വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Sunday, April 25, 2010

വൈദ്യുതി ബോര്‍ഡിന്റെ പുന:സംഘടന



         കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് അധികം താമസിയാതെ പുന:സംഘടിപ്പിക്കപ്പെടുകയാണ് . പൊതു മേഖലയില്‍ ഉള്ള ഒരു കമ്പനി എന്ന നിലയില്‍ ആയിരിക്കും തുടര്‍ന്ന് പ്രവര്‍ത്തിക്കുക. ഉത്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്ന് ഖടകങ്ങള്‍ കമ്പനിക്കു ഉണ്ടാകും.
           ബോര്‍ഡിനെ പിരിച്ചു വിട്ട് കമ്പനികളാക്കാന്‍  വ്രതം എടുത്ത ഒരു സര്‍ക്കാര്‍ അല്ല ഇവിടെ ഭരണത്തില്‍ ഉള്ളത്.വൈദ്യുതി ബോര്‍ഡുകളെ പിരിച്ചു വിട്ട് കമ്പനിവല്ക്കരിക്കാന്‍ നിര്‍ദേശിക്കുന്ന വൈദ്യുതി നിയമം  2003,ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കി എടുത്തത്‌ കോണ്ഗ്രസ് പിന്തുണച്ചത്‌ കൊണ്ടാണ്. 2004 ജൂണ്‍ ഒന്‍പതിന് മുന്‍പ് എല്ലാ വൈദ്യുതി ബോര്‍ഡുകളും പുന:സംഘടിപ്പിക്കണം എന്നതായിരുന്നു നിയമത്തിലെ ഒരു വ്യവസ്ഥ. എന്നാല്‍ യു.പി.എ സര്‍ക്കാരിനെ ഇടതു മുന്നണി പിന്തുണച്ച കാലത്തോളം കേരളത്തിലെ വൈദ്യുതി ബോര്‍ഡിനെ അങ്ങനെ തന്നെ നില നിര്‍ത്താന്‍ കേന്ദ്രം നിര്‍ബന്ധിതമായി. 2008 ആഗസ്തില്‍ ആണവ കരാര്‍ യു.പി.എ സര്‍ക്കാര്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് ഇടതു പക്ഷം പിന്തുണ പിന്‍വലിക്കുകയും തുടര്‍ന്ന് 2008 സെപ്റ്റംബര്‍ 23 ന് ശേഷം കെ.എസ്.ഇ.ബിയ്ക്ക് കാലാവധി നീട്ടി നല്‍കാന്‍ കഴിയില്ലെന്ന കര്‍ശന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയും നാല് കമ്പനികള്‍ - ചുരുങ്ങിയത് രണ്ട് കമ്പനികളെങ്കിലും -  ആക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. അതിനെ തുടര്‍ന്നാണ്‌ കേരള സര്‍ക്കാര്‍ കെ.എസ്.ഇ.ബിയുടെ ആസ്തി ബാധ്യതകള്‍ ഏറ്റെടുത്തതും പുന:സംഘടനാ നടപടികള്‍ ആരംഭിച്ചതും.
വര്‍ക്കേഴ്സ് അസോസിയേഷന്റെ നിലപാട്  
           കെ.എസ്.ഇ.ബി. വര്‍ക്കേഴ്സ് അസോസിയേഷന്‍ വൈദ്യുതി ബോര്‍ഡിനെ പൊതു മേഖലയില്‍ ഒറ്റ സ്ഥാപനമായി നില നിര്‍ത്തണം എന്നാണു എക്കാലവും നിലപാട് എടുത്തിട്ടുള്ളത്. അതിനായുള്ള പ്രക്ഷോഭങ്ങള്‍ 2000 മുതല്‍ ഒറ്റയ്ക്കും സംയുക്തമായും നടത്തി വരുകയാണ്. എന്നാല്‍ രാജ്യത്തെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ ഇന്ത്യാ രാജ്യത്തിലെ നിയമം നടപ്പിലാക്കുന്നതിനു    നിര്‍ബന്ധിതമാകുമ്പോള്‍ തന്നെ നാട്ടിലെ ജനങ്ങളുടെയും സ്ഥാപനത്തിലെ തൊഴിലാളികളുടെയും താത്പര്യം കൂടി പരിഗണിച്ചുകൊണ്ട്‌ തീരുമാനങ്ങള്‍ എടുത്തു നടപ്പിലാക്കുന്നു. അതിനെ പിന്തുണയ്ക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. വൈദ്യുതി നിയമം 2003 രാജ്യത്തെ ജനങ്ങള്‍ക്കും ഈ മേഖലയില്‍ പണിയെടുക്കുന്നവരുടെ താത്പര്യങ്ങള്‍ക്കും എതിരാണ് എന്നും ഈ നിയമത്തിനെ രാജ്യ താത്പര്യത്തിന് അനുസരിച്ച് പുന:പരിശോധിച്ചാല്‍ മാത്രമേ വൈദ്യുതി മേഖല പൊതു മേഖലയില്‍ നില നില്‍ക്കുകയുള്ളൂ എന്നും തിരിച്ചറിവുള്ള എല്ലാവരും തന്നെ ഈ നിയമത്തിനും നയത്തിനും എതിരെയുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രക്ഷോഭണങ്ങളില്‍  അണിചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.        

No comments:

Post a Comment