വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Sunday, April 25, 2010

ചവറയും കൊട്ടാരക്കരയും സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലങ്ങള്‍


കൊല്ലം: ചവറയെയും കൊട്ടാരക്കരയെയും സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി വൈദ്യുതി മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചു. ചവറ ബസ്സ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ചവറ 110 കെവി സബ്സ്റേഷനും മന്ത്രി ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ അധ്യക്ഷനായി. 944 ബിപിഎല്‍ വീടുകള്‍ ഉള്‍പ്പെടെ 1425 ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് കണക്ഷന്‍ നല്‍കിയാണ് ചവറയെ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിച്ചത്. എംഎല്‍എ ഫണ്ടില്‍നിന്ന് 35,56,050 രൂപ വിനിയോഗിച്ചു. കൊട്ടാരക്കര ചന്തമുക്കില്‍ നടന്ന യോഗത്തില്‍ അഡ്വ. പി അയിഷാപോറ്റി എംഎല്‍എ അധ്യക്ഷയായി. എംഎല്‍എ ഫണ്ടില്‍നിന്ന് 65,48594 രൂപ ചെലവാക്കിയാണ് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയത്.

കേന്ദ്രം ചതിച്ചാലും കേരളത്തെ രക്ഷിക്കും: മന്ത്രി എ കെ ബാലന്‍

ചവറ: കേന്ദ്രം ചതിച്ചാലും കേരളത്തെ ഊര്‍ജപ്രതിസന്ധിയില്‍നിന്ന് രക്ഷിക്കുമെന്ന് വൈദ്യുതിമന്ത്രി എ കെ ബാലന്‍ പറഞ്ഞു. ചവറ നിയമസഭാ മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനവും ചവറ 110 കെവി സബ്സ്റേഷന്‍ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിരപ്പള്ളി ജല-വൈദ്യുതിപദ്ധതിയില്‍ കേന്ദ്രമന്ത്രി ജയറാം രമേശിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്കും യുപിഎ അധ്യക്ഷയ്ക്കും കത്തയച്ചു. കേന്ദ്രമന്ത്രിയുടെ സമീപനമാണ് കേന്ദ്രമന്ത്രിസഭയ്ക്കുള്ളതെങ്കില്‍ കേരളം ഇരുട്ടിലാകും. ഈ വിഷയത്തില്‍ മാധ്യമങ്ങളുടെ സഹകരണമുണ്ടാകണം. മാധ്യമപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാണ് വൈദ്യുതിരംഗത്ത് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്.
കേരളത്തില്‍ ഇനി വോള്‍ട്ടേജ് ക്ഷാമമില്ല. 20 വര്‍ഷത്തേക്ക് വോള്‍ട്ടേജ്ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു. ജില്ലയില്‍ 15 സബ്സ്റേഷന്‍ നിര്‍മാണം ആരംഭിച്ച് പൂര്‍ത്തീകരിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്. പുതിയ ആറെണ്ണത്തിന് അനുമതി നല്‍കി. ജില്ലയില്‍ രണ്ടു മണ്ഡലങ്ങള്‍ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിച്ചു. ഈ സര്‍ക്കാര്‍ കേരളത്തെ വൈദ്യുത സ്വയംപര്യാപ്തതയിലേക്ക് നയിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞു. തുടര്‍ന്നുവരുന്ന സര്‍ക്കാരുകള്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയാല്‍ മാത്രം മതി. പ്രസരണനഷ്ടം 33 ശതമാനത്തില്‍നിന്ന് 18 ആയി കുറച്ചു. 3800 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വലുതും ചെറുതുമായ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. 55 വര്‍ഷംകൊണ്ട് കേരളത്തില്‍ സ്ഥാപിച്ചതിന്റെ പകുതിയിലധികം ട്രാന്‍സ്ഫോര്‍മറാണ് ഈ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ചത്. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് 1800 കോടി രൂപ ചെലവഴിച്ച് 200 സബ്സ്റേഷനുകളും 20000 ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.                               ( ജാഗ്രത ബ്ലോഗില്‍ നിന്ന്.   കൂടുതല്‍ വായനക്ക്  http://jagrathablog.blogspot.com/2010/04/blog-post_6639.html )

No comments:

Post a Comment