശൂന്യമായ നടപടിയിലൂടെ ഡീസലിന്റെയും പെട്രോളിന്റെയും വില ലിറ്ററിന് മൂന്നു രൂപയോളം വര്‍ധിച്ചു. ഫെബ്രുവരിയില്‍ വിലക്കയറ്റപ്രശ്നം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചതു മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്‌ത ഏകകാര്യം. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് രൂപരേഖ തയ്യാറാക്കാനായി പത്ത് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. രണ്ടുമാസത്തിനുശേഷം, ഏപ്രില്‍ എട്ടിന് മുഖ്യമന്ത്രിമാരുടെ ഈ സമിതിയുടെ യോഗം പ്രധാനമന്ത്രി വിളിച്ചു; ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. വിലക്കയറ്റപ്രശ്നത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന തികഞ്ഞ അലംഭാവമാണ് പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും പ്രസംഗങ്ങളില്‍ പ്രകടമായത്. മൂന്ന് ഉപസമിതി രൂപീകരിച്ചത് മാത്രമാണ് യോഗത്തിന്റെ ഫലം.

              ഭക്ഷ്യവസ്‌തുക്കളുടെ വിലകള്‍ കുറഞ്ഞുവരികയാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇടതുപക്ഷ പാര്‍ടികള്‍ 'ജയില്‍ നിറയ്‌ക്കല്‍ പ്രക്ഷോഭം' നടത്തിയ ഏപ്രില്‍ എട്ടിന് ഭക്ഷ്യപണപ്പെരുപ്പത്തിന്റെ ഒടുവിലത്തെ കണക്കുകള്‍ പുറത്തുവന്നു. മാര്‍ച്ച് 27ന് അവസാനിച്ച ആഴ്‌ചയില്‍ ഭക്ഷ്യപണപ്പെരുപ്പം 17.7 ശതമാനമായി വര്‍ധിച്ചു-തൊട്ടു മുന്‍ ആഴ്‌ചയിലെ നിരക്കിനെ അപേക്ഷിച്ച് ഒരു ശതമാനം വര്‍ധന. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഭക്ഷ്യവസ്‌തുക്കളുടെ അവധിവ്യാപാരം നിരോധിക്കണമെന്നത് ഉള്‍പ്പെടെ അവശ്യം സ്വീകരിക്കേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നില്ല. എഫ്‌സിഐ ഗോഡൌണുകളില്‍ ആവശ്യത്തിലേറെ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യശേഖരം വിപണിയില്‍ എത്തിക്കാനും തയ്യാറാകുന്നില്ല; കരുതല്‍ശേഖരമായി രണ്ടുകോടി ടണ്‍ ഭക്ഷ്യധാന്യം മതിയെന്നിരിക്കെ 4.75 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് എഫ്‌സിഐ ശേഖരത്തിലുള്ളത്. അധികവിഹിതമായി കിലോഗ്രാമിന് 15 രൂപ നിരക്കില്‍ അരി നല്‍കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം വിലക്കയറ്റം തടയാനുള്ള ശ്രമങ്ങളെ പരിഹസിക്കുന്നതാണ്. ഈ വിലയില്‍ അരി എടുത്ത് പൊതുവിതരണശൃംഖല വഴി നല്‍കാന്‍ കഴിയില്ലെന്ന് അവര്‍ക്കുതന്നെ അറിയാം.

                ബജറ്റിനെതിരെ ഖണ്ഡനോപക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള മതനിരപേക്ഷ പ്രതിപക്ഷകക്ഷികളുടെ തീരുമാനത്തോട് പ്രതീക്ഷിച്ച പ്രതികരണംതന്നെയാണ്  കോണ്‍ഗ്രസില്‍നിന്ന് ഉണ്ടായിരിക്കുന്നത്. മതനിരപേക്ഷകക്ഷികള്‍ വര്‍ഗീയകക്ഷിയായ ബിജെപിയുമായി കൈകോര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ആരോപിച്ചിരിക്കുന്നു. ഈ ആരോപണം ജനങ്ങള്‍ കാര്യമായി എടുക്കാന്‍ പോകുന്നില്ല. ജനങ്ങളെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം വിലക്കയറ്റമാണ്. പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്‌ടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയില്ലെങ്കില്‍ ഇടതുപക്ഷ-മതനിരപേക്ഷ പ്രതിപക്ഷകക്ഷികള്‍ അവരുടെ കടമ നിറവേറ്റുന്നതില്‍ പരാജയപ്പെടും. പാര്‍ലമെന്റിനുള്ളില്‍ ആരൊക്കെ ഖണ്ഡനോപക്ഷേപങ്ങളെ പിന്തുണയ്‌ക്കുന്നുവെന്നതല്ല പ്രശ്‌നം, പെട്രോളിന്റെയും ഡീസലിന്റെലും വില വര്‍ധിപ്പിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കുമോ എന്നതാണ് പ്രശ്‌നം.

           പാര്‍ലമെന്റിനുള്ളിലെ പോരാട്ടം സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയല്ല. ഭരണകക്ഷിയെ ഒറ്റപ്പെടുത്താനും പിന്തിരിപ്പന്‍ നയങ്ങള്‍ തിരുത്തിക്കാനും നടത്തുന്ന പോരാട്ടം മുന്നോട്ടുകൊണ്ടുപോകാനുള്ള രാഷ്‌ട്രീയസമരത്തിന്റെ ഭാഗമാണിത്. വിലക്കയറ്റം തടയാനും പൊതുവിതരണസംവിധാനം കാര്യക്ഷമമാക്കാനും അവശ്യനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കാന്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുകയല്ലാതെ മറ്റു മാര്‍ഗമില്ല. വിലക്കയറ്റത്തിനെതിരായും പൊതുവിതരണസംവിധാനം ശക്തിപ്പെടുത്താനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും 2009 ആഗസ്‌തില്‍ ദേശീയകണ്‍വന്‍ഷന്‍ സംഘടിപ്പിച്ചതുമുതല്‍  ഇടതുപക്ഷ പാര്‍ടികള്‍ ഈ വിഷയങ്ങള്‍ ഉന്നയിച്ച് പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സജീവമായ പ്രവര്‍ത്തനത്തിലാണ്. ഇക്കൊല്ലം ജനുവരിവരെ ഇടതുപക്ഷ പാര്‍ടികള്‍ സംസ്ഥാനതല കൺവന്‍ഷനുകളും റാലികളും സംഘടിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് മാര്‍ച്ച് 12ന്റെ റാലിയും ഏപ്രില്‍ എട്ടിന്റെ അറസ്റ്റ് വരിക്കല്‍ പ്രക്ഷോഭവും നടത്തിയത്. ഏപ്രില്‍ 27ന്റെ ഹര്‍ത്താല്‍ വന്‍ വിജയമാക്കാന്‍ എല്ലാവരും  രംഗത്തിറങ്ങണം.  കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരിന് ശക്തവും വ്യക്തവുമായ താക്കീതായി പ്രക്ഷോഭം മാറണം.                                 (വര്‍ക്കേഴ്സ് ഫോറം ബ്ലോഗില്‍ നിന്ന് http://workersforum.blogspot.com/2010/04/27.html

No comments:

Post a Comment